Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
നോവല്‍
  Add your Comment comment
(അധ്യായം 25)
kaipuzha jayakumar
'മോളേ, നീ ഇവിടെ?''
ഓടിക്കിതച്ചെത്തിയ ഹരിശ്ചന്ദ്രന്‍ നായര്‍ ഉള്‍ക്കിടിലത്തോടെ ചോദിച്ചു.
''എന്റെ ഭര്‍ത്താവിനെ കാണാന്‍.'
അവളുടെ സംസാരത്തില്‍ അധികാരഭാവം നിറഞ്ഞുനിന്നു.
മുഷിഞ്ഞ ാെരു പിങ്ക് കളര്‍ നൈറ്റിയാണ് സൗമ്യയുടെ വേഷം. തോളില്‍ വട്ടം ചുറ്റി ഒരു തോര്‍ത്തും പുതച്ചിട്ടുണ്ട്.
എണ്ണമയമില്ലാത്ത മുടി ഉച്ചിയിലേക്ക് ഉര്‍ത്തി കെട്ടിവച്ചിരിക്കുന്നു. ഉറക്കച്ചടവ് വിട്ടിട്ടില്ലാത്ത മുഖം, ശരീരവും ക്ഷീണിച്ചിട്ടുണ്ട്.
''അവന് യാതൊരു കുഴപ്പവുമില്ല. മോള് റൂമിലോട്ട് പോ... ഇപ്പം അവനെ കാണണ്ട....''
നായരുടെ ശബ്ദം പ്രതീക്ഷിച്ചതിലേറെ ഉയര്‍ന്നു പോയി.
ആരായിരിക്കും ഇവളെ കൃത്യമായി ഇതൊക്കെ പറഞ്ഞുകൊടുത്തു വിട്ടത്? ശ്യാമളയായിരിക്കും, അല്ലാതെ ആരാ!
ചോദ്യവും ഉത്തരവും നായര്‍ തന്നെ കണ്ടെത്തി.
''യാതൊരു കുഴപ്പവുമില്ലെങ്കില്‍ പിന്നെ കണ്ടാലെന്താ?''
അവള്‍ മറുചോദ്യമുന്നയിച്ചു.
''നിന്റെ അമ്മയെ പോലെ നീയും തകര്‍ക്കുത്തരം പറയുകയാണോ, അച്ഛനെ തോല്‍പ്പിക്കാന്‍... അല്ലെങ്കിലും എല്ലാവര്‍ക്കും ഞാനിപ്പോള്‍ ഒരു അധികപ്പറ്റാണല്ലോ... ആര്‍ക്കും എന്നെ വേണ്ട... ഭാര്യയ്ക്കും മക്കള്‍ക്കും ആര്‍ക്കും....''
നായരുടെ ശബ്ദം പതറി, വിറച്ചു.
സൗമ്യയെ പിന്തിരിപ്പിക്കാന്‍ നായര്‍ ഒരു പുതിയ നമ്പറിട്ട് നോക്കിയതാണ്. പക്ഷേ, ഗുണം ചെയ്തില്ല.
'ഞാന്‍ അച്ഛന്റെ വിലയിടിച്ച് കണ്ടില്ല, തര്‍ക്കുത്തരവും പറഞ്ഞില്ല... രോഗിയായ എന്റെ ഭര്‍ത്താവിനെ കാണണമെന്നു മാത്രമല്ലേ പറഞ്ഞുള്ളൂ.'
സൗമ്യയും വിട്ടില്ല.
അപ്പോള്‍, ഇടനാഴിയിലൂടെ ഇരുകൈകളും പിന്നിലേക്ക് തോര്‍ത്ത്‌കൊണ്ട് ബന്ധിച്ച ഒരു മനുഷ്യക്കോലത്തെ ബന്ധുക്കളും രണ്ട് അറ്റന്‍ഡര്‍മാരും ചേര്‍ന്ന് അവരുടെ മുന്നിലൂടെ നടത്തിക്കൊണ്ടുവന്നു.
കൈകള്‍ ബന്ധിതനായ, താടിയും മുടിയും നീട്ടിയ ആ ചെറുപ്പക്കാരന്‍ സൗമ്യയുടെ അടുത്തു വന്നപ്പോള്‍ ഒരു നിമിഷം നിന്നു.
പിന്നെ അവളെ സൂക്ഷിച്ചു നോക്കിയിട്ട് ഒരു വല്ലാത്ത ചിരിയോടെ പറഞ്ഞു:
''ഡിഷ്, രണ്ടിനേയും പൂശാന്‍ കത്തി വീശിയതാ... അവള്‍, എന്റെ ഭാര്യ അന്നേരേ തട്ടിപ്പോയി... എന്റെ ഭാര്യേടെ കൂടെ കിടന്നവന്‍ ഓടി... ഞാന്‍ അവനെ കട്ടയ്ക്ക് എറിഞ്ഞിട്ടു... കുത്തി നാലു വട്ടം, ഏശിയില്ല... അവന്റെ കാല് രണ്ടു പോക്കാം... ഹി... ഹി....''
''ഇങ്ങോട്ടു വാടോ....''
കൂടെ നിന്നവര്‍ അയാളെ ഒരു വിധത്തില്‍ തള്ളിക്കൊണ്ടു പോയി. ഒരാള്‍ അയാളുടെ തലയ്ക്കിട്ട് ഒരു തട്ടും കൊടുത്തു.
''വേണ്ട, അതൊക്കെ നിങ്ങള്‍ വീട്ടില്‍വച്ചു ചെയ്താല്‍ മതി, തട്ടുകേട് പറ്റിയാല്‍ സമാധാനം പറയേണ്ടത് ആശുപത്രിക്കാരാ....''
അറ്റന്‍ഡര്‍, തലയ്ക്കിട്ടു തല്ലിയ ആളെ താക്കീത് ചെയ്തു.
''എന്റെ പൊന്നു കുട്ടന്‍... ചക്കര മുത്ത്....''
മാനസിക രോഗിയായ ചെറുപ്പക്കാരന്‍ പെട്ടെന്ന് അറ്റന്‍ഡറുടെ ചുണ്ടത്ത് ഒരു ഉമ്മവച്ചു.
''ശ്ശോ... ചെവിക്കല്ല് അടിച്ചു ഞാന്‍ പൊട്ടിക്കും, പറഞ്ഞേക്കാം.... ഉമ്മ വയ്ക്കാന്‍ കണ്ട സ്ഥളം.... ഇങ്ങോട്ടു നടക്കെടാ... ഷോക്ക് കിട്ടുമ്പോള്‍ നിന്റെ പകുതി വിളച്ചില്‍ പോകും....''
അറ്റന്‍ഡര്‍ അയാളെ തള്ളിക്കൊണ്ടു പോയി.
സൗമ്യയ്ക്ക് ചവിട്ടിനില്‍ക്കുന്ന ഭൂമി തലകീഴായി മറിയുന്നതു പോലെ തോന്നി. കിതപ്പ് അടക്കിപ്പിടിച്ചെങ്കിലും അവള്‍ വിതുമ്പിപ്പോയി. നായര്‍ക്കും നിയന്ത്രിക്കാനായില്ല. കണ്ണുകളില്‍ നനവ് പടര്‍ന്നു. തോളില്‍ കിടന്ന തോര്‍ത്ത്‌കൊണ്ട് സൗമ്യ ഒരു നിമിഷം മുഖം പൊത്തിപ്പിടിച്ച് കരഞ്ഞു.
അവള്‍ ഡോര്‍ ഹാന്‍ഡില്‍ തിരിച്ച് കൊടുങ്കാറ്റു പോലെ രമണന്റെ റൂമിലേക്കു കയറി. പിന്നാലെ ഹരിശ്ചന്ദ്രന്‍ നായരും എത്തി.
''പരിപ്പുവട പണ്ടേ ഗ്യാസാ, പഴംപൊരിയില്ലാത്തതുകൊണ്ടാ അതു തിന്നത്. നല്ല മൊരുമൊരാന്ന് മൊരിഞ്ഞതു കണ്ടപ്പം മൂന്നാലെണ്ണം അങ്ങു തിന്നും പോയി... ഇനി ഇന്നു രാത്രി കിടന്നുറങ്ങണ്ട....''
വലിയ വായിലേ രണ്ട് ഏമ്പക്കവും വിട്ടുകൊണ്ട് കനകമ്മ റൂമിലേക്ക് കടന്നുവന്നു.
നായര്‍ ത്രിശങ്കുവിലായി.
നെഞ്ചിടിപ്പിന് ദ്രുതതാളം.
രമണന്‍ എങ്ങനെയയാിരിക്കും പ്രതികരിക്കുക.
പോരാത്തതിന് എരിതീയില്‍ എണ്ണ പകരുന്ന തള്ളയും എത്തിയിരിക്കുന്നു....
ഡ്രിപ്പ് സ്റ്റാന്‍ഡ്‌കൊണ്ട് ഡ്യൂട്ടി നഴ്‌സിന്റെ തല തല്ലിപ്പൊട്ടിച്ച സംഭവത്തിനു ശേഷം കാര്യങ്ങള്‍ ഒന്നു ശാന്തമായതാണ്. എന്നാല്‍, കഴിഞ്ഞ ദിവസം സ്ഥിതി പിന്നെയും മോശമായി.
എന്നാടോ പോലീസ് താന്‍ എന്നെ കാണുമ്പോള്‍ സല്യൂട്ട് ചെയ്യാതതെന്നു ചോദിച്ചു, ഞാനും കാക്കിയാടോ ഇടുന്നതെന്നു പറഞ്ഞുകൊണ്ടേയിരുന്നു. ഒടുവില്‍ അവന്റെ മനസമാധാനത്തിനു വേണ്ടി തനിക്കു സല്യൂട്ട് ചെയ്യേണ്ടതായും വന്നു. ഓരോ വിധി....
എല്ലാകൂടി ഓര്‍ത്തപ്പോള്‍ നായര്‍ ശരിക്കും തളര്‍ന്നു പോയി.
''രമണേട്ടാ....''
അവള്‍ ഓടിച്ചെന്ന് മയക്കത്തിലായിരുന്ന രമണന്റെ മാറിലേക്കു വീണു.
''ആരാ? എന്നാ?'
ഞെട്ടി ഉണര്‍ന്ന രമണന്‍ ചോദിച്ചു.
''ഞാന്‍ ആരാണെന്നോ?''
സൗമ്യയുടെ നെഞ്ച് പൊട്ടിപ്പോയി.
തന്നെ ജീവനു തുല്യം സ്‌നേഹിച്ചിരുന്ന ഭര്‍ത്താവ് ചോദിക്കുന്നു, താന്‍ ആരാണെന്ന്....
''രമണേട്ടന് എന്താ സംഭവിച്ചത്, എന്താ പറ്റിയത്?
നമ്മള്‍ക്ക് ഒരു മോളുണ്ടായി... മോളെ കാണണ്ടേ...? മോളെ കാണാന്‍ രമണേട്ടന്‍ എന്തുമാത്രം കൊതിച്ചതാ... ഗര്‍ഭിണിയായിരുന്നപ്പം എന്നെക്കൊണ്ട് ഒന്നും ചെയ്യിക്കാതെ രമണേട്ടനല്ലേ അടുക്കള പണി ഉള്‍പ്പെടെ എല്ലാം ചെയ്തത്. എന്നിട്ട് ഇത്രയും ദിവസമായിട്ട് ഒരു ദിവസം പോലും രമണേട്ടന്‍ എന്നെയും മോളെയും കാണാന്‍ വന്നില്ലല്ലോ...''
''അതേടീ ചൂലേ, ഉരുട്ടിക്കെട്ടി നീയൊരു കൊച്ചിനെ ഉണ്ടാക്കിയെടുത്തതാ എന്റെ കൊച്ചിന് ഈ ഗതി വന്നത്....''
കനകമ്മ പിറുപിറുത്തു.
''എല്ലാം ശരിയാകും. മോള് ധൈര്യമായിരിക്ക്. അച്ഛനല്ലേ പറയുന്നത്... മോള് കുഞ്ഞിന്റെ അടുത്തേക്കു ചെല്ല്... കുഞ്ഞ് തനിച്ചല്ലേയുള്ളൂ... ആ വെടക്ക് ശ്യാമള മാത്രമല്ലേ കുഞ്ഞിന്റെ അടുത്തുള്ളൂ...''
നായര്‍ സൗമ്യയെ ആശ്വസിപ്പിച്ച് രമണന്റെ നെഞ്ചില്‍നിന്ന് അടര്‍ത്തിമാറ്റാന്‍ തുടങ്ങി. അവള്‍ പതംപറഞ്ഞ് കരഞ്ഞ് ഒരേ കിടപ്പാണ്.
''എപ്പോഴാടോ നായരേ ശ്യാമള തനിക്കു വെടക്കായത്? കട്ട് തിന്നപ്പോള്‍ ഒരു കുഴപ്പവുമില്ല.''
കനകമ്മ പിറുപിറുത്തുകൊണ്ട് പല്ലിറുമ്മി.
പിറുപിറുപ്പ് കേട്ട് നായര്‍ കനകമ്മയെ നോക്കിയപ്പോള്‍ താന്‍ ഒന്നും പറഞ്ഞില്ലെന്ന മട്ടില്‍ അവര്‍ തോള്‍ കുലുക്കി, എന്നിട്ട് നായര്‍ക്കു മുഖം കൊടുക്കാതെ രമണന്റെ ബെഡ്ഡിനടിയിലിരിക്കുന്ന പ്ലാസ്റ്റിക് പായ്ക്കറ്റുകളില്‍ എന്തോ പരതാന്‍ തുടങ്ങി....
പ്ലാസ്റ്റിക് കൂടുകള്‍ തമ്മിലുരയുന്ന അലോസര ശബ്ദം.
''അതെല്ലാം കൂടി എടുത്ത് മടക്കി വയ്ക്ക് തള്ളേ... മനുഷ്യന്റെ തലയ്ക്ക് ഭ്രാന്ത് പിടിച്ച് നില്‍ക്കുമ്പോഴാ കിരുകിരാന്ന് ഒരു ശബ്ദം.''
നായര്‍ ദേഷ്യപ്പെട്ടു.
''നെങ്ങള്‍ക്കിത് എന്നാത്തിന്റെ കേടാ. എന്തിനാ എന്റെ മെക്കിട്ട് കേറുന്നത്....''
കനകമ്മ പിറുപിറുത്തു.
''എന്തെങ്കിലും പറയുന്നെങ്കിലും ഉറക്കെ പറയണം, വായില്‍ വച്ചോണ്ടല്ല....''
നായര്‍ പറഞ്ഞു.
''ഇന്നലെ കഴിച്ച റൊട്ടീടെ ബാക്കി ഇവിടെയെങ്ങാണ്ടിരിപ്പുണ്ടായിരുന്നു. പരിപ്പുവട തിന്നിട്ട് ആകെ ഗ്യാസ് കേറി നാശമായി. അത് രണ്ടു കഷണം എടുക്കാമെന്നു വച്ചാ... ദേ നോക്കിയപ്പം മുഴുവന്‍ ഉറുമ്പ് കേറി നാശമായി. ഒന്നു തട്ടിക്കുടഞ്ഞ് കളയാമെന്നു വച്ചപ്പോള്‍ അതും കുറ്റമായി....''
''എപ്പ നോക്കിയാലും തീറ്റി തീറ്റി, ഇതെന്തൊരു ജന്മം!''
''പിന്നെ മനുഷ്യേന്‍മാര്‍ക്ക് നേരത്തും കാലത്തും വല്ലതും കഴിക്കണ്ടേ? ഇതു നല്ല കൂത്ത്.... ഞാന്‍ അങ്ങനെയാ ശീലിച്ചത്. ജീവിക്കുന്ന കാലത്ത് നന്നായിട്ട് തിന്നും കുടിച്ചും ജീവിക്കണം... ചാകുമ്പം ആരും ഒന്നും കൊണ്ടുപോകുന്നില്ലല്ലോ....''
''മതി, നിങ്ങളുടെ പ്രഭാഷണം... ഞാന്‍ പറഞ്ഞത് തിരിച്ചെടുത്തിരിക്കുന്നു, എന്താ പോരേ?'
''ഞാന്‍ പറയാനുള്ളത് എവിടെയായാലും പറയും. എനിക്ക് കോടതീന്നോ പോലീസെന്നോ നോട്ടമില്ല....''
കനകമ്മ വീണ്ടും വായ് തുറന്ന് നാവു നീട്ടിത്തുടങ്ങി.
''ശ്ശോ....''
നായര്‍ കലി കയറി തലയില്‍ തിരുമ്മി.
സൗമ്യ അപ്പോഴും കരഞ്ഞുകൊണ്ട് രമണന്റെ മാറത്ത് കിടക്കുകയാണ്. ഇത്തിരി കഴിഞ്ഞപ്പോള്ഞ അവന്‍ അവളെ സൂക്ഷിച്ചു നോക്കി. ചുണ്ടില്‍ മെല്ലെ ചിരി വിടര്‍ന്നു.... സൗമ്യയില്‍ ആശ്വാസത്തിന്റെ നീര്‍ക്കുമിള ഉരുണ്ടുകൂടി.
''രമണേട്ടാ, ഞാനാ, സൗമ്യ....''
സൗമ്യയുടെ അന്തരാളങ്ങളില്‍നിന്നാണ് ശബ്ദം വന്നത്.
''കച്ചേരിപ്പടിയെല്ലാം ഇറങ്ങിപ്പോരണേ.... മുന്നോട്ടക്ക് കേറിനിന്നേ... ടിക്കറ്റ് എടുക്കാത്തവര്‍ എടുത്തേ... ചില്ലറ തരണം....''
രമണന്‍ കണ്ടക്ടര്‍ ഡ്യൂട്ടിയിലാണെന്ന മട്ടില്‍ സംസാരിക്കാന്‍ തുടങ്ങി.
''രമണേട്ടാ, എന്തായിത്?'
സൗമ്യയുടെ ആശ്വാസത്തിന്റെ നീര്‍ക്കുമിള പൊട്ടി. അവള്‍ വെട്ടി വിളിച്ച് കരയാന്‍ തുടങ്ങി.
''കരഞ്ഞിട്ടൊന്നും കാര്യമില്ല. ടിക്കറ്റ് എടുക്കാതെ ആരെയും കൊണ്ടുപോകാന്‍ പറ്റില്ല. ടിക്കറ്റ് എടുക്കുന്നില്ലേ ബെല്ലടിച്ച് വണ്ടി സൈഡില്‍ ആക്കുവാ....''
''രമണേട്ടാ....''
അവള്‍ വീണ്ടും കുലുക്കിവിളിച്ചു.
ആ രംഗം കണ്ടുനില്‍ക്കാനുള്ള കരുത്തില്ലാതെ നായര്‍ മുഖം തിരിച്ചു.
''ദേ, ഞാന്‍ അടികൊടുത്ത് വണ്ടി നിര്‍ത്തുവാ. ടിക്കറ്റെടുത്തിട്ട് പോയാല്‍ മതി....''
രമണന്‍ വലത് കൈ ഉയര്‍ത്തി മണിച്ചരടില്‍ പിടിക്കുന്നതായി ആംഗ്യം കാണിച്ചു.
''നെങ്ങള് ബഹളം വച്ചിട്ടും കരഞ്ഞിട്ടും യാതൊരു കാര്യവുമില്ല... ടിക്കറ്റ് എടുക്കാതെ വണ്ടി ഒരടി മുന്നോട്ട് നീങ്ങത്തില്ല... അല്ലെങ്കില്‍ നെങ്ങള് ഇവിടെ ഇറങ്ങണം.''
രമണന്‍ ഒരു യാത്രക്കാരിയോടെന്ന പോലെ സൗമ്യയോട് പെരുമാറാന്‍ തുടങ്ങി.
ഡോറില്‍ ആരോ മുട്ടി.
ഹരിശ്ചന്ദ്രന്‍ നായരാണ് ഡോര്‍ തുറന്നത്. നഴ്‌സ് ഉള്ളിലേക്കു കടന്നുവന്നു.
''ഇന്‍ജക്ഷന്റെ മെഡിസിന്‍ കിട്ടിയോ?'
നഴ്‌സ് ചോദിച്ചു.
''ഇല്ല, നാളെയേ വരുകയുള്ളൂ... ബാക്കി എല്ലാം കിട്ടിയിട്ടുണ്ട്....''
നായര്‍ പറഞ്ഞു.
''സാരമില്ല, ഇവിടെ ഇരിപ്പുണ്ട് ഞാന്‍ എടുത്തേക്കാം, നാളെ കിട്ടുമ്പോ മടക്കി കൊടുത്താല്‍ മതി.''
നഴ്‌സ് ഡ്യൂട്ടി റൂമില്‍ പോയി മടങ്ങിവന്നു.
''കമിഴ്ന്ന് കിടന്നേ... കുത്തുവയ്ക്കട്ടെ....''
നഴ്‌സ് പറഞ്ഞു.
രമണന്‍ അത് ശ്രദ്ധിച്ചതേയില്ല.
''രമണേട്ടാ, കമിഴ്ന്നു കിടക്കാന്‍ കുത്തിവയ്ക്കാനാ....''
സൗമ്യ കരഞ്ഞുകൊണ്ടു പറഞ്ഞു.
ഒടുവില്‍ എല്ലാവരും കൂടി ഏറെ പണിപ്പെട്ട് കമിഴ്ത്തിക്കിടത്തി.
സിറിഞ്ചിന്റെ സൂചി ദേഹത്ത് തൊട്ടപ്പോള്‍ ആശുപത്രി ഞടുക്കിക്കൊണ്ട് അവന്‍ അലറി വിളിച്ചു.
സൗമ്യയുടെ നെഞ്ചിലൂടെ ഒരു തീപ്പന്തം എരിഞ്ഞു കയറി....
''നന്നായിട്ടൊന്ന് തിരുമ്മിയേര്, വേദന കാണും....''
നഴ്‌സ് സൗമ്യയോട് പറഞ്ഞു.
സൗമ്യ അമര്‍ത്തി തിരുമ്മി.
''ട്രീറ്റ്‌മെന്റില്‍ ചില ചെയ്ഞ്ചസ് വരുത്താന്‍ പോകുവാ... ബന്ധുക്കളുടെ സമ്മതമില്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ. അമ്മച്ചി ഇവിടെ നില്‍ക്കട്ടെ, നിങ്ങള്‍ രണ്ടുപേരും ഡോക്ടറുടെ മുറിയിലേക്ക് ചെല്ല്....''
നഴ്‌സ് നായരോടു പറഞ്ഞു.
എന്തായിരിക്കും പുതിയ ചികിത്സാരീതി?
ഷോക്ക് ട്രീറ്റ്‌മെന്റോ...?
നായരുടെ ഉള്ള് പിടഞ്ഞു.

(തുടരും)
 
Other News in this category

 
 




 
Close Window