Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
നോവല്‍
  Add your Comment comment
ശ്യാമവര്‍ഷങ്ങള്‍ (നോവല്‍ - അധ്യായം 20 )
Kaipuzha Jayakumar

'ഏതിനും അതിന്റേതായ ചില പരിമിതികളുണ്ട്. മെഡിക്കല്‍ സയന്‍സും ഇതില്‍നിന്നു ഭിന്നമല്ല. ചിലപ്പോള്‍ നമ്മള്‍ വിചാരിക്കുന്നതില്‍നിന്ന് വ്യത്യസ്തമായിട്ടായിരിക്കും കാര്യങ്ങള്‍ സംഭവിക്കുക. അമ്മയ്ക്കും കുഞ്ഞിനും യാതൊരു പരുക്കിമില്ലാതെ ഭംഗിയായി ഡെലിവറി നടത്തിയെടുക്കുകയെന്നതാണ് ഏതൊരു ഗൈനക്കോളജിസ്റ്റിന്റെയും ലക്ഷ്യം... പക്ഷേ....' ഭാരതിയമ്മ മൗനം തുടര്‍ന്നു, അല്‍പ്പനേരത്തിനു ശേഷം പറഞ്ഞു. 'ഇങ്ങനെയൊരു കോംപ്ലിക്കേഷന്‍ ഉണ്ടാക്കിയെടുത്തത് ഈശ്വരന്റെ അനുഗ്രമായിട്ടാണ് എനിക്കു തോന്നുന്നത്...' 'മനസിലായില്ല....' ഊര്‍ന്നിറങ്ങിയ ഗോള്‍ഡന്‍ ഫ്രെയിം കണ്ണട ചൂണ്ടുവിരല്‍കൊണ്ട് കുത്തി യതാസ്ഥലത്ത് ഫിറ്റ് ചെയ്തിട്ട് ഡോക്ടര്‍ റിവോള്‍വിങ് ചെയറില്‍ മുന്നോട്ടാഞ്ഞിരുന്നു. 'ഭര്‍ത്താവില്‍നിന്നു തനിക്കൊരു കുഞ്ഞു പിറക്കില്ലെന്നു ബോധ്യമായപ്പോള്‍ അവള്‍ മറ്റാരുടെയോ സഹായം തേടി....' 'വാട്ട്...?' ഡോക്ടര്‍ ഞെട്ടിപ്പോയി. 'ആരും അറിയില്ലെന്നായിരിക്കും അവള്‍ കരുതിയത്... പക്ഷേ....' 'ഭര്‍ത്താവ് അറിഞ്ഞോ? കെഎസ്ആര്‍ടിസിയിലെ കണ്ടക്ടര്‍ അല്ലേ ഭര്‍ത്താവ്.... ഒരുപാവം മനുഷ്യന്‍. നെറ്റി നിറയെ ഭസ്മവും ചന്ദനവും പൂശി നടക്കുന്ന പാവത്താന്‍. എന്താ അയാളുടെ പേര്....?' ഡോക്ടര്‍ ഓര്‍മയില്‍ പരതി. 'രമണന്‍... ആദ്യം അറിഞ്ഞത് രമണന്റെ അമ്മയാ... പോരേ പൂരം. വായ് പോയ ഒരു കോടാലിയാ ആ തള്ള. എന്റെ മകന് പിള്ളേരുണ്ടാകില്ലെന്ന് പണ്ടേ ഡോക്ടര്‍ പറഞ്ഞതാ. പിന്നെയെങ്ങനെയാടീ നിന്റെ മകള് ഇത് ഒപ്പിച്ചതെന്ന് സൗമ്യയുടെ അമ്മയോട്... അതായത് ഇപ്പോള്‍ പുറത്തേക്കിറങ്ങിയ സാവിത്രിയോട് ഒരു ചോദ്യം. എത്ര ചോദിച്ചിട്ടും കക്ഷി ആരാണെന്ന് പെണ്ണ് പറയില്ല....' 'നേരത്തേ രണ്ടു വട്ടം ഈ കുട്ടിക്ക് അബോര്‍ഷനായിട്ടുണ്ട്... അതു ഞാനല്ല അറ്റന്‍ഡ് ചെയ്തത്... കേസ് ഹിസ്റ്ററി കണ്ടതാ... എന്നിട്ട് ഭര്‍ത്താവ് ഈ വിവരം അറിഞ്ഞോ? അതാണോ കഴിഞ്ഞ ദിവസങ്ങളിലൊന്നും കൂടെ കാണാഞ്ഞത്? അല്ലെങ്കില്‍ എപ്പോഴും ഭാര്യേടെ തുണിത്തുമ്പേല്‍ തൂങ്ങി നില്‍ക്കുന്നതാ....' ഡോക്ടറുടെ ആകാംക്ഷ വര്‍ധിച്ചു. 'ഇതിന്റെയിടയ്ക്ക് അവരുടെ വീട്ടില്‍നിന്ന വേലക്കാരിപ്പെണ്ണിനു ഗര്‍ഭം. അതിനും ആളില്ല. ഈ പെണ്ണ് പണ്ട് കുറേ നാള് സൗമ്യയുടെ തറവാട്ടിലാ നിന്നത്. അവളുടെ പ്രസവ ശുശ്രൂഷയ്ക്കാ ഇവിടെ കൊണ്ടുനിര്‍ത്തിയത്... ഉത്തരവാദി രമണനാണോന്ന് സാവിത്രിക്കു സംശയം. അത് അവള്‍ സൗമ്യയോട് പ്രകടിപ്പിച്ചു.' 'അയാളെക്കൊണ്ട് അതിനുള്ള കഴിവില്ലെന്നു നീ തന്നെയല്ലേ പറഞ്ഞത്....' 'അതൊക്കെ പിന്നീടല്ലേ അറിയുന്നത്. ഒരു പാവം മനുഷ്യനല്ലേ, ഒന്നും താങ്ങാനുള്ള കഴിവില്ലല്ലോ... കക്ഷിയെ പിന്നീടാരം കണ്ടിട്ടില്ല.. ആള് മിസ്സിംഗ്... ഒടുവില്‍ ആള് തിരിച്ചുവന്നപ്പോള്‍ ആകെ പ്രോബ്ലം... രമണനെ ഇവിടെ സൈക്യാട്രി വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തിരിക്കുവാ.... ഞാന്‍ കണ്ടില്ല, കേട്ടിടത്തോളം വച്ച് നോക്കുമ്പോള്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല.' 'എന്റെ കരിയറില്‍ ആദ്യമായിട്ടാ ഇങ്ങനെയൊരു കേസ് കേള്‍ക്കുന്നത്... ഏതായാലും ഞാന്‍ ഇത് ഒരു ചലഞ്ചായിട്ട് ഏറ്റെടുക്കാന്‍ പോകുവാ... അമ്മയെയും കുഞ്ഞിനെയും രക്ഷിക്കണം. നീ ഈ കഥയൊക്കെ പറഞ്ഞതു നന്നായി... ാെരു ശതമാനം മാത്രമാണ് വിജയ പ്രതീക്ഷ. എങ്കിലും പിന്നോട്ടില്ല.' 'അതു വേണോ? അമ്മയുടെ കാര്യത്തില്‍ ശ്രദ്ധ കൊടുത്താല്‍ പോരേ? അവിഹിതമായുണ്ടാകുന്ന കുട്ടിയുടെ ഭാവി....' ഭാരതിയമ്മ ചില ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ടു പറഞ്ഞു. 'ഒരു ഡോക്ടര്‍ക്ക് അതൊന്നും നോക്കേണ്ട കാര്യമില്ല. വിഹിതവും അവിഹിതവും അറിയേണ്ടതില്ല, പേഷ്യന്റ് മാത്രം. ഹസ്ബന്ഡ് സൈക്യാട്രിയിലാണെങ്കില്‍ സൗമ്യയുടെ മദറിനെക്കൊണ്ട് സൈന്‍ ചെയ്യിക്കാം....' ഡോക്ടര്‍ ബെല്‍ അമര്‍ത്തി. ഒരു നഴ്‌സ് തല നീട്ടി. 'പുറത്തിരിക്കുന്ന സൗമ്യയുടെ മദറിനെ ഇങ്ങു വിളിക്കൂ. എന്നിട്ടു പേപ്പേഴ്‌സ് സൈന്‍ ചെയ്തു വാങ്ങ്....' 'ആരാ സൗമ്യയുടെ അമ്മ...?' നഴ്‌സ് ഹാഫ് ഡോകര്‍ തുറന്നു പിടിച്ചുകൊണ്ട് ചിലമ്പിച്ച ശബ്ദത്തില്‍ നീട്ടി വിളിച്ചു. 'ഞാനാ....' സാവിത്രിയമ്മ കിതപ്പോടെ ഓടിവന്നു. 'ഡോക്ടര്‍ വിളിക്കുന്നു.' നഴ്‌സ് പറഞ്ഞു. സാവിത്രിയമ്മയെ വല്ലാതെ വിയര്‍ക്കുന്നുണ്ടായിരുന്നു. നേരിയ വിറയലും. 'മോള്‍ക്ക് ഓപ്പറേഷനാ. ധൈര്യമായിരിക്ക്... എന്നെക്കൊണ്ട് ആകാവുന്നത് ഞാന്‍ ചെയ്യും... ബാക്കിയെല്ലാം ദൈവത്തിനു വിട്ടുകൊടുക്കാം... പ്രാര്‍ഥിക്ക്....' സാവിത്രിയമ്മയുടെ നാവിറങ്ങിപ്പോയി. എന്റെ കുഞ്ഞിന് എന്താണ് സംഭവിക്കുന്നത്? നഴ്‌സ് നീട്ടിയ പേപ്പറില്‍ ഒപ്പിടുമ്പോള്‍ സാവിത്രിയമമയുടെ കൈ വിറച്ചു, മനസും. 'വാ, നമുക്കു വെളിയിലിരിക്കാം....' പ്രതീക്ഷിച്ചതു പോലെ കാര്യങ്ങള്‍ നീങ്ങാത്തതിന്റെ ദേഷ്യത്തിലായിരുന്നു ഭാരതി. ഡോക്ടര്‍ പഴയ കൂട്ടുകാരിയാണെന്നറിഞ്ഞപ്പോള്‍ തന്റെ വഴിക്കു വരുമെന്നാണു കരുതിയത്. അപ്പോള്‍ അവളുടെ ാെരു മെഡിക്കല്‍ എത്തിക്‌സ്... പക്ഷേ, ഹരിശ്ചന്ദ്രന്‍ നായരോടുള്ള യുദ്ധത്തില്‍നിന്ന് ഈ ഭാരതിയമ്മ അങ്ങനെയങ്ങു മാറില്ല. അവരുടെ മനസില്‍ പക നുര കുത്തി. 'ഡോക്ടര്‍ എന്താ പറഞ്ഞത്?' പുറത്ത് കസേരയില്‍ അടുത്തടുത്ത് ഇരിക്കുമ്പോള്‍ സാവിത്രിയമ്മ ചോദിച്ചു. 'എന്തോന്ന് പറയാന്‍? നിന്നോട് പറഞ്ഞതൊക്കെത്തന്നെ. അവര് ഒരു ഡോക്ടറല്ലേ, ദൈവമൊന്നുമല്ലല്ലോ....' ഭാരതിയമ്മയുടെ തീരെ മൃദുലമല്ലാത്ത വാക്കുകള്‍ സാവിത്രിയമ്മയെ ഏറെ നൊമ്പരപ്പെടുത്തി. അപ്പോഴേക്കും അവരുടെ അരികിലേക്ക് സീമ ഓടിക്കിതച്ചെത്തി. ഒരു നിമിഷം അവള്‍ കിതപ്പോടെ സാവിത്രിയമ്മയെ നോക്കിനിന്നു. 'എന്നാലും അമ്മ... അച്ഛന്‍ എന്തെങ്കിലും പറഞ്ഞെന്നു കരുതി ഞങ്ങള്‍ എല്ലാവരെയും വിട്ടിട്ട് ഇത്രയും ദിവസം....' അടക്കിപ്പിടിച്ചിട്ടും സീമ വിതുമ്പിപ്പോയി. 'വേണ്ട, അമ്മയുടെയും മകളുടെയും സെന്റിമെന്റ്‌സ് വര്‍ക്കൗട്ട് ചെയ്ത് സീനുണ്ടാക്കാനുള്ള സ്ഥലമല്ല ഇത്, ആശുപത്രിയാ... നിര്‍ത്തിയേര്....' ഭാരതിയമ്മ ശാസിച്ചു. 'നീ എന്നെ അറിയില്ലല്ലോ അല്ലേ? അതോ എന്റെ ഈ മുഴുപ്പൊന്നും പോരേ നിന്റെ കണ്ണില്‍പ്പെടാന്‍... വിത്തുഗുണം പത്തുഗുണമെന്നാ, അച്ഛന്റെ മോളല്ലേ... എന്തൊക്കെ കുറവു വന്നാലും അഹങ്കാരത്തിനു കുറവു വരില്ല....' 'അമ്മായി, അത് ഞാന്‍...' 'വേണ്ട, എക്‌സ്‌ക്യൂസ് ഒന്നും വേണ്ട, പിന്നെ നീയും ചേച്ചിയെ പോലെ ആരെയെങ്കിലും കണ്ടുവച്ചിട്ടുണ്ടോ...?' ആ ചോദ്യം സീമയുടെ മനസില്‍ തൊട്ടു. അമ്മായി എല്ലാം അറിഞ്ഞിരിക്കുന്നു, അമ്മ എല്ലാം ചെവിയില്‍ എത്തിച്ചിരിക്കുന്നു. 'അമ്മായീ, ദേ... ആശുപത്രിയാണെന്നൊന്നും ഞാന്‍ നോക്കില്ല...' സീമ ഭാരതിയമ്മയ്ക്കു നേരേ കൈചൂണ്ടി. 'നിര്‍ത്തെടീ, മൂത്തവരോട് ഇങ്ങനെയാണോ സംസാരിക്കുന്നത്.' സാവിത്രിയമ്മ ഇടപെട്ടു. സീമ ദേഷ്യം കടിച്ചുപിടിച്ചു. 'അമ്മ ഡോക്ടറെ കണ്ടോ?' 'കണ്ടു...' 'എന്തു പറഞ്ഞു?' 'ഒപ്പിട്ടു കൊടുത്തു, പ്രാര്‍ഥിക്കാന്‍ പറഞ്ഞു....' 'നമുക്കു റൂമിലോട്ട് പോകാം. ഇവിടെ എന്തിനാ വെറുതേ ഇരിക്കുന്നത്.... നമ്മള്‍ ലേബര്‍ റൂമിന്റെ വാതില്‍ക്കല്‍ ഇരുന്നാലും ഇല്ലെങ്കിലും പ്രസവത്തിന് മാറ്റമൊന്നും വരില്ല.' ഭാരതിയമ്മ എഴുന്നേറ്റിട്ട് പറഞ്ഞു. 'നിങ്ങള്‍ പൊയ്‌ക്കോ. ഞാന്‍ ഇവിടെ ഇരുന്നോളാം.' സാവിത്രിയമ്മ പോകാന്‍ സമ്മതിച്ചില്ല. 'വേണ്ട, നമുക്ക് റൂമിലോട്ട് പോകാം. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അവര്‍ റൂമിലോട്ട് വിളിക്കും.' സീമയുടെ നിര്‍ബന്ധത്തിനു വഴങ്ങി സാവിത്രിയമ്മ എഴുന്നേറ്റു. 'ദേ, അമ്മയുടെ ഒരു കോലം.' ക്ഷീണിച്ച് അവശയായ അവരെ കണ്ടു സീമ പിറുപിറുത്തു. പക്ഷേ, സാവിത്രിയമ്മയുടെ ചെവികള്‍ അതും ഒപ്പിടെയുത്തു. മമ്പേ നടന്ന അവര്‍ തിരിഞ്ഞ് കടുപ്പിച്ചൊന്നു നോക്കി. ഡോര്‍ തള്ളിത്തുറന്ന് റൂമില്‍ കയറുമ്പോള്‍ ബെഡ്ഡില്‍ മലര്‍ന്നു കിടന്ന് ഉറങ്ങിയ ശ്യാമള ചാടിയെഴുന്നേറ്റു. 'നിന്റെ കിടപ്പ് കണ്ടാല്‍ നിനക്കു വേണ്ടി മുറിടെയുത്തതു പോലെയുണ്ടല്ലോടീ....' ഭാരതിയമ്മയുടെ മയമില്ലാത്ത സംസാരം. തോളില്‍ കിടന്ന കറുത്ത വാനിറ്റി ബാഗ് ടേബിളിലേക്ക് വച്ചിട്ട് ഭാരതിയമ്മ ബാത്ത്‌റൂമിലേക്കു കയറി. സീമ ബാല്‍ക്കണിയിലേക്കുള്ള ഡോര്‍ തുറന്നു. നോക്കെത്താ ദൂരത്തോളം നെല്‍വയലുകള്‍. കൃഷിയിറക്കിയിട്ടേയുള്ളൂ. കിളിര്‍ത്തു തുടങ്ങിയിരിക്കുന്നു. പച്ചമുത്തുകള്‍ വാരിവിതറിയിരിക്കുന്നതു പോലെ. അതിന്റെ നടുവിലൂടെ ബണ്ട് റോഡ്. റോഡ് എവിടെ തീരുന്നുവെന്ന് വ്യക്തമല്ല. ബസ് റൂട്ടല്ല. വാഹനങ്ങള്‍ പോകുന്നുണ്ട്. ഏറെയും ടൂവീലറുകള്‍, പിന്നെ ഓട്ടോരിക്ഷകളും. ഓരോന്നും മറ്റൊന്നിനെ പൊടികൊണ്ട് മറയ്ക്കുന്നു. 'അമ്മ ഇങ്ങോട്ടു വന്നേ, വാ ഇവിടെ ഇരിക്കാം.' സീമ സാവിത്രിയമ്മയെ വിളിച്ച് ബാല്‍ക്കണിയില്‍ ഇരുത്തി. 'ശ്യാമള ലേബര്‍ റൂമിന്റെ മുന്നിലോട്ട് ചെല്ല്, ഡോര്‍ ചാരിയേച്ച് പോകണം.' അവള്‍ പറഞ്ഞു. മഞ്ഞ ചുരിദാറില്‍ നിറഞ്ഞുനിന്ന ശ്യാമള കോട്ടുവായിട്ട് മൂരി നിവര്‍ന്നു. ബാത്ത്‌റൂമിലെ ചുവന്ന ബക്കറ്റിലേക്ക് വെള്ളം വീഴുന്ന ശബ്ദം നിലച്ചു. ഡോര്‍ ബോള്‍ട്ടിളക്കി ഭാരതിയമ്മ ഇറങ്ങിവന്നു. നെറ്റിയിലെ വട്ടപ്പൊട്ടെടുത്ത് ഗ്ലാസിലേക്ക് പതിപ്പിച്ചിട്ട്, അവര്‍ ടാപ്പ് തുറന്ന് രണ്ടു കൈകളിലും വെള്ളമെടുത്ത് മുഖം കഴുകി. പിന്നെ മുടിയുടെ കെട്ടഴിച്ച് തല കുലുക്കിയിട്ട് കണ്ണാടിയുടെ മുകളില്‍നിന്നു വീതിയുള്ള ചീപ്പെടുത്ത് മുടി കോതാന്‍ തുടങ്ങി. അപ്പോള്‍ കണ്ണാടിയില്‍ ശ്യാമളയുടെ മുഖം കണ്ടു. സീമയും സാവിത്രിയമ്മയും ബാല്‍ക്കണിയിലാണെന്നു മനസിലായപ്പോള്‍ അവള്‍ ശ്യാമളയെ തലയാട്ടി അരികിലേക്കു വിളിച്ചിട്ട് ചോദിച്ചു: 'നിനക്കിപ്പം എത്ര മാസമായെടീ?' ശ്യാമള എന്തെങ്കിലും പറയുന്നതിനു മുന്‍പേ സീമ വിളിച്ചു ചോദിച്ചു. 'നീ ഇതുവരെ പോയില്ലേ?' 'ഞാനൊന്ന് ബാത്ത്‌റൂമില്‍ പോയിട്ട് പോകാമെന്നു കരുതിയാ....' ശ്യാമള രക്ഷപ്പെട്ടതുപോലെ ബാത്ത്‌റൂമില്‍ കയറി കതകടച്ചു. വീണ്ടും ബക്കറ്റിലേക്ക് വെള്ളം വീഴുന്ന ശബ്ദം. ഭാരതിയമ്മ ബാല്‍ക്കണിയിലേക്കു ചെന്നു. 'രമണന്റെ റൂം നമ്പര്‍ എത്രയാ?' 'ഇപ്പോള്‍ രമണന്‍ ചേട്ടനു യാതൊരു കുഴപ്പവുമില്ല, നല്ല കുറവുണ്ട്.' ഭാരതിയമ്മയുടെ അങ്ങോട്ടുള്ള യാത്ര ഒഴിവാക്കാനായി സീമ പറഞ്ഞു. 'അതു മനസിലായി.... ഞാന്‍ ചോദിച്ചതു റൂം നമ്പറാം.' അവള്‍ നമ്പര്‍ പറഞ്ഞുകൊടുത്തു. ഭാരതിയമ്മ ബാഗുമെടുത്ത് തോളിലിട്ട് നീങ്ങി. 'അച്ഛന്‍ റൂമിലുണ്ടോ...?' സാവിത്രിയമ്മ ചോദിച്ചു. 'ഇല്ല, പുറത്തേക്കിറങ്ങി....' 'എന്നാല്‍ സാരമില്ല.' 'അമ്മ എന്നതാ ഈ പറയുന്നത്. ആ വിഷജന്തുവല്ലേ അവിടെയുള്ളത്... നന്ദേട്ടനും ഉണ്ട്...' ഭാരതിയമ്മ ഡോറില്‍ മുട്ടിയപ്പോള്‍ നന്ദനാണ് വാതില്‍ തുറന്നത്. 'അമ്മ അറിയില്ലേ... ഇത് അമ്മായി, ഭാരതി അമ്മായി. ടീവീലൊക്കെ കാണാം ചില ചര്‍ച്ചകളിലൊക്കെയുണ്ട്....' നന്ദന്‍ ഭവ്യതയോടെ പറഞ്ഞു. 'അപ്പ, സാവിത്രിയമ്മയെ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചുവച്ചിരിക്കുന്ന പെമ്പ്രന്നോര് നിങ്ങളാ അല്ലേ... നെങ്ങള് കെട്ടിയവനെ തല്ലുന്നവളാണെന്നു കേട്ടിട്ടുണ്ട്... നേരിട്ടു കണ്ടതില്‍ സന്തോഷം... ഹരോ... ഹര... കലികാലം....' ഭാരതിയമ്മയ്ക്കും അടിമുടി വിറഞ്ഞു. പോരുകോഴികളെപ്പോലെ നില്‍ക്കുന്ന രണ്ടുപേരെയും മാറിമാറി നോക്കി, നന്ദന്റെ ചുണ്ടുകള്‍ പിറുപിറുത്തു: അരം + അരം = കിന്നരമോ? (തുടരും)

 
Other News in this category

 
 




 
Close Window