|
മലപ്പുറം ജില്ലയിലെ തിരുനാവായയില്‍ മഹാ മാഘത്തിന് 18 രാപകലുകള്‍ക്ക് ശേഷം തിരശ്ശീല വീണു. മാമാങ്കം പലകുറി കൊണ്ടാടിയ ഭാരതപ്പുഴയുടെ മണല്‍പ്പരപ്പിലേക്ക് 271 വര്‍ഷങ്ങള്‍ക്ക് ശേഷം മഹാ മാഘം തിരികെവന്നപ്പോള്‍ സനാതന ധര്‍മ്മത്തിന്റെ പുനരുജ്ജീവനശംഖനാദം മുഴങ്ങിയെന്ന് സംഘാടകര്‍. വിളംബരം ഏറെയില്ലാതെ തൂടങ്ങിയതിന്റെ അരിഷ്ടതകള്‍ ഉണ്ടായിട്ടും അതിന് സാക്ഷ്യം വഹിക്കാന്‍ ഒഴുകിയെത്തിയ ലക്ഷങ്ങള്‍ സംഘാടകരുടെ കണക്കുകൂട്ടലിനും അപ്പുറത്തായിരുന്നു.
അടുത്തവര്‍ഷം 45 ദിവസം നീളുന്ന മഹാ മാഘമാകും എന്ന് മഹാ മണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി പറയുമ്പോള്‍ ഒരുകാര്യം ഉറപ്പാണ്. ഇനി പിതൃക്കള്‍ക്കുള്ള ബലിതര്‍പ്പണത്തിന്റെ പേരിലും മാമാങ്കത്തിന്റെ വീരചരിതത്തിന്റെ പേരിലും മാത്രമാകില്ല നാവാ മുകുന്ദന്റെ മണ്ണ് മനസിലുണ്ടാവുക. മാഘമാസത്തില്‍ ആ മണല്‍പ്പരപ്പിലേക്ക് തീര്‍ത്ഥയാത്ര നടത്താന്‍ കഴിയുന്നത് ജീവിതപുണ്യമായി കരുതുന്ന ലക്ഷക്കണക്കിന് വിശ്വാസികളുടെ ലക്ഷ്യം എന്ന നിലയിലേക്ക് കൂടിയാവും.
തുടക്കത്തില്‍ റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോയും തമിഴ്‌നാട് സര്‍ക്കാറിന്റെ രഥയാത്ര തടഞ്ഞുള്ള ഉത്തരവുമെല്ലാം മഹാ മാഘത്തിന്മേല്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. ജനുവരി 18ന് ആദ്യ ശംഖൊലി മുഴങ്ങിയപ്പോള്‍ ആയിരത്തിനുമേല്‍ വിശ്വാസികള്‍ മാത്രമായിരുന്നു അതിന് സാക്ഷികളായതെങ്കില്‍ ഫെബ്രുവരി മൂന്നിന് വൈകുന്നേരം നിള ആരതി കഴിയമ്പോഴേക്കും 20 ലക്ഷത്തോളം വിശ്വാസികള്‍ നിളയുടെ പുളിനത്തിലെത്തി എന്ന് വിലയിരുത്തപ്പെടുന്നു.
മൂന്നുവര്‍ഷംകൊണ്ട് മാത്രമേ സാധിക്കൂ എന്ന് കരുതിയത് മൂന്നുദിവസംകൊണ്ട് എത്താന്‍ ആയെന്ന് മഹാ മാഘത്തിന് നേതൃത്വം നല്‍കിയ ജുന അഖാഡ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് പറഞ്ഞു.
പുണ്യസ്‌നാനം,യജ്ഞം,അപൂര്‍വ പൂജകള്‍, സന്യാസി വന്ദനം, നിളയെ ഗംഗയായി കണ്ടുകൊണ്ടുള്ള നിള ആരതി തുടങ്ങി മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഒട്ടേറെ അനുഷ്ഠാനങ്ങളാണ് മഹാ മാഘത്തില്‍ ഉണ്ടായിരുന്നത്. ഒപ്പം കളരിയും കാവടിയാട്ടവും ഉള്‍പ്പെടെയുള്ളവയും.
അഘോരികളടക്കം ദക്ഷിണേന്ത്യയില്‍ നിന്നും ഉത്തരേന്ത്യയില്‍ നിന്നുമായി ഭാരതത്തിലെ വിവിധ സന്യാസി സമൂഹങ്ങളില്‍ നിന്നും ഒട്ടേറെ പ്രതിനിധികള്‍ എത്തിച്ചേര്‍ന്നു. കേരളത്തിലെ എല്ലാ സന്യാസി പരമ്പരകളിലെയും നേതൃനിരയില്‍ ഉള്ളവര്‍ വിവിധ ദിവസങ്ങളിലായി മഹാമാഘത്തിന്റെ ഭാഗമായി.
മലപ്പുറം ജില്ലയില്‍ മൂന്ന് പ്രധാനക്ഷേത്രങ്ങള്‍ക്ക് സാക്ഷിയായ ഭാരതപ്പുഴയുടെ ഇരുകരകളിലുമായാണ് മഹാ മാഘം നടന്നത്. തിരുനാവായ നവമുകുന്ദ ക്ഷേത്രത്തോട് ചേര്‍ന്ന ചടങ്ങുകള്‍ക്ക് ജുനാ അഘാഡയും തവനൂര്‍ ബ്രഹ്‌മ- ശൈവ ക്ഷേത്രങ്ങളോട് ചേര്‍ന്ന ചടങ്ങുകള്‍ക്ക് അമൃതാനന്ദമയി മഠവും നേതൃത്വം നല്‍കി.
മുന്നൊരുക്കങ്ങള്‍ക്ക് സമയം കുറവായിട്ടും ഇത്രയും ശുചിത്വത്തോടെയും പിഴവുകളില്ലാതെ അപകടരഹിതമായി മഹാമേളസാധ്യമാക്കാനായത് സേവാഭാരതിയുടെ സേവനം ഒന്നുകൊണ്ടു മാത്രമാണെന്ന് ആയിരുന്നു ആനന്ദവനം ഭാരതി മഹാരാജിന്റെ അഭിപ്രായം. |