Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.6392 INR  1 EURO=105.8649 INR
ukmalayalampathram.com
Mon 16th Mar 2026
 
 
നോവല്‍
  Add your Comment comment
45,000 കോടി സ്വപ്‌നംകണ്ട് കേരളം....
reporter

 രണ്ടായിരത്തിപ്പന്ത്രണ്ടിലെ പ്രതീക്ഷാനിര്‍ഭരമായ വാരത്തിന് ശുഭാന്ത്യം. നാല്‍പ്പത്തയ്യായിരം കോടി രൂപയോളം നിക്ഷേപം കേരളത്തിലേക്കെത്തുമെന്ന വാഗ്ദാനത്തോടെ എമര്‍ജിങ് കേരള സമാപിച്ചു. പ്രഖ്യാപനങ്ങളുടെ അടിത്തറയിളകും വിധം സാധാരണക്കാര്‍ക്ക് ആഘാതം നല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഡീസല്‍ വില വര്‍ധിപ്പിച്ചത് ഒരു ഹര്‍ത്താല്‍ ആഘോഷത്തിനുകൂടി കേരളത്തിന് അവസരമൊരുക്കി. റഷ്യയുടെ സഹകരണത്തോടെ നടപ്പാക്കാനാരിക്കുന്ന കൂടംകുളം ആണവപദ്ധതിയുടെ പ്രാഥമിക ഘട്ടം ആരംഭിക്കുന്നതിനു മുമ്പ് ഒരാളുടെ ജീവനെടുത്ത വെടിവയ്പ്പിന് സാക്ഷ്യം വഹിച്ചു സെപ്റ്റംബറിന്റെ മൂന്നാം വാരം. റെക്കോഡ് എന്ന വാക്കിനെപ്പോലും അതിശയിപ്പിച്ചുകൊണ്ട് ഇരുപത്തിനാലായിരത്തിനപ്പുറത്തേയ്ക്കു സ്വര്‍ണവില ഉയര്‍ന്നപ്പോള്‍ ശരാശരി മലയാളികളുടെയെല്ലാം നെഞ്ചിടിപ്പുയര്‍ന്നു. കഴിഞ്ഞയാഴ്ചയിലെ പ്രധാന സംഭവങ്ങളുടെ വിശദ വിവരങ്ങളിലേക്ക്.  


ഡീസലിന് അഞ്ചുരൂപ കൂട്ടി :കേരളത്തില്‍ മൂന്നേമുക്കാല്‍

കേന്ദ്രസര്‍ക്കാര്‍ ഡീസല്‍വില ലിറ്ററിന് അഞ്ച് രൂപ വര്‍ദ്ധിപ്പിച്ചു. നികുതിയിനം കേരളം ഒഴിവാക്കി. ഫലത്തില്‍ സാധാരണക്കാര്‍ കൊടുക്കേണ്ട വിലയില്‍ മൂന്നേമുക്കാല്‍ രൂപ വര്‍ധന. പാചകവാതക സിലിണ്ടറുകളുടെ എണ്ണം വര്‍ഷത്തില്‍ ആറായി പരിമിതപ്പെടുത്താനും കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യസമിതി തീരുമാനമായി. ഡീസല്‍ വിലവര്‍ധന വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. ഭാഗ്യമെന്നു പറയട്ടെ പെട്രോള്‍ , മണ്ണെണ്ണ, പാചകവാതക വില കൂട്ടിയിട്ടില്ല. 

കേന്ദ്രകോണ്‍ഗ്രസിനും ഉമ്മന്‍ചാണ്ടിക്കും രണ്ടു സ്വരം

ഡീസല്‍ വില വര്‍ധന സാധാരണക്കാരെ ദോഷകരമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേന്ദ്രം ഭരിക്കുന്നതും കോണ്‍ഗ്രസാണെന്ന് മറക്കാതെ തന്നെയാണ് ഉമ്മന്‍ചാണ്ടി ഇതു പറഞ്ഞത്. വില വര്‍ധന ഒഴിവാക്കേണ്ടതായിരുന്നുവെന്നും ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും പറഞ്ഞതോടെ പന്തിയില്‍ തത്ക്കാലം ഒരു പഴുതിട്ടു മുഖ്യന്‍ . 

മുഹൂര്‍ത്തങ്ങള്‍ ശുഭം, ഹര്‍ത്താല്‍ ഭംഗിയായി

ഇന്ധനവിലവര്‍ധനയുടെ കേതുക്കള്‍ മലയാളികള്‍ക്കു ശുക്രനായി ഭവിച്ചു. ഹര്‍ത്താല്‍ എന്ന ശുഭദിനം മലയാളികള്‍ ആഘോഷത്തിന് ഉത്തമമാക്കി. ഇത്തരം ദിവസങ്ങളില്‍ ചെലവാകുന്ന ആകെ മദ്യത്തിന്റെ കണക്കെടുപ്പില്ലാത്തതിനാല്‍ ബിവറേജുകള്‍ സുഭദ്രം. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയായിരുന്നു ഹര്‍ത്താല്‍ . ചടങ്ങുകള്‍ തെറ്റിക്കാതെ ആസ്പത്രി, പത്രം, കുടിവെള്ളം തുടങ്ങിയവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി. കേരളത്തില്‍ മിക്കയിടങ്ങളിലും ഇതു നടപ്പായി. 

ഇന്ത്യയുടെ ആകാശത്ത് നൂറാം വിസ്മയം

ഐഎസ്ആര്‍ഒ ഇതുവരെ നൂറു ബഹിരാകാശദൗത്യങ്ങള്‍ പൂര്‍ത്തീകരിച്ചു. പിഎസ്എല്‍വി സി- 21 ന്റെ വിക്ഷേപണത്തോടെയാണ് ഈ നേട്ടത്തിലെത്തിയത്.  പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സാന്നിദ്ധ്യത്തിലാണ് ഐഎസ്ആര്‍ഒ ചരിത്രം കുറിച്ചത്.  43 വര്‍ഷംകൊണ്ടാണ് ഐഎസ്ആര്‍ഒ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

ധവളവിപ്ലവത്തിന്റെ പിതാവിന് യാത്രാമൊഴി

പകരം വയ്ക്കാനില്ലാത്ത പ്രശസ്തിയോടെ മലയാളികളുടെ സ്വന്തം വര്‍ഗീസ് കുര്യന് അന്ത്യാഞ്ജലി. ഗ്രാമങ്ങളിലെ കൃഷിക്കാര്‍ക്ക് രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളിത്തമുണ്ടെന്നു തെളിയിച്ച വ്യക്തിയെയാണ് ഇന്ത്യക്കു നഷ്ടപ്പെട്ടത്. ലോകത്ത് ഏറ്റവുമധികം പാല്‍ ഉത്പാദിപ്പിക്കന്ന രാഷ്്ട്രമായി ഇന്ത്യയെ മാറ്റിയത് വര്‍ഗീസ് കുര്യന്റെ ദീര്‍ഘവീക്ഷണങ്ങളാണ്. മോളിയാണ് ഭാര്യ. മകള്‍: നിര്‍മ്മല കുര്യന്‍ .

കൂടംകുളത്ത് ഒരു മരണം

ആണവനിലയത്തില്‍ യുറേനിയം നിറയ്ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിവരിലൊരാള്‍ വെടിയേറ്റു മരിച്ചു. തൂത്തുക്കുടി ജില്ലയില്‍ പോലീസ് നടത്തിയ വെടിവയ്പിലാണ് മരണം. മത്സ്യത്തൊഴിലാളിയായ തിരുച്ചെന്തൂര്‍ സ്വദേശി അന്തോണിസ്വാമി(40)യാണു മരിച്ചത്. സമരസമിതി പ്രവര്‍ത്തകര്‍ ആണവനിലയം വളയാന്‍ ശ്രമിച്ചതോടെയായിരുന്നു സംഘര്‍ഷം. ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ കൂടംകുളം ആണവനിലയത്തിനെതിരേ പ്രദേശവാസികള്‍ വര്‍ഷങ്ങളായി സമരം നടത്തിവരികയാണ്. 

മാധ്യമങ്ങളെ തത്ക്കാലം നിയമം തടയുന്നില്ല.

കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് മാര്‍ഗരേഖയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 

ഇക്കാര്യത്തില്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കേണ്ട കാര്യമില്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ക്ക് കോടതി റിപ്പോര്‍ട്ടിങ്ങിന് മാര്‍ഗ്ഗരേഖ പുറത്തിറക്കുന്ന കാര്യം പരിഗണിക്കവെയാണ് കോടതി ഇത്തരത്തില്‍ വിലയിരുത്തിയത്.

നിര്‍മാതാക്കള്‍ക്ക് ആശ്വാസം, സാറ്റലൈറ്റ് റേറ്റു വച്ച് കച്ചവടം തുടരാം

പുതിയ മലയാള സിനിമകള്‍ റിലീസ് ചെയ്തയുടനെ ഏതെങ്കിലും ചാനലിനു വിറ്റ് കാശാക്കുന്ന പരിപാടിക്ക് തടസം നീങ്ങി. മൂന്നു മാസമായി നിര്‍ത്തിവെച്ചിരുന്ന സാറ്റലൈറ്റ് റൈറ്റ് വാങ്ങല്‍ പുനരാരംഭിക്കാന്‍ ടെലിവിഷന്‍ മാനേജ്‌മെന്റുകളുടെ സംഘടനയായ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ തീരുമാനിച്ചു. സിനിമാ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായുള്ള ചര്‍ച്ചയിലാണ് തീരുമാനം. സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് കുത്തനെ ഉയര്‍ന്നപ്പോഴാണ് പ്രശ്‌നങ്ങളുണ്ടായത്. 

തിയെറ്ററുകള്‍ വീണ്ടും സമരത്തിലേക്ക്

സംസ്ഥാനത്തെ റിലീസിങ് തിയറ്ററുകള്‍ സെപ്റ്റംബര്‍ 20ന് അടച്ചിടാന്‍ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ചു. വൈദ്യുതി നിരക്കു വര്‍ധന മൂലം തിയറ്ററുകള്‍ക്കുണ്ടായ ബാധ്യത പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. തീരുമാനമായില്ലെങ്കില്‍ ഒക്‌ടോബര്‍ 17 മുതല്‍ അനിശ്ചിതകാലപണിമുടക്ക് നടത്തുമെന്നും എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ് അറിയിച്ചു.

സ്വര്‍ണത്തന് പൊന്നുംവില....

റെക്കോര്‍ഡുകള്‍ ഭേദിച്ചു സ്വര്‍ണവിലയില്‍ കുതിപ്പ്. പവന് 24,160 രൂപയായി. ചരിത്രത്തില്‍ ആദ്യമായാണു സ്വര്‍ണവില 24,000 കടന്നിരിക്കുന്നത്. 3,020 രൂപയാണ് കഴിഞ്ഞയാഴ്ച അവസാനം ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.  മറ്റെല്ലാ മേഖലയിലും പണം നഷ്ടം വന്നപ്പോള്‍ എല്ലാവരും കൂടി സ്വര്‍ണം വാങ്ങിക്കൂട്ടി നിക്ഷേപം ദൃഢപ്പെടുത്തിയപ്പോഴാണ് ഇന്ത്യയില്‍ സ്വര്‍ണവില ഇങ്ങനെ കൂടിയതെന്നു വിദഗ്ധരുടെ അഭിപ്രായം. 

 
 
Other News in this category

 
 




 
Close Window