|
ബപ്പി ലാഹിരി - ഉഷ ഉതുപ്പ് ടീമിന്റെ 'ഡിസ്‌കോ ഡാന്‍സറി'ലെ 'ഔവ്വ ഔവ്വ നാച്ചെ നാച്ചെ' എന്ന ഹിറ്റ് ഗാനം പ്രഭാസ് ചിത്രം 'രാജാ സാബി'ലൂടെ വീണ്ടും. ഗാനമേളകളിലൂടേയും പാര്‍ട്ടികളിലൂടേയും ഒരു തലമുറയുടെ ഹരമായി മാറിയ പാട്ടാണിത്. പുതിയ ഭാവത്തില്‍ ഈ ഗാനം ഒരുക്കിയിരിക്കുന്നത് തമന്‍ എസ്. ഫറൂഖ് ഖൈസര്‍, റക്യൂബ് ആലം എന്നിവര്‍ ചേര്‍ന്നാണ് വരികള്‍ ഒരുക്കിയിരിക്കുന്നത്. തമന്‍ എസ്., നകാഷ് എസ്.എസ്., ബൃന്ദ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ജനുവരി 9നാണ് രാജാസാബ് വേള്‍ഡ് വൈഡ് റിലീസ്.
ഹൊറര്‍ - ഫാന്റസി ചിത്രം 'രാജാസാബ്' റിലീസിന് മുന്നോടിയായി കോരിത്തരിപ്പിക്കുന്ന ബ്രഹ്‌മാണ്ഡ ദൃശ്യ വിരുന്നായി ട്രെയ്ലര്‍ 2.0 കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കൗതുകം ജനിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ഒട്ടനേകം ദൃശ്യങ്ങളും അഭിനയ മുഹൂര്‍ത്തങ്ങളുമായാണ് ട്രെയ്ലര്‍ എത്തിയിരുന്നത്. ഇപ്പോഴിതാ ചടുലമായ ഈ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. സിനിമയുടെ കേരള വിതരണാവകാശം ഗോകുലം മൂവീസ് സ്വന്തമാക്കിയിട്ടുണ്ട്.
ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബല്‍ സ്റ്റാര്‍ പ്രഭാസിന്റെ പാന്‍ - ഇന്ത്യന്‍ ഹൊറര്‍ ഫാന്റസി ത്രില്ലര്‍ 'രാജാസാബ്' തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്നത്. പ്രഭാസിന്റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. സെറീന വഹാബ്, സഞ്ജയ് ദത്ത് എന്നിവരുടെ ഇതുവരെ കാണാത്ത അഭിനയ മുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ട്. ഹൊററും ഫാന്റസിയും റൊമാന്‍സും കോമഡിയും മനംമയക്കുന്ന വിഎഫ്എക്‌സ് ദൃശ്യങ്ങളുമൊക്കെ സമന്വയിപ്പിച്ചാണ് ചിത്രമെത്തുന്നത്. സിനിമയിലെ ഗാനങ്ങളും ക്യാരക്ടര്‍ പോസ്റ്ററുകളും ഇതിനകം തരംഗമായി കഴിഞ്ഞിട്ടുണ്ട്. |