ചാനലില്‍ മുഖം കാണിക്കുക എന്നുവച്ചാല്‍ പ്രായഭേദമന്യേ ഏതു ജനവിഭാഗത്തിനും ആവേശമാണ്. രാഷ്ട്രീയക്കാരാകുമ്പോള്‍ പ്രത്യേകിച്ചും. മുഖ്യമന്ത്രിയായാല്‍ ഇക്കാര്യത്തില്‍ സംവരണം വരെ ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു ഒരാള്‍ ഇവിടെയുണ്ടായിരുന്നു. അതിയാന്‍ തുടങ്ങിവച്ച പതിവ് ഇപ്പോള്‍ പാരയായിരിക്കുന്നത് പാവം കുഞ്ഞൂഞ്ഞിന്.
കോതമംഗലത്ത് നഴ്‌സുമാരുടെ സമരം മൂര്‍ധന്യത്തിലെത്തിയ ദിവസം മുഖ്യമന്ത്രിയുടെ നാലു പൊതു പരിപാടികള്‍ കഴിഞ്ഞപ്പോഴും ചാനലുകാര്‍ ക്യാമറയും മൈക്കുമായി മുഖ്യമന്ത്രിയെ ഘെരാവോ ചെയ്തു. അദ്ദേഹം ഒന്നും പറയാന്‍ കൂട്ടാക്കിയില്ല. ഉടന്‍ വന്നു ഫ്‌ളാഷ് ന്യൂസ് (അതോ ബ്രേക്കിങ്ങോ?!). നഴ്‌സുമാരുടെ സമരം: മുഖ്യമന്ത്രി പ്രതികരിച്ചില്ല. വലിയ സംഭവം പോലെ പാവം പ്രേക്ഷകര്‍ വാ പൊളിച്ചിരുന്നു കാണുകയും, മൂക്കത്തു കൈവച്ച് മുഖ്യമന്ത്രിയെ നാണം വയ്ക്കുകയം ചെയ്തു പോലും.
പക്ഷേ, തൊട്ടടുത്ത ദിവസം തന്നെ ചാനലുകാര്‍ക്കു കിട്ടി, മുഖ്യമന്ത്രിയുടെ വക ഇരുട്ടടി. വഴിയില്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്താല്‍ നിങ്ങളോടൊന്നും മിണ്ടൂല്ലെന്നൊരു പ്രഖ്യാപനം. പരിഭവമല്ലാതെ പ്രായോഗിമായി അതു മാറിയാല്‍ കൊള്ളാം. നഴ്‌സുമാരുടെ കാര്യം പോട്ടെ. നാട്ടില്‍ നടക്കുന്ന യാതൊരു ഗൗരവവുമില്ലാത്ത എല്ലാ ചപ്പുചവറു കാര്യങ്ങള്‍ക്കും നാടു ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രതികരണം വേണമെന്നു പറയുന്നത് എവിടത്തെ ന്യായം. വേറെവിടെ നടക്കും ഇതൊക്കെ!
പലപ്പോഴും ചാനലുകാര്‍ പറയുമ്പോള്‍ മാത്രമായിരിക്കും മുഖ്യമന്ത്രി പല സംഭവങ്ങളും അറിയുന്നതു തന്നെ. അതെക്കുറിച്ച് അന്വേഷിക്കാനോ മനസിലാക്കാനോ സമയം കിട്ടും മുന്‍പു തന്നെ പ്രതികരണം കിട്ടണമെന്നതാണു ശാഠ്യം. കിട്ടിയില്ലെങ്കില്‍, മുഖ്യമന്ത്രി ഒഴിഞ്ഞു മാറിയെന്നായി, പ്രതികരിക്കാന്‍ വിസമ്മതിച്ചെന്നായി, വാര്‍ത്തയായി, വിവാദമായി!
ഇനിയിപ്പോ നാട്ടുകാര്‍ക്കും സമാധാനം. മന്ത്രിസഭാ സമ്മേളനം കഴിയുമ്പോള്‍ മുഖ്യമന്ത്രിയുടെ പത്രസമ്മേളനം, വേറേ വല്ലതും പറയാനുണ്ടെങ്കില്‍ പ്രത്യേകം പത്രസമ്മേളനം, അതില്‍ കൂടുതല്‍ പ്രസ്താവനകള്‍ കണ്ടും കേട്ടും വായിച്ചും ചൊടിക്കേണ്ടല്ലോ ദിനംപ്രതി!