Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6094 INR  1 EURO=107.7586 INR
ukmalayalampathram.com
Thu 12th Feb 2026
 
 
UK Special
  Add your Comment comment
മാഞ്ചസ്റ്ററില്‍ മലയാളി നഴ്‌സിനെ ആക്രമിച്ച പ്രതിക്ക് 28 വര്‍ഷം തടവ്
reporter

മാഞ്ചസ്റ്റര്‍: യുകെയിലെ മാഞ്ചസ്റ്ററില്‍ മലയാളി നഴ്‌സിനെ ഡ്യൂട്ടിക്കിടെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ വിധി പ്രഖ്യാപിച്ചു. റോയല്‍ ഓള്‍ഡ്ഹാം ഹോസ്പിറ്റലിലെ നഴ്‌സ് അച്ചാമ്മ ചെറിയാനെ (57) ആക്രമിച്ച പ്രതി റൗമോണ്‍ ഹക്കിന് (38) മിന്‍ഷുള്‍ സ്ട്രീറ്റ് ക്രൗണ്‍ കോടതി 28 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു.

ശിക്ഷാവിധിയില്‍ 22 വര്‍ഷം നേരിട്ടുള്ള ജയില്‍വാസവും ശേഷിക്കുന്ന ആറ് വര്‍ഷം കര്‍ശനമായ നിരീക്ഷണ വ്യവസ്ഥകളോടെയുള്ള ലൈസന്‍സ് കാലാവധിയുമാണ് ഉള്‍പ്പെടുന്നത്. ക്രൂരവും ആസൂത്രിതവുമായ കൊലപാതകശ്രമമാണിതെന്ന് കോടതി നിരീക്ഷിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന മുന്നറിയിപ്പും കോടതി നല്‍കി.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഇംഗ്ലണ്ടിലെ ആരോഗ്യരംഗത്തെ നടുക്കിയ സംഭവം നടന്നത്. മാനസികാരോഗ്യ നിയമപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഹക്ക്, മദ്യത്തിനും ലഹരിമരുന്നിനും അടിമയായിരുന്നു. ഷിഫ്റ്റിനായി എത്തിയ അച്ചാമ്മ ചെറിയാന്‍, അദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിക്കുമ്പോള്‍ ഹെറോയിന് പകരമായി ഉപയോഗിക്കുന്ന 'മെതഡോണ്‍' നല്‍കണമെന്ന് ഹക്ക് ആവശ്യപ്പെട്ടു. മരുന്ന് നല്‍കാന്‍ സമയമായിട്ടില്ലെന്നു പറഞ്ഞതോടെ, പോക്കറ്റില്‍ ഒളിപ്പിച്ചിരുന്ന കത്രികയുമായി ഹക്ക് ആക്രമണം നടത്തി.

അച്ചാമ്മയുടെ കഴുത്തിലും തലയിലും മുഖത്തും തുടര്‍ച്ചയായി മൂന്ന് തവണ കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ അവരെ സഹപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമായെങ്കിലും കൈയുടെ പ്രവര്‍ത്തനശേഷി ഭാഗികമായി നഷ്ടപ്പെട്ടതിനാല്‍ നഴ്‌സിങ് കരിയര്‍ തുടരുക പ്രയാസമാണ്.

ജീവിതകാലം മുഴുവന്‍ രോഗികളെ സ്‌നേഹത്തോടെ പരിചരിച്ച ഒരാളില്‍ നിന്നുള്ള ആക്രമണം അച്ചാമ്മയെ മാനസികമായി തകര്‍ത്തിരിക്കുകയാണെന്ന് അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.

സുരക്ഷാ ചര്‍ച്ചകള്‍

ഈ സംഭവം യുകെയിലെ മലയാളി നഴ്‌സുമാര്‍ക്കിടയില്‍ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നു. രോഗികളുടെ മാനസിക നിലയും ലഹരി പശ്ചാത്തലവും മുന്‍കൂട്ടി കണ്ട് ജീവനക്കാര്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന് ബ്രിട്ടിഷ് മലയാളി നഴ്‌സിങ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പൊലീസ് വിധിയെ സ്വാഗതം ചെയ്യുകയും അച്ചാമ്മയുടെ ധൈര്യത്തെ അഭിനന്ദിക്കുകയും ചെയ്തു

 
Other News in this category

 
 




 
Close Window