Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
നോവല്‍
  Add your Comment comment
(അധ്യായം - 27)
kaipuzha jayakumar
ഞാന്‍ എത്രവട്ടം വിളിച്ചു, പിന്നെയാ മനസിലായത് മൊബൈല്‍ ചാര്‍ജ് ഇല്ലാത്തതു കാരണം കൊണ്ടുപോയിട്ടില്ലെന്ന്. കുഞ്ഞിന് ഭയങ്കര ശ്വാസംമുട്ടല്.... മനംപിരട്ടലു കാരണം ഞാന്‍ ഒന്നുരണ്ടുവട്ടം ഓക്കാനിച്ചിട്ട് ഇരുന്നപ്പോള്‍ ഒന്നു കണ്ണടച്ചുപോയി... നോക്കുമ്പോള്‍ ദേ നമ്മുടെ കുഞ്ഞ് ശ്വാസം കിട്ടാതെ കണ്ണ് മിഴിക്കുന്നു. ഞാന്‍ പോയി നഴ്‌സിനെ വിളിച്ചോണ്ടു വന്നതാ... ഡോക്ടര്‍മാരുമുണ്ട്... ഓടിവാ....' തണുത്തുറഞ്ഞ കാലുകളുമായി ഇടനാഴിയില്‍ നിന്നുപോയ സൗമ്യയെ ശ്യാമള കൈകാട്ടി വിളിച്ചു. കാലുകളെ വലിച്ചിഴച്ച് കിതപ്പോടെ അവള്‍ റൂമിന്റെ മുന്നിലെത്തി. കുഞ്ഞിനെ വലയം തീര്‍ത്ത് നഴ്‌സുമാരും ഡോക്ടര്‍മാരും. ഡ്യൂട്ടി നഴ്‌സ് ഓക്‌സിജന്‍ സിലിണ്ടര്‍ സെറ്റ് ചെയ്യാനുള്ള ശ്രമത്തിലാണ്. 'എന്റെ കുഞ്ഞ്....' സൗമ്യ വെട്ടിവിളിച്ച് കരഞ്ഞുപോയി. 'സാരമില്ല. കഫം വന്ന് കുറുകിപ്പോയതാ. ദാ ഇപ്പോ ശരിയാകും... ധൈര്യമായിരിക്ക്... കുറച്ചു കൂടി നേരത്തേ ശ്രദ്ധിക്കേണ്ടതായിരുന്നു... ഇപ്പോഴെങ്കിലും കണ്ടതു നന്നായി....' ജൂണിയര്‍ ഡോക്ടര്‍ വളരെ മൃദുവായാണ് പറഞ്ഞതെങ്കിലും അതിലൊരു താക്കീതിന്റെ അംശമുണ്ടെന്ന് സൗമ്യയ്ക്കു ബോധ്യമായി. 'ഞാന്‍ സെര്‍വന്റിനെ ആക്കിയിട്ട് ഇവിടെ അഡ്മിറ്റായ എന്റെ ഹസ്ബന്‍ഡിന്റെ അടുത്തു വരെ...' 'ഓക്കെ... ഓക്കെ... കുറ്റപ്പെടുത്തിയതല്ല. അമ്മയുടെ സ്‌നേഹം സെര്‍വന്റ് കാണിക്കില്ലല്ലോ... എന്തെങ്കിലും ഇന്‍ഫെക്ഷനായിപ്പോയാല്‍ ആകെ കോംപ്ലിക്കേറ്റഡാകും.... പിന്നെ അര മണിക്കൂര്‍ കൊണ്ട് നോര്‍മലാകും.... ഒന്നര മണിക്കൂര്‍ കഴിയുമ്പോള്‍ ഫീഡ് ചെയ്യണം... ഫീഡ് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ എന്നെ വിളിക്കണം... ഓക്കെ... പിന്നെ ഹസ്ബന്‍ഡിന് എങ്ങനെയുണ്ട്?' ചോദ്യം അപ്രതീക്ഷിതമായതിനാല്‍ സൗമ്യയ്ക്ക് ഉത്തരം പറയാനായില്ല. ഡോക്ടര്‍ കാത്തുനിന്നതുമില്ല. അവര്‍ക്കു പിന്നാലെ മറ്റു രണ്ടു ലേഡി ഡോക്ടര്‍മാരും റൂം വിട്ടു. തന്റെ ഹസ്ബന്‍ഡ് ഇവിടെ സൈക്യാട്രി വാര്‍ഡില്‍ അഡ്മിറ്റാണെന്ന് ഇവര്‍ എങ്ങനെ അറിഞ്ഞു.... ആദ്യമായിട്ടാണ് ഇവര്‍ റൂമില്‍ വരുന്നത്. നേരത്തേ കണ്ടിട്ടുണ്ടെന്നല്ലാതെ യാതൊരു പരിചയവും ഇല്ല. അപ്പോള്‍...? ശ്യാമള കെട്ടി എഴുന്നള്ളിച്ചതാകും. എന്തുതന്നെ സംഭവിച്ചാലും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിയാല്‍ ശ്യാമളയുടെ സഹായം തുടര്‍ന്നു വേണ്ട. അവള്‍ക്ക് ഡേറ്റ് അടുത്തു വരികയാണെന്നു തോന്നുന്നു. വയറ് കുറവായതുകൊണ്ട് ആര്‍ക്കും അത്രയ്ക്കങ്ങ് പിടികിട്ടില്ലെന്നു മാത്രം. വിട്ടിലേക്കു ചെന്നാല്‍ ഉടനെ അമ്മയെ വിളിച്ചു വരുത്തണം. ശ്യാമള പോയാല്‍ അമ്മ നിന്നു കൊള്ളും. രമണേട്ടനെ കുറച്ചു ദിവസം വീട്ടില്‍ കിടത്തി ചികിത്സിപ്പിക്കണം. കനകമ്മയേയും പറഞ്ഞുവിടണം. എങ്ങോട്ടാണെന്നുവച്ചാല്‍ പോകട്ടെ... തന്നെക്കൊണ്ട് ആ ഭാരം കൂടി താങ്ങാന്‍ വയ്യ്... സൗമ്യ ചിന്തിച്ചു. നഴ്‌സുമാരും റൂം വിട്ടപ്പോള്‍ സൗമ്യ കുഞ്ഞിനോടു ചേര്‍ന്നു കിടുന്നു. ഒരു നഴ്‌സ് പെട്ടെന്നു മടങ്ങിവന്നിട്ടു പറഞ്ഞു. 'ഇപ്പ ഉണര്‍ത്തരുതേ... അര മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ മാസ്‌ക് മാറ്റാം. എന്നിട്ടേ ഉണര്‍ത്താവൂ... ഇന്‍ജക്ഷനും എടുക്കണം... തത്കാലം ചേച്ചി ബെഡ്ഡില്‍നിന്നിറങ്ങി സ്റ്റൂളിലിരുന്നോ, അതാ നല്ല.്... എന്തെങ്കിലും പ്രശ്‌നമുണ്ടേല്‍ അന്നേരം ബെല്ല് അമര്‍ത്തണേ...' വാതില്‍ വീണ്ടും തുറന്നടഞ്ഞു. സൗമ്യ എഴുന്നേറ്റ് ബൈസ്റ്റാന്‍ഡറുടെ കട്ടിലില്‍ കിടന്നു. ശ്യാമള കുഞ്ഞിന്റെ ബെഡ്ഡിനോടു സ്റ്റൂള്‍ ചേര്‍ത്തിട്ട് താടിക്ക് കൈകുത്തി ഇരുന്നു. 'അങ്ങനെയിരിക്കാതെ ശ്യാമളേ... എത്രയോ വട്ടം നിന്നോടു പറഞ്ഞു ഇങ്ങനെ താടിക്ക് കൈയും കുത്തി ചത്ത വീട്ടിലിരിക്കുന്നതു പോലെ ഇരിക്കരുതെന്ന്...' സൗമ്യ ശാസിച്ചു. ശ്യാമള ദീര്‍ഘനിശ്വാസമുതിര്‍ത്തുകൊണ്ട് കൈവലിച്ച് ഇളകിയിരുന്നു. 'നിന്റെ സെല്‍ ഒന്നു കൂടി ഇങ്ങു തന്നേ, ഞാന്‍ അമ്മയെ വിളിക്കട്ടെ.' ശ്യാമള എടുത്തുകൊടുക്കുന്നതിനുമുന്‍പേ മേശപ്പുറത്തിരുന്ന അവളുടെ തുറന്ന ചെറിയ ബാഗില്‍ നിന്ന് സൗമ്യ എല്‍ജി മൊബൈല്‍ കൈവശപ്പെടുത്തി. ആ അധികാരഭാവം ശ്യാമളയ്ക്ക് തീരെ പിടിച്ചില്ല. മാത്രവുമല്ല, രാത്രികളില്‍ തന്നെ തേടിയെത്തുന്ന ചില നമ്പറുകളിലേക്ക് സൗമ്യയുടെ വിളി ചെന്നെത്തിയാല്‍ ആകെ നാശമാകും. ശ്യാമള വിയര്‍ത്തു. എങ്ങനെയാണ് മൊബൈല്‍ തിരികെ വാങ്ങു? നേരത്തേ സീമയെ വിളിക്കാന്‍ വേണ്ടി സൗമ്യ തന്നോട് മൊബൈല്‍ ചോദിച്ചപ്പോഴും നമ്പറുകള്‍ പലതും ഡിലീറ്റ് ചെയ്യണമെന്നു കരുതിയതാണ്. പിന്നെയങ്ങ് വിട്ടുപോയി. മുന്‍പേ മൊബൈല്‍ കൈയിലെടുത്തപ്പോഴാ കുഞ്ഞിന്റെ അസുഖം കൂടിയത്.... ബലമായിട്ട് പിടിച്ചുവാങ്ങി ജോലിയും മതിയാക്കി സ്ഥലം വിട്ടാലോ... ശ്യാമളയുടെ ചിന്ത പല വഴിക്കായി. ആതായാലും എന്തെങ്കിലും ഉടനേ ചെയ്‌തേ പറ്റൂ.. 'കുഞ്ഞേ, അതില്‍ പൈസ തീരെയില്ല, ഞാന്‍ ആസുപത്രി പടിക്കല്‍ പോയി ഫ്‌ളെക്‌സി ചെയ്യിച്ചോണ്ടു വരാം...' സൗമ്യ മൊബൈലില്‍നിന്ന് നമ്പറ് കുത്താന്‍ തുടങ്ങിയപ്പോള്‍ ശ്യാമള പറഞ്ഞു. സൗമ്യ എഴുന്നേറ്റ് കുഞ്ഞ് കിടക്കുന്ന ബെഡ്ഡിന്റെ അടിയില്‍നിന്ന് പഴ്‌സ് എടുത്ത് തുറന്നു. ശ്യാമളയ്ക്ക് ആശ്വാസമായി. തന്റെ നമ്പര്‍ ഫലിച്ചിരിക്കുന്നു. അവള്‍ സകല ദൈവങ്ങള്‍ക്കും സ്തുതി ചൊല്ലി. പക്ഷേ.... നൂറിന്റെ ഒരു നോട്ട് എടുത്ത് കൊടുത്തിട്ട് സൗമ്യ പറഞ്ഞു: 'നീ ഒരു കാര്യം ചെയ്യ്, നൂറ് രൂപയുടെ കാര്‍ഡ് വാങ്ങിച്ചോണ്ടുവാ, ചാര്‍ജര്‍ ഇല്ലാത്തതുകൊണ്ട് എന്റെ ഫോണ്‍ ഉപയോഗിക്കാന്‍ പറ്റത്തില്ലല്ലോ.... അത്യാവശ്യം വന്നാല്‍ എനിക്കും വിളിക്കാം.' ശ്യാമളയുടെ പ്രതീക്ഷയറ്റു. എന്നാലും അവള്‍ പിടിവിട്ടില്ല. 'അവിടെയെങ്ങും ഐഡിയ കാര്‍ഡ് കിട്ടുമെന്നു തോന്നുന്നില്ല, ഫ്‌ളെക്‌സിയേ കാണൂ.' 'അത് നിനക്കെങ്ങനെ അറിയാം?' 'ഞാന്‍ കഴിഞ്ഞ ദിവസം...' അവള്‍ വിക്കി. 'അത് കഴിഞ്ഞ ദിവസമല്ലേ... അല്ലെങ്കിലെന്താ, ഒരു കടയല്ലല്ലോ. എത്ര കടയാ നെരന്നിരിക്കുന്നത്... നൂറിന്റെയുണ്ടെങ്കില്‍ അത് വാങ്ങ്, അല്ലെങ്കില്‍ ഏതെങ്കിലും... പിന്നെ ഫ്‌ലാസ്‌ക് എടുത്തോ, എനിക്ക് മധുരം കുറച്ച് രണ്ടു കാപ്പി കൂടി വാങ്ങിച്ചോ... കാന്റീനില്‍ വാങ്ങിക്കേണ്ട, ഒരു വല്ലാത്ത ചുവയാ... ഇന്നാ ഇതു വച്ചോ... നെനക്ക് എന്താ വേണ്ടതെന്നു വച്ചാല്‍ അതും വാങ്ങിക്കോ.' സൗമ്യ ഒരു നൂറു രൂപ കൂടി അവള്‍ക്കു കൊടുത്തു. ശ്യാമള അരക്കില്‍പ്പെട്ട നിലയിലായി. എങ്ങനെ പോകും... പോകാതിരിക്കും.... 'അല്ല കുഞ്ഞേ, എനിക്ക് തെറ്റു പറ്റിയതാ, പത്തു പന്ത്രണ്ട് രൂപാ അതില്‍ കാണും....' ശ്യാമള ഒരിക്കല്‍ക്കൂടി പയറ്റി നോക്കി. സൗമ്യ ബാലന്‍സ് ചെക്ക് ചെയ്തു. 'ഏയ്, എട്ട് രൂപയേയുള്ളൂ, നീ വേഗം പോയിട്ട് വാ....' അവള്‍ മേശപ്പുറത്തിരുന്ന ചുവന്ന ഫ്‌ളാസ്‌ക് എടുത്ത് കഴുകി വൃത്തിയാക്കി പോകാനൊരുങ്ങി. 'ഈ ചുരിദാറിമുട്ടോണ്ട് പോകണ്ട....' ശ്യാമളയുടെ ചുരിദാറില്‍ ഒതുങ്ങാത്ത അവയവ മുഴുപ്പിലേക്കു നോക്കിയപ്പോള്‍ സൗമ്യയ്ക്കു പറയാതിരിക്കാനായില്ല. 'എല്ലാം കഴുകി മുകളിലത്തെ നിലയുടെ അവിടെ കൊണ്ടിട്ടിരിക്കുവാ, ഒന്നും ഉണങ്ങിക്കാണത്തില്ല. കൊച്ചിന്റെ തുണിയും ഉണ്ട്... ഉണങ്ങിയിട്ട് പോകാം, അല്ലേ....' 'പോരാ... ഇപ്പോത്തന്നെ പോയി വാങ്ങണം... എന്റെ റോസ് ചുരിദാര്‍ നീ എടിത്തിട്ടോ. തിരിച്ചു തരുവൊന്നും വേണ്ട....' അത് ശ്യാമളയ്ക്കും സന്തോഷമുള്ള കാര്യമായി. ബാത്ത്‌റൂമില്‍ കയറി റോസ് ചുരിദാര്‍ മാറി അവള്‍ ഇറങ്ങി വന്നപ്പോള്‍ സൗമ്യയ്ക്ക് ആശ്വാസം... 'ഇനി ആ ഷാളും കൂടി ഇടേണ്ടതു പോലെ ഇട്ടാല്‍ പ്രശ്‌നം തീരും.' കഴുത്തിലൊട്ടി നിന്ന ഷാള്‍ വലിച്ച് ശ്യാമള മാറിനു മുകളിലേക്ക് ഇട്ടു. ഗര്‍ഭിണിയാണെന്ന് ഇവള്‍ പറയുന്നത് ശരിയാണോ? വയറ് കണ്ടാല്‍ ഒന്നും തോന്നില്ല. ചില സമയങ്ങളിലെ ഝര്‍ദിയും ക്ഷീണവും ഒഴിച്ചു നിര്‍ത്തിയാല്‍... അല്ല ചില പെണ്ണുങ്ങള്‍ക്ക് വയറ് അധികം കാണത്തില്ല. അപ്പോള്‍.... മനസില്ലാമനസോടെ ശ്യാമള മുറിവിട്ടു.സൗമ്യ മൊബൈല്‍ ഓണാക്കി കാള്‍ രജിസ്റ്ററില്‍ പരതി. പുരുഷ പേരുകളില്‍ രണ്ടേരണ്ട് പേരുകള്‍ മാത്രം. ഒന്ന് അവളുടെ ഏട്ടന്‍ മോഹനന്‍, പിന്നെ ചേച്ചിയുടെ ഭര്‍ത്താവ് സോമന്‍. ബാക്കി മുഴുവന്‍ സ്ത്രീ നാമങ്ങള്‍. സൗമ്യയ്ക്ക് കള്ളം മണത്തു. കൗതുകത്തിനായി അവള്‍ സുധര്‍മ എന്ന പേരില്‍ കിടന്ന നമ്പറില്‍ ക്ലിക്ക് ചെയ്ത് കോള്‍ വിട്ടു. മറുതലയ്ക്കല്‍ പുരുഷശബ്ദം. 'എന്താടീ... ആശുപത്രീന്ന് ഇറങ്ങാറായില്ലേ... ബാക്കിയുള്ളവന്‍ ഇവിടെ പട്ടിണിയിലാ... മൊബൈലിലൂടെ ചുടുംചുംബനമെത്തിയപ്പോള്‍ സൗമ്യ ലൈന്‍ കട്ട് ചെയ്തു.' മറ്റ് പല നമ്പറുകളില്‍ ഡയല്‍ ചെയ്തപ്പോഴും ഏതാണ്ട് ഇതേ സ്ഥിതി തന്നെ. ശൃംഗാരവും അശ്ലീല സംഭാഷണങ്ങളും. എന്നാല്‍, കെ.കെ. സുകന്യയിലെത്തിയപ്പോള്‍ സംസാരം പരിചിതമായി തോന്നി. മറ്റുള്ളവരെപ്പോലെയല്ല കെ.കെ. സുകന്യ എന്ന പേരിനു പിന്നില്‍ മറഞ്ഞിരിക്കുന്ന ആള്‍ക്ക് ഇവളെക്കൊണ്ട് എന്തെക്കെയോ ചെയ്യിക്കാനുണ്ടെന്ന് ഉറപ്പ്. പക്ഷേ, ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല... ആരായാരിക്കും കെ.കെ. സുകന്. വാതിലില്‍ ആരോ മുട്ടിയപ്പോള്‍ അവള്‍ സ്വിച്ച് ഓഫ് ചെയ്തു. അതിനു മുന്‍പ് വിളിച്ച് നമ്പറുകള്‍ ഡിലീറ്റ് ചെയ്യാനും മറന്നില്ല. സൗമ്യ എഴുന്നേല്‍ക്കുന്നതിനു മുന്‍പേ ഹരിശ്ചന്ദ്രന്‍ നായര്‍ ഡോര്‍ തുറന്ന് റൂമിലെത്തി. 'അയ്യോ, കുഞ്ഞിനെന്തു പറ്റി...?' കുഞ്ഞിന്റെ ഓക്‌സിജന്‍ മാസ്‌ക് കണ്ടുകൊണ്ട് നായര്‍ കിതപ്പോടെ ചോദിച്ചു. 'സാരമില്ല, കഫംകെട്ടി ശ്വാസംമുട്ടലായതാ. പത്തുപതിനഞ്ച് മിനിറ്റ് കൂടെ കഴിഞ്ഞാല്‍ എടുക്കാം.' കുഞ്ഞിനെ കൊട്ടിവിളിക്കാനായി നായര്‍ മുന്നോട്ടാഞ്ഞു. 'അച്ഛാ, വേണ്ട ഉണര്‍ത്തണ്ട' 'രമണനെ നാളെ ഡിസ്ചാര്‍ജ് ചെയ്യട്ടേയെന്നു ഡോക്ടര്‍ ചോദിച്ചു.' 'നാളെ പറ്റില്ല, ഞാന്‍ പോകുന്ന കൂട്ടത്തില്‍ പോയാല്‍ മതി. കുഞ്ഞിന്റെ കണ്ടീഷന്‍ മോശമായതു കൊണ്ട് എങ്ങനെയാണെന്ന് അറിയില്ല... അല്ലെങ്കില്‍ എനിക്കും ഡിസ്ചാര്‍ജാകാമായിരുന്നു....' 'ധൃതി വയ്ക്കണ്ട... കുഞ്ഞിന്റെ അസുഖം ഭേദമാവട്ടെ...' 'ഞാന്‍ അമ്മയെ ഒന്ന് വിളിക്കാന്‍ തുടങ്ങിവായിരുന്നു...' 'എന്തിന്?' നായരുടെ ശബ്ദം കനത്തു. 'വീട്ടിലെത്തിയാല്‍ എനിക്ക് ആരെങ്കിലും കൂട്ടു വേണ്ടേ?' 'അതിനു രമണന്റെ അമ്മയില്ലേ, പിന്നെ ശ്യാമളയും...' 'അച്ഛന്‍ എന്തു മനസിലാക്കിക്കൊണ്ടാ പറയുന്നത്. രമണേട്ടന്റെ അമ്മ നിന്നാല്‍ ദോഷമല്ലാതെ ഗുണമുണ്ടാകുമോ? പിന്നെ ശ്യാമള ഇവിടെനിന്നിറങ്ങുമ്പോഴേ ശ്യാമളയെ ഒഴിവാക്കും. ഇനി ഒരു തീക്കളിക്ക് ഞാനില്ല....' അവള്‍ തറപ്പിച്ചു പറഞ്ഞു. 'വീട്ടില്‍ കൊണ്ടുപോയി ആയുര്‍വേദം ചെയ്ത് രമണന്റെ അസുഖം ബേദമാക്കാന്‍ തന്നെയാണോ നിന്റെ തീരുമാനം?' 'അതെ, അതെന്തെ അച്ഛാന്‍ അങ്ങനെ ചോദിച്ചത്?' 'അസുഖം ഭേദമായി അവന്‍ പഴയ ജീവിതത്തിലേക്കു മടങ്ങിവന്നാല്‍ നിന്റെ കുഞ്ഞിനെ അവന്‍ അംഗീകരിക്കുമെന്നു നീ കരുതുന്നുണ്ടോ?' സൗമ്യയ്ക്ക് മുഖമടച്ച് അടികിട്ടിയതു പോലെയായി....
(തുടരും)
 
Other News in this category

 
 




 
Close Window