Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
നോവല്‍
  Add your Comment comment
ഒരു കൊന്നപ്പൂവിന്റെ ഓര്‍മയ്ക്ക്
(കഥാകൃത്ത് : ഉജിയാബ്)
ഈ വിഷുവിന് എവിടെയായിരിക്കും സിനി...? ഇങ്ങനെയൊരു ആലോചന പൊരിവെയിലത്തു തോന്നാന്‍ കാരണം ഒരു കത്താണ്.
ചോറ്റുപാത്രത്തിന്റെ വക്കിലേക്കു വകഞ്ഞു വച്ച കറിവേപ്പിലയാണല്ലോ ഇപ്പോള്‍ കത്ത്. കാലം പുരാവസ്തുവെന്നു കരുതി മാറ്റിവച്ച കത്തുകള്‍ ചിലത് കൈവശമുണ്ട്. അതിലൊന്ന് ഇന്നലെ കൈയില്‍ക്കിട്ടി. അപ്പോഴാണ് പണ്ടത്തെ ഒരു എണ്ണമയിലിയെ ഓര്‍മ വന്നത്.
മറുപടി കിട്ടാതിരുന്നിട്ടും മേല്‍വിലാസം മാറാതെ കത്തെഴുതിക്കൊണ്ടിരുന്ന ഒരു 'മസാലദോശ'.
വാകമരം പൂത്തപോലത്തെ ചുണ്ടുകള്‍.
കുളിപ്പിച്ചു കുട്ടപ്പനാക്കിയ കൊമ്പനാനയുടെ നിറം.
ഒരായിരം കത്തെഴുതാനുള്ള കഥകള്‍ ഒളിച്ചുവച്ച് നീട്ടിയെഴുതിയ കണ്ണ്.
നടി ശ്രീവിദ്യയുടേതുപോലെ ഉടലഴക്.
നേരിട്ടു കണ്ടാല്‍ നാഗമടത്തു തമ്പുരാട്ടി റാംപില്‍ നിന്നു മാറിക്കൊടുക്കും.
ഇതെല്ലാം കൂട്ടിയും ഗുണിച്ചും ഹരിച്ചും കോളെജില്‍ പൂത്തു നില്‍ക്കുന്ന വാലന്മാര്‍ അവള്‍ക്കിട്ട പേരാണ് മസാലദോശ.
നായാടിക്കുന്നുകാരന്‍ ബാലചന്ദ്രനെ ചൈല്‍ഡ് മൂണേ എന്നു വിളിച്ച തട്ടാന്‍ ബാലന്റെ മകള്‍ ബീന തന്നെയാണ് ഈ പേരിന്റെയും ഉപജ്ഞാതാവ്. നെല്ലിക്കയില്‍ ഉപ്പു ചേര്‍ത്തപോലെ ആ പേര് വായിലിട്ട് വെള്ളമിറക്കി കോളെജിലെ കരിങ്കണ്ണന്മാര്‍.
ഏപ്രില്‍ മാസത്തിലെ ഒരു പ്രഭാതം.
ആക്‌സ് പെര്‍ഫ്യൂമിന്റെ മണം ലൈബ്രറിയിലെ റീഡിങ് റൂമില്‍ പരന്നു.
കോളെജിലെ ചിത്രരചനാ മത്സരമായിരുന്നു അന്ന്.
റീഡിങ് ടേബിളിനു മീതെ ക്യാന്‍വാസ് വിരിച്ച് പെയ്ന്റ് ചെയ്യുന്നു ഒരു സുന്ദരിക്കുട്ടി.
വരകാണാനായി ലൈബ്രറിയില്‍ കോളെജിലെ കൗമാര പുരുഷാരം തിക്കിത്തിരക്കി.
'ആ ചിത്രം ഇവിടെയല്ല....
ഈ വര അവിടെയല്ല....
ഈ കോണിനു വട്ടം പോരാ...'
വരയ്ക്കുന്ന പെണ്‍കുട്ടിക്കു ചുറ്റും കമന്റുകളുടെ പെരുമഴ.
ലൈബ്രറിയെന്നു കേട്ടാല്‍ ചോര തിളച്ച് ഓടി മാറുന്ന ക്ഷുഭിത കൗമാരങ്ങള്‍ക്കു നടുവില്‍ നിന്ന് ചിത്രം വരക്കുന്ന സുന്ദരിക്കുട്ടി അതൊന്നും ശ്രദ്ധിച്ചില്ല.
എന്നാലും വേണ്ടില്ല എന്ന മട്ടില്‍ ചിത്രത്തിന്റെ പരിമളം നുകരാന്‍ ആബാലവൃദ്ധം ചുറ്റും കൂടി.
നീളന്‍ കൈകള്‍ സിനിയൊന്നു പതുക്കെ ഉയര്‍ത്തിയാല്‍ രാമദാസന്റെ പല്ലിളകി വീഴും. അത്രയ്ക്കും അടുത്തു നിന്ന് ആസ്വദിക്കുകയാണ് ദാസന്‍.
കരിമെയ്യഴകിന്റെ കരവിരുതുകള്‍ കടലാസില്‍ പടരുന്നതു കാണാന്‍ തിരക്കു കൂടിക്കൊണ്ടിരുന്നു.
'സിനീ, ദാ അവിടെ ശരിയാക്കൂ...
സിനൂ, കോര്‍ണറില്‍ നിറം പോരാ... '
സിനിയുടെ ചിത്രം വര കണ്ടും അഭിപ്രായം പറഞ്ഞും കൂട്ടുകാരും വിയര്‍ത്തു.
നട്ടുച്ചയ്ക്കു പൂത്ത പാരിജാതം പോലെ അവര്‍ക്കു നടുവില്‍ മുടിയുലര്‍ത്തിയും വിടര്‍ത്തിയും വാടാതെ നില്‍ക്കുന്നു സിനി.
''റിഫ്‌ളക്ഷന്‍ ഇമേജ്. അല്ലേ സിനീ....
ജസ്റ്റ് ഡു സം മിറര്‍ ട്രിക്‌സ്....'
കൂട്ടത്തിനിടയില്‍ നിന്ന് ഇംഗ്ലീഷില്‍ ഒരു അപരിചതമായ കമന്റ് ഉയര്‍ന്നു.
വലതു ചെവിക്കു മുകളിലൂടെ ഇടത്തോട്ടു മുടി വീശിയെറിഞ്ഞ് സിനി തലയൊന്നുയര്‍ത്തി. ക്ലിനിക് പ്ലസ് ഷാംപുവിന്റെ സൗരഭ്യം തൊണ്ടയില്‍ കുടുങ്ങിയിട്ടും ഷൗക്കത്തും നവാസും വിനോദും ആ ശബ്ദം കേട്ട സ്ഥലത്തേയ്ക്കു നോക്കി.
യാ... ഇറ്റ്‌സ് മീ എന്ന ഭാവത്തില്‍ നില്‍ക്കുന്നു ശ്രീജിത്ത്. പുരുഷാരത്തിനു നടുവിലെ ഇംഗ്ലീഷു കേട്ടിടത്ത് സിനിയൊന്നു നാണിച്ചു.
'എക്‌സാറ്റ്‌ലി...
ഡൂയിങ് ദാറ്റ്'
ശ്രീജിത്തിന് സിനിയുടെ റിപ്ലെ...!
രാവിലെ ഏഴു മണിമുതല്‍ ലൈബ്രറി വരാന്തയില്‍ ആമ്പല്‍ വിരിയുന്നതു കാണാനിരുന്നവരുടെ തൊണ്ടവറ്റി. സിനിയെ നോക്കിയിരുന്നവര്‍ ലൈബ്രറി ഹാളില്‍ നിന്നു പതുക്കെ പുറത്തേയ്ക്കു നടന്നു.
ഹാളില്‍ ഇപ്പോള്‍ ശ്രീജിത്തും സിനിയും മാത്രം.
'കര്‍ണികാരങ്ങള്‍ പൂക്കുന്ന വിഷുപ്പുലരികള്‍ എന്നും കോളെജുകള്‍ക്ക് അങ്ങനെയാണ്. കൈനീട്ടത്തിന്റെ പൊന്‍തിളക്കംപോലെ ചില പ്രണയങ്ങള്‍ പരസ്പരമറിയാതെ ഈ സുദിനം കണികാണും. അറിഞ്ഞോ അറിയാതെയോ മിഴിക്കോണുകളില്‍ കള്ളച്ചിരിയുടെ നാട്യമൊളിക്കും. കസവിന്റെ കോണുകളില്‍ സ്വപ്‌നങ്ങള്‍ പൂക്കും. എല്ലാറ്റിനും സാക്ഷിയായി മേടസൂര്യന്‍.... അല്ലേ സിനീ.... '
ശ്രീജിത്തിന്റെ സാഹിത്യം സിനി കേട്ടില്ല. അഥവാ അവള്‍ അതു കേട്ടെന്നു നടിച്ചില്ല.
പക്ഷേ, അവന്‍ വിളമ്പുന്നതു കോരിയെടുക്കാന്‍ ലൈബ്രറിയുടെ പുറത്ത് ജനലിനരികില്‍ അവരെല്ലാം നില്‍ക്കുന്നുണ്ടായിരുന്നു.
അത്രയും നേരം ശ്രീജിത്തിനെ കൊല്ലാനുള്ള ദേഷ്യവുമായി പുറത്തു കാത്തു നിന്നവരെല്ലാംകൂടി പാഞ്ഞടുത്തു.
തെറിയുടെ പര്യായങ്ങള്‍ ശ്രീജിത്തിന്റെ പേരു ചേര്‍ത്തുകൊണ്ടു മുഴങ്ങി.
പ്രേമത്തിന്റെ ദര്‍ഭമുന കാലില്‍കൊണ്ടു നില്‍ക്കുന്ന ശ്രീജിത്ത് അതൊന്നും കേട്ടില്ല. ബിന്‍ലാദനെ വെടിവച്ച അമേരിക്കന്‍ സൈന്യം പത്രസമ്മേളനം നടത്തുന്നപോലെ എന്തൊക്കെയോ സിനിയോട് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഭാണമേറ്റ കാമുകന്‍.
സിനി വര അവസാനിപ്പിച്ചു. പേപ്പര്‍ മടക്കി തിരിഞ്ഞു നടന്നു. അതിനിടെ പതുക്കെ പറഞ്ഞു :
' താങ്ക്‌സ് ശ്രീജിത്ത്...'
കോലാപ്പുരി ചെരുപ്പ് സിമന്റു തറയിലമര്‍vന്നു.
അരയന്നം നടക്കുന്നതുപോലെ, പതിവില്‍ക്കൂടുതല്‍ ആടിയുലഞ്ഞ് സിനി വാതില്‍കടന്നു പോയി.
പ്രേമിക്കാന്‍ നിന്ന ശ്രീജിത്തിനെ താങ്ക്‌സ് പറഞ്ഞ് സിനി ഒഴിവാക്കിയത് കൂട്ടുകാര്‍ കേട്ടു. പിന്നെ കോളെജിലെല്ലാവരും കേട്ടു....
നിസ്വാര്‍ഥമായ വണ്‍സൈഡ് പ്രണയത്തിന്റെ അഞ്ചാം വര്‍ഷം പിന്നിട്ടപ്പോഴും ഓട്ടുരുളിയില്‍ പച്ചകുത്തിയ വീട്ടുപേരുപോലെ ശ്രീജിത്തിന്റെ ശിരസില്‍ ആ കഥ ക്ലാവു നീക്കി തെളിഞ്ഞു നിന്നു.
ഇന്നലെയെന്നപോലെ അതെല്ലാം ഓര്‍മയിലുണ്ട്. ചിത്രം വര കഴിഞ്ഞ് സിനി ക്ലാസില്‍ വന്നില്ല.
അന്നുച്ചയ്ക്ക് ഓട്ടൊറിക്ഷയില്‍ കയറി എവിടേയ്‌ക്കോ പോയി.
സിനി പോയത് എങ്ങോട്ടായിരുന്നു....?
വാത്സ്യായന മുനിയുടെ ശിഷ്യനെന്നു സ്വയം പറഞ്ഞുപറഞ്ഞ് അങ്ങനെയല്ലാതായിത്തീര്‍ന്ന ഉച്ചഭാഷിണിപ്രകാശനു പോലും കണ്ടെത്താനായില്ല സിനിയുടെ സഞ്ചാരങ്ങള്‍...
സിനി അങ്ങനെയൊരു പെണ്‍കുട്ടിയായിരുന്നു.
എത്ര മനസിലാക്കിയാലും മതിവരാത്ത സൗന്ദര്യം.
ആര്‍ക്കും മനസിലാകാത്ത പെരുമാറ്റം.... ആരോടും കൂട്ടുകൂടാത്ത പ്രകൃതം....
രണ്ടായിരത്തിപ്പതിനാലിന്റെ പടിവാതിലില്‍ വിഷുക്കൊന്ന പൂക്കുമ്പോള്‍ സിനിയെ ഓര്‍മിക്കാന്‍ കാരണമുണ്ട്.
മഞ്ഞ നിറത്തിലുള്ള ഒരു പോസ്റ്റ് കാര്‍ഡാണ് ഇപ്പോള്‍ അങ്ങനെയൊരു നൊസ്റ്റാള്‍ജിയക്കു കാരണം.
കറുത്തമഷിപ്പേനയുടെ അക്ഷരങ്ങളില്‍ പീലി വിടര്‍ത്തുകയാണ് പഴയ സ്വപ്‌നസുന്ദരി.
' ഒരുപക്ഷേ ഇനി നമ്മള്‍ കാണില്ല.
എന്നാലും ഒരിക്കലെങ്കിലും പറഞ്ഞൂടെ, എന്നെ ഇഷ്ടമാണെന്ന്...'
ഒറ്റശ്വാസത്തില്‍ സിനി അന്നു പറഞ്ഞൊതുക്കി.
കാല്‍ക്കൊലുസിന്റെ കിലുക്കം കാതില്‍ മുഴങ്ങുന്നു.
സിനിയുടെ മനസില്‍ അങ്ങനെയൊരു പ്രണയമുണ്ടെന്നകാര്യം ഒരിക്കലും കരുതിയിരുന്നില്ല.
ഒടുവില്‍ കണ്ടു പിരിയുമ്പോള്‍ ഗില്‍ട്ട് പേപ്പറില്‍പ്പൊതിഞ്ഞ് ആ കടലാസു പെട്ടി അവള്‍ തന്നു.
തളിര്‍ത്തു തുടുത്ത ഒരു റോസാപ്പൂവായിരുന്നു ആ പെട്ടിയിലുണ്ടായിരുന്നത്. മുന്‍പെങ്ങോ അവള്‍ എഴുതിവച്ച ഒരു പോസ്റ്റ് കാര്‍ഡും അതിനൊപ്പമുണ്ടായിരുന്നു. മഞ്ഞ നിറത്തിലുള്ള ഒരു കാര്‍ഡ്. അതിലൊരു ചിത്രം വരച്ചിരുന്നു. ഭംഗിയുള്ള ഒരു ആമ്പല്‍പ്പൂവിന്റെ ചിത്രം.
ഇപ്പോള്‍ വിഷുവിന്റെ തലേയാഴ്ച മച്ചിനു മുകളില്‍ അട്ടിയിട്ട പുസ്തകക്കൂനയില്‍ തേടുകയാണ് ആ പഴയപ്രണയത്തെ.
മാറാലമൂടിയ കടലാസുകള്‍ക്കിടയിലെവിടെയെങ്കിലുമുണ്ടാകും സിനി പെന്‍സിലില്‍ പകര്‍ത്തിയ ചിത്രം...?
അന്ന് സിനി എഴുതിയവസാനിപ്പിച്ച വരികള്‍ മറന്നിട്ടില്ല.
'' ഓരോ വര്‍ഷവും കണിക്കൊന്ന പൂക്കുമ്പോള്‍ ഓര്‍ക്കണം...''
പറയാതെ പോയ പ്രണയത്തിന്റെ വരികളില്‍ ഇതാ ഒരായിരം കര്‍ണികാരങ്ങള്‍ പൂവിടുന്നു.
 
Other News in this category

 
 




 
Close Window