Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
നോവല്‍
  Add your Comment comment
ശ്യാമവര്‍ഷങ്ങള്‍ (നോവല്‍ - അധ്യായം 18)
Kaipuzha Jayakumar

സീമ അന്ധാളിച്ചു പോയി. കണ്ണില്‍ക്കൂടി പൊന്നീച്ച പറന്നു. ആകെക്കൂടി ഒരു എരിവും പുകച്ചിലും.... എന്തിനാ തള്ളേ നിങ്ങളെ എന്നെ തല്ലിയതെന്നു ചോദിക്കണമെന്നുണ്ട്. പക്ഷേ, വാക്കുകള്‍ തൊണ്ടക്കുഴിയില്‍ കുടുങ്ങി. റൂമിലായത് നന്നായി. പുറത്തുള്ളവര്‍ ആരും കണ്ടില്ല. വാര്‍ഡിലാണെങ്കില്‍ ആകെ ചളമായേനേ.... വേദനയോ സഹിക്കാം. മാനക്കേട് എങ്ങനെ സഹിക്കും! അതും ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ തള്ളുകയെന്നു വച്ചാല്‍.... ചന്തപ്പെണ്ണുങ്ങളുടെ സംസ്‌കാരം.... പക്ഷേ, ആ സമയത്ത് റൂമിനു മുന്നിലെ ഇടനാഴിയിലൂടെ രണ്ടു നഴ്‌സിങ് വിദ്യാര്‍ഥിനികള്‍ സംസാരിച്ചു നടന്നു നീങ്ങുന്നുണ്ടായിരുന്നു. അവരുടെ ശ്രദ്ധയില്‍പ്പെ്ടു കാണുമോ? ഇല്ല, കണ്ടിരിക്കാന്‍ വഴിയില്ല. സമാധാനത്തിനായി ചോദ്യവും ഉത്തരവും അവള്‍ തന്നെ കണ്ടുപിടിച്ചു. ഒരു നിമിഷം ഹരിശ്ചന്ദ്രന്‍ നായരും നടുങ്ങി നിന്നു. നന്ദന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. നനഞ്ഞ പക്ഷിയായി ചിറക് ചേര്‍ത്തുവച്ച് രമണന്റെ ബെഡ്ഡിന്റെ വെളുമ്പത്ത് വെളുമ്പത്ത് ഉരുമ്മിനിന്നു. രമണന്‍ ശാന്തനാണ്. കിടക്ക നനച്ച ശേഷം ാെന്നുമറിയാത്തതു പോലെ കിടക്കുന്നു. കൊച്ചു കുഞ്ഞായി രമണന്‍ കിടക്കുന്നു. കുറച്ചു മുന്‍പ് കലി കയറി ഡ്രിപ് സ്റ്റാന്‍ഡെടുത്ത് നഴ്‌സിന്റെ തല തല്ലിപ്പൊളിച്ച ആളാണെന്ന ഭാവമേയില്ല. രമണന്‍ എല്ലാം ആദ്യം കണുകയാണ്, എല്ലാവരെയും.... എന്തൊരു ശാന്തത.... ഇതു വരാനിരിക്കുന്ന ഭൂകമ്പത്തിന്റെ മുന്നോടിയോ? ഓര്‍ത്തപ്പോള്‍ നായരുടെ ഉള്ള് കിടുങ്ങി. 'ഈ അടി ഞാന്‍ അവള്‍ക്ക് കൊടുക്കാന്‍ വച്ചിരുന്നതാ... നെന്റെ തള്ളയ്ക്ക്. നെനക്കായിരിക്കും അതിനുള്ള യോഗം. മക്കളെ പെറ്റ് കൂട്ടിയാല്‍ മാത്രം പോരാ, വളര്‍ത്താനും പഠിക്കണം....' പേ പിടിച്ച പട്ടിയെ പോലെ നില്‍ക്കുന്ന രമണന്റെ അമ്മ കനകമ്മ കലിതുള്ള. അവരുടെ കടവായില്‍ തുപ്പല്‍ നിറഞ്ഞു. കണ്ണുകളില്‍ രക്തക്കറ നിറഞ്ഞു. കൈയകലം പാലിച്ചില്ലെങ്കില്‍ അടി കിട്ടിയേക്കുമെന്ന് മനസിലായ സീമ ഹരിശ്ചന്ദ്രന്‍ നായരുടെ മറവ് പറ്റി. 'ദേ തള്ളേ, പ്രായമായതാ. മകളുടെ അമ്മായിഅമ്മയാ തുടങ്ങിയ പരിഗണനയൊന്നും ഞാന്‍ തരത്തില്ല. ചവിട്ടി കൂട്ടിക്കളയും, പറഞ്ഞേക്കാം... നാണമില്ലല്ലോ കാഷായമണിഞ്ഞ് ഭസ്മവും വാരി പൂശി തലയും മൊട്ടയടിച്ചേച്ച് ചന്തപ്പെണ്ണുങ്ങളുടെ സ്വഭാവഗുണം കാട്ടാന്‍.... അല്ല, ജാത്യാലുള്ളത് തൂത്താല്‍ പോകില്ലല്ലോ....' അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ശരിയാകില്ലെന്നു നായര്‍ക്കു തോന്നി. 'എന്റെ പഴയ സ്വഭാവം എടുപ്പിക്കാതെ പോ.... പോ, സ്ഥലം കാലിയാക്ക്....' കനകമ്മയ്ക്ക് സംസാരിക്കാന്‍ ഇടം കൊടുക്കാതെ നായര്‍ പറഞ്ഞു. 'പിന്നേ, എന്നു പറഞ്ഞാല്‍ തൂക്കാന്‍ വിധിക്കും... ഒന്നു പോടോ പഴം പോലീസേ... താന്‍ എന്ന മൂക്കിലോട്ട് കേറ്റുമോ.' കനകമ്മ വെല്ലുവിളിച്ചു. 'മൂക്കിലോട്ടല്ല, വേണ്ടി വന്നാല്‍....' നായരുടെ വായില്‍ മുഴുത്ത തെറിയാണ് വന്നത്, ഒരു തരത്തില്‍ അടക്കിപ്പിടിച്ചു. 'ഒന്നു പോ ഉവ്വേ... മൂപ്പീരും എരപ്പീരുമൊക്കെ അങ്ങ് കെട്ടിവളുടെ അടുത്ത്... അല്ല, അതിനു തന്റെ കൊണവതിയാരം കൊണ്ട് കെട്ടിവള് മൂട്ടിലെ പൊടീം തട്ടി പെട്ടിയുമെടുത്ത് സ്ഥലം വിട്ടല്ലോ.... അല്ലേ....? നിങ്ങള്‍ എല്ലാരും കൂടിയാ എന്റെ കൊച്ചിനെ വട്ടനാക്കി ഇവിടെ കിടത്തിയത്....' 'തെമ്മാടിത്തരം പറയരുത്, പറഞ്ഞേക്കാം....' ചങ്കില്‍ കൊള്ളുന്ന വര്‍ത്തമാനം കേട്ടപ്പോള്‍ നായര്‍ കൈ ഉയര്‍ത്തിപ്പോയി. പെട്ടെന്ന് സീമ ഇടയ്ക്കു കയറി വീണു. 'വേണച്ഛാ....' 'തന്റെ ഭാര്യയുടെ വയറ്റില്‍ കിടക്കുന്ന കൊച്ച് തന്റെയല്ലെന്നറിയുമ്പോള്‍ ഏതു ഭര്‍ത്താവിനാടോ പോലീസേ ഭ്രാന്ത് വരാത്തത്?' കനകമ്മയുടെ ചാട്ടുളി പോലുള്ള ചോദ്യം. 'ങേ....' നായരുടെ ഉള്ളു പിടഞ്ഞു. നന്ദന്‍ ബെഡിന്റെ വെളുമ്പത്ത് നിന്ന് പൊങ്ങിപ്പോയി. ഇത് ആര് ഇവരുടെ ചെവിയിലെത്തിച്ചു. സീമ നെഞ്ചത്തു കൈവച്ചു പോയി. ഇനി എന്തൊക്കെ പുകിലുകളാ ഉണ്ടാകാന്‍ പോകുക.... 'എന്താ തന്റെ പോലീസ് ബുദ്ധിയില്‍ ഞാന്‍ പറഞ്ഞത് അങ്ങോട്ടു കയറുന്നില്ലേ... സംശയമുണ്ടെങ്കില്‍ താന്‍ തന്റെ ഭാര്യയെ വിളിച്ച് ചോദിക്ക്.... ഞാന്‍ പറഞ്ഞതു നേരാണോന്ന്.... താന്‍ വിളിച്ചാല്‍ തന്റെ ഭാര്യ വരുമോടോ നായരേ....' കനകമ്മ പരിഹസിച്ചു. തന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവം നായര്‍ക്ക് താന്‍ തീരെ ചെറുതാകുന്നതു പോലെ തോന്നി. 'എന്റെ ശുദ്ധഗതിക്ക് ഈ കാര്യം ഞാന്‍ തന്റെ ഭാര്യ സാവിത്രിയോടു പറഞ്ഞു. എന്നാല്‍, രമണനോടു ഞാന്‍ ഈ കാര്യം പറഞ്ഞതേയില്ല. അവന്‍ അറിയേണ്ടെന്നായിരുന്നു എന്റെ ആഗ്രഹം.... എന്നാല്‍, അവന്‍ ഇത് അറിഞ്ഞു.... അല്ലെങ്കില്‍ അവനെ ആരോ ഇത് അറിയിച്ചു.... ചെറുക്കന്‍ നീറ് കടിച്ചതുപോലെയായില്ലേ.... നെങ്ങള് ബുദ്ധിയുള്ളോരാണല്ലോ, എന്തോ ചെയ്തു, വേലക്കാരി പെണ്ണിന്റെ വയറ്റില്‍ കിടക്കുന്ന കൊച്ചിന്റെ തന്ത ഇവനാണെന്നു തന്റെ ഭാര്യ സാവിത്രി അങ്ങു തീരുമാനിച്ചു. അതു തലേല്‍ വച്ച് കെട്ടിയാല്‍ പിന്നെ അവന്‍ ഭാര്യയുടെ കൊച്ചിന്റെ അച്ഛന്‍ ആരാണെന്ന് തേടിപ്പോകില്ലല്ലോ.... എന്നാല്, അതു രണ്ടും എന്റെ കൊച്ചിന്റെ അടുത്ത് ഫലിക്കാതെ വന്നപ്പോള്‍ അവനെ നെങ്ങള് എല്ലാവരും കൂടി ഭ്രാന്തനാക്കി....' 'മതി, നിര്‍ത്ത്....' അതൊരു അലര്‍ച്ചയായിരുന്നു,. രമണന്‍ പോലും ചാടിയെഴുന്നേറ്റു പോയി. 'ഈ മൊരട്ട് കിഴവി പറയുന്നതില്‍ എന്തെങ്കിലും ശരിയുണ്ടോടീ?' നായര്‍ സീമയുടെ നേരേ തിരിഞ്ഞു.... 'അച്ഛാ അത്....' സീമയ്ക്ക് മുഴുമിപ്പിക്കാനായില്ല. 'അപ്പോള്‍ അമ്മയും മക്കളും മരുമക്കളും എല്ലാവരും കൂടി എന്നെ പൊട്ടന്‍ കളിപ്പിക്കുകയായിരുന്നു, അല്ലേ....' നായര്‍ക്കു താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന്് തോന്നലുണ്ടായി. മകളുടെ വയറ്റില്‍ വളരുന്നത് അവിഹിത സന്തതിയാണെന്ന സത്യം ഭാര്യ പോലും മറച്ചുവച്ചിരിക്കുന്നു. 'നിന്റെ അമ്മയ്ക്ക് ഇത് അറിയാമാരുന്നോടീ?' നായരുടെ ചോദ്യത്തിനു മുന്നില്‍ സീമ മൗനം പാലിച്ചതേയുള്ളൂ. 'എടീ, എന്റെ ഭാര്യ സാവിത്രിക്ക് ഇത് അറിയാമായിരുന്നോന്ന്?' ചോദ്യം സീമയോടു തന്നെ. പക്ഷേ, അവള്‍ക്ക് ഉത്തരം പറയാന്‍ കഴിഞ്ഞില്ല. 'എന്റെ രമണന് പിള്ളേരുണ്ടാകില്ലെന്നു പണ്ടേ ഡോക്ടര്‍മാര്‍ പറഞ്ഞതാ.... കൊച്ചിലേ സൈക്കിളേന്ന് വീണപ്പോള്‍ പറ്റിയ പറ്റല്ലോ... പിന്നെ അവന്‍ ഒറ്റാംതടിയായിട്ട് നിന്നുപോകേണ്ടെന്നു കരുതിയാ ആലോചന വന്നപ്പോള്‍ ഞാന്‍ സമ്മതിച്ചത്.' 'അപ്പോള്‍ നിങ്ങള്‍ ഞങ്ങളെ ചതിക്കുവായിരുന്നു, അല്ലേ?' നായര്‍ സീമയെ വിട്ട് കനകമ്മയുടെ നേരേ തിരിഞ്ഞു. 'എന്തോന്നു ചതിച്ചു? ആര് ചതിച്ചു? നെങ്ങള് ആരെങ്കിലും എന്നോടു ചോദിച്ചോ, രമണന് പിള്ളേരുണ്ടാകുമോന്ന്, ഇല്ലല്ലോ, ചോദിച്ചെങ്കില്‍ ചെലപ്പോള്‍ ഞാന്‍ പറ്ഞ്ഞു പോയേനേ... ദോഷം പറയരുതല്ലോ, നെങ്ങളുടെ മകള്‍ ആ കൊറവ് നെകത്തി.... നെകത്തിക്കോ നെകത്തിക്കോ, പക്ഷേ, അതിന് എന്റെ കൊച്ചിനെ ഈ പരുവത്തിലാക്കണമായിരുന്നോ...?' കനകമ്മ വലിയ വായില്‍ കരയാന്‍ തുടങ്ങി. 'അമ്മച്ചീ, ഒന്നു പതുക്കെ, ആരെങ്കിലും കേള്‍ക്കും, ഒരാശുപത്രയല്ലേ... നമ്മുടെ വീട്ടിലെ അടുക്കളയല്ലല്ലോ...' അത്രയും നേരം സംസാരിക്കാതിരുന്ന നന്ദന്‍ മെല്ലെ വായ് തുറന്നു. 'ഓഹോ, അപ്പോ നെനക്ക് മിണ്ടുന്ന സൂത്രമുണ്ട്, അല്ലേ...?' കനകമ്മ നന്ദനെ കളിയാക്കി. 'അമ്മച്ചീ, പതുക്കെ' നന്ദന്‍ വീണ്ടും കനകമ്മയെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തി. 'നീ പോടാ മണകൊണാപ്പാ... അച്ചീടെ വാലേല്‍ തൂങ്ങി നടക്കുന്ന നീ എന്നെ ഒന്നും പഠിപ്പിക്കേണ്ട.' നന്ദന്റെ വായ് അടഞ്ഞു പോയി. അപ്പോള്‍ ഡോക്ടറെത്തി. പിന്നാലെ നഴ്‌സും. ഡോക്ടര്‍ രമണനെ പരിശോധിക്കാന്‍ തുടങ്ങിയപ്പോള്‍ കനകമ്മ വെട്ടിവിളിച്ച് കരഞ്ഞുകൊണ്ട് ഡോക്ടറുടെ കാല്‍ക്കല്‍ വീണു. 'എന്റെ ഡോക്ടറേ, എന്റെ കൊച്ചിനു വട്ടും ഭ്രാന്തും ഒന്നുമില്ല. ഒന്നു ഡിസ്ചാര്‍ജ് ആക്കിത്തന്നാല്‍ ഞാന്‍ വീട്ടില്‍ കൊണ്ടുപൊയ്‌ക്കോളാം.' 'അമ്മച്ചി എഴുന്നേറ്റേ....' ചെറുപ്പക്കാരനായ ഡോക്ടര്‍ കനകമ്മയെ പിടിച്ചെഴുന്നേല്‍പ്പിച്ചു. 'അമ്മച്ചീടെ മോനാണോ ഇത്?' 'പിന്നെയല്ലാതെ, എനിക്ക് ആണും പെണ്ണും കൂടി ആകെയുള്ളതാ... എന്റെയും എന്റെ കെട്ടിയവന്റെയും കൂട്ടത്തിലാര്‍ക്കും ഭ്രാന്തില്ല... പിന്നെ എങ്ങനെയാ ഇവന് മാത്രമായിട്ട് ഭ്രാന്ത് വരുന്നത്?' കണ്ണീര്‍ ഒപ്പിക്കൊണ്ട് കനകമ്മ പറഞ്ഞു. 'അമ്മച്ചീടെ മോന് ഭ്രാന്തുണ്ടെന്ന് ഞാന്‍ പറഞ്ഞോ?' ഡോക്ടര്‍ ചോദിച്ചു. കനകമ്മയ്ക്ക് ഉത്തരമില്ല. അവര്‍ നായരെയും സീമയെയും നന്ദനെയും നമാറിമാറി നോക്കി. എന്നിട്ട് ഇത്തിരി നേരത്തേ മൗനത്തിനു ശേഷം പറഞ്ഞു. 'ഇവരൊക്കെക്കൂടി ഭ്രാന്തനാക്കി ഇവിടെ കൊണ്ടുവന്നു കിടത്തിയിരിക്കുവല്ലേ....' 'അങ്ങനെ ആരെങ്കിലുമൊക്കെ കൂടിയാല്‍ ആരെയെങ്കിലും ഭ്രാന്തനാക്കാന്‍ പറ്റുമോ? അങ്ങനെയായാല്‍ തന്നെ ഞങ്ങള്‍ഡോക്ടര്‍മാര്‍ക്ക് അതു വിശ്വസിക്കാന്‍ പറ്റില്ല....' ഡോക്ടര്‍ ചെറുപുഞ്ചിരിയോടെ പറഞ്ഞു. 'എനിക്കൊന്നും മനസിലാകുന്നില്ല. ഞാന്‍ ഇപ്പോള്‍ എന്താ ചെയ്യേണ്ടത്?' കനകമ്മ കരയാന്‍ തുടങ്ങി. 'പനി വരുമ്പോള്‍ നമ്മള്‍ മരുന്നു കഴിക്കാറില്ലേ. ചിലപ്പോള്‍ ആശുപത്രിയില്‍ കിടക്കുകയും ചെയ്യും. അതുപോലെ ചെറിയ ാെരു പനിക്ക് ണ്മച്ചീടെ മോനും ആശുപത്രിയില്‍ കിടക്കുന്നു. ഇന്നല്ലെങ്കില്‍ നാളെ വീട്ടിലേക്ക് വരും, എന്താ പോരേ?' കനകമ്മ തലയാട്ടി. നഴ്‌സ് കൊടുത്ത മരുന്നിന്റെ കുറിപ്പടിയുമായി നന്ദന്‍ പുറത്തേക്കു പോകാന്‍ തുടങ്ങുമ്പോഴായിരുന്നു സീമയുടെ ഭര്‍ത്താവ് പവന്‍കുമാറിന്റെ വരവ്. 'ഞാന്‍ പവന്‍ കുമാര്‍, പോലീസ്....' ഷേക്ക് ഹാന്‍ഡിനായി കൈനീട്ടിയെങ്കിലും ഡോക്ടര്‍ ഗൗനിച്ചില്ല. 'ഇപ്പം പോലീസാണേലും വൈകാതെ എസ്‌ഐയാകും.' 'ആയിക്കോ....' ഡോക്ടര്‍ ലാഘവത്തോടെ പറഞ്ഞു. 'ഹോം മിനിസ്റ്റര്‍ക്ക് എസ്‌കോര്‍ട്ട് പോയതാ.... സിഐക്ക് നിര്‍ബന്ധം, ഞാന്‍ കൂടെ പോകണമെന്ന്. പോലീസാണെന്നു പറഞ്ഞിട്ടും കാര്യമില്ല. ചങ്കുറപ്പുള്ളവരെ വേണ്ടേ എസ്‌കോര്‍ട്ടിന് അയയ്ക്കാന്‍....' പവന്‍കുമാര്‍ പൂര്‍ണമാക്കുന്നതിനു മുന്‍പ് ഡോക്ടര്‍ ഇടപെട്ടു. 'പനി ഉണ്ടോ?' 'ഇല്ല....' ഡോക്ടര്‍ പവന്‍കുമാറിന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു. 'നെറ്റിയുടെ നടുക്ക് മാത്രം വിയര്‍പ്പ് പൊടിഞ്ഞിട്ടുണ്ടല്ലോ.... അപ്പോള്‍ ഉള്ളില്‍ പനി കാണും....' 'എന്താ ഡോക്ടര്‍?' പവന്‍കുമാറിനു പേടിയായി. 'ഏയ് ഒന്നുമില്ല. നന്നായിട്ടൊന്ന് പനിച്ചാല്‍ ചിലപ്പോ എല്ലാവരും ഏതാണ്ട് ഇതുപോലെയൊക്കെയാകും....' രമണനെ ചൂണ്ടി പറഞ്ഞ് പവന്‍കുമാറിനെ കളിയാക്കിയിട്ട് ഡോക്ടര്‍ നടന്നു. അമര്‍ത്തിപ്പിടിച്ചിട്ടും നഴ്‌സിനു ചിരിക്കാതിരിക്കാനായില്ല. 'നിന്റെ കവിള്‍ എന്താ വല്ലാതെ കരുവാളിച്ചിരിക്കുന്നത്?' അപ്പോഴാണ് സീമയുടെ കരിവാളിച്ച മഖും പവന്‍കുമാറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. 'അത് എന്റെ അമ്മച്ചി ഒന്നു പൊട്ടിച്ചതാ....' എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഒരു കുഞ്ഞിന്റെ കൊഞ്ചലോടെ രമണന്‍ പറഞ്ഞു. സീമ മറുപടി പറയാന്‍ തുടങ്ങിയപ്പോള്‍ അവളുടെ സെല്‍ ഫോണിലേക്ക് ശ്യാമളുയുടെ കോള്‍ എത്തി. (തുടരും)

 
Other News in this category

 
 




 
Close Window