തിരുവനന്തപുരം: വിളപ്പില്‍ശാല ചവര്‍ സംസ്‌കരണ ഫാക്ടറിയില്‍ മലിനീകരണ ശുചീകരണ പ്ലാന്റിലേക്ക് ലീച്ചേറ്റ് ട്രീറ്റ്‌മെന്റ് ഉപകരണങ്ങള്‍ റോഡില്‍ തീയിട്ട് നാട്ടുകാര്‍ തടഞ്ഞു. തീപിടുത്തത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് ജനപീരങ്കി ഉപയോഗിച്ച് തീയണച്ചു.
വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് വാഹനങ്ങള്‍ എത്തിയത്. എന്നാല്‍ ജനങ്ങള്‍ തടയുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കമുള്ള പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എങ്കിലും പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാതെ ജനങ്ങള്‍ പ്രതിഷേധം തുടരുകയാണ്. സമരം ചെയ്യുന്നവര്‍ക്ക് പിന്തുണയുമായി ഡപ്യൂട്ടി സ്പീക്കര്‍ എന്‍ .ശക്തനും സ്ഥലത്തെത്തിയിട്ടുണ്ട്.
നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും അത് വകവെക്കാതെ ആയിരക്കണക്കിനാളുകളാണ് പ്രതിഷേധത്തിനെത്തിയത്.
കഴിഞ്ഞ ഡിസംബര്‍ 21 മുതല്‍ വിളപ്പില്‍ശാലയിലേക്കുള്ള മാലിന്യനീക്കം തടസപ്പെട്ടിരിക്കുകയാണ്. കോടതി നിര്‍ദേശമനുസരിച്ച് കഴിഞ്ഞ ഫിബ്രവരിയില്‍ ചവര്‍സംസ്‌ക്കരണ പ്ലാന്റിലേക്കുള്ള മാലിന്യനീക്കത്തിന് ശ്രമം നടന്നിരുന്നു. എന്നാല്‍ നാട്ടുകാരുടെ രൂക്ഷമായ എതിര്‍പ്പിനെ തുടര്‍ന്ന് ഈ ഉദ്യമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുകയായിരുന്നു.