കോവിഡ് മഹാമാരിക്കാലത്ത് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മോഷ്ടിച്ച് ഇ-ബേ വഴി വിറ്റഴിച്ച ഇന്ത്യന്‍ വംശജയായ ഡോ. ആതിയ ഷെയ്ഖിനെ (46) മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ട്രിബ്യൂണല്‍ സര്‍വീസ് മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് പുറത്താക്കി. ഗ്ലാസ്ഗോയിലെ ഹെയര്‍മൈറേസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന ഇവര്‍ ഭര്‍ത്താവ് ഒമര്‍ ഷെയ്ഖിനൊപ്പം നടത്തിയ തട്ടിപ്പിലൂടെ ഏകദേശം 8,000 പൗണ്ട് (ഏകദേശം 8.5 ലക്ഷം രൂപ) ലാഭം നേടിയതായി കണ്ടെത്തി.
2020-ല്‍ യുകെയില്‍ കോവിഡ് വ്യാപകമായി പടര്‍ന്നുപിടിക്കുകയും ആശുപത്രികളില്‍ പിപിഇ കിറ്റുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുകയും ചെയ്ത സമയത്താണ് ഇവര്‍ ഗ്ലൗസുകള്‍, മാസ്‌കുകള്‍, വൈപ്പുകള്‍ എന്നിവ മോഷ്ടിച്ച് നാല് വ്യത്യസ്ത ഇ-ബേ അക്കൗണ്ടുകള്‍ വഴി വിറ്റഴിച്ചത്. ഒരു പെട്ടി ഗ്ലൗസിന് 15 മുതല്‍ 20 പൗണ്ട് വരെ ഈടാക്കിയിരുന്നു. എന്‍എച്ച്എസിന് മാത്രം സാധനങ്ങള്‍ നല്‍കുന്ന 'ഫാനിന്‍' കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഇ-ബേയില്‍ വില്‍പ്പനയ്ക്ക് വന്നതോടെ തട്ടിപ്പ് പുറത്തായി.
എന്‍എച്ച്എസ് സ്‌കോട്ട്‌ലന്‍ഡ് കൗണ്ടര്‍ ഫ്രോഡ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ 2020 ഒക്ടോബറില്‍ ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എന്‍എച്ച്എസ് മുദ്രയുള്ള 121 ബോക്‌സ് ഗ്ലൗസുകളും മാസ്‌കുകളും കണ്ടെത്തി. കുറ്റക്കാരാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് ദമ്പതികള്‍ക്ക് കഴിഞ്ഞ വര്‍ഷം പത്തുമാസം വീതം തടവ് ശിക്ഷയും വിധിച്ചിരുന്നു.
താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും മറ്റൊരാള്‍ നല്‍കിയ സാധനങ്ങള്‍ വിറ്റതാണ് മാത്രമെന്നും ഡോ. ആതിയ വാദിച്ചെങ്കിലും ട്രിബ്യൂണല്‍ അത് തള്ളി. രാജ്യത്ത് പിപിഇ കിറ്റുകള്‍ക്ക് ക്ഷാമമുണ്ടെന്ന കാര്യം അറിയില്ലെന്ന വാദം വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു. ആറുമാസത്തോളം നീണ്ടുനിന്ന വില്‍പന 'അബദ്ധം' ആയി കണക്കാക്കാനാവില്ലെന്നും ട്രിബ്യൂണല്‍ വ്യക്തമാക്കി.
രോഗികളുടെ സുരക്ഷയെക്കാള്‍ സ്വന്തം ലാഭത്തിന് മുന്‍ഗണന നല്‍കിയ നടപടി വൈദ്യശാസ്ത്ര രംഗത്തിന് അപമാനമാണെന്നും, പൊതുജനങ്ങളുടെ വിശ്വാസം നിലനിര്‍ത്താന്‍ ഇവരെ പുറത്താക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. അപ്പീല്‍ കാലാവധി കഴിഞ്ഞതോടെ പുറത്താക്കല്‍ നടപടി ഔദ്യോഗികമായി നിലവില്‍ വരും