കേന്ദ്ര സര്‍ക്കാരിന്റെ അടിയുലച്ച രാഷ്ട്രീയ കോലാഹലങ്ങളുടെ തുടര്‍ച്ചയ്ക്കാണ് കഴിഞ്ഞ വാരം ന്യൂഡല്‍ഹി സാക്ഷ്യം വഹിച്ചത്. ഭരണ സ്തംഭനത്തോളമെത്തിയ സാഹചര്യം ഇന്ത്യയിലെ അഴിമതിയുടെ പുതിയ രൂപം വെളിച്ചത്തുകൊണ്ടുവന്നു. കല്‍ക്കരി ഖനികള്‍ക്ക് നിയമാനുസൃതമല്ലാത്ത അനുമതി നല്‍കി കോടികള്‍ കോഴ കൈപ്പറ്റിയതിനെച്ചൊല്ലിയുള്ള അന്വേഷണം പുരോഗമിക്കുന്നു.
സ്വര്‍ണവില സര്‍വകാല റെക്കോഡ് ഭേദിച്ചത് കേരളത്തിലെ സാമൂഹിക സാഹചര്യങ്ങളെ ഞെട്ടിച്ചു. ചരിത്രത്തിലാദ്യമായി ഒരു പവന്‍ സ്വര്‍ണം 23400 രൂപയ്ക്കു വിറ്റു.
കണ്ണൂരിലുണ്ടായ ഇന്ധന ടാങ്കര്‍ അപകടം കഴിഞ്ഞ വാരം കേരളത്തെ സങ്കടക്കടലിലാഴ്ത്തി. പൊള്ളലേറ്റ് ഇപ്പോഴും നിരവധിയാളുകള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.
ഓണത്തിന് കേരളത്തിലെല്ലാവരുംകൂടി മുന്നൂറു കോടി രൂപയ്ക്ക് മദ്യം വാങ്ങിയെന്ന വലിയ റെക്കോഡിന്റെ കുപ്പി തുറന്നുകൊണ്ട് കഴിഞ്ഞയാഴ്ചയിലെ പ്രധാന സംഭവങ്ങളിലേക്ക്...
കേരളത്തെ കണ്ണീരിലാഴ്ത്തിയ ടാങ്കര്‍ അപകടം
കണ്ണൂര്‍ ചാല ബൈപ്പാസിന് സമീപം ഗ്യാസ് ടാങ്കര്‍ ലോറി ഡിവൈഡറില്‍ തട്ടി മറിഞ്ഞ് തീപിടിച്ചു. രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. 39 പേര്‍ ഇപ്പോഴും ചികിത്സയിലായി. പരിയാരം മെഡിക്കല്‍ കോളജ് കൂടാതെ കണ്ണൂരിലെയും തലശേരിയിലെയും വിവിധ ആശുപത്രികളിലാണ് ചികിത്സയിലുള്ളവര്‍.
സമീപമുണ്ടായിരുന്ന അഞ്ച് വീടുകളും 15 കടകളും കത്തിനശിച്ചു. സ്ഥലത്തു നിന്നും ആളുകള്‍ ഓടി രക്ഷപെട്ടതിനാല്‍ വന്‍ദുരന്തം ഒഴിവായി. അപകടത്തില്‍ ഗ്യാസ് ടാങ്കര്‍ പൂര്‍ണമായും കത്തിനശിച്ചു. പത്തോളം ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. മെഡിക്കല്‍ സംഘവും സ്ഥലത്ത് എത്തിയിരുന്നു. അപകടം നടന്ന സ്ഥലത്തിന് അരകിലോമീറ്റര്‍ ചുറ്റളവില്‍ തീ വ്യാപിച്ചതായി കണ്ണൂര്‍ എസ്.പി അറിയിച്ചു.
കല്‍ക്കരി വിവാദം ന്യൂഡല്‍ഹിയില്‍ രാഷ്ട്രിയം കലുഷം
കല്‍ക്കരി വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കല്‍ക്കരി ഖനനവുമായി ബന്ധപ്പെട്ട ഇടപാടുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കല്‍ക്കരി ഇടപാടിലുണ്ടായ അഴിമതി വിഷയത്തില്‍ തുടര്‍ച്ചയായി പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്ന ബിജെപിയുടെ നടപടിക്കെതിരെ മറ്റ് പാര്‍ട്ടികള്‍ രംഗത്തെത്തി. സമാജ്‌വാദി പാര്‍ട്ടി, സിപിഎം, സിപിഐ, ടിഡിപി എംപിമാരാണ് പ്രതിഷേധിച്ചത്.
സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് സിപിഎം നേതാവ് ബസുദേബ് ആചാര്യ, സിപിഐ നേതാവ് ഗുരുദാസ് ദാസ്ഗുപ്ത, ടിഡിപി നേതാവ് നാഗേശ്വര്‍ റാവു എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ബിജെപിയുടെ പാര്‍ലമെന്റ് തടസ്സപ്പെടുത്തലിനെതിരെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.
പൊന്നിന് പൊള്ളുന്ന വില...
സ്വര്‍ണം പവന് 23,240 രൂപയായി. ഒരു ഗ്രാമിനു 30 രൂപ കൂടി 2905 രൂപയായി. 23,080 രൂപയാണ് സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്. അതും മറികടന്നു. കുറേ ദിവസങ്ങളായി സ്വര്‍ണ്ണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. രാജ്യാന്തര വിപണിയിലെ വര്‍ദ്ധനവാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്.
മുന്‍മന്ത്രി മായ കോഡ്‌നാനിക്ക് 28വര്‍ഷം കഠിനതടവ്
ഗുജറാത്തിലെ നരോദ പാട്യയില്‍ 97 മുസ്‌ലിംകളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ മായ കോഡ്‌നാനിക്ക് 28 വര്‍ഷം കഠിന തടവവ്. കേസിലെ മറ്റൊരു പ്രതി വിഎച്ച്പി നേതാവ് ബാബു ബജ്‌രംഗിക്ക് മരണംവരെ തടവുശിക്ഷയും പ്രത്യേക കോടതി വിധിച്ചു. ഏഴുപേര്‍ക്കു 21 വര്‍ഷം തടവും 22 പേര്‍ക്ക് ജീവപര്യന്തം തടവും (14 വര്‍ഷം) വിധിച്ചു. അഡീഷണല്‍ പ്രിന്‍സിപ്പല്‍ ജഡ്ജി ജ്യോത്‌സ്‌നബെന്‍ യാജ്ഞിക് ആണു വിധി പ്രസ്താവിച്ചത്. വിധികേട്ട മായ കോഡ്‌നാനി കോടതിമുറിയില്‍ കുഴഞ്ഞു വീണു. കൊലപാതകശ്രമം, കൊലപാതകം, സംഘംചേരല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണു കോടതി വിധി.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നാലാമത്തെ കോടതിവിധിയാണ് ഇത്. 2002 ഫെബ്രുവരി 28നാണ് അഹമ്മദാബാദ് നഗരപ്രാന്തത്തിലെ നരോദ പാട്യയില്‍ കൂട്ടക്കൊല നടന്നത്. ഗോധ്ര സംഭവത്തില്‍ പ്രതിഷേധിച്ച് വിഎച്ച്പി ആഹ്വാനം ചെയ്ത ബന്ദിലാണ് അക്രമമുണ്ടായത്. അയ്യായിരത്തിലധികം വരുന്ന അക്രമികള്‍ ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നരോദ പാട്യയിലെത്തി അക്രമം അഴിച്ചുവിടുകയാണുണ്ടായത്. മരിച്ചവരില്‍ നവജാതശിശു ഉള്‍പ്പെടെ 34 കുട്ടികളും 32 സ്ത്രീകളും പെടുന്നു.
ലൈസന്‍സ് റദ്ദാക്കിയ ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളെ മറ്റു കോളജുകളില്‍ പഠിപ്പിക്കും
പ്രവേശന ക്രമക്കേടിനു ലൈസന്‍സ് റദ്ദാക്കപ്പെട്ട ലണ്ടന്‍ മെട്രോപ്പൊലിറ്റന്‍ യൂണിവേഴ്‌സിറ്റി(എല്‍എംയു)യിലെ 350 ഇന്ത്യക്കാരടക്കമുള്ള 2600 യൂറോപ്യന്‍ ഇതര വിദ്യാര്‍ഥികള്‍ക്കു ലണ്ടനിലും മറ്റിടങ്ങളിലുമുള്ള സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കും. ഇതിനായി വിദ്യാര്‍ഥികളെ സഹായിക്കാന്‍ സമിതി പ്രവര്‍ത്തനം തുടങ്ങി. പുതുതായി ചേരുന്ന യൂണിവേഴ്‌സിറ്റികളില്‍ , ഈ വിദ്യാര്‍ഥികള്‍ എല്‍എംയുവിലെ ഫീസ് മാത്രം നല്‍കിയാല്‍ മതിയെന്ന് ഈസ്റ്റ് ലണ്ടന്‍ , മിഡില്‍സക്‌സ്, ബെഡ്ഫഡ്ഷര്‍, ഡി മോണ്ട്‌ഫോര്‍ട്ട് എന്നീ സര്‍വകലാശാലകള്‍ സമ്മതിച്ചിട്ടുണ്ട്. ലൈസന്‍സ് റദ്ദാക്കല്‍ നടപടിമൂലം രാജ്യാന്തര തലത്തില്‍ ബ്രിട്ടനെതിരെ ഉണ്ടായ പ്രതികൂലാഭിപ്രായം പരിഹരിക്കാനാണ് ഈ നീക്കം.
ദ്രാവിഡിനും ഗംഭീറിനും പദ്മപുരസ്‌കാരങ്ങള്‍ക്ക് ശുപാര്‍ശ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെയും ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ഗൗതം ഗംഭീറിനെയും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പദ്മ അവാര്‍ഡുകള്‍ക്ക് നാമനിര്‍ദേശം ചെയ്തു. ദ്രാവിഡിനെ പദ്മഭൂഷണ്‍ പുരസ്‌കാരത്തിനും ഗംഭീറിനെ പദ്മശ്രീ പുരസ്‌കാരത്തിനുമാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.
കിം ക്ലൈസ്‌റ്റേഴ്‌സ് ടെന്നീസിനോടു വിടപറഞ്ഞു
ബെല്‍ജിയംകാരി കിം ക്ലൈസ്‌റ്റേഴ്‌സ് ടെന്നീസ് ജീവിതത്തില്‍ നിന്നു വിരമിച്ചു. ടെന്നീസ് കോര്‍ട്ടിലെ കുസൃതിക്കാരിയായ അമ്മയായാണ് ക്ലൈസ്‌റ്റേഴ്‌സ് ആരാധകരുടെ മനസില്‍ നിറഞ്ഞുനിന്നത്. ഇത്തവണത്തെ യുഎസ് ഓപ്പണ്‍ കിരീടത്തിനു മുത്തമിട്ടശേഷം ടെന്നീസിനോടു വിടപറയാനായിരുന്നു ക്ലൈസ്‌റ്റേഴ്‌സിന്റെ തീരുമാനം. 2003 ഫൈനലിനു ശേഷം യുഎസ് ഓപ്പണില്‍ തോല്‍വി അറിയാത്ത ക്ലൈസ്‌റ്റേഴ്‌സിനു പക്ഷേ ഇത്തവണ രണ്ടാം റൗണ്ടില്‍ പിഴച്ചു. ബ്രിട്ടന്റെ കൗമാരതാരം ലോറ റോബ്‌സണിനോടു അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയാണ് ഈ ബെല്‍ജിയംകാരി ടെന്നീസിനോടു വിടപറയുന്നത്.
ഹാരി രാജകുമാരന്റെ നഗ്‌നചിത്രം ബ്രിട്ടനില്‍ പത്രവും കൊട്ടാരവും പോരാട്ടത്തില്‍
ഹാരി രാജകുമാരന്റെ നഗ്‌നചിത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച സണ്‍ പത്രത്തിനെതിരെ പ്രസ് വാച്‌ഡോഗിന് പരാതി നല്‍കി. പത്രത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനകം 3,600 ഓളം പരാതികള്‍ വാച്‌ഡോഗിന് ലഭിച്ചു. പത്രത്തിന്റെ പ്രധാന വാര്‍ത്തയായാണ് രാജകുമാരന്റെ ലാസ് വേഗാസിലെ പാര്‍ട്ടി ആഘോഷത്തിനിടയിലെ നഗ്‌നചിത്രം പത്രത്തില്‍ പ്രത്യക്ഷ്യപ്പെട്ടത്.
ഗോസിപ്പ് ശൈലിയിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന അമേരിക്കന്‍ വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ഹാരിയുടെ നഗ്‌നചിത്രം പുന : പ്രസിദ്ധീകരിച്ച ഏക ബ്രിട്ടീഷ് പത്രം സണ്‍ ആയിരുന്നു. ബ്രിട്ടനിലെ എം.പിമാര്‍ ഉള്‍പ്പെടെ വിവിധ നേതാക്കള്‍ സണ്‍ പത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ നഗ്‌നചിത്രം പ്രസിദ്ധീകരിച്ചതില്‍ ഖേദപ്രകടനത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് സണ്‍ . അതിനിടെ സണ്ണിന് പിന്തുണയുമായി ന്യുസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ റൂപര്‍ട്ട് മര്‍ഡോക് രംഗത്ത് വന്നിട്ടുണ്ട്.