Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
നോവല്‍
  Add your Comment comment
ശ്യാമവര്‍ഷങ്ങള്‍ (നോവല്‍ - അധ്യായം 15)
Kaipuzha Jayakumar

ലാന്‍ഡ് ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ ഹരിശ്ചന്ദ്രന്‍ നായര്‍ മടിച്ചു. റിസീവറെടുത്ത് പഴയതു പോലെ താഴെ വച്ചാലോന്നു ചിന്തിച്ചു. പിന്നെ തോന്നി, പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതല്ലേ ബുദ്ധി.... ഒളിച്ചോടിയാല്‍ എവിടെയുമെത്തില്ലല്ലോ... അല്ല എത്രനാള്‍ ഒളിച്ചോടാന്‍ കഴിയും.... ധൈര്യം സംഭരിച്ചെങ്കിലും വീണ്ടും ബെല്‍ മുഴങ്ങിയപ്പോള്‍ നെഞ്ചില്‍ എവിടെയോ ഒരു കുറുകല്‍.... ഇടതുകൈത്തലം കൊണ്ട് നായര്‍ മുഖം വീണ്ടും വീണ്ടും തുടച്ചു, ദുരന്തങ്ങളെ വരവേല്‍ക്കാന്‍ തയാറെടുക്കും പോലെ.... ''അച്ഛാ... ഫോണ്‍...'' ഇതു പറഞ്ഞിട്ട് നന്ദന്‍ റിസീവര്‍ എടുക്കാന്‍ തുടങ്ങിയപ്പോള്‍ നായര്‍ തടഞ്ഞു. ''വേണ്ട, ഞാനെടുത്തോളാം.'' ഇടതുകൈകൊണ്ട് ചുവന്ന റിസീവറെടുത്ത് ഇടതു ചെവിയോടു ചേര്‍ത്തുവച്ചു. മുരടനക്കം കേട്ടപ്പോഴേ ആളെ മനസിലായി. വീണ്ടും ഭാരതി.... ശ്ശോ... ഇതൊരു ശല്യമായല്ലോ.... ''നിനക്ക് എന്താ വേണ്ടത്? ദേ, ഒരുമാതിരി... എനിക്ക് ചൊറിഞ്ഞുവരുന്നു... പിന്നേ കെട്ടിയവനെ ഭരിക്കുന്നതു പോലെ എന്റെ നേരേ വന്നാലുണ്ടല്ലോ, കരണക്കുറ്റി അടിച്ച് പുകയ്ക്കും, പറഞ്ഞേക്കാം... അല്ലേടി ഉവ്വേ നീ ആരാ? അല്ല, ആരാണെന്നാ നിന്റെ ഭാവം?'' നായര്‍ക്ക് ദേശ്യം നിയന്ത്രിക്കാനായില്ല. എല്ലാം കൂടി ഭാരതിയമ്മയുടെ ദേഹത്ത് വച്ചുകെട്ടി. ''എന്ന എടീ പോടീ എന്നൊക്കെ വിളിച്ചാലുണ്ടല്ലോ...'' ഭാരതിയമ്മയും വിട്ടില്ല. ''നീ എന്തോ ചെയ്യും. മൂക്കില്‍ വലിച്ചു കയറ്റമോ? കളി ഒത്തിരി കണ്ടവനാ ഞാന്‍. വിരട്ടല്ലേ....'' ''നിങ്ങള്‍ കണ്ടതൊന്നുമല്ല കളി. കളി കാണാനിരിക്കുന്നതേയുള്ളൂ.'' ''ഓലപ്പാമ്പിട്ട് പേടിപ്പിക്കല്ലേ.'' ''ഓലയാണോ അല്ലാത്തതാണോന്ന് നിങ്ങള്‍ക്ക് വഴിയേ മനസിലാകും....'' ''വിളിച്ച കാര്യം പറയെടീ ചൂലേ....'' ''വേണ്ട വേണ്ട, പോലീസ് ഭാഷ എന്റെയടുത്ത് വേണ്ട... നിങ്ങളുടെ ഭാര്യ എന്റെയടുത്തുണ്ട്.'' ''സാവിത്രിയോ...?'' അദ്ഭുതത്തോടെ നായര്‍ ചോദിച്ചു പോയി. ''സാവിത്രയല്ലാതെ നിങ്ങള്‍ക്ക് വേറേ ഭാര്യയുണ്ടോ... അല്ല കാണുമായിരിക്കും, നിങ്ങള്‍ ആ കാര്യത്തില്‍ ഒരു ശ്രീകൃഷ്ണനാണെന്നാ ഞാന്‍ കേട്ടിരിക്കുന്നത്....'' ''നീ കൂടുതല്‍ ഡയലോഗ് കാച്ചാതെ ഫോണ്‍ അവള്‍ക്കൊന്ന് കൊടുത്തേ.'' ''ബുദ്ധിമുട്ടുണ്ട്...'' ''എന്തോന്ന് ബുദ്ധിമുട്ട്...?'' ''നിങ്ങളോടു സംസാരിക്കാന്‍ അവര്‍ക്കു താത്പര്യമില്ല....'' ''എന്നോടു സംസാരിക്കാന്‍ എന്റെ ഭാര്യയ്ക്കു താത്പര്യമില്ലെന്നോ....'' ''ഇന്നലെ വരെ നിങ്ങളുടെ ഭാര്യയായിരുന്നിരിക്കാം... ഇന്ന് അവര്‍ എന്റെ കക്ഷിയാണ്.'' ''എന്തോന്ന് കക്ഷി?'' ''കുറേകകാലം പോലീസിന്റെ തൊപ്പി നിങ്ങളുടെ തലയിരുന്നതല്ലേ? എന്നിട്ടും കക്ഷിയും പോലീസും ഒന്നും അറഇയില്ല....'' ''നീ ഫോണ്‍ അവള്‍ക്കു കൊടുക്ക്, സംസാരിച്ചോളും....'' ''പറ്റില്ല, മാത്രവുമല്ല, ഇതുപറഞ്ഞ്‌കൊണ്ട് ഇങ്ങോട്ട് വിളിക്കലുമരുത്.'' ഭാരതി ലൈന്‍ കട്ട് ചെയ്തു. നായര്‍ വീണ്ടും ഫോണ്‍ ഡയല്‍ ചെയ്‌തെങ്കിലും എന്‍ഗേജ്ഡ് ടോണ്‍. ''എടാ, സാവിത്രി വന്നെടാ.... പക്ഷേ, അവളുടെ കക്ഷത്തിലാ, ആ ഭാരതീടെ. ഇതിനകത്ത് എന്തോ ചുറ്റിക്കളിയുണ്ട്.... സുകു നീ വണ്ടിയിറക്ക്..... എനിക്കവളെ കാണണം, എന്റെ ഭാര്യയോടു സംസാരിക്കണമെങ്കില്‍ അവളുടെ ചീട്ട് വേണോ.... പിന്നെ നായരുടെ അടുത്താ വേഷം കെട്ടല്....'' നായര്‍ ഒരുങ്ങിയിറങ്ങിയപ്പോള്‍ പവന്‍കുമാര്‍ തടഞ്ഞു. പിന്നാലെ നന്ദനും നായരെ അനുനയിപ്പിക്കാനെത്തി. ''അമ്മ അവിടെ ഉണ്ടല്ലേ, അതു തന്നെ ആശ്വാസം. പിന്നെ വെറുതേ അവിടെ ചെന്ന് ഒരു സീന്‍ ഉണ്ടാക്കി നാട്ടുകാരെ അറിയിക്കണ്ട....'' ''അതാ അച്ഛാ ശരി, അമ്മ അവിടെ ഉണ്ടല്ലോ, അതു തന്നെ ആശ്വാസം.... ഏറിയാല്‍ രണ്ടു ദിവസം, അതില കൂടുതല്‍ അമ്മ അവിടെ നില്‍ക്കില്ല... പ്രത്യേകിച്ച് ഭാരതി അമ്മായിയുടെ കൂടെ.... അച്ഛനോടുള്ള ദേഷ്യത്തിന് അങ്ങനെയങ്ങു ചെയ്‌തെന്നേയുള്ളൂ... അമ്മായി മാത്രമല്ലല്ലോ... കുറുപ്പ് അമ്മാവനും അവിടെ ഇല്ലേ... അമ്മായി അന്യയാണെങ്കിലും, കുറുപ്പ് അമ്മാവന്‍ സ്വന്തം ആങ്ങളയല്ലേ....'' നന്ദന്‍ സമാധാനത്തിന്റെ പാതയിലായിരുന്നു. ''അയ്യോ നല്ല ഒന്നാനന്തരമൊരു കുറുപ്പ്.... ആണുങ്ങള്‍ക്കു തന്നെ നാണക്കേട ആ കുറുപ്പ്. നട്ടെല്ലില്ലാത്തവന്‍. ഭാര്യയുടെ നിഴല് കണ്ടാല്‍ അവന്‍ മുള്ളും. ഏതായാലും ഇന്നു രാത്രി പോകേണ്ടെന്നു വച്ചേക്കാം. പക്ഷേ, രാവിലെ പോയി അവളെ വിളിച്ചിറക്കി ഞാന്‍ കൊണ്ടുപോരും....'' നായര്‍ തറപ്പിച്ചു പറഞ്ഞു. ''അച്ഛാ, രമണന്‍ ചേട്ടനെ എന്തു ചെയ്യും?'' പവന്‍കുമാര്‍ രമണനെ ചൂണ്ടി നായരോടു ചോദിച്ചു. അപ്പോഴേക്കും ഹാളിലെ സോഫയില്‍ ചാരിയിരുന്ന രമണന്‍ നീണ്ടുനിവര്‍ന്നു കിടന്നു. ''എന്തു ചെയ്യും?'' നായര്‍ക്ക് മറുചോദ്യമുന്നയിക്കാനല്ലാതെ മറുപടി പറയാന്‍ കഴിഞ്ഞില്ല. പവന്‍കുമാറിന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. പാന്റ്‌സിന്റെ പോക്കറ്റില്‍നിന്നു ഫോണെടുത്തു, സ്‌ക്രീനില്‍ ഭാര്യ സീമയുടെ ചിത്രം തെളിഞ്ഞു. ''അച്ഛാ സീമയാ... അമ്മയുടെ കാര്യം അറഇയാനായിരിക്കും... പക്ഷേ രമണേട്ടന്റെ കാര്യം ചോദിച്ചാല്‍....'' ''എന്താണെന്നുവച്ചാല്‍ പറഞ്ഞ് തുലയ്ക്ക്....'' അങ്ങനെ പറഞ്ഞെങ്കിലും പവന്‍കുമാര്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ നായര്‍ തടഞ്ഞു, എന്നിട്ട് ശബ്ദം താഴ്ത്തിപ്പറഞ്ഞു: ''രമണന്റെ കാര്യം പറയണ്ട. ആ വിവരം സൗമ്യയുടെ എങ്ങാനും ചെവിയിലെത്തിയാല്‍ എല്ലാം കുഴയും....'' ''എന്നാല്‍ അച്ഛന്‍ തന്നെ പറയ്...'' പവന്‍കുമാര്‍ നായര്‍ക്കു നേരേ ഫോണ്‍ നീട്ടി. നായര്‍ ഫോണ്‍ വാങ്ങി ചെവിയോടു നന്നായി ചേര്‍ത്തു വച്ചു. ''എടീ മോളേ, നമ്മുടെ രമണനെ കിട്ടി.'' ''എവിടെ...?'' സീമയ്ക്ക് ആകാംക്ഷയായി. ''സൗമ്യ നിന്റെ അടുത്ത് നില്‍പ്പുണ്ടോ?'' ''ഇല്ല, ചേച്ചി ബാത്ത്‌റൂമിലാ. ഞാന്‍ ഹാളിലാ. അച്ഛന്‍ പറയ്....'' ''അവന് ആകെക്കൂടി ഒരു വികല്‍പ്പം പോലെ.... ഒന്നും സംസാരിക്കുന്നില്ല, കൈമ ഉയര്‍ത്തി ആംഗ്യം കാട്ടി വെള്ളം ചോദിക്കും.... ഒരു സ്ഥലത്തേക്കു തന്നെ നോക്കി അന്തംവിട്ട ഇരിപ്പാ.... സൗമ്യയോട് ഇതൊന്നും പറയണ്ട.... അവള്‍ ഒന്നും താങ്ങാനുള്ള മാനസികാവസ്ഥയിലല്ലല്ലോ....'' ''പറയാതിരുന്നാല്‍ അതിലും കുഴപ്പമാകില്ലേ...?'' സീമയുടെ ശബ്ദം പതറിയിരുന്നു. ''എന്നാല്‍ നീ അങ്ങോട്ട് പറയ്....'' നായര്‍ക്കു ദേഷ്യം വന്നു. ''അച്ഛാ..., അത്....'' ''ഇപ്പോള്‍ ഞാന്‍ അങ്ങോട്ടു പറയുന്നത് കേട്ടാല്‍ മതി.... ഒരു കാര്യം ചെയ്യ്, സാവിത്രി ഭാരതിയുടെ വീട്ടിലുണ്ടെന്നു പറയ്, അവള്‍ക്ക് ആശ്വാസമാകും.'' ''അത് എപ്പഴേ അറിഞ്ഞു....'' ''ആര് പറഞ്ഞു?'' ''ഭാരതി അമ്മായി ചേച്ചിയെ വിളിച്ചു പറഞ്ഞു... അമ്മായി എന്തോ വാശി തീര്‍ത്ത മട്ടിലാ... സൗമ്യേച്ചി അമ്മയോട് സംസാരിക്കണമെന്നു പറഞ്ഞിട്ട് അമ്മായി സമ്മതിച്ചില്ല... അല്ല അമ്മയ്ക്കും താത്പര്യം കാണില്ല. അല്ലെങ്കില്‍ ആര് എതിര്‍ത്താലും മക്കളോടു സംസാരിക്കാന്‍ വയ്യേ... അമ്മയുടെ കാര്യം അവിടെ നില്‍ക്കട്ടെ. അച്ഛന്‍ രമണന്‍ ചേട്ടനെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യിക്ക്... സൗമ്യേച്ചിയെ കാര്യം പറഞ്ഞ് ഞാന്‍ മനസിലാക്കിക്കൊള്ളാം.... പൊന്നന്‍ ചേട്ടന്റെ കൈയിലൊന് കൊടുത്തേ....'' നായര്‍ പവന്‍കുമാറിനു ഫോണ്‍ കൈമാറി. ''അച്ഛന്‍ നാണക്കേട് ഓര്‍ത്ത് രമണന്‍ ചേട്ടനെ ആശുപത്രിയില്‍ കൊണ്ടുപോകാതിരുന്നാല്‍ ആകെ കുഴപ്പമാകും. ചേട്ടന്‍ ഉത്സാഹിച്ച് കൊണ്ടുപോകണം... ചേച്ചിയുടെ അവസ്ഥ വളരെ മോശമാണ്... ഡോക്ടര്‍ പറഞ്ഞിരിക്കുന്ന ഡേറ്റ് അനുസരിച്ച് ശനിയാഴ്ച ചേച്ചിയെ ഡെലിവറിക്ക് അഡ്മിറ്റ് ആക്കിയാല്‍ മതി. പക്ഷേ, അതു വരെ പോകുമെന്ന് എനിക്കു തോന്നുന്നില്ല. നഴ്‌സ് സ്‌നേഹപ്രഭ ചേച്ചി നോക്കിയപ്പോഴും അതു തന്നെയാ പറയുന്നത്.'' ''രമണന്‍ ചേട്ടനെ ഏത് ആശുപത്രിയില്‍ കൊണ്ടുപോകും...?'' ''കാരുണ്യയാ പറ്റിയത്. എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ഷെര്‍ലി ഇല്ലേ... അവളുടെ ഭര്‍ത്താവിന് ഇങ്ങനെയൊരു പ്രോബ്ലം വന്നപ്പോള്‍ അവിടെയാ കൊണ്ടുപോയത്. ഇപ്പോള്‍ ആള് നോര്‍മലാ, ജോലിക്ക് പോകാന്‍ തുടങ്ങി.'' ''സൈമ്യയുടെ ഡെലിവറിയും അവിടെയല്ലേ അപ്പോള്‍?'' ''അതു സാരമില്ല... രണ്ടും ഒരു കോമ്പൗണ്ടിലാണെന്നേയുള്ളൂ... ഷെര്‍ലിയെ വിളിച്ച് വിവരങ്ങള്‍ തിരക്കിയിട്ട് അങ്ങോട്ട് വിളിക്കാം... രാത്രിയില്‍ കൊണ്ടുപോയി അഡ്മിറ്റ് ചെയ്യാന്‍ പറ്റുമോന്നു ചോദിക്കാം... ശരി...'' സീമ ഉടനെ ഷെര്‍ലി പുന്നനെ വിളിച്ചു. ''എന്താടീ ഈ രാത്രിയില്‍?'' കോട്ടുവായിട്ടുകൊണ്ട് ഷെര്‍ലി പുന്നന്‍ ചോദിച്ചു. ''ഒമ്പതു മണിയായപ്പോഴേ നിനക്ക് പാതിരാത്രിയായോ... അതോ രണ്ടു പേരും കൂടി പഴയ കുടിശികയൊക്കെ തീര്‍ക്കുവാണോ?'' സീമ കളിയാക്കി. ''ഒന്നു പോടീ... അല്ല അങ്ങനെയങ്ങ് വെച്ചോ, വൈകി വന്ന വസന്തമെന്നൊക്കെ പറയില്ലേ... അന്ന് ആ ട്രീറ്റ്‌മെന്റിനു പോയതു നന്നായി....'' ''ശ്ശോ... കഷ്ടം, നിന്റെ ഇച്ചായന്‍ അടുത്തുണ്ടെന്ന കാര്യം ഞാന്‍ മറുന്നു...'' ''ഇപ്പം ഇവിടില്ലെടീ... ഉണ്ടെങ്കില്‍ തണുപ്പുള്ള രാത്രി ഞാന്‍ വെറുതേ കളയുമോ മോളേ.... ഫോണും സ്വിച്ച് ഓഫാക്കില്ലേ....'' ഷെര്‍ലി കൊഞ്ചാന്‍ തുടങ്ങിയപ്പോള്‍ സീമ വിഷയത്തിലേക്കു വന്നു. ''ഡോ. സിസിലി തര്യനാ ഹെഡ്. ഡോ. സുരേഷിനെ കണ്ടാലും മതി. രാത്രിയില്‍ ആരും കാണില്ല. നല്ല സ്ത്രീയാടീ... നമ്മുടെ ഒരു ചേച്ചിയെ പോലെ പെരുമാറും... ഇപ്പോള്‍ തന്നെ കൊണ്ടുപോയ്‌ക്കോ... നാളെ രാവിലെ മാഡം വരുമ്പോള്‍ നോക്കും....'' ''എന്തോ... എനിക്ക് ആകെക്കൂടി ടെന്‍ഷന്‍...'' സീമ ദീര്‍ഘനിശ്വാസമുതിര്‍ത്തു. ''നീ ധൈര്യമായിരിക്ക്. ശരിയാകും.'' ഷെര്‍ലി ധൈര്യം പകര്‍ന്നു. സീമ ഉടനെ പവന്‍കുമാറിനെ വിളിച്ച് വിവരം ധരിപ്പിച്ചു. അവള്‍ ലൈന്‍ കട്ട് ചെയ്ത് തിരിയുമ്പോള്‍ പിന്നെ ഡോര്‍ കര്‍ട്ടനില്‍ ഒരു തിരയിളക്കം. അവള്‍ ഓഠിച്ചെന്ന് കര്‍ട്ടന്‍ മാറ്റി. ശ്യാമള! ''നീ ഇവിടെനിന്ന് എല്ലാം ഒളിച്ച് കേള്‍ക്കുകയായിരുന്നോ...?'' ''ഒളിച്ചു കേള്‍ക്കാന്‍ മാത്രം കുഞ്ഞ് ഒന്നും പറഞ്ഞില്ലല്ലോ...'' ശ്യാമളയുടെ വാക്കുകളില്‍ പരിഹാസം നിറഞ്ഞു. ''ആക്കല്ലേ... ഞാന്‍ പറഞ്ഞതെല്ലാം നീ കേട്ടോന്നാ ചോദിച്ചത്....'' ''കേട്ടു...'' ശ്യാമള മയമില്ലാതെ പറഞ്ഞു. ''ഞങ്ങളുടെ കുടുംബം കലക്കാന്‍ വന്ന നായേ... നിന്നെ ഞാന്‍.'' സീമ ശ്യാമളയെ തല്ലാനായി കൈ ഓങ്ങി. ''പിന്നേ, കൊച്ചമ്മമാര്‍ വേലക്കാരിയെ തല്ലുന്നത് പഴയ കാലം... അല്ല, തല്ലിക്കോ, എനിക്കു നൊന്താല്‍ ഞാന്‍ തിരിച്ചടിക്കും. അതു താങ്ങാന്‍ സീമക്കുഞ്ഞിന്‍രെ ഈ ശരീരം പോരാ... എന്താ നോക്കുന്നോ?'' ശ്യാമള വെല്ലുവിളിച്ചു. സീമയുടെ കൈ താണു. ഇരയെ കടിച്ചുകുടഞ്ഞ നരിയെപ്പോലെ ശ്യാമള അവളുടെ മുറിയിലേക്കു നടന്നു. സീമ ശരിക്കും തകര്‍ന്നു പോയി. കുറച്ചുനേരം അങ്ങനെതന്നെ നിന്നു. പിന്നെ അകത്തേക്കു ചെന്നു. ബെഡ്ഡില്‍ സൗമ്യ ഇല്ല. ബാത്ത്‌റൂമില്‍ വെള്ളം വീഴുന്ന ശബ്ദം. എത്ര നേരമായി ബാത്ത്‌റൂമില്‍ കയറിയിട്ട്... അവള്‍ ബാത്ത്‌റൂമിന്റെ വാതില്‍ മെല്ലെ തള്ളി.... സീമയ്ക്കു ചവിട്ടി നില്‍ക്കുന്ന ഭൂമി തലകീഴായി മറിയുന്നതു പോലെ തോന്നി.... (തുടരും)

 
Other News in this category

 
 




 
Close Window