Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
നോവല്‍
  Add your Comment comment
(അധ്യായം 22)
Kaipuzha Jayakumar
കനകമ്മ വായ തുറന്നു, നാവു നീട്ടി, വിഷം തുപ്പുന്ന വാക്കുകള്‍.
സാവിത്രിയമ്മയ്ക്കും സീമയ്ക്കും ദംശനമേറ്റു. അവര്‍ ഭയചകിതരായ ചുറ്റും നോക്കി, ആരെങ്കിലും കേട്ടു കാണുമോ?
ഭാരതിയമ്മയുടെ ഉള്ളില്‍ ചിരിയുടെ ഉറവ പൊട്ടി, പകയുടെ നുര കുത്തി.
മെലിഞ്ഞുണങ്ങിയ നഴ്‌സ് പെണ്‍കുട്ടിക്ക് ഒന്നും മനസിലായില്ല.
ചുണ്ടില്‍ ഒട്ടുച്ചുചേര്‍ത്ത ചിരിയും നീട്ടിപ്പിടിച്ച ഇടതുകൈയില്‍ കുഞ്ഞുമായി അവള്‍ നിന്നു.
നവജാത ശിശു അപ്പോളഴും പുറംലോകത്തെ അദ്ഭുതക്കാഴ്ചകളുടെ തിരക്കിലായിരുന്നു.
കുഞ്ഞ് അറിയുന്നോ വരാന്‍ പോകുന്ന ദുരന്തങ്ങളുടെ പെരുക്കപ്പെട്ടകളുടെ നീളം...!
കുഞ്ഞിളം കാല്‍പ്പാദത്തിനുള്ളില്‍ നഴ്‌സ് മൃദുവായി തട്ടിയപ്പോള്‍ അവള്‍ ചുണ്ടു മലര്‍ത്തി.
അത് കരച്ചിലോ, അതോ ചിരിയോ?
'കണ്ടോ കണ്ടോ, കൊച്ചിന്റെ ചെവിയുടെ വലിപ്പം കണ്ടോ? ഒരു മാതിരി ആനച്ചെവി... രമണന്റെ ചെവി എന്നാ ഉണ്ട്. അതു പോട്ടെ, കണ്ണോ, പൂച്ചക്കണ്ണല്ലേ... ഞങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കും പൂച്ചക്കണ്ണില്ല. നെറത്തിന്റെ കാര്യം, കൊച്ചല്ലേ മാറിയേക്കാമെന്നു വയ്ക്കാം..., എന്നാലും ഇതു രമണന്റെ കൊച്ചല്ല... വല്ലവന്റെയും കൊച്ചിന് അച്ചാന്നു വിളിക്കാന്‍ അവനെ കിട്ടില്ല.... നെല്ലും ചക്രവും കുറവാണെങ്കിലും ഞങ്ങള്‍ തറവാടികളാ... അല്ല, ഞാനിത്രയൊക്കെ പറഞ്ഞിട്ടു നെങ്ങള്‍ ആരും ഒന്നും മിണ്ടുന്നില്ലല്ലോ? അല്ലെങ്കില്‍ കൊച്ചിന്റെ കൈയിലിരിക്കുന്ന ഫോണേല്‍ കുത്തി അച്ഛന്‍ പോലീസിനെ ഇങ്ങോട്ട് വിളി, ഞാന്‍ വര്‍ത്തമാനം പറയാം....'
കനകമ്മ വീണ്ടും കത്തിക്കയറാന്‍ തുടങ്ങി. വെള്ള ടൈലിട്ട ഇടനാഴിയിലെ ചുവന്ന ഫൈബര്‍ കസേരയില്‍ ടെന്‍ഷന്‍ വിഴുങ്ങി കാത്തിരിക്കുന്നവരില്‍ ചിലര്‍ മെല്ലെ തല നീട്ടുത്തുടങ്ങി.
ശ്ശോ... എന്തു നാണക്കേട്... ഈ തള്ളയെ എങ്ങനെയാ ഇവിടെനിന്ന് ഒഴിവാക്കുന്നത്. ഇവരുടെ വേഷവും ഭാവവും കണ്ടാല്‍ ആരും നോക്കും. മൊട്ടത്തലയും നെറ്റിയില്‍ നിറച്ച് ഭസ്മവും അഴുക്കു പുരണ്ട കാവിമുണ്ടും ബ്ലൗസും. അതിന്റെ മുകളില്‍ക്കൂടി കാവി മേല്‍മുണ്ടും. ഇരുകൈകളിലും കുറച്ച് കുപ്പിവളകള്‍. കടവായില്‍ രാവിലെ കഴിച്ച ബിസ്‌കറ്റിന്റെ ബാക്കി. അച്ഛനെക്കൂടി ഇപ്പോള്‍ ഇഹ്‌ങോട്ടു വിളിച്ചാല്‍ കേമമായി. എരിതീയില്‍ എണ്ണ പകര്‍ന്നാണ് ഭാരതിയമ്മായിയുടെ നില്‍പ്പ്. അതിന് അമ്മായിയെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഭര്‍ത്താവിനെ നേരിടാന്‍ ഭര്‍ത്താവിന്റെ ശത്രുവായ നാത്തൂനെ കൂട്ടുപിടിച്ചാല്‍ ഇങ്ങനെയിരിക്കും... ഒരു നിമിഷം സീമ ചിന്തിച്ചുപോയി.
അയ്യോ, ദാ അച്ഛന്‍ വരുന്നു, ദൈവമേ....
സീമയുടെ ചുണ്ടുകള്‍ പിറുപിറുത്തു. നന്ദന്‍ എന്നാ പണിയാ കാണിച്ചത്. അച്ഛനെ ഇപ്പോഴെന്തിനാ ഇങ്ങോട്ടു പറഞ്ഞുവിട്ടത്.
സീമ ആരോടെന്നില്ലാതെ പറഞ്ഞിട്ടു സാവിത്രയമ്മയെ നോക്കി.
അവരുടെ മുഖത്ത് രക്തയോട്ടം നിലച്ച മട്ടായിരുന്നു.
കാടിളക്കി മദിച്ചു വരുന്ന ഒറ്റയാന്റെ ഭാവമായിരുന്നു ഹരിശ്ചന്ദ്രന്‍ നായര്‍ക്ക്. നന്ദന്‍ തടഞ്ഞതാണ്. പക്ഷേ, തന്റെ ആദ്യത്തെ പേരക്കിടാവിന്റെ മുഖം കാണണമെന്ന മോഹം ഉള്ളില്‍ നുരകുത്തിയപ്പോള്‍, ജന്മം കൊടുത്തവന്‍ ആരെന്ന ചിന്ത തത്കാലത്തേക്ക് മാറ്റിവച്ചു. പിന്നീട് മനസ് പരുവപ്പെട്ടപ്പോള്‍ അത് ഒരു വിധിയായി സ്വീകരിക്കാനും തീരുമാനിച്ചു.
'എടോ പോലീസേ, തന്റെ മകള് പ്രസവിച്ചത് എന്റെ രമണന്റെ കൊച്ചിനെ അല്ലെടോ....'
കനകമ്മ പരിസരം നോക്കാതെ തുറന്നടിച്ചു.
സാവിത്രിയമ്മയും സീമയും കിടുങ്ങിപ്പോയി. ഉളുപ്പില്ലാതെയുള്ള അവരുടെ വര്‍ത്തമാനം കേട്ടില്ലേ!
കാഷായമിട്ടോണ്ട് ഒരുമാതിരി ചന്ത വര്‍ത്തമാനം പറയുന്നു... സീമ വീണ്ടും പിറുപിറുത്തു.
കനകമ്മ ഇത്രയുംസ്‌കോര്‍ ചെയ്യുമെന്നു ഭാരതിയമ്മയും വിചാരിച്ചില്ല.
ഹരിശ്ചന്ദ്രന്‍ നായരുടെ തലയില്‍ ആയിരം അമിട്ടുകള്‍ ഒന്നിച്ചു പൊട്ടിച്ചിതറി. എങ്കിലും പരിസരം ശരിയല്ലെന്നു കണ്ട് അടക്കിപ്പിടിച്ചു.
നായരെ കാണിച്ച ശേഷം നഴ്‌സ് കുഞ്ഞുമായി നഴ്‌സറിയിലേക്കു മടങ്ങി.
ഭാരതിയമ്മ കണ്ണുകാണിച്ചപ്പോള്‍ കനകമ്മ വീണ്ടും വായ തുറന്നു.
'എന്റെ മകന്‍ രമണന് തന്റെ മകളുടെ കൊച്ചിന് ചെലവിനു കൊടുക്കാന്‍ പറ്റത്തില്ല...'
'വേണ്ട, നിങ്ങളുടെ മകനെയും എന്റെ മകള്‍ക്കു വേണ്ട.... തീര്‍ന്നില്ലേ...?'
'അച്ഛാ, പ്ലീസ്.... വേണ്ട നിര്‍ത്ത്, റൂമിലേക്കു പോകാം...' നായര്‍ക്കു സംസാരിക്കാന്‍ സീമ കൂടുതല്‍ അവസരം കൊടുത്തില്ല.
'സൗമ്യയെ റൂമിലോട്ടു മാറ്റുവാ....'
അവര്‍ റൂമിലേക്കു പോകാന്‍ തുടങ്ങുന്നതിനു മുന്‍പ് ഒരു നഴ്‌സ് വന്നു പറഞ്ഞു.
സീമയില്‍നിന്നു ദീര്‍ഘനിശ്വാസമുതിര്‍ന്നു.
നായര്‍ മുന്‍പേ നടന്നു.
പിന്നാലെ, സാവിത്രിയമ്മയും സീമയും.
ഭാരതിയമ്മ അവിടത്തെന്ന നിന്നതേയുള്ളൂ. അവരുടെ തണല്‍ പറ്റി കനകമ്മയും.
നായര്‍ റൂമിലേക്ക് പ്രവേശിച്ചെന്ന് ഉറപ്പായപ്പോള്‍ ഭാരതിയമ്മ ചോദിച്ചു:
'സാവിത്രി, എന്റെ കൂടെ വരുന്നുണ്ടോ?'
'ഇല്ല, അമ്മായി പൊയ്‌ക്കോ....'
സീമയാണ് ഉത്തരം പറഞ്ഞത്.
'ഞാന്‍ സാവിത്രിയോടാ ചോദിച്ചത്.'
'സാവിത്രിക്കു പറയാനുള്ളതാ അവരുടെ മകള്‍ പറഞ്ഞത്.'
സീമ തിരിച്ചടിച്ചു.
'ചേച്ചി പൊയ്‌ക്കോ.'
സാവിത്രിയമ്മ ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു.
'ഒത്തുകൂടിയപ്പോള്‍ നിങ്ങള്‍ അച്ചീം മക്കളും എല്ലാം ഒന്നായി, അല്ലേ.... ഒരുറക്കം കൊണ്ട് നേരം വെളുക്കില്ല....'
ഭാരതിയമ്മ ജ്വലിച്ചു.
'ഏതെങ്കിലും റെയ്ല്‍വേ പ്ലാറ്റ്‌ഫോമില്‍ എല്ലും മുള്ളും തിരിഞ്ഞു കിടക്കേണ്ടവളാ, രക്ഷിച്ച് ഇവിടെയെത്തിച്ചപ്പോള്‍ എല്ലാം മറന്നു.'
അവര്‍ കണ്‍മുന്നില്‍ നിന്നു മറഞ്ഞപ്പോള്‍ ഭാരതിയമ്മ കനകമ്മയോടായി പറഞ്ഞു.
'ചെല പെണ്ണുങ്ങള്‍ അങ്ങനെയാ, ഭര്‍ത്താക്കന്‍മാരുടെ ചൂടും ചൂരും അടിച്ചുകഴിയുമ്പോള്‍ എല്ലാം മറക്കും....'
കനകമ്മ ഒരു വഷളച്ചിരിയോടെ മറുപടിയും കൊടുത്തു.
'പോ തള്ളേ, ഒരു കൊച്ചുവര്‍ത്തമാനം പറയാന്‍ കണ്ട നേരം....'
കനകമ്മയോട് പറയാനായി ഭാരതിയമ്മ വായ തുറന്നതാണ്. എന്നാല്‍, ഒരുവിധത്തില്‍ അടക്കിപ്പിടിച്ചു. ഇന്നല്ലെങ്കില്‍ നാളെ ഈ തള്ള തനിക്കു പ്രയോജനപ്പെട്ടേക്കാം. വെറുതേ മുളയിലേ നുള്ളിക്കളയേണ്ട. അവര്‍ ചിന്തിച്ചു.
എന്നാലും സാവിത്രിയുടെ മട്ടും ഭാവവും മാറിയതു കണ്ടില്ലേ....
'ചേച്ചി രമണന്റെ അടുത്തേക്കു പോകുവല്ലേ, ഞാന്‍ വീടുവരെ ഒന്നു പോയിട്ട് വരാം....'
കനകമ്മ പിന്നാലെ കൂടി വീട്ടിലേക്കു വരുമെന്നു തോന്നിയപ്പോള്‍ ഭാരതിയമ്മ പറഞ്ഞു.
'എല്ലാരും ഉപേക്ഷിച്ചാലും എനിക്കെന്റെ കൊച്ചിനെ ഉപേക്ഷിക്കാന്‍ പറ്റുമോ?'
കനകമ്മ പരിഭവത്തിന്റെ കെട്ടഴിച്ചു.
'ചേച്ചിയെയും മകനെയും ഞാന്‍ ഉപേക്ഷിക്കില്ല, പോരേ....?'
'അതാ എനിക്കൊരു ബലം....'
ഭാരതിയമ്മ തോളില്‍ക്കിടന്ന ചെറിയ ലെതര്‍ ബാഗ് തുറന്ന് നൂറിന്റെ അ#്ച് നോട്ടുകളെടുത്ത് എണ്ണി ചുരുട്ടിയ ശേഷം കനകമ്മയുടെ കൈയില്‍ വച്ചുകൊടുത്തു.
ബാഗ് തുറക്കുകയും പഴ്‌സ് എടുക്കുകയും ചെയ്തപ്പോള്‍ കനകമ്മയുടെ കണ്ണുകള്‍ വിടര്‍ന്നു. കുറഞ്ഞത് രണ്ടായിരമെങ്കിലും പ്രതീക്ഷിക്കുകയും ചെയ്തു. അഞ്ഞൂറിലൊതുങ്ങിയപ്പോള്‍ ആകെ നിരാശയായി. പിന്നെ, ഉള്ളതാകട്ടെ എന്നു കരുതി.
'ശരി....'
ഭാരതിയമ്മ മരുന്നിന്റെ മണമുള്ള നീളന്‍ ഇടനാഴിയിലൂടെ നടന്നു. കനകമ്മ സ്‌റ്റെപ്പുകള്‍ കയറി രമണന്റെ മുറിയിലേക്കും.
ഹരിശ്ചന്ദ്രന്‍ നായരും സാവിത്രിയമ്മയും സീമയും മുറിയിലെത്തുമ്പോള്‍ ബാത്ത്‌റൂമിനു പുറത്തെ വാഷ്‌ബേസിനിലേക്ക് വലിയ ശബ്ദത്തോടെ ശ്യാമള ഛര്‍ദിക്കുകയാണ്. വീണ്ടും ഛര്‍തിക്കാനൊരുങ്ങിയപ്പോള്‍ നായര്‍ പറഞ്ഞു:
'അതും ഒരു മനുഷ്യജന്മമല്ലേ, നോക്കിനില്‍ക്കാതെ ആരെങ്കിലും ഒരാള്‍ ആ പുറമൊന്ന് തിരുമ്മിക്കൊടടീ....'
നായര്‍ ഒന്നും മനസില്‍ വച്ചു പറഞ്ഞതല്ല. പക്ഷേ, സാവിത്രിയമ്മയ്ക്ക് അത് കൊണ്ടു.
അവര്‍ പല്ലിറുമ്മി നായരെ നോക്കി, കൊല്ലുന്ന നോട്ടം.
കാര്യങ്ങള്‍ ഇവിടെവരെയെത്തി, ഞാനാണ് മണ്ടി. ഇനി ഒരു നിമിഷം ഇവിടെ നിന്നുകൂടാെ. വേലക്കാരിയുടെ പേറുകൂടി ഞാന്‍ എടുക്കേണ്ടി വരും. ഒരുളുപ്പുമില്ലാതെ പറഞ്ഞതു കേട്ടില്ലേ. എല്ലാം സഹിച്ചു സഹിച്ച് ക്ഷമിച്ച് നിന്നേക്കാമെന്നു കരുതിയപ്പോള്‍ തലേല്‍ക്കേറി നെരങ്ങുന്നു.
സാവിത്രിയമ്മ ചുട്ടുപൊള്ളുകയായിരുന്നു. ഇനി ഒരു നിമിഷം ഇവിടെ നിന്നുകൂടാ. അവര്‍ വാതില്‍ വലിച്ചുതുറന്ന് പറത്തേക്കു കുതിച്ചു.
പിന്നാലെ സീമയും.
'അമ്മേ, എവിടെ പോകുന്നു?'
'പോകുന്നവരൊക്കെ പോട്ടെടീ.'
നായരും വിട്ടുകൊടുത്തില്ല.
സാവിത്രിയമ്മ പുറത്തിറങ്ങിയപ്പോള്‍ ഭാരതിയമ്മ ഇടനാഴിയിലൂടെ ഇടത്തോട്ട് തിരിയാന്‍ തുടങ്ങുകയായിരുന്നു.
'ചേച്ചീ, നില്‍ക്ക് ഞാനും വരുന്നു....'
ശബ്ദം കേട്ട് ഭാരതിയമ്മ നിന്നു.
സീമ പലവട്ടം വിളിച്ചിട്ടും സാവിത്രിയമ്മ തിരിച്ചുപോലും നോക്കിയില്ല.
സീമ റൂമിലെത്തുമ്പോള്‍ പവന്‍കുമാറിന്റെ കോള്‍. ജനലിന്റെ വെളുമ്പത്ത് നിന്ന് മൊബൈലെടുത്തു. രണ്ട് മിസ്ഡ് കോള്‍. എല്ലാം പവന്‍കുമാറിന്റേതു തന്നെ. അമ്മയുടെ പിന്നാലെ ഓടിയ സമയത്ത് വന്നതാണ്.
അവള്‍ നീല ബട്ടന്‍ കുത്തി ഫോണ്‍ ചെവിയോടു ചേര്‍ത്തു.
'ഞാന്‍ താഴെ നില്‍പ്പുണ്ട്. പെട്ടെന്ന് ഇറങ്ങി വാ....'
'ചേട്ടാ, അത്.... അമ്മ....'
സീമ വിക്കി.
'ഉവ്വ്, മനസിലായി.... കെട്ടിയവനെയും തല്ലുന്ന നിന്റെ തലതെറിച്ച അമ്മായിയുടെ കൂടെ പോകുന്നതു കണ്ടു. എന്നെ കണ്ടില്ല.'
'ചേച്ചിയെ ഇപ്പോള്‍ റൂമിലേക്ക് കൊണ്ടുവരും. അതു കഴിഞ്ഞിട്ടു പോരേ?'
'പോരാ, ഇപ്പോള്‍, ഈ നിമിഷം വേണം.'
'ഇവിടെ അച്ഛനും ശ്യാമളയും മാത്രമേയുള്ളൂ.'
'മതിയല്ലോ....'
പവന്‍ കുമാര്‍ പരിഹസിച്ചു.
'വരാം.'
അവള്‍ ലൈന്‍ കട്ട് ചെയ്തു.
'പൊയ്‌ക്കോ മോളേ.... രമണന്റെ അടുത്ത് നിന്ന് ദേ ഞാന്‍ ഇപ്പോള്‍ നന്ദനെയും പറഞ്ഞുവിട്ടു. നിന്നെ വിളിക്കുന്നത് നിന്റെ ഭര്‍ത്താവെങ്കില്‍, അവനെ വിളിക്കുന്നത് അവന്റെ ഭാര്യ, അതായത് എന്റെ മോള്‍ സരിത.... ഇത്രയും ദിവസമായിട്ടും അവള്‍ ഈ വഴിക്കൊന്ന് തിരിച്ചു കയറിയോ...? വേണ്ട എനിക്കാരം വേണ്ട....'
ദേഷ്യം സങ്കടത്തിനു വഴിമാറി.
'അല്ല, ഇങ്ങനെ ശിക്ഷിക്കാന്‍, ഈ അച്ഛന്‍ നിങ്ങളോട് എന്തു തെറ്റാ ചെയ്തത്...?'
നായരുടെ ശബ്ദം വല്ലാതെ ഇടറി. അതു കണ്ടപ്പോള്‍ സീമയുടെ കണ്ണ് നിറഞ്ഞു, ഉള്ളം പിടഞ്ഞു. അവള്‍ക്ക് റൂം വിട്ടു പോകാന്‍ തോന്നിയില്ല.
പക്ഷേ, വീണ്ടും കൊലവിളി പോലെ പവന്‍കുമാറിന്റെ കോള്‍.
സീമ പോകാന്‍ തുടങ്ങുമ്പോല്‍ ലേബര്‍ റൂമില്‍നിന്നു സൗമ്യയെ കൊണ്ടുവന്നു.
സൗമ്യയുടെ മുഖവും കാലുകളും നീരുവന്ന് വീര്‍ത്തിരുന്നു.
മഞ്ഞക്കളറുള്ളതു കാരണം കുഞ്ഞിനെ ഒരു ദിവസം കൂടി നഴ്‌സറിയില്‍ കിടത്തണമെന്ന് നഴ്‌സ് പറഞ്ഞു.
'രമണേട്ടന്‍ എവിടെ?'
വീല്‍ചെയറില്‍ നിന്നിറങ്ങുന്നതിനു മുന്‍പേ സൗമ്യ ചോദിച്ചു.

(തുടരും)
 
Other News in this category

 
 




 
Close Window