Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 28th Mar 2024
 
 
നോവല്‍
  Add your Comment comment
ആത്മാവിന്റെ വിത്ത്‌
(കഥാകൃത്ത് : ഉജിയാബ്)
അഗ്രശാലയുടെ മുറ്റത്ത് ആരുമുണ്ടായിരുന്നില്ല.
ചിതലരിച്ച കട്ടിലിന്റെ കാല്‍ച്ചുവട്ടില്‍ കാവല്‍ക്കാരനെപ്പോലെ ചേവല്‍ക്കോഴി.
ഒഴിഞ്ഞ ബെഞ്ചും തട്ടും.
കനത്ത ശബ്ദങ്ങളുയരാന്‍ ഇനിയും കുറേ നേരം കഴിയണം. ഇത്രയും നേരത്തേ വരണമെന്നു
വിചാരിച്ചതല്ല.
ബാങ്ക് വിളിക്കണതിനു മുമ്പ് ഉണര്‍ന്നു.
അടുക്കളയിലെ ചീനച്ചട്ടിയിലിട്ട് തലേന്നത്തെ ചോറില്‍ എണ്ണ പുരളുന്നതിനു മുമ്പു പുറപ്പെട്ടു.
ഇന്നലെ ആശാന്‍ പറഞ്ഞു തന്നതൊന്നു ശരിയാക്കിയെടുക്കണം, മറ്റൊന്നും മനസിലുണ്ടായിരുന്നില്ല.
കാലുകള്‍ക്കു വഴങ്ങിയ തറയില്‍ ഇപ്പോള്‍ ഒറ്റയ്ക്ക്.
ആരുമില്ലാതെ ഈ പുരയിലിങ്ങനെ നടാടെയാണ്.
തട്ടിലേക്കു ചാടിക്കയറി.
ഉടലാകെയൊരു തരിപ്പ്.
നെഞ്ചില്‍ കൈചേര്‍ത്തുവച്ച് ഉറക്കെ അലറണമെന്നു തോന്നി.
പക്ഷേ, ആരോ വിലക്കുന്നതുപോലെ.
കഥാപാത്രങ്ങള്‍ നിറഞ്ഞാടിയ നിലം. കാല്‍പ്പാടുകളില്ലെന്നേയുള്ളൂ. ഇരുമെയ്യണഞ്ഞപോലെയൊരു
ഗന്ധം ഇവിടെയുണ്ട്. ജനാല തുറക്കാത്ത മുറിയിലേതുപോലെ വിങ്ങല്‍.
കാത്തിരിക്കാം... കാത്തിരുന്നു.
കാലൊടിഞ്ഞ ബെഞ്ചിന്റെയറ്റം നേരെയാക്കി.
ചുമരിലേക്ക് മുതുകു ചാരി. പിന്നെ അമര്‍ന്നു.
കാത്തിരിപ്പ്, വെറുപ്പിക്കുന്നകാര്യം. വെയിലത്തായാലും വള്ളിക്കുടിലിലായാലും വെറുപ്പുതന്നെ.
പതുക്കെയൊന്നു ചെരിഞ്ഞുകിടന്നു.
മുഖത്ത് എന്തോ തട്ടിയപ്പോഴാണ് ഞെട്ടിയുണര്‍ന്നത്. അലമാരയില്‍ അട്ടിയിട്ട പുസ്തകച്ചരടിന്റെയറ്റം താടിയിലേക്കു തൂങ്ങി.
ബെഞ്ചിന്റെ അങ്ങേയറ്റത്ത് അട്ടിയിട്ട കൂനയില്‍ നിന്നൊരെണ്ണം നീണ്ടുനീണ്ട് കീഴ്‌പ്പോട്ട്.
താളിനിടയില്‍ നിന്നു പല്ലിവാലുപോലെ. അതാണ് തൊട്ടുണര്‍ത്തിയത്.
പാതിമയക്കത്തില്‍ നിന്ന് പുസ്തകം തോണ്ടി വിളിച്ചതെന്തിന്...?
വേദന തന്നെ. ഈര്‍ച്ചവാള്‍കൊണ്ടാലും പുസ്തകം തൊട്ടാലും നൊമ്പരം ബാക്കി.
നീറും, നിറയും, പടരും...
എല്ലാമറിഞ്ഞിട്ടും ആ പുസ്തകം കൈയിലെടുത്തു.
കാല്‍വഴുതി താളുകളിലേക്കു വീണു.

കാലവര്‍ഷം കുറേ പിന്നില്‍.
കൊല്ലവര്‍ഷക്കണക്കിനും മുമ്പ്.
വെയിലു നോക്കി സമയം പറയുന്ന കാലം.
നട്ടുച്ചയാകാന്‍ നാലു മേഘം നീങ്ങണം.
രണ്ട് കൂനന്മാര്‍ ഓടിക്കിതച്ചു വന്നു.
മേനോനെ കണ്ടപ്പോള്‍ അവര്‍ നിന്നു.
ഒന്നും മിണ്ടാതെ പിന്നെയും ഓടി.
കുറച്ചു കഴിഞ്ഞ് കോട്ടയുടെ മുകളിലെ ചുമരൊന്നു കുലുങ്ങി. മണിനാക്കു ചിലമ്പി.
പഴയ ഓട്ടുമണിക്ക് ഊക്കുപോരാ. കവിടിപ്പിഞ്ഞാണം പൊട്ടിയ ശബ്ദം.
പതുക്കെ അത് ചിലമ്പിയ ഓട്ടുരുളിയുടെ ഒച്ചയായി.
രണ്ടു മേനാവുകള്‍ വരുന്നതായി അറിയിപ്പ്. അതിനാണ് കുടമണി മുട്ടിയത്.
നാലു തോണി കരയ്ക്കടുത്തത്രെ.
കാലാളുകള്‍ തീരത്തു നിലയുറപ്പിച്ചു.
പത്തേമാരി ഉടനെയെത്തും.

വീടുകളുടെ ഇറയത്ത് കഴുക്കോലുകളില്‍ തൂക്കുവിളക്കുകള്‍ തെളിഞ്ഞു.
ഊരുകൂട്ടാന്‍ ഉത്തരവുപോയി. നാടൊരുങ്ങി.
ചേമ്പും ചേനയും തിന്നവര്‍ ഉടുമുണ്ടു മുറുക്കി, എട്ടുകെട്ടിന് അവരാണു കാവല്‍.
കച്ചകെട്ടിയവര്‍ കോട്ടമുറ്റത്ത്.
മുന്നില്‍ കുതിരപ്പടയാളികള്‍.
നെടുനീളന്മാര്‍ തമ്പുരാനൊപ്പം.
മുമ്പേ നടക്കാന്‍ കളരിയാശാന്മാരുണ്ട്.
മേനാവി്യൂ് ഇന്നു കുതിരപ്പല്ലക്ക്. ഇതു പതിവുള്ളതല്ല.
'ആളുകള്‍ നമ്മെ ഏറ്റുന്നത് പരദേശികളുടെ മുന്നില്‍ നമുമൊക്കൊരു കുറച്ചിലാകും' - തിട്ടൂരം.

കടല്‍ക്കരയിലെ മണല്‍ തിളച്ച് പൊന്നിന്റെ നിറം. പൊരിവെയില്‍.
കുഴലിന്റെയറ്റം കണ്ണില്‍ തിരുകിയ മൂക്കന്‍ എഴുന്നള്ളി.
മേനാവി്യൂെ വണങ്ങി. നീളമുള്ള മൂക്ക് മണലില്‍ മുട്ടുവോളം കുമ്പിട്ടു.
ഭൂതക്കണ്ണാടിയില്‍ കണ്ടത് പറഞ്ഞു തുടങ്ങുംമുമ്പ് മൂക്കന്മാര്‍ ഇങ്ങനെ കുമ്പിടണം.
നെറ്റി നിലത്തുമുട്ടിച്ച് നിവര്‍ന്നെണ്ണീക്കുന്ന മൂക്കന്‍ കേമന്‍.
കുടവയറില്ലാത്ത മെയ്യഴകനാണ് ഇപ്പോഴത്ത മൂക്കന്‍.
അവന്‍ കുമ്പിട്ടു നിവര്‍ന്നു.
പറഞ്ഞു തുടങ്ങി...
വലിയ പായയുടെ തുമ്പത്ത് കൊടി. വളഞ്ഞ കത്തിയും വാളും ചിഹ്നം.
നിറം ചുവപ്പും പച്ചയും.
''മേത്തന്മാരുടെ പത്തേമാരി ''
മൂക്കന്‍ കണ്ണില്‍ കണ്ടത് തമ്പുരാന്‍ മനസില്‍ കണ്ടു.

''കടല്‍ക്കരയില്‍ കൊടിക്കൂറ നിവര്‍ത്തിന്‍.
കൊമ്പും കുഴലും മുഴക്കിന്‍.
കപ്പലോട്ടിയവന്റെ നാഴികമണിയടിക്കിന്‍.
തക്കയാകപ്പരണി ചൊല്‍വിന്‍....''
അനുചരന്മാര്‍ രാജകല്‍പ്പനയനുസരിച്ചു.
തീരത്തണഞ്ഞ മരക്കപ്പലുകള്‍ക്കു സ്വാഗതം.

കുതിരയെ പൂട്ടിയ തേര് വഴിവക്കില്‍ കാത്തു നിന്നു.
തൊട്ടുനോക്കാനെത്തിയ കുട്ടികളെ തടിയന്മാര്‍ ആട്ടിയകറ്റി.
തെങ്ങിന്റെ ചുവട്ടില്‍ മുലക്കച്ചകള്‍ തിക്കിത്തിരക്കി. പരദേശിയെ കാണാനുള്ള തിരക്ക്.
കരിങ്കല്ലുവെട്ടിയ വഴിയില്‍ കുതിരക്കുളമ്പടികള്‍ വലിയ പാടുകളുണ്ടാക്കി.
വ്യുിയുടെ പിന്നാലെ തടിയന്മാരോടി.
കുഴിഞ്ഞ വഴി താറുമാറായി.

കൊങ്ങുകോഴിയുടെ മാര്‍പ്പൊക്കം. ഉരുകിയ കരിമെഴുകുപോലെ ഉടല്‍. തേരാളിയുടെ നോട്ടം. ചാട്ടുളിയുടെ മൂര്‍ച്ച. ഉടലാകെ മൂടിയ വെള്ളക്കുപ്പായം. എന്താണൊരു ഗമ. - മറുനാടന്റെ കോലപ്പെരുമ അന്തിമയങ്ങുംമുമ്പ് പാട്ടായി.

പത്തായപ്പുരയുടെ മുറ്റത്ത് ചെണ്ടമേളം. ആരതിയുഴിയാന്‍ ചന്തക്കാരികള്‍.
പൂവിതറിയും കുരവയിട്ടും അകത്തമ്മമാര്‍ തിണ്ടത്തു നിരന്നു.
തെക്കേ കോലായയില്‍ സിംഹാസനംപോലത്തെ ഇരിപ്പിടങ്ങളൊരുങ്ങി.
കിഴക്കോട്ടു തിരിഞ്ഞ് തമ്പുരാനിരുന്നു.
വടക്കുനോക്കി പരത്തിയിട്ട കസേരയില്‍ വിരുന്നുകാരനും.
തൊപ്പിയുടെ മുകളില്‍ തോര്‍ത്തുചുറ്റിയ ഒരുത്തന്‍ പരദേശിയുടെ വലതു ഭാഗത്തു നിന്നു.
തമ്പുരാന്‍ പറയുന്നത് അറബിയില്‍ ചൊല്ലിക്കൊടുക്കുന്നവനാണ് മെലിയന്‍.
തമ്പുരാന് മൊഴിമാറ്റത്തിന് ആളു വേണ്ട.
അറബി ഭാഷ തമ്പുരാന് കേട്ടാലറിയാം.
തമ്പുരാന്റെ പടത്തലവന്‍ മേത്തനാണ്.
കപ്പലോട്ടി മണലാരണ്യം താണ്ടിയ വീരന്‍.
ഇടത്തോട്ടെഴുതുന്ന വിദ്യയും തമ്പുരാന്‍ പരിശീലിച്ചിട്ടുണ്ട്.
ചാഞ്ഞ വെയിലിന്റെ കതിരുകള്‍ ഉമ്മറക്കോലായയില്‍ ചിത്രം വരച്ചു. ഓട്ടുപാത്രങ്ങളില്‍ അതു തിളങ്ങി.
പാലും വെണ്ണയും കദളിപ്പഴവും മേശപ്പുറത്തു നിറഞ്ഞൊഴിഞ്ഞു.

''അപ്പോ അതാണ് കാര്യം. തന്തയെ തറപറ്റിച്ച് ഇരുളറയില്‍ തള്ളിയിരിക്കുകയാണ് വിദ്വാന്‍.
നാടു നന്നാക്കാന്‍ അധികാരം സ്വയം ഏറ്റെടുത്തിരിക്കുന്നു.
കോട്ടയും കൊട്ടാരവും നാഗരികതയും കെട്ടാന്‍ പണിക്കാരില്ല.
പ്രതിഫലം പൊന്നായും നാണയമായും രൊക്കം തരും. ആയിരം ആളെ വേണം.''
- പരദേശി പറഞ്ഞതിന്റെ രത്‌നച്ചുരുക്കം.
തമ്പുരാനൊന്നു കുമ്പിട്ടു. കോളാമ്പിയിലേക്കു ചര്‍വണം ചീറ്റി.
''ആഫ്വാന്‍...
മാഫി മുശ്കില്‍... ''
ചുണ്ടു തുടച്ചുകൊണ്ടു തമ്പുരാന്‍ അറബിയില്‍ മറുപടി പറഞ്ഞു.
പരദേശി മുക്കൊന്നു വിടര്‍ത്തി. ചൂടുവെള്ളം കവിള്‍ക്കൊണ്ടതുപോലെയൊരു ശബ്ദം പുറപ്പെടുവിച്ചു.
ചിരിയുടെ വൈജാത്യങ്ങള്‍, വകഭേദങ്ങള്‍.

കുണ്ടുപാടത്തെ മലയന്മാരുടെ വീട്ടിലാണ് ആദ്യം കൂട്ടനിലവിളി ഉയര്‍ന്നത്.
അതു പതുക്കെ പനയംപാടത്തും കണ്ണംകുണ്ടിലും പിന്നെ ആ നാടിന്റെ പലഭാഗത്തും കേട്ടു.
കോന്തലകെട്ടിയ മുണ്ടില്‍ ഉടുതുണികള്‍ ഭാണ്ഡം നിറച്ച് ചെറുപ്പക്കാര്‍ തീരത്തേയ്ക്കു നടന്നു.
ചെറുമക്കളുമായി ആടിയുലഞ്ഞ് പത്തേമാരി പടിഞ്ഞാറേ ചെരുവില്‍ മറഞ്ഞു.

രാവടുത്തു.
കോവിലകത്തിന്റെ മുറ്റത്ത് കാല്‍ശരായിക്കാര്‍ ഞെളിഞ്ഞുനിന്നു. അവര്‍ ഉറക്കെച്ചിരിച്ചു. മതിലില്‍ത്തട്ടി അതു മാറ്റൊലിക്കൊണ്ടു.

''ചാണകക്കുട്ടകളില്‍ കൊണ്ടുപോകണം. വലിയ നനവ് പാടില്ല. വെയിലു കൊള്ളിക്കരുത്.
ഇവടെ അമ്മദണ്ണം വരുമ്പോള്‍ വിശറി കെട്ടാന്‍ നാലെണ്ണം വേണം.
അതിനുള്ളത് നാടൊട്ടുക്കുണ്ട.
വൈദ്യരുടെ ആവശ്യത്തിന് കൊട്ടാരവളപ്പിലുള്ളതു ധാരാളം.
പരദേശിയുടെ നാട്ടിലും വളരട്ട ആര്യന്മാരുടെ വേപ്പ്. ''

ചാണകത്തില്‍പ്പൊതിഞ്ഞ ആര്യവേപ്പിന്റെ വിത്തുകളുമായി കപ്പല്‍ നീങ്ങി.
പാടത്തും പറമ്പിലും പിറന്ന ചെറുമച്ചെക്കന്മാരെ കയറ്റിയ പത്തേമാരി പോയ
തിരകളെ തുടര്‍ന്ന് ചാണകംപുതഞ്ഞ കുട്ടകളുമായി രണ്ടാമത്തെ പായക്കപ്പലും ഓളപ്പരപ്പിലൊഴുകി.
അങ്ങനെ ചരിത്രത്തിലാദ്യമായി ആര്യവേപ്പിന്റെ വിത്തുകള്‍ കടല്‍കടന്നു.


ഇരുട്ടറയില്‍ കിടന്ന് പരദേശിയുടെ പിതാവ്, പഴയ രാജാവ് നരകയാതനയോടെ മരണംപൂകി.
പിതാവിന് സ്വര്‍ഗം കിട്ടാന്‍ മകന്‍ നോമ്പെടുത്തു നമസ്‌കരിച്ചു.
പരദേശിയുടെ തലസ്ഥാനം നഗരത്തിലേക്കു മാറി.
ചുട്ടകോഴിയെ മുളകു ചേര്‍ത്തു കടിച്ചുവലിച്ച മണല്‍വാസികള്‍ പരിഷ്‌കാരം പരിശീലിച്ചു.
ഊദും അത്തറും നിറച്ച് മെയ്യഴകികള്‍ വീടലങ്കരിച്ചു.
ഊശാന്താടിയും ഊത്തവയറുമായി പുരുഷന്മാര്‍ തടിച്ചുകൊഴുത്തു.

പത്തേമാരികള്‍ ഇല്ലാതായി. പകരം വലിയ കപ്പലുകളായി.
പരദേശിയുടെ നാട്ടിലേക്ക് വിമാനങ്ങള്‍ പറന്നിറങ്ങി.
ഭാണ്ഡവുമായി ചെറുമക്കളും വെളുത്തവരും നിലംതൊട്ടു.
പൊരിവെയിലു തണലാക്കി അവര്‍ മണലു തുരന്നു.
കടലിനടിയില്‍ നിന്ന് എണ്ണ കുഴിച്ചെടുത്തു.
തമ്പുരാന്റെ നാട്ടിലേക്ക് പരദേശിയുടെ എണ്ണ കപ്പലുകയറി വന്നു.
പരദേശി എണ്ണക്കച്ചവടക്കാരനായി.
തമ്പുരാന്‍ എണ്ണ വാങ്ങുന്നയാളായി.
പണ്ടു പരദേശി കൊടുത്തതും, പില്‍ക്കാലത്ത് നാട്ടിലെ ചെക്കന്മാര്‍ അദ്ധ്വാനിച്ചുണ്ടാക്കിയതുമായി
പണം പരദേശിയുടെ നാട്ടിലേക്കു തിരിച്ചു പറന്നു.
പരദേശിയുടെ നാട്ടുകാര്‍ പണക്കാരായി.
ഊണുകഴിച്ച് സപ്രമഞ്ചക്കട്ടിലില്‍ അവര്‍ ഊഞ്ഞാലാടി.
തമ്പുരാന്റെ നാട്ടില്‍ നിന്നുപോയ പണിക്കാര്‍ ഊഞ്ഞാല്‍ ആട്ടി.

പരദേശിയുടെ നാട് മൈനാകംപോലെയാണ്.
കടലില്‍ നിന്നു പൊങ്ങിവന്ന നാട്.
കടല്‍ അതിരിട്ട കിടങ്ങുകളും കുന്നും നിരപ്പും.
അവിടെയൊക്കെ കുത്തനെയുള്ള വീടുകളുയര്‍ന്നു.
കൂടാരങ്ങളുടെ മുമ്പില്‍ക്കൂടി നഗരപിതാവ് വീതിയുള്ള വഴികളുണ്ടാക്കി.

റോഡുവക്കിലെ മണലില്‍ പല വലുപ്പത്തിലുള്ള കാലടയാളങ്ങള്‍ പതിഞ്ഞു.
മാഞ്ഞും തെളിഞ്ഞും കാലുകള്‍ മാറിമാറി മണലില്‍ ചിത്രംവരച്ചു.
കാലം കടന്നു.

പരദേശിയുടെ കൂലിതേടി പണിക്കെത്തിയവര്‍ വഴിയരികില്‍ വിശ്രമംകൊണ്ടു.
നിഴലിട്ട ആര്യവേപ്പിന്റെ ചുവട്ടിലിരുന്ന് അവര്‍ സ്വപ്നം കണ്ടു.
നട്ടുച്ചയ്ക്ക് റൊട്ടിക്കഷണം കടിച്ചു.
വെയില്‍ച്ചൂടേറ്റിയ കുപ്പായങ്ങളില്‍ കാറ്റു പടര്‍ന്നു.
ആര്യവേപ്പിന്റെ ചില്ലയില്‍ തട്ടി ആ കാറ്റ് കടലിനു മീതെ ചിതറി.


ചേവല്‍ക്കോഴി പതുക്കെയൊന്നു ചെറഞ്ഞു. ചിറകൊതുക്കി തെങ്ങിന്‍ ചുവട്ടിലേക്കു നടന്നു.
അഗ്രശാലയുടെ മുറ്റത്ത് ആരവം ഉയരാന്‍ നേരമായി.
തിരക്കഥയുടെ വിരിമാറിലേക്ക് ആശാനിറങ്ങി.
കഥാപാത്രങ്ങള്‍ ഉറഞ്ഞുതുള്ളി.
എന്നിട്ടും നടന്‍ വേദിയിലെത്തിയില്ല.
കെട്ടിയവേഷത്തില്‍ ആശാനും ശിഷ്യരും നടനെ തേടിയിറങ്ങി.

കടല്‍ക്കരയിലേക്കുള്ള വഴിയില്‍ പന്തലിച്ച ഒരു ആര്യവേപ്പുണ്ട്.
മരത്തണലിലിരുന്ന് വിത്തുകള്‍ പെറുക്കുന്നു നാടക നടന്‍.
ചുറ്റും ആളുകൂടിയത് നടന്‍ അറിഞ്ഞില്ല.
വേഷമിട്ട കഥാപാത്രത്തെപ്പോലെ അയാള്‍ ചാടിയെഴുന്നേറ്റു.

''പരദേശിയുടെ പാതയില്‍ കാറ്റുപകരുന്ന പഴയ വിത്തിന്റെ പിന്‍തലമുറ പെരുവഴിയില്‍ കിടക്കുന്നു.
പുറപ്പെട്ടുപോയ ജീവാത്മാവിന്റെ നിലവിളി എനിക്കു കേള്‍ക്കാം. ഞാന്‍ അഭയം തേടുന്നത്
ഈ മണ്ണിലാണ്. മുളയ്ക്കാനിരിക്കുന്ന വിത്തുകളെ കാണാതെ കഥാപാത്രങ്ങളുടെ
പ്രേതങ്ങള്‍ക്ക് ജീവന്‍പകര്‍ന്നിട്ടെന്തു കാര്യം....''

ആര്യവേപ്പിന്റെ കുറേ വിത്തുകള്‍ നെഞ്ചോടു ചേര്‍ത്ത് നടന്‍ കടല്‍ത്തീരത്തേയ്ക്ക് ഓടി.
സാഷ്ടാംഗം നമിച്ചുകൊണ്ട് അയാള്‍ തിരമാലകളിലേക്ക് മുഖം കുനിച്ചു.
പടുതിരികത്തിയ വിളക്കുപോലെ പടിഞ്ഞാറേ മാനം ചുവന്നു.
ഇരുട്ടിന്റെ മുഖത്തേയ്ക്കു നോക്കി അയാള്‍ പല്ലിളിച്ചു.
വിത്തുകള്‍ മുറുകെപ്പിടിച്ച് പിന്നെയും പിന്നെയും കുനിഞ്ഞു നിവര്‍ന്നു.
 
Other News in this category

 
 




 
Close Window