|
ആത്മസമര്‍പ്പണത്തിന്റെയും കൂട്ടായ്മയുടെയും ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് കാര്‍ഡിഫ് മലയാളി ഹിന്ദു സമാജം ആദ്യമായി സംഘടിപ്പിച്ച അയ്യപ്പ പൂജ. ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്ന പൂജയില്‍ നൂറുകണക്കിന് ഭക്തജനങ്ങളാണ് പങ്കെടുത്തത്. പൂജയുടെ ഓരോ ഘട്ടത്തിലും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും രാജേഷ് തിരുമേനി ഭക്തര്‍ക്ക് വിശദീകരിച്ചു നല്‍കിയത് ചടങ്ങുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥവ്യാപ്തി പകര്‍ന്നു. ഭാവലയ ഭജന ഗ്രൂപ്പ് അവതരിപ്പിച്ച ഭക്തിഗാനങ്ങള്‍ ഭക്തമനസ്സുകളെ ആത്മീയതയുടെ ഔന്നത്യത്തില്‍ എത്തിച്ചു. ശരിക്കും ശബരിമല സന്നിധാനത്തില്‍ ഇരുന്നു പൂജ തൊഴുന്ന അനുഭൂതിയാണ് ഭജനയിലൂടെ ഭക്തര്‍ക്ക് അനുഭവപ്പെട്ടത്.
കന്നി സംരംഭമെന്ന് തോന്നിപ്പിക്കാത്ത വിധം അങ്ങേയറ്റം കൃത്യതയോടും അച്ചടക്കത്തോടും കൂടിയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തത് എന്നത് ഭക്തജനങ്ങളെ ഏറെ അതിശയിപ്പിച്ചു. ഭക്തരില്‍ നിന്നും വലിയ തോതിലുള്ള പ്രശംസയും സ്നേഹവുമാണ് സംഘാടകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു കമ്മിറ്റി എന്നതിലുപരി ഒരു വലിയ കുടുംബത്തെപ്പോലെ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനമാണ് ഈ വന്‍ വിജയത്തിന് പിന്നിലെന്ന് ഭാരവാഹികള്‍ പറഞ്ഞു. ആദ്യമായി നടത്തുന്ന പൂജ എന്ന പരിഭ്രമമോ ആശയക്കുഴപ്പമോ ഇല്ലാതെ ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ എവിടെയാണ് നിര്‍വഹിക്കേണ്ടതെന്ന് കൃത്യമായി മനസിലാക്കി പ്രവര്‍ത്തിച്ചു.
മുതിര്‍ന്നവര്‍ക്കൊപ്പം തന്നെ യുവതലമുറയും സജീവമായി രംഗത്തുണ്ടായിരുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. തികഞ്ഞ ഏകാഗ്രതയോടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത യുവാക്കളുടെ പ്രവര്‍ത്തനം സംഘാടകര്‍ക്ക് ഏറെ അഭിമാനമുണ്ടാക്കി. സ്വന്തം വീട്ടിലെ ഒരു വിശേഷം പോലെ ഓരോ അംഗവും അര്‍പ്പണമനോഭാവത്തോടെയും കഠിനാധ്വാനത്തോടെയും പ്രവര്‍ത്തിച്ചതാണ് പരിപാടിയെ ഇത്രയും മനോഹരമാക്കിയത്. തങ്ങളെ വിശ്വസിച്ച് എത്തിയ ഭക്തജനങ്ങള്‍ക്ക് ലഭിച്ച സംതൃപ്തിയാണ് തങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമെന്നും, വരും വര്‍ഷങ്ങളിലും കൂടുതല്‍ വിപുലമായി അയ്യപ്പ പൂജ നടത്താനാണ് തീരുമാനമെന്നും ഭാരവാഹികള്‍ അറിയിച്ചു. |