Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
നോവല്‍
  Add your Comment comment
അവള്‍ അനാഥയാണ്
(കഥാകൃത്ത് : ഉജിയാബ് )
പരിചയമില്ലാത്ത നമ്പറായതുകൊണ്ട് ശബ്ദം അല്‍പ്പം കടുപ്പിച്ചാണ് ഫോണ്‍ എടുത്തത്.
സുനീഷാണ്.... മറുതലയ്ക്കല്‍ നിന്നുള്ള ശബ്ദം.
ഒരു നിമിഷം ആലോചിച്ചു.
ലോകത്ത് ഇന്നുവരെ തെറികള്‍ക്കു വേണ്ടിയൊരു ഡിക്്ഷനറി കണ്ടു പിടിച്ചില്ലല്ലോ.
അന്ന് ആദ്യമായി അങ്ങനെയൊരു സങ്കടം തോന്നി. ഹൈസ്‌കൂള്‍ മുറ്റത്തു നിന്ന് കേട്ടും പറഞ്ഞും ശീലിച്ച നാലു തെറികള്‍ ഓര്‍ത്തെടുത്ത് അപ്പോള്‍ത്തന്നെ പറഞ്ഞു.
മറുവശത്ത് മറുപടിയില്ല. ചിരി മാത്രം.
പച്ചത്തെറിയാണോ നീലത്തെറിയാണോ അതെന്നോര്‍ത്ത് ഇപ്പോള്‍ സങ്കടം തോന്നുന്നു.
''എടാ ഞാന്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. നീ വരണം... ''
അവന്‍ വിവാഹം ക്ഷണിച്ചു.
വാസ്തവത്തില്‍ ഒരു വിവാഹം ക്ഷണിക്കാന്‍ ഇത്രയും വാക്കുകള്‍ മതി.
ബാല്യകാലസഖാവിനോടുള്ള സ്‌നേഹം മനസില്‍ നിറഞ്ഞു.
എന്റെ കല്യാണത്തിന് ഈ ടെലിഫോണ്‍ ക്ഷണപ്പത്രിക കോപ്പിയടിക്കും. ഞാന്‍ നിമിഷനേരംകൊണ്ട് തീരുമാനിച്ചു.
സുനീഷ് ചില കാര്യങ്ങളില്‍ ജീനിയസാണ്. ഹിസ്റ്ററി പഠിച്ച് ശാസ്ത്രകൗതുകങ്ങള്‍ കണ്ടെത്തിയ മഹാന്‍.
പച്ചവെള്ളത്തില്‍ മനുഷ്യനെ മയക്കുന്ന ലഹരിവസ്തുക്കളുണ്ടെന്ന് ഒരിക്കല്‍ സുനീഷ് പറഞ്ഞു.
ഭൂമി മാതാവിന്റെ ഗര്‍ഭഗൃഹത്തിലെ കുടിനീരില്‍ ലഹരി....
സുനീഷ് അതു പറഞ്ഞപ്പോള്‍ ആദ്യം മതിലില്‍ നിന്നു ചാടിയിറങ്ങിയത് രജനീദാസായിരുന്നു.
പേരില്‍ രജനിയുള്ളതുകൊണ്ടാവാം ദാസനാവാന്‍ എപ്പോഴും ഇഷ്ടമായിരുന്നു അവന്.
പക്ഷേ, അന്ന് ആദ്യമായി രജനി കോപിച്ചു. സുനീഷിന്റെ പിടലിക്ക് അടിച്ചു.
സുനീഷ് നടുവട്ടം ചാടി.
കളരി മുറകളില്‍ അടവുകള്‍ ഇരുപതുണ്ടെന്ന് ജീവിതത്തില്‍ എന്നെങ്കിലും തോന്നിയെങ്കില്‍ അത് ആ കാഴ്ച കണ്ടപ്പോഴാണ്.
മറ്റുള്ളവര്‍ പ്രതീക്ഷിച്ചതുപോലെ സുനീഷ് ആക്രമിക്കാന്‍ ഇറങ്ങിയതല്ല.
നിലത്തു പതിഞ്ഞിരുന്നു.
തിയറി പറഞ്ഞു തുടങ്ങി.
മ്യാലില്‍ വക്കന്‍ ചേട്ടന്റെ മകന്‍ സണ്ണിച്ചന്റെ കല്യാണം.
തലേന്ന് ബാച്്‌ലര്‍ പാര്‍ട്ടി.
ത്രിഗുണന്‍ റം മുതല്‍ സ്‌കോച്ച് വിസ്‌കി വരെ പലതരം ലഹരിനീരുകള്‍.
ഓരോരോ പറ്റമായി ദാഹിച്ചെത്തിയ ആളുകള്‍ക്കായി വെവ്വേറെ കൗണ്ടറുകള്‍.
ലുങ്കി ബാര്‍, ഡീസന്റ് ബാര്‍, വിഐപി...
നില്‍പ്പനടിക്കുന്നവവരുടെ കുടിസ്ഥലമാണ് ലുങ്കി ബാര്‍.
സണ്ണിച്ചന്റെ തെങ്ങിന്‍ തോട്ടത്തിലെ മണ്ടപോയ ടി ഇന്റു ഡിയുടെ ചുവട്ടിലായിരുന്നു കല്യാണവീടിന്റെ ലുങ്കി ബാര്‍.
സുനീഷ് അവിടേയ്ക്കു പോകാനൊരുങ്ങി.
നീല ടീഷര്‍ട്ട് ഇട്ടു. കള്ളിമുണ്ടുവേണോ അതോ പാന്റ്‌സിടണോ...?
മൂന്നാലു തവണ ആലോചിച്ചു.
കല്യാണ വീടല്ലേ, എന്തെങ്കിലുമൊക്കെ പണി കാണും.
ലുങ്കി അരയില്‍ സ്ഥാപിച്ചു. 501 സോപ്പിന്റെ മണം.
പാട്ടും പാടി പതുക്കെ നടന്നു.
നൂലു പൊങ്ങിയ തോര്‍ത്ത് തലയില്‍ കെട്ടി.
അടുക്കള ഭാഗത്തേയ്ക്കു വച്ചുപിടിച്ചു.
പൂമുഖത്തു നിന്ന് ആരൊക്കെയോ നോക്കുന്നുണ്ടായിരുന്നു.
അടുക്കളപ്പുറത്തെ ചായ്പ്പ് ഹൈവേ ബാറിനെക്കാള്‍ വൃത്തികേടായിരുന്നു.
അച്ചാറും ചാളക്കറിയും മിക്‌സ്ചറും ചക്കവറുത്തതും ടച്ചിങ്‌സ്.
സുനീഷ് കുടിക്കാനിറങ്ങി.
ആദ്യം ഒരു ഗ്ലാസ് ബ്രാന്‍ഡിയെടുത്തു. കുടിച്ചു
കിണറ്റിലെ വെള്ളം ഒഴിച്ചപ്പോള്‍ വിസ്‌കി പ്രതികരിച്ചു. കുടല്‍മാലകള്‍ക്കു സംസാരശേഷിയുണ്ടെന്നു തോന്നി.
ലൈലന്റ് ലോറി മല കയറുന്നപോലെ മക്്ഡവല്‍സ് തലച്ചോറിലേക്ക് ആക്‌സിലറേറ്റര്‍ മുറുക്കി.
ചെറുകര ബേബിയും സംഘവും കുടിക്കാനെത്തി.
വിസ്‌കി ബോട്ടിലിലാണ് അവര്‍ പിടി മുറുക്കിയത്.
വാടാ സുനീഷേ... ബേബി ക്ഷണിച്ചു.
എതിര്‍ക്കുന്നതെങ്ങനെ....?
വയറ്റിളക്കത്തിന് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു തരുന്ന ടോണിക്കിന്റെ മണമാണ് വിസ്‌കിക്ക്.
ഗ്ലാസ് പിന്നെയും നിറഞ്ഞു, കാലിയായി.
കല്യാണ വീടിന്റെ രാത്രിക്ക് ഭംഗി കൂടിക്കൊണ്ടിരുന്നു.
ആരൊക്കെയോ റമ്മിന്റെ ബോട്ടില്‍ തുറന്നു.
സുനീഷ് കുടിച്ചു.
പൂഞ്ചോല മലയുടെ മുകളിലെ ആകാശത്ത് പൂര്‍ണചന്ദ്രന്‍ ഇതൊക്കെ കണ്ടു ചിരിച്ചു.
സുനീഷ് ചന്ദ്രനെ നോക്കി.
നിലാവ് സുനീഷിനെ നോക്കി.
പച്ചവെള്ളമൊഴിച്ച് വിസ്‌കി കുടിച്ചപ്പോള്‍ ഞാന്‍ ഫിറ്റായി.
ബ്രാന്‍ഡിയില്‍ പച്ചവെള്ളമൊഴിച്ചപ്പോഴും ഞാന്‍ ഫിറ്റായി.
റമ്മില്‍ ഞാനൊഴിച്ചതും പച്ചവെള്ളമായിരുന്നു. അപ്പോഴും ഞാന്‍ ഫിറ്റായി.
പച്ചവെള്ളം എന്തിലൊഴിച്ചു കുടിച്ചാലും ഫിറ്റാകും. പച്ചവെള്ളം കുടിക്കരുത്. പച്ചവെള്ളത്തില്‍ ലഹരിയുണ്ട്....
ആ രാത്രി മുഴുവന്‍ സുനീഷ് അതു തന്നെ പറഞ്ഞുകൊണ്ടിരുന്നു.

രണ്ടു മാസം കഴിഞ്ഞ് സുനീഷ് വീണ്ടും വിളിച്ചു.
വിവാഹത്തിനു മുമ്പ് കോളെജിലെ കൂട്ടുകാര്‍ക്കുവേണ്ടിയൊരു സത്കാരം.
കല്യാണത്തിന് മുമ്പ് കൂട്ടുകാരെ എച്ച 2 ഒയില്‍ നിരാടിക്കാന്‍ പാലക്കാട്ടു വച്ചു കൂട്ടായ്മ.
വധുവിനെക്കുറിച്ചു സുനീഷ് വാചാലനായി.
അച്ചന്റേതാണു സെലക്്ഷന്‍.
ഒരു വര്‍ഷം മുമ്പ് മരിച്ച ജോസഫു ചേട്ടനല്ലാതെ സുനീഷിനു വേറെയും അച്ഛനോ...? - സംശയം ഗോപിയുടേതായിരുന്നു.
പൂഞ്ചോലപ്പള്ളിയിലെ അച്ചനാടാ... സുനീഷ് വിശദീകരിച്ചു.
അലുവയും മീന്‍ചാറും പോലെ.... ആകെപ്പാടെയൊരു കോമ്പിനേഷനില്ലായ്മ ഫീല്‍ ചെയ്യുന്നു....
പള്ളീലച്ചന്‍ സുനീഷിനു പെണ്ണു കണ്ടെത്തിയിരിക്കുന്നു. വാട്ടീസ് ദിസ്...?
''ജീവിതം എന്നെ ഒന്നും പഠിപ്പിച്ചില്ല. സര്‍ട്ടിഫിക്കറ്റു കിട്ടാനായി പരീക്ഷയ്ക്കു വേണ്ടി വായിച്ച ബിഎ ഹിസ്റ്ററിയൊന്നും ഇപ്പോള്‍ ഓര്‍മയുമില്ല. മുപ്പത്തൊന്നു വയസിനിടെ കുറേ തേങ്ങയുടെ ചകിരി പൊതിച്ചു. കായക്കുലകളുടെ കണക്കെടുത്തു. അപ്പച്ചനെ നോക്കി. അമ്മച്ചി വച്ചു തന്ന കഞ്ഞിയും ചോറും മാങ്ങാച്ചമ്മന്തിയും കഴിച്ചു.
ആല്‍ക്കഹോളിന്റെ നുരകളില്‍ ദിവസവും നീന്തി. വാറ്റുചാരായം കുടിച്ച ദിവസം സ്വര്‍ഗത്തിലെത്തി. അവിടെ ഞാന്‍ പലരെയു കണ്ടു. ഏറ്റവും വൃത്തികെട്ടവരെന്നു ഞാന്‍ വിചാരിച്ചവരെല്ലാം അവിടെയുണ്ടായിരുന്നു.
ഭാര്യയെ തല്ലിയ സങ്കടത്തിനു ചൂടിക്കയര്‍ കഴുത്തിലണിഞ്ഞു സ്റ്റൂളില്‍ നിന്നു ചാടിയ അയ്യപ്പേട്ടന്‍.
കളര്‍ പെന്‍സിലില്ലാതെ ക്ലാസില്‍ നിന്ന് ഇറക്കിവിട്ട മകന്‍ കരഞ്ഞ രാത്രിയില്‍ ആസിഡ് കുടിച്ച് മനസിന്റെ നീറ്റലൊതുക്കിയ തൊമ്മിച്ചന്‍.
മുഖം തിരിച്ചറിയാത്ത വേറെ കുറേയാളുകള്‍.... സ്വര്‍ഗത്തിലും അവരൊക്കെ ഏകാന്തത അനുഭവിക്കുന്നു.
ഓരോരോ മൂലയിലിരുന്ന് അവര്‍ കരയുന്നു.
ഏകാന്തത വലിയ വേദനയാണെടാ.
അത് അനുഭവിച്ചറിയണം.
ഭൂമിയില്‍ ആരോരുമില്ലാത്തവരുടെ അവസ്ഥ നീ ചിന്തിച്ചിട്ടുണ്ടോ...?
അവന്‍ തുടര്‍ന്നു.
ഇല്ല. എനിക്കറിയാം.
അതുകൊണ്ട്, ഞാന്‍ ഒരു അനാഥപ്പെണ്‍കുട്ടിയുടെ കൂട്ടുകാരനാവാന്‍ തീരുമാനിച്ചു. കോയമ്പത്തൂരിലെ ഒരു അനാഥാലയത്തില്‍ നിന്ന് അച്ചന്‍ പെണ്ണിനെ കണ്ടെത്തി. ഞാന്‍ കണ്ടിട്ടില്ല. ആരോരുമില്ലാത്ത ഒരു പെണ്‍കുട്ടിക്കു വേണ്ടി എന്റെ ജീവിതം മാറ്റി വയ്ക്കുന്നു. ശരിയും തെറ്റുമൊന്നും ഇതിലില്ല. എതിരഭിപ്രായവും പറയണ്ട. എല്ലാവരും കല്യാണത്തിനു വരണം....''
ഒലവക്കോട് സൂര്യ ബാറില്‍ വേള്‍പൂളിന്റേതാണ് എ.സി. ആ ടൗണില്‍ നല്ല തണുപ്പിലിരുന്ന് മനസിനെ ഉല്ലാസയാത്രയ്ക്ക് വിടാവുന്ന ഏറ്റവും നല്ല സ്ഥലം അതായിരുന്നു.
അതാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അനുഭവം. എന്നിട്ടും സുനീഷൊഴികെ ഞങ്ങള്‍ നാലുപേരും അവിടെയിരുന്നു വിയര്‍ത്തു.
കഴുത്തിനു താഴെ നെഞ്ചിനുള്ളിലാണ് മനസെന്ന് അപ്പോള്‍ തോന്നി. അവന്‍ പറഞ്ഞതുകേട്ട് മനസിലുണ്ടായ വിങ്ങല്‍ നെഞ്ചിടിപ്പായി.
പുറമേയ്ക്കു കാണുന്നതുപോലെയല്ല. ആളുകള്‍ പല തരത്തിലാണ് ചിന്തിക്കുന്നത്.

കാലം കടന്നു.
ജോലിയുടെ പതിവു ക്ഷീണവും നഗരത്തിന്റെ തിക്കും തിരക്കുമായി നഗരത്തിലൂടെ നടക്കുകയായിരുന്നു.
മൊബൈല്‍ റിങ്ങ് ചെയ്തു.
ചില സമയത്ത് ഇത്രത്തോളം വെറുപ്പിക്കുന്ന മറ്റൊരു വസ്തുവില്ല.
ആരോടെങ്കിലും സംസാരിക്കണമെന്നു വിചാരിച്ച് വിളിക്കുമ്പോള്‍ ഉദ്ദേശിച്ചയാളെ ഫോണില്‍ കിട്ടില്ല. ആരോടും സംസാരിക്കാതെ ഇത്തിരി നടക്കാമെന്നു വിചാരിച്ചാല്‍ അപ്പോള്‍ റിങ് ചെയ്യും.
ഇന്ത്യന്‍ റെയില്‍വെയിലെ ചായ കുടിച്ച ചവര്‍പ്പോടെയാണ് കാള്‍ അറ്റന്റ് ചെയ്തത്.
''സുനീഷാണ്. എറണാകുളത്തേയ്ക്കു വരുന്നുണ്ട് അടുത്ത ദിവസം. കുറച്ചു സംസാരിക്കാനുണ്ട്, സീരിയസ്...''
ഒറ്റശ്വാസത്തില്‍ അത്രയും പറഞ്ഞ് അവന്‍ ഫോണ്‍ കട്ട് ചെയ്തു.
അന്നു രാത്രി മുഴുവന്‍ അവന്‍ ബാക്കി നിര്‍ത്തിയ സസ്‌പെന്‍സില്‍ മുങ്ങി.
പിറ്റേന്ന് വൈകിട്ട് സുനീഷ് എത്തി.
''കല്യാണം കഴിഞ്ഞ ശേഷം ഒരു ദിവസം പോലും ഞാന്‍ സമാധാനത്തോടെ ഉറങ്ങിയിട്ടില്ല. താലി കെട്ടിയിട്ട് ഇന്നേയ്ക്ക് ആറു മാസം. അവള്‍ പ്രത്യേക ടൈപ്പാ. മുറിയില്‍ നിന്നു പുറത്തിറങ്ങില്ല. രാവിലെ കുളി കഴിഞ്ഞ് അടുക്കളയിലേക്കു വരും. അമ്മ ഉണ്ടാക്കി വച്ചതു കഴിക്കും. തിരിച്ചു മുറിയില്‍ കയറും. കട്ടിലില്‍ വന്നു കിടക്കും. എല്ലാവരുമായി പരിചയമായിക്കഴിഞ്ഞാല്‍ ശരിയാകുമെന്നു വിചാരിച്ചു. പക്ഷേ, സംഭവിച്ചത് വേറെയാണ്. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അവള്‍ ആ മുറി ഉള്ളില്‍ നിന്നു പൂട്ടിത്തുടങ്ങി.
ചോദിച്ചതിനു മാത്രം മറുപടി. കറിക്ക് ഉപ്പുകൂടിയെന്നും തോരനില്‍ ഉപ്പില്ലെന്നും പറഞ്ഞ് അമ്മയോടു വഴക്കു തുടങ്ങി. എന്റെ എല്ലാ രാത്രികളും പിന്നീട് പകലുകളും ബഹളങ്ങളില്‍ മുങ്ങി.
കഴിഞ്ഞ ശനിയാഴ്ച ഞാന്‍ പറമ്പില്‍ പണി കഴിഞ്ഞു വരുമ്പോള്‍ അവള്‍ അമ്മയോടു വഴക്കിടുകയായിരുന്നു.
അമ്മ കരഞ്ഞു. അപ്പോഴത്തെ ദേഷ്യത്തിന് ഞാന്‍ എന്തൊക്കെയോ പറഞ്ഞു.
കുറച്ചു സമയത്തിനുള്ളില്‍ അവള്‍ മുറിയില്‍ കയറി.
കിട്ടിയതെല്ലാം ബാഗിലാക്കി ഒന്നും പറയാതെ വീടുവിട്ടു പോയി.
''എങ്ങോട്ട്....?'' - ഞാന്‍ ചോദിച്ചു.
ആ ചോദ്യം തന്നെയാണ് സുനീഷ് എന്നോടും ചോദിച്ചത്.
വിവാഹം കഴിച്ചു വിട്ട പെണ്‍കുട്ടികള്‍ക്ക് അനാഥാലയത്തില്‍ പ്രവേശനമില്ല. എല്ലായിടത്തും അവന്‍ അവളെ അന്വേഷിച്ചു.
കയറിച്ചെല്ലാന്‍ അവള്‍ക്കു ബന്ധുവീടില്ല.
പിന്നെ അവള്‍ എവിടെപ്പോയി...?
എന്തായിരിക്കാം ആ പെണ്‍കുട്ടിയെ സങ്കടപ്പെടുത്തിയത്.
സങ്കടപ്പെടുത്തിയത്...?
സ്‌നേഹം എന്ന വാക്കിന് അവള്‍ സ്വയം ചിട്ടപ്പെടുത്തിയ അര്‍ഥം വേറെയായിരുന്നോ....?
ആയിരിക്കാം.
അമ്മയില്ലാതെ, അച്ഛനില്ലാതെ വളര്‍ന്ന അവള്‍ വേദനിച്ചിരിക്കാം, ഒരുപാട്.
പക്ഷേ, ഇപ്പോള്‍ അതിലേറെ സങ്കടപ്പെടുന്നു അവളെ വിവാഹം കഴിച്ച ഈ മനുഷ്യന്‍....
ഒരു അനാഥപ്പെണ്‍കുട്ടിയെ ജീവിത പങ്കാളിയാക്കിയതിന്റെ നൊമ്പരമല്ല അവന്റെ മുഖത്ത്.
അവള്‍ ഇപ്പോള്‍ എവിടെയായിരിക്കും.
വല്ലതും കഴിച്ചിട്ടുണ്ടാകുമോ...
എവിടെയാണ് കിടന്നുറങ്ങുക...

സൂര്യന്‍ ഒരു ദിവസത്തെ ജോലി കഴിഞ്ഞ് ചുവന്ന മുഖവുമായി കടലില്‍ മുങ്ങുന്നു.
കവിളിലേക്കൊഴുകിയ കണ്ണീര്‍ത്തുള്ളികളില്‍ ആ വെളിച്ചം പടര്‍ന്നു.
അവന്റെ മുഖത്തേയ്ക്കു നോക്കാന്‍ എനിക്കു കഴിഞ്ഞില്ല.
ലഹരിയില്ലാത്ത വെള്ളത്തിന്റെ ഉപ്പുരസമാണ് കണ്ണീരിനെന്ന് അപ്പോള്‍ ഞാനും മനസിലാക്കുകയായിരുന്നു...
 
Other News in this category

 
 




 
Close Window