Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
നോവല്‍
  Add your Comment comment
ശ്യാമവര്‍ഷങ്ങള്‍ (നോവല്‍ - അധ്യായം 17)
Kaipuzha Jayakumar

എന്തിനായിരിക്കും ഇപ്പോള്‍ ഡോക്ടര്‍ വിളിച്ചത്? രാത്രിയില്‍ കണ്ടതാണല്ലോ... ബ്ലഡ് വേണ്ടിവരുമെന്നു പറഞ്ഞു. ബി പോസിറ്റീവായതുകൊണ്ട് ബുദ്ധിമുട്ടില്ല. ഇവിടെ കാണും. പിന്നെ അഡ്ജസ്റ്റ് ചെയ്താല്‍ മതി. നോര്‍മല്‍ ഡെലിവറി നടക്കത്തില്ല. സിസേറിയന്‍ വേണ്ടിവരും... എന്നാലും നോര്‍മലാക്കാന്‍ പറ്റുമോന്നു നോക്കാമെന്നും അറിയിച്ചു. എന്നിട്ട്... സീമയുടെ തലച്ചോറില്‍ തീപ്പൊരി ചിതറി... ഹരിശ്ചന്ദ്രന്‍ നായര്‍ക്ക് പിന്നാലെ സീമ നടക്കാന്‍ തുടങ്ങിയപ്പോള്‍ ശ്യാമളയും കൂടി. ''ങും... നീ എങ്ങോട്ടാ?'' സീമ ചോദിച്ചു. അവള്‍ മറുപടിയൊന്നും പറഞ്ഞില്ല. 'നീ അവിടെ ഇരിക്ക്. വേണേല്‍ വിളിക്കാം...' സീമയുടെ ശബ്ദം പ്രതീക്ഷിച്ചതിലേറെ ഉയര്‍ന്നു. ഉള്ളില്‍ തിളച്ചു പൊന്തിട സങ്കടം ദേശ്യമായി ശ്യാമളയുടെ മുകളിലേക്ക് എടുത്തുവച്ചപ്പോള്‍ സീമയ്ക്ക് ആശ്വാസം... ഇവളോട് എന്തിനാ താന്‍ ദേഷ്യപ്പെട്ടത്? വേണ്ടിയിരുന്നില്ല. സീമ കനപ്പിച്ചു നോക്കിയപ്പോള്‍ ശ്യാമള, വെള്ള ടൈലിട്ട ഇടനാഴിയില്‍ നിരത്തിയിട്ടിരിക്കുന്ന ചുവന്ന ഫൈബര്‍ കസേരകളില്‍ ഒന്നിലേക്ക് ദീര്‍ഘനിശ്വാസത്തോടെ ഇരുന്നു. ലേബര്‍ റൂമിനോടു ചേര്‍ന്നുള്ള പീഡിയാട്രിക് വാര്‍ഡിലെ കുട്ടികളുടെ കരച്ചില്‍ ഇടനാഴിയിലേക്കു വന്ന് അലച്ചുവീണുകൊണ്ടിരുന്നു. ശ്യാമള ഇടതു കൈത്തലം കൊണ്ട് വയറ്റില്‍ മെല്ലെ തൊട്ടുനോക്കി. മനസില്‍ മാതൃത്വം നുരകുത്തി. സന്തോഷത്തിന്റെ തിരവന്നു തൊട്ടു. പിന്നാലെ ദുഃഖത്തിന്റെയും ഭയത്തിന്റെയും... ട്രോളിയില്‍ ഓക്‌സിജന്‍ സിലിണ്ടറുമായി വെള്ള യൂണിഫോമിട്ട അറ്റന്‍ഡര്‍ പാഞ്ഞുപോയി. അയാള്‍ വാര്‍ഡിന്റെ മുന്നിലെത്തിയപ്പോള്‍ നഴ്‌സ് ധൃതിയില്‍ ഇറങ്ങിവന്നു. 'വേണ്ടാ... കഴിഞ്ഞു...' നഴ്‌സ് അതേ വേഗത്തില്‍ തിരിച്ചുപോയി. ശ്യാമള തല ഉയര്‍ത്തിപ്പിടിച്ച് ചെവി വട്ടം പിടിച്ചു. വാര്‍ഡില്‍നിന്നുള്ള തേങ്ങലുകള്‍ കരച്ചിലായി വളര്‍ന്ന് ശ്യാമളയെ പൊതിഞ്ഞു. വാര്‍ഡിലേക്ക് ആരൊക്കെയോ ഓടിയടുക്കുന്നു. ഒരു ജീവന്‍ പൊലിഞ്ഞിരിക്കുന്നു. ശ്യാമളയുടെ മനസ് നൊന്തു. അവള്‍ വയറ്റില്‍ കൈ പൊത്തിപ്പിടിച്ച് കസേരയിലേക്കു ചാഞ്ഞു. ഒന്നും കാണാതിരിക്കാനായി കണ്ണ് അടച്ച് പിടിക്കുകയും ചെയ്തു. ഹരിശ്ചന്ദ്രന്‍ നായര്‍ക്ക് ഒപ്പം സീമയും ഡോക്ടറുടെ റൂമിലെത്തി. 'ഇരിക്ക്, ഡോക്ടര്‍ ഇപ്പം വരും.' നഴ്‌സ് വന്ന് വെളുക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു. പച്ച വിരിയിട്ട ഗ്ലാസ് ടേബിളിനു മുന്നിലെ രണ്ട് ചൂരല്‍ കസേരകളില്‍ ഒന്നില്‍ നായര്‍ ഇരുന്നു. വിയര്‍ത്തപ്പോള്‍ വെള്ള കര്‍ച്ചീഫെടുത്ത് തലയും നെറ്റിയും അമര്‍ത്തി തുടച്ചു. സീമയോട് ഇരിക്കാന്‍ നായര്‍ ആഗ്യം കാട്ടി. 'വേണ്ട, അച്ഛന്‍ ഇരുന്നോ. ഞാന്‍ ഇവിടെ നിന്നോളാം...' സീമയും വിയര്‍ക്കുന്നുണ്ടായിരുന്നു. നായര്‍ മുകളിലേക്കു നോക്കി. ഫാന്‍ കറങ്ങുന്നില്ലേയെന്നാണ് ആ നോട്ടത്തിന്റെ അര്‍ഥമെന്ന് സീമയ്ക്കു ബോധ്യമായി. 'അച്ഛാ, റൂം എസിയാം...' ശബ്ദം താഴ്ത്തിയാണ് അവള്‍ പറഞ്ഞത്. 'ഉവ്വ്... മനസിലായി...' നായര്‍ വീണ്ടും തല അമര്‍ത്തിത്തുടച്ചു. നായരുടെ ടെന്‍ഷന്റെ അളവ് അവള്‍ക്കു മനസിലായി. എന്തു പ്രശ്‌നമുണ്ടായാലും കുലുങ്ങാത്ത തന്റെ അച്ഛന്‍ ഇവിടെ പതറിയിരിക്കുന്നു. അല്ല, അതിലും കഷ്ടത്തിലാണു തന്റെ കാര്യം. ആകെക്കൂടി ഒരു അരുതായ്ക.... ഇടുത പുരികത്തിനു മുകളിലായി ഒരു പതിവ് വേദന ഉരുണ്ടുകൂടിയിട്ടുണ്ട്. ടെന്‍ഷന്‍ വര്‍ധിക്കുമ്പോള്‍ അതുണ്ടാകും. പിന്നെ തല മുഴുവന്‍ വ്യാപിച്ച് പെരുപ്പായി തീരും. ഒടുവില്‍ ഛര്‍ദിയും ദീര്‍ഘമായ നിദ്രയും. എഴുന്നേല്‍ക്കുമ്പോള്‍ പിന്നെയും കുറേ നേരം തലയ്ക്കു ഭാരം നില്‍ക്കും. ാെടുവില്‍ തല ചുമന്നു നില്‍ക്കുന്ന അവസ്ഥ... ഡോക്ടര്‍ വരാന്‍ വൈകുന്തോറും വേദന കഠിനമാകാന്‍ തുടങ്ങി. ഡോക്ടര്‍ വന്നു. നായര്‍ എഴുന്നേറ്റു, സീമ ഭവ്യതയോടെ ഒതുങ്ങുനിന്നു. സൗമ്യ കണ്ടുകൊണ്ടിരുന്ന ഡോക്ടറല്ല. അത് ഒരു ലേഡിയാണ്. ഗൈനക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്ഡ് ഡോ. റെയ്ച്ചല്‍ മാനുവല്‍. കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നു റിട്ടയര്‍ ചെയ്തതാണ്. 'റെയ്ച്ചല്‍ മാഡത്തെയാണ് കണ്ടുകൊണ്ടിരുന്നത്, അല്ലേ...?' ചെറുപ്പക്കാരനായ ഡോക്ടര്‍ ഊര്‍ന്നു വീഴാന്‍ തുടങ്ങി കണ്ണട പെരുവിരല്‍കൊണ്ട് കുത്തി യഥാസ്ഥാനത്ത് വച്ചിട്ട് ചോദിച്ചു. ചോദ്യം നായരോടായിരുന്നെങ്കിലും, ഉത്തരം പറഞ്ഞത് സീമയായിരുന്നു. അപ്പോള്‍ സീമയുടെ തോളിലെ ചെറിയ ലതര്‍ ബാഗില്‍ മൊബൈല്‍ ശബ്ദിച്ചു. ഡോക്ടര്‍ക്ക് അതു തീരെ പിടിച്ചില്ല. അദ്ദേഹത്തിന്ഞറെ മിഴികള്‍ സീമ നില്‍ക്കുന്നതിന്റെ തൊട്ടു പിന്നിലെ ഭിത്തിയിലേക്ക് ഊന്നി. സീമ തലതിരിച്ചു. അവിടെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യാനുള്ള മുന്നറിയിപ്പ് ഇംഗ്ലീഷില്‍ നീല അക്ഷരത്തില്‍. അവള്‍ പെട്ടെന്ന് ബാഗില്‍നിന്നു ഫോണ്‍ വലിച്ചെടുത്ത് ആരുടെ കോളാണെന്നു പോലും നോക്കാതെ കട്ട് ചെയ്തിട്ട് സൈലന്റ് മോഡിലാക്കി. നായര്‍ ഇരുന്നതിന്റെ അടുത്തുള്ള കസേരയില്‍ ഡോക്ടര്‍ ഇരുന്നു. 'സൗമ്യയുടെ ആരാണ്?' ഡോക്ടര്‍ ചോദിച്ചു. 'ഞാന്‍ ഫാദറാണ്, ഹരിശ്ചന്ദ്രന്‍ നായര്‍. റിട്ടയേഡ് എസ്‌ഐയാണ്. ഇത് എന്റെ മോള്‍ സീമ, സൗമ്യയുടെ നേരേ ഇളയത്...' ഡോക്ടറില്‍നിന്ന് കൂടുതല്‍ ദയയും ബഹുമാനവും പ്രതീക്ഷിച്ച് നായര്‍ റിട്ടയേര്‍ഡ് എസ്‌ഐയാണെന്നുള്ള കാര്യം ഇത്തരി ബലം കൊടുത്താണ് പറഞ്ഞത്. 'നോര്‍മല്‍ ഡെലിവറി എളുപ്പമല്ല.' ഡോക്ടര്‍ പറഞ്ഞുതുടങ്ങി. 'അതു മാഡം പറഞ്ഞിരുന്നു.' സീമ ഇടയ്ക്കു കയറി പറഞ്ഞു. 'ഞാന്‍ പറയാന്‍ പോകുന്നത് മാഡം പറയാത്തതാ...' സീമയുടെ ഇടയ്ക്കു കയറ്റം ചെറുപ്പക്കാരനായ ഡോക്ടര്‍ക്കു തീരെ പിടിച്ചില്ല. 'അമ്മയെയും കുഞ്ഞിനെയും ഒന്നിച്ച് ജീവനോടെ തരാന്‍ മെഡിക്കല്‍ സയന്‍സിനു കഴിയുമെന്നു തോന്നുന്നില്ല...' ഡോക്ടര്‍ പറഞ്ഞുതീരും മുന്‍പേ നായര്‍ കസേരയില്‍നിന്നു ചാടിയെഴുന്നേറ്റു പോയി... 'ഡോക്ടര്‍...' നായരുടെ തൊണ്ടയില്‍ ശബ്ദം കുറുകി. സീമയുടെ തലയുടെ പെരുപ്പ് ഇരട്ടിച്ചു. തല പിളര്‍ന്നു പോകുകയാണെന്നു തോന്നി. 'മെഡിക്കല്‍ സയന്‍സിനു മുന്നില്‍ യുക്തി മാത്രമേയുള്ളൂ... അതായത്, സത്യം. ഞാന്‍ പറഞ്ഞ കാര്യം താങ്ങാനുള്ള ശേഷി റിട്ടയേഡ് എസ്‌ഐക്ക് കാണുമെന്നു ബോധ്യമുള്ളതു കൊണ്ടാണ് പറഞ്ഞത്... പിന്നെ എന്റെ വാക്ക് അവസാന വാക്കല്ല... നമുക്കു ശ്രമിക്കാം... നിങ്ങള്‍ പ്രാര്‍ഥിക്കുക. ചിലപ്പോള്‍ ഒരു മിറക്കിള്‍ സംഭവിച്ചുകൂടായ്കയില്ല... വിശ്വാസമുള്ളവര്‍ അതിനെ പ്രാര്‍ഥനയുടെ ഫലമെന്നു പറയും... എന്റേത് ഔദ്യോഗിക വാക്കല്ല. മാഡം ഉടന്‍ എത്തും. വിളിപ്പിച്ചിട്ടുണ്ട്. നിങ്ങളെ കാണും, സംസാരിക്കും....' എന്നാല്‍, ഇനി മുറിവിട്ട് പൊയ്‌ക്കോളൂ എന്ന അര്‍ഥത്തില്‍ ഡോക്ടര്‍ നായരെയും സീമയെയും നോക്കി. ഹരിശ്ചന്ദ്രന്‍ നായര്‍ക്ക് തലയില്‍ ാെരു പന്തം എരിയുന്നതു പോലെ തോന്നി... മകളെ വേണോ, മകളുടെ കുഞ്ഞിനെ വേണോ? ഒരച്ഛന്‍ ഇതിന് എങ്ങനെ മറുപടി പറയും. അവളുടെ ഭര്‍ത്താവ് ഇതൊന്നും മനസിലാക്കാന്‍ കഴിയാതെ മെന്റല്‍ വാര്‍ഡില്‍.... നായരുടെ കണ്ണ് നിറഞ്ഞു പോയി. അദ്ദേഹം വിതുമ്പിക്കൊണ്ട് ഇടനാഴിയിലെ കസേരയിലേക്ക് വന്നലച്ച് വീണു. സീമയുടെ നെഞ്ച് തകര്‍ന്നുപോയി. തന്റെ ഓര്‍മയില്‍ ആദ്യമായി അച്ഛന്‍ കരഞ്ഞിരിക്കുന്നു. 'അച്ഛാ, കണ്ണു തുടയ്ക്കൂ... ആരെങ്കിലും കാണും.' സീമ നായരോടു ചേര്‍ന്നിരുന്ന് ആശ്വസിപ്പിച്ചു. അതുകണ്ട് അങ്ങേത്തലയ്ക്കല്‍നിന്ന് ശ്യാമള ഓടിവന്നു. 'എന്നാ പറ്റി കുഞ്ഞേ? സാറിനു തല ചുറ്റിയോ? ഡോക്ടറെ കണ്ടില്ലേ? സൗമ്യക്കുഞ്ഞിന്റെ കാര്യം എന്തുപറഞ്ഞു?' ശ്യാമള ഒരു വായില്‍ നൂറു ചോദ്യങ്ങളുമായി മുന്നിലെത്തി. 'നീ അവിടെ പോരിയിരിക്ക്. ആവശ്യമുള്ളപ്പോള്‍ വിളിക്കാം....' സീമ അവളോടു തട്ടിക്കയറി. ശ്യാമള മടങ്ങിയപ്പോള്‍ രമണന്‍ കിടക്കുന്ന സൈക്യാട്രി വാര്‍ഡില്‍ ബൈസ്റ്റാന്‍ഡറായി നിന്ന സരിതയുടെ ഭര്‍ത്താവ് നന്ദന്‍ ഓടിക്കിതച്ചു വന്നു. അവന്റെ വരവ് കണ്ടപ്പോഴേ എന്തോ അരുതാത്തതു സംഭവിച്ചു എന്നു സീമയ്ക്കു തോന്നി. 'ഞാന്‍ എത്രവട്ടം സീമേച്ചിയുടെ മൊബൈലിലേക്കു വിളിച്ചു. എന്താ ഫോണ്‍ എടുക്കാത്തത്. ശ്ശോ, കഷ്ടം....' അവന്‍ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ഡോക്ടറുടെ റൂമില്‍വച്ച് മൊബൈല്‍ സൈലന്റ് മോഡിലാക്കിയത് സീമ ഓര്‍ത്തത്. 'എന്താ ഉണ്ടായത്?' സീമ ധൃതി കൂട്ടി. 'എങ്ങോട്ടെങ്കിലും കൊണ്ടുപൊയ്‌ക്കൊള്ളാനാ ഡോക്ടര്‍ പറയുന്നത്. അല്ലെങ്കില്‍ സെല്ലില്‍ ഇടാമെന്ന്... സൗമ്യേച്ചി വിവരം വല്ലതും അറിഞ്ഞോ?' എല്ലാം കേട്ട ഹരിശ്ചന്ദ്രന്‍ നായര്‍ കസേരയിലേക്കു തളര്‍ന്നിരുന്നു. 'ഞാന്‍ ഇപ്പോള്‍ എന്താ ചെയ്ക... ശ്ശോ...' സീമ കരച്ചിലിന്റെ വക്കത്തെത്തി. 'ഞാനിനി രമണേട്ടനു കുട്ട് നില്‍ക്കില്ല. എനിക്ക് പേടിയാ... ഭാഗ്യം കൊണ്ടാ രക്ഷപെട്ടത്. അല്ലെങ്കില്‍ എന്റെ തല തെറിച്ചേനേ.... കുത്തിവയ്ക്കാന്‍ വന്ന നഴ്‌സിന്റെ തല സ്റ്റുള്‍കൊണ്ട് അടിച്ചുപൊട്ടിച്ചില്ലേ....' നന്ദന്റെ മുഖത്ത് അപ്പോഴും ഭീതി നിറഞ്ഞുനിന്നു. 'രമണേട്ടനോ....' സീമയ്ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. 'അല്ല, പിന്നെ ഞാനോ...? ഞാന്‍ ഇനി ആ ഏരിയയിലേക്ക് അടുക്കില്ല. രമണേട്ടന് ഓരോ സമയത്ത് ഓരോ തോന്നലാ... ചിലപ്പോള്‍ കൊച്ചുകുട്ടികളുടെ കൂട്ട് ചിരിച്ചോണ്ട് കെടന്നങ്ങ് ഒറങ്ങും.... കൈയിലിരുന്ന ക്യാഷ് ബാഗ് നഴ്‌സ് എടുക്കാന്‍ തുടങ്ങിയെന്നു പറഞ്ഞാ അവരുടെ തല തല്ലിപ്പൊളിച്ചത്. ഇപ്പോഴും കണ്ടക്ടര്‍ ഡ്യൂട്ടിയിലാണെന്നാ പുള്ളീടെ വിചാരം... പൊന്നന്‍ ചേട്ടനെ വിളിച്ച് കൂട്ടുനില്‍ക്കാന്‍ പറയ്... ചേട്ടനാകുമ്പോള്‍ ആള് പോലീസല്ലേ... ഒരു പേടിയൊക്കെ വന്നോളും...' നന്ദന്‍ പറഞ്ഞു. സീമ ഉടനെ മൊബൈലെടുത്ത് പവന്‍കുമാറിനെ വിളിച്ചു. മന്ത്രിക്ക് എസ്‌കോര്‍ട്ട് പോകുവാ. ഉടനെ വരാന്‍ കഴിയില്ലെന്നായിരുന്നു അവന്റെ മറുപടി. 'പൊന്നന്‍ ചേട്ടന്‍ മന്ത്രിക്ക് എസ്‌കോര്‍ട്ട് പോയിരിക്കുവാ. രാത്രിയില്‍ വരും...' സീമ പറഞ്ഞു. 'അതുവരെ എന്തു ചെയ്യും?' നന്ദന്‍ ചോദിച്ചു. 'ഞാന്‍ നില്‍ക്കും....' ഹരിശ്ചന്ദ്രന്‍ നായര്‍ എഴുന്നേറ്റു. 'അവനെ വച്ച് ആരും വില പേശണ്ട.' 'അല്ല, അച്ഛന് ആകുവോ... ഞാന്‍ നില്‍ക്കാം....' സീമ തടഞ്ഞു. 'വേണ്ട... തൊണ്ടയില്‍ പുഴുത്താല്‍ ഇറക്കാതെ മാര്‍ഗമൊന്നുമില്ലല്ലോ...' നായര്‍ നടന്നു. ശ്യാമളയെ വിളിച്ച് സീമ ലേബര്‍ റൂമിന്റെ വാതില്‍ക്കല്‍ ഇരുത്തി. 'എങ്ങോട്ടും മാറരുത്. ഇവിടെ ഇരുന്നോണം.... നിന്റെ കൈയില്‍ മൊബൈല്‍ ഇല്ലേ...?' ശ്യാമള തലയാട്ടി. 'ആവശ്യമുണ്ടേല്‍ എന്നെ വിളിക്കണം.' 'കുഞ്ഞും സാറുമൊക്കെ എവിടെ പോകുവാ...?' ശ്യാമള സംശയം പ്രകടിപ്പിച്ചു. 'നിന്നോടു പറഞ്ഞതു നീയങ്ങ് ചെയ്താല്‍ മതി...' സീമ ദേശ്യപ്പെട്ടു. ശ്യാമളയുടെ ഉള്ളില്‍ ചിരിപൊട്ടി. 'ഷേര്‍ളി സിസ്റ്ററുടെ തലയ്ക്ക് നാല് സ്റ്റിച്ചുണ്ട്. പേഷ്യന്റ് വയലന്റാകുമെന്ന് ഒരിക്കലും കരുതിയില്ല. അല്ലെങ്കില്‍ ഞങ്ങള്‍ അതു കണ്ടേ നില്‍ക്കത്തുള്ളൂ... വന്നപ്പോള്‍ മുതല്‍ എന്തൊരു സൈലന്റായിരുന്നു... ഇടയ്ക്ക് കൈകൊണ്ട് വെള്ളത്തിന് ആംഗ്യം കാട്ടും, അത്രമാത്രം. ഇന്‍ജക്ഷനെടുക്കാന്‍ വേണ്ടി കൈയില്‍ പിടിച്ചപ്പോള്‍ എന്റെ കാഷ് ബാഗ് എടുക്കുവാണോടീയെന്നു ചോദിച്ച് ഒറ്റയടിയായിരുന്നു. അതുകൊണ്ടാ പെട്ടെന്ന് റൂമിലേക്ക് മാറ്റിയത്. റൂം നമ്പര്‍ 113.' റൂമിലേക്കു വഴികാണിച്ചുകൊണ്ട് ഡ്യൂട്ടി സിസ്റ്റര്‍ പറഞ്ഞു. വളരെ പെട്ടെന്നാണ് റൂമിലേക്ക് മാറ്റിയത്. നന്ദന്‍ പോരുമ്പോള്‍ വാര്‍ഡിലായിരുന്നു. ഇടനാഴിയിലൂടെ കടന്നു പോകുന്ന ചിലര്‍ റൂമിലേക്കു തല നീട്ടിയപ്പോള്‍ വാതില്‍ ചാരിയിടാന്‍ നായര്‍ നന്ദനോടു പറഞ്ഞു. അവന്‍ മെല്ലെ വാതില്‍ ചാരി. 'നിങ്ങള്‍ പൊയ്‌ക്കോ... ഞാന്‍ നിന്നോളാം... നന്ദന് വീട്ടില്‍ പോണേല്‍ അങ്ങനെ... നീ താഴേക്കു ചെല്ല്. ആ വേലക്കാരി പെണ്ണെ തന്നെയല്ലേ അവിടെയുള്ളൂ...' നായരുടെ നിര്‍ബന്ധം ഏറിയപ്പോള്‍ അവര്‍ പോകാന്‍ തയാറായി. അപ്പോഴാണ് വാതിലില്‍ മുട്ട് കേട്ടത്. നഴ്‌സായിരിക്കുമെന്നു കരുതിയാണ് സീമ വാതില്‍ തുറന്നത്. പക്ഷേ, അതു രമണന്റെ അമ്മ കനകമ്മയായിരുന്നു.... കൊടുങ്കാറ്റു പോലെ അകത്തേക്കു കയറിയ കനകമ്മ സീമയുടെ കരണത്ത് ആഞ്ഞൊന്നു പൊട്ടിച്ചു. (തുടരും)

 
Other News in this category

 
 




 
Close Window