കൊച്ചിയില്‍ മെട്രോ റെയില്‍ വേണമെന്നും വേണ്ടെന്നു വാദിച്ചിരുന്ന രണ്ടു വിഭാഗങ്ങളാണ് തുടക്കത്തിലുണ്ടായിരുന്നത്. പിന്നീടതു വേണ്ടെന്നു വാദിച്ചവരുടെ ശബ്ദങ്ങള്‍ വലിയ ബഹളങ്ങളില്‍ മുങ്ങിപ്പോയി. നിര്‍മിക്കുന്നെങ്കില്‍ ആരു നിര്‍മിക്കണമെന്നതായി അടുത്ത തര്‍ക്കം. മെട്രോ മാന്‍ ഇ. ശ്രീധരനൊപ്പം ഉറച്ചു നിന്നു ഒരു പക്ഷം. ആഗോള ടെന്‍ഡര്‍ വിളിച്ച് പദ്ധതി നടപ്പാക്കണമെന്നു വാദിക്കുന്ന മറ്റൊരു പക്ഷം. രണ്ടാം പക്ഷത്തിന്റെ തലയാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി പക്ഷം അരിഞ്ഞിട്ടിരിക്കുന്നത്.
ഇതിനൊക്കെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന മറ്റു രണ്ടു പക്ഷങ്ങളാണ് യഥാര്‍ഥ പക്ഷങ്ങളെന്നാണ് അണിയറ സംസാരം. മെട്രോ റെയിലിനു കേന്ദ്രാനുമതി കിട്ടിയതു മുതല്‍ കേന്ദ്ര മന്ത്രി കെ.വി. തോമസിന്റെ കട്ടൗട്ടുകളാണ് സിനിമാ താരങ്ങളെക്കാള്‍ വലുപ്പത്തില്‍ കൊച്ചി നഗരത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ശ്രീധരനെയും ഡിഎംആര്‍സിയെയും പദ്ധതിയുമായി ബന്ധപ്പെടുത്തി നിര്‍ത്തുന്നതും തോമസ് മാഷാണെന്നു കേള്‍വി.
അതേസമയം, ആയിരക്കണക്കിനു കോടികള്‍ ഒഴുകുന്ന പദ്ധതി മലയാളിയാണെങ്കിലും ഒരു ഉത്തരേന്ത്യക്കാരന്‍ അങ്ങ് ഒറ്റയ്ക്കു നിയന്ത്രിക്കുന്നതു ബോധിക്കാത്തവര്‍ കുറേയെങ്കിലുമുണ്ടാകില്ലേ ഇവിടെ. അവരുടെ കൂട്ടത്തില്‍ ചില മന്ത്രിമാരും ഉണ്ടായിക്കൂടെന്നുണ്ടോ? പക്ഷേ, ശ്രീധരനെതിരേ പരസ്യമായി ഒച്ചയെടുത്താല്‍ പണ്ട് അണ്ണാ ഹസാരെയെയും വി.എസ്. അച്യുതാനന്ദനെയുമൊക്കെ വിമര്‍ശിക്കാന്‍ ശ്രമിച്ചവരുടെ ഗതിയാകും (ഇപ്പോള്‍ വിമര്‍ശിക്കുന്നവരുടെയല്ല). അപ്പോള്‍ അവരുടെ മൗത്ത് പീസ് പോലെ പ്രവര്‍ത്തിക്കാന്‍ ചിലപ്പോള്‍ അറിഞ്ഞോ അറിയാതെയോ നിയോഗിക്കപ്പെട്ടിരിക്കാം കൊച്ചി മെട്രോ റെയ്ല്‍ കോര്‍പ്പറേഷന്‍ എംഡിയായിരുന്ന ടോം ജോസ്.
പദ്ധതിക്ക് ആഗോള ടെന്‍ഡര്‍ വിളിക്കണമെന്ന ആവശ്യമാണ് ടോമിനെ ആദ്യം പ്രതിക്കൂട്ടിലാക്കുന്നത്. ടെന്‍ഡര്‍ വിളിച്ചാല്‍ പണിക്കു വരാന്‍ ഡിഎംആര്‍സിയെ കിട്ടില്ലെന്നു ശ്രീധരനും. പക്ഷേ, ഇത്ര ബൃഹത്തായൊരു പദ്ധതിക്കു ടെന്‍ഡര്‍ വിളിക്കണമെന്നു പറയുന്നതില്‍ എന്താ കുഴപ്പമെന്ന് ഇനിയും മനസിലായിട്ടില്ല. പൂര്‍വകാല റെക്കോഡുകളാണ് ശ്രീധരനെ തന്നെ പദ്ധതി ഏല്‍പ്പിക്കണമെന്ന പിടിവാശിക്കു പിന്നിലുള്ള മാനദണ്ഡം. ഭാവിയില്‍ മറ്റൊരു പദ്ധതി വരുമ്പോള്‍ ഇതുപോലൊരു മാനദണ്ഡം സ്വീകരിക്കാന്‍ കഴിയുമോ എന്നതാണ് സുപ്രധാന ചോദ്യം. സ്വീകരിച്ചാല്‍ ഇന്നത്തെ പോലെ പൊതു സമ്മതി കിട്ടുമോ എന്നതും പ്രശ്‌നമാണ്. അത്തരം മാനദണ്ഡങ്ങള്‍ തീര്‍ച്ചയായും കോടതികളില്‍ ചോദ്യം ചെയ്യപ്പെടാം.
ആഗോള ടെന്‍ഡര്‍ വിളിച്ചില്ലെങ്കില്‍ പദ്ധതിക്കു വായ്പ കിട്ടില്ലെന്നാണ് ടോം ജോസ് പറഞ്ഞിരുന്ന ന്യായം. ശ്രീധരന്റെ ക്രെഡിബിലിറ്റിയെ ചോദ്യം ചെയ്യാന്‍ അദ്ദേഹവും ധൈര്യപ്പെട്ടിരുന്നില്ല. ലോണും താന്‍ തന്നെ സംഘടിപ്പിച്ചു തരാമെന്ന ശ്രീധരന്റെ ഉറപ്പില്‍ പക്ഷേ ആ ന്യായവും അസ്ഥാനത്തായിപ്പോയി. ശ്രീധരനെങ്ങനെ ടെന്‍ഡറില്ലാത്ത പദ്ധതിക്കു ലോണ്‍ സംഘടിപ്പിക്കുന്നു എന്നാരും ചോദിച്ചു കേട്ടതുമില്ല.
സാങ്കേതിക കാര്യങ്ങളിലാണ് കെഎംആര്‍സിയും ഡിഎംആര്‍സിയുമായുള്ള തര്‍ക്കമെന്നു പറയുന്നു ടോം ജോസ്. കാലഹരണപ്പെട്ട സാങ്കേതികവിദ്യയാണ് ഡിഎംആര്‍സിയുടേതെന്ന് ആക്ഷേപം കുറഞ്ഞ ശബ്ദത്തിലെങ്കിലും മുന്‍പ് ഉയര്‍ന്നു കേട്ടിരുന്നു. പക്ഷേ, സാങ്കേതികവിദ്യ ഇനിയും തീരുമാനിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
കൊച്ചിക്കാര്‍ക്കു പക്ഷേ സാങ്കേതികവിദ്യയൊന്നും പ്രശ്‌നമല്ല. നോര്‍ത്ത് പാലം വീതി കൂട്ടിക്കിട്ടും. ഇടറോഡുകള്‍ പലതും ഗതാഗത യോഗ്യമായി. പൊക്കത്തില്‍ പാഞ്ഞു പോകുന്ന മെട്രോ റെയ്ല്‍ കണ്ടു കുളിരണിയണം. ലോ ഫ്‌ളോര്‍ ബസിന്റെ കാര്യം പറഞ്ഞതു പോലെ ഒത്താല്‍ ഒന്നോ രണ്ടോ തവണ ഒന്നു കേറണം. പിന്നെ, ദൂരെ നിന്നു കണ്ടാലും മതി. ലോ ഫ്‌ളോര്‍ ബസില്‍ ആളു കേറാത്ത കൊച്ചിയില്‍ മെട്രോ റെയില്‍ ഹൗസ് ഫുള്‍ ആകുമോ എന്നു ശ്രീധരനോ ടോം ജോസോ തോമസ് മാഷോ ഒട്ടു ചോദിച്ചു കേട്ടതുമില്ല!