Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
നോവല്‍
  Add your Comment comment
(അധ്യായം 26)
kaipuzha jayakumar
സൗമ്യയുടെ ചിന്തയും നായരുടെ വഴിക്കായിരുന്നു. ഷോക്ക് ട്രീറ്റ്‌മെന്റ് ഏതായാലും വേണ്ട. അത് ഗുണത്തെക്കാളേറെ ദോഷമേ വരുത്തിവയ്ക്കൂ. ചില സംഭവങ്ങളും അവളുടെ മനസിലേക്ക് ഓടിയെത്തി.
ഫ്രണ്ട് ടെസിയുടെ ഭര്‍ത്താവ് ടിറ്റിക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുത്തിട്ട് ആകെ കുഴപ്പമായില്ലേ...
ശേഖരന്‍ ചിറ്റപ്പന്റെ അളിയന്റെ അവസ്ഥ എന്തായിരുന്നു... ഷോക്ക് കൊടുത്തതിന്റെ പിറ്റേന്നു മുതല്‍ എന്തായിരുന്നു പ്രപഞ്ചം... നാടിളക്കി പാച്ചിലല്ലായിരുന്നോ... കണ്ണില്‍ കണ്ടവരെയെല്ലാം തല്ലി പൊടിയാക്കി എല്ലാം തച്ചുടച്ച്... ഒടുവില്‍ ചങ്ങലില്‍....
ഓര്‍ത്തപ്പോള്‍ സൗമ്യയുടെ അടിവയറ്റില്‍നിന്ന് തീഗോളം മുകളിലേക്ക് ഇരച്ചുകയറി...
ആയുര്‍വേദം നോക്കാം, അതുമതി.
അതിനുശേഷം ചോറ്റാനിക്കര അമ്പലത്തില്‍ പതിനഞ്ച് ദിവസം ഭജനമിരുത്തണം. മാറും, എല്ലാം മാറും. രമണേട്ടനെ പഴയതു പോലെ തനിക്കു തിരിച്ചു കിട്ടും. ഉറപ്പാ. ഇതിനെക്കായിലും മോശം കണ്ടീഷനിലുണ്ടായിരുന്ന എത്രയോ പേര്‍ ചോറ്റാനിക്കരയില്‍ ഭജനമിരുന്ന് രക്ഷപെട്ടിരിക്കുന്നു. ശ്രീദേവി അപ്പച്ചി എന്തെല്ലാം കഥകളാണ് പറഞ്ഞിരിക്കുന്നത്. വിളിച്ചാല്‍ വിളി കേള്‍ക്കുമത്രെ, അത്രയ്ക്ക് അച്ചട്ടാ....
പക്ഷേ, മൂന്നു മാസമെങ്കിലും കഴിയാതെ തനിക്ക് എങ്ങനെ രമണേട്ടന് കൂട്ടുപോകാന്‍ കഴിയും?
താനില്ലാതെ രമണേട്ടനെ തനിച്ച് അയയ്ക്കാന്‍ പറ്റില്ല. രമണേട്ടന്റെ അമ്മയുടെ കൂടെ അയച്ചാല്‍ ഉള്ള അസുഖം കൂടത്തേയുള്ളൂ. പിന്നെ തന്റെ അമ്മ.... എപ്പഴാ സ്വഭാവം മാറുന്നതെന്ന് എങ്ങനെ പറയാന്‍ കഴിയും...!
'മോള് കുഞ്ഞിന്റെ അടുത്തേക്ക് പൊയ്‌ക്കോ, ഞാന്‍ ഡോക്ടറെ കണ്ടിട്ട് വരാം.'
ഡോക്ടറുടെ റൂമിന്റെ അടുത്തെത്തിയപ്പോള്‍ ഹരിശ്ചന്ദ്രന്‍ നായര്‍ പറഞ്ഞു.
'വേണ്ട, ഞാന്‍ കൂടി വരാം. ഡോക്ടര്‍ എന്താ പറയുന്നതെന്ന് അറിയാമല്ലോ... ഷോക്ക് അടിപ്പിക്കാന്‍ ഞാന്‍ സമ്മതിക്കത്തില്ല....'
'ചികിത്സ നമ്മള്‍ അല്ലല്ലോ വിധിക്കുന്നത്, ഡോക്ടര്‍ അല്ലേ...? നമ്മള്‍ അതിനു വിധേയരാകുകയല്ലേ ചെയ്യുന്നത്....'
'അതൊന്നും എനിക്കറിയില്ല... ഏതായാലും രമണേട്ടന് ഷോക്ക് കൊടുക്കാന്‍ പറ്റത്തില്ല.... ആയുര്‍വേദം മതി, പിന്നെ ചോറ്റാനിക്കര അമ്പലത്തില്‍ ഭജനമിരിപ്പും.'
സൗമ്യ തുറന്നുപറഞ്ഞു.
'നീയും അമ്മയെ പോലെ പഴഞ്ചനാകുകയാണോ? അച്ഛനെ തിരുത്തേണ്ട നീ എന്താ ഇങ്ങനെ ഭജനമിരിപ്പിന്റെ പിന്നാലെ പായുന്നത്. .. ആയുര്‍വേദം നല്ലതാ. പക്ഷേ, കാലമേറെയെടുക്കും കുറയാന്‍. നമുക്കിവിടെ ആവശ്യം എത്രയും പെട്ടെന്ന് കുറയുന്നോ അത്രയും നല്ലത്... രമണന്‍ ജീവിതം തുടങ്ങിയിട്ടേയുള്ളൂ... പിന്നേ ചോറ്റാനിക്കരേല്‍ ഭജന... അങ്ങനെയാണേല്‍ ആശുപത്രിയും മരുന്നും ഒന്നും വേണ്ടല്ലോ. പിന്നെ മനസിനു ധൈര്യം കിട്ടുമെങ്കില്‍ ദൈവത്തെയല്ല, ചെകുത്താനെ വരെ കൂട്ടുപിടിക്കാം... അതില്‍ തെറ്റില്ല....'
നായര്‍ ഇത്തിരി ശബ്ദമുയര്‍ത്തി പറഞ്ഞു.
'അച്ഛന്‍ എതിര് പറയണ്ട, ഞാന്‍ എല്ലാം തീരുമാനിച്ചു....'
സൗമ്യയുടെ ശബ്ദം ഉറച്ചതായിരുന്നു.
'മോളേ... അത്... അലോപ്പതി പോലെയല്ല, ആയുര്‍വേദത്തിന് ഇന്നത്തെ കാലത്ത് ചെലവ് ഏറെയാണ്. എങ്ങനെ താങ്ങും... അവന് ശമ്പളം കിട്ടില്ല. ജോലിയുടെ നിലയും പരുങ്ങലിലാ... നിന്റെ ഒരാളുടെ വരുമാനം കൊണ്ട് എല്ലാം നടക്കുമോ?'
നായര്‍ ആശങ്ക പ്രകടിപ്പിച്ചു.
'എനിക്കറിയാം... അല്ലേലും അച്ഛന് പൈസയുടെ കാര്യത്തിലാ കാര്യം....'
സൗമ്യയുടെ ശബ്ദം പതറി, കണ്ണുകള്‍ നിറഞ്ഞു.
'മോളേ, അതല്ല അച്ഛന്‍ ഉദ്ദേശിച്ചത്. ഞാന്‍ പ്രായോഗികമായി ചിന്തിച്ചപ്പോള്‍....'
നായര്‍ക്ക് പറഞ്ഞത് അബദ്ധമായെന്നു തോന്നി.
'അച്ഛനും അമ്മയ്ക്കും എപ്പോഴും അനിയത്തിമാരോടാ കാര്യം... ഞാന്‍ എങ്ങാണ്ടുനിന്ന് ഒഴുകിവന്നത് പോലെ... ഇപ്പോഴത്തെ കാര്യമല്ല, പണ്ടു മുതലേ അങ്ങനെയാ... എനിക്കു തന്നതിന് ഇരട്ടി കൊടുത്താ അവരെ രണ്ടു പേരെയും കെട്ടിച്ചത്....'
'ശ്... ശ്... പതുക്കെ... ആരെങ്കിലും കേള്‍ക്കും... നീ എന്തിനാ വെറുതേ എഴുതാപ്പുറം വായിക്കുന്നത്...?'
'അച്ഛന് ചെയ്യാം... ഞാന്‍ പറയുമ്പോഴാ പിണക്കം... അമ്മയും കണക്കാ... വേറേ ഏതെങ്കിലും തള്ളാരായണെങ്കില്‍ എന്നെ ഇതുപോലെയൊരു അവസ്ഥയില്‍ കണ്ടപ്പോള്‍ തനിച്ചാക്കിയിട്ട് പോകുമോ...?'
'അത് നീ നിന്റെ അമ്മയോട് ചോദിക്കേണ്ട ചോദ്യമാ.'
'അച്ഛന്‍ കാരണമാ അമ്മ എനിക്ക് അന്യയായത്.'
'ഇപ്പ ആ കുറ്റവും എന്റെ തലയിലായോ...?'
നായര്‍ക്ക് ചൂട് പിടിച്ചു....
'അച്ഛന്‍ തന്നെയാ കുറ്റക്കാരന്‍....'
സൗമ്യ തറപ്പിച്ച് പറഞ്ഞു.
'ദേ, എന്നൈക്കാണ്ടൊന്നും പറയിക്കേണ്ട, ആശുപത്രിയാ... പിന്നെ ഒരച്ഛന് മകളോട് പറയുന്നതില്‍ ചില പരിമിതി ഒക്കെയുണ്ട്. അതുകൊണ്ട് ഞാന്‍ പലതും അങ്ങ് അടക്കിപ്പിടിക്കുവാ.. എല്ലാം വാരി പുറത്തിടാന്‍ അവസരം ഒരുക്കരുത്... പറഞ്ഞേക്കാം....'
നായര്‍ ജ്വലിച്ചുയര്‍ന്നപ്പോള്‍ സൗമ്യ അടങ്ങി.
ഇനി നായര്‍ എന്താണ് പറയാന്‍ പോകുന്നതെന്ന് അവള്‍ക്ക് അറിയാം.
രമണേട്ടന്റെ അമ്മയാ ഈ പുകിലൊക്കെ ഉണ്ടാക്കാന്‍ കാരണം... രമണേട്ടന് കുട്ടികളുണ്ടാകില്ലെന്ന കാര്യം ആ മൂശേട്ട തള്ള അമ്മയുടെ മുന്നില്‍ വിളമ്പിയതോടെയാ പ്രശ്‌നങ്ങളൊക്കെ ഉണ്ടായത്... ഒരു കുട്ടിയെ ദത്തെടുത്താല്‍ പോരേന്ന് ഡോക്ടര്‍ ചോദിച്ചതാ... പക്ഷേ, താന്‍ സമ്മതിച്ചില്ല. തന്റെ അതിബുദ്ധി പ്രതീക്ഷിക്കാത്ത പലതിനും കളമൊരുക്കി. ഒടുവില്‍... തന്റെ എല്ലാമായ രമണേട്ടന്‍....
ഇനി എന്തൊക്കെയായിരിക്കും സംഭവിക്കുക....!
ഒരു കുഞ്ഞിനെ ആഗ്രഹിച്ചത് തെറ്റാണോ?
വിവാഹിതയായ ഏതു സ്ത്രീയാണ് ഒരു കുഞ്ഞിനു ജന്മം കൊടുക്കാന്‍ ആഗ്രഹിക്കാത്തത്....
നായര്‍ ഡോക്ടറുടെ ക്യാബിനു മുന്നിലെ ഡോറിനു മുകളിലൂടെ തല നീട്ടിയപ്പോള്‍ നഴ്‌സ് ഇറങ്ങിവന്നു.
'ഇത്തിരി കൂടി വെയ്റ്റ് ചെയ്യണേ, അകത്ത് ആളുണ്ട്. ഇപ്പോള്‍ വിളിക്കാം....'
ഇടനാഴിയില്‍ നിരത്തിയിട്ട ബ്ലാക്ക് ഫൈബര്‍ കസേരകളില്‍ ഒന്നില്‍ നായര്‍ ഇരുന്നു, അടുത്തായി സൗമ്യയും.
രണ്ട് ജോഡി ലേഡീസ് ചെരുപ്പ് ഡോക്ടറുടെ റൂമിനു പുറത്ത് കിടപ്പുണ്ട്. ഒന്ന് കാഴ്ചയില്‍ ഭംഗിയുള്ളതും ഹൈ ഹീല്‍ഡും മറ്റൊന്ന് പഴകി ദ്രവിച്ചതും വികൃതമായതും.
ഇത്തിരി കഴിഞ്ഞപ്പോള്‍ ഡോക്ടറുടെ ക്യാബിനില്‍നിന്ന് ബ്ലൂ ജീന്‍സും അതിനിണങ്ങുന്ന ടീഷര്‍ട്ടും ധരിച്ച സുന്ദരിയായ യുവതി പ്രായമായ സ്ത്രീയെയും താങ്ങി പുറത്തുവന്നു.
അമ്മയും മകളുമായിരിക്കുമോ?രൂപത്തിലും ഭാവത്തിലും ആ സാദൃശ്യമില്ല.
പിന്നെ...?
നായര്‍ ചിന്തിച്ചു.
അല്ല, ആരായാലും തനിക്കെന്താണ്... നായര്‍ വിഷയം വിട്ടു.
ഹാഫ് ഡോറിന് അപ്പുറം നഴ്‌സിന്റെ തല കണ്ടു.
അവര്‍ ഡോക്ടറുടെ മുന്നിലെത്തി.
'പ്രതീക്ഷിച്ച ഇംപ്രൂവ ്‌മെന്റ് കാണുന്നില്ല അതാണ്...'
ആമുഖങ്ങളില്ലാതെ ഡോക്ടര്‍ നലിനാക്ഷന്‍ പറഞ്ഞുതുടങ്ങി.
'ഷോക്ക് ട്രീറ്റ്‌മെന്റ് വേണ്ട....'
എടുത്തടിച്ചതുപോലെ സൗമ്യ പറഞ്ഞു കഴിഞ്ഞു.
ആ രീതിയിലുള്ള സംസാരം ശരിയായില്ലെന്ന് നായര്‍ക്ക് തോന്നാതിരുന്നില്ല. എങ്കിലും നായര്‍ മറുത്തൊന്നും പറഞ്ഞില്ല. എല്ലാം കനപ്പിച്ച ഒരു നോട്ടത്തില്‍ ഒതുക്കി.
'ഞാന്‍ അതിന് ഷോക്ക് ട്രീറ്റ്‌മെന്റിനെക്കുറിച്ച് പറഞ്ഞില്ലല്ലോ...'
ഡോക്ടര്‍ ചിരിച്ചുകൊണ്ട് വളരെ സൗമ്യമായി പറഞ്ഞു.
'അവളുടെ വിഷമം കൊണ്ട് പെട്ടെന്ന്... മകളാണ്.... അവളുടെ ഹസ്ബന്റാണ് പേഷ്യന്റ്....'
ഡോക്ടര്‍ക്ക് മറ്റൊന്നും തോന്നാതിരിക്കാനായി നായര്‍ ഇടയ്ക്കു കയറി പറഞ്ഞു.
'ഡെലിവറി കഴിഞ്ഞ് ഇവിടെ അഡ്മിറ്റാണ് അല്ലേ... എനിക്കറിയാം... മെന്റല്‍ ചികിത്സയുടെ പ്രത്യേകത അതാണ്, പേഷ്യന്റിനെ മാത്രം ചികിത്സിച്ചിട്ടു കാര്യമില്ല. അവരുമായി അടുത്ത് ഇടപഴകുന്നവര്‍ക്കാണ് ഏറെ ചികിത്സ നല്‍കേണ്ടത്. മരുന്നിന് ഒരു പരിധിയുണ്ട്....'
ഡോക്ടര്‍ നളിനാക്ഷന്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമേ ഈ ഹോസ്പിറ്റലില്‍ വരാറുള്ളൂ. കൂടുതലും എത്തുന്നത് ചില സ്‌പെഷ്യല്‍ കേസുകളുടെ റഫറന്‍സുമായി ബന്ധപ്പെട്ടാണ്. നായര്‍ക്കും ഡോക്ടറെ അത്ര പരിചയമില്ല. ഒരിക്കലേ കണ്ടിട്ടുള്ളൂ. അതും മറ്റ് ഡോക്ടര്‍മാര്‍ക്കൊപ്പം. രമണനെ നോക്കിക്കൊണ്ടിരുന്നത് ഒരു ലേഡി ഡോക്ടറാണ്.
'സൗമ്യ ഇരിക്ക്...'
ഡോക്ടറുടെ മുഖത്ത് അപ്പോഴും ചിരി നിറഞ്ഞു നിന്നു.
നായരുടെ കസേരയില്‍ ഉരുമ്മി നിന്ന അവള്‍ ഒരു കസേരയുടെ വെളുമ്പത്ത് ഇരുന്നതായി വരുത്തി.
'സൗമ്യയുടെ ഭര്‍ത്താവിനെ സുഖപ്പെടുത്താന്‍ ഒരുപക്ഷേ എനിക്ക് കഴിയും. പക്ഷേ, അഥിന് എന്റേതായ ചില ചികിത്സാരീതികളൊക്കെ വേണ്ടിവരും. അതില്‍ ചിലപ്പോള്‍ ഷോക്ക് ട്രീറ്റ്‌മെന്റും ഉണ്ടാകാം. എല്ലാ ദിവസവും ഇവിടെ വരാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് തൃശൂരിലെ എന്റെ സ്വന്തം ഹോസ്പിറ്റലിലേക്ക് മാറ്റി തന്നാല്‍.... പിന്നെ റിസല്‍റ്റിന് നൂറു ശതമാനം ഗാരന്റി ഞാന്‍ പറയുന്നില്ല.... മെഡിക്കല്‍ സയന്‍സ് പരാജയപ്പെട്ട സംഭവങ്ങളും ഇല്ലാതില്ല... നമുക്കൊന്ന് പരീക്ഷിച്ചുകൂടേ...?'
ഡോക്ടര്‍ പറഞ്ഞുനിര്‍ത്തുമ്പോള്‍ ലാന്‍ഡ് ഫോണ്‍ ശബ്ദിച്ചു.
നഴ്‌സ് വന്നു പറഞ്ഞു.
'സാറിനാ....'
ഡോക്ടര്‍ ചുവന്ന റിസീവറെടുത്ത് കൂടുതലായി ഒന്നും സംസാരിക്കാതെ എല്ലാം മൂളലിലൊതുക്കി റിസീവര്‍ വച്ചു.
'എന്തു പറയുന്നു? സൗമ്യയും അച്ഛനും....'
'വേണ്ട, എന്റെ ഹസ്ബന്‍രിനെ ഞാന്‍ ഡിസ്ചാര്‍ജ് ചെയ്ത് വീട്ടില്‍ കൊണ്ടുപോകുകയാ... പ്ലീസ്, അതിനു ഡോക്ടര്‍ സമ്മതിക്കണം.'
സൗമ്യ എഴുന്നേറ്റ് നിറകണ്ണുകളോടെ കൈകൂപ്പി നിന്നു.
'മോളേ, നീ ഇവിടെ ഇരിക്ക്... നമുക്ക് രമണന്റെ അസുഖം മാറ്റണ്ടേ. എന്തിനും പരിഹാരമുണ്ടാകാതിരിക്കുമോ?'
നായര്‍ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലായി.
'വേണ്ട, എനിക്ക് ഇതില്‍ കൂടുതലായി ഒന്നും പറയാനില്ല....'
അവള്‍ ഹാഫ് ഡോര്‍ തള്ളിത്തുറന്ന് പുറത്തിറങ്ങി കുഞ്ഞിന്റെ അരികിലേക്കു കുതിച്ചു.
കുറച്ചു നേരത്തേക്ക് എല്ലാം മറന്നു, കുഞ്ഞിന്റെ കാര്യം പോലും.
പോരുമ്പോള്‍ ഇത്തിരി കുറുകുറുപ്പുണ്ടായിരുന്നു. ശ്യാമള നോക്കിക്കോളും. എന്നാലും ഇത്രയും വൈകരുതായിരുന്നു.
ട്രോളിയില്‍ ഓക്‌സിജന്‍ സിലിണ്ടറും തള്ളിക്കൊണ്ട് ഒരു അറ്റന്‍ഡറും നഴ്‌സും അതിവേഗത്തില്‍ വരുന്നത് സൗമ്യ കണ്ടു.
ഇവര്‍ എങ്ങോട്ടായിരിക്കും?
പിന്നാലെ ഡോക്ടറും ഓടി വരുന്നുണ്ട്.
അവര്‍ക്ക് കടന്നുപോകാനായി സൗമ്യ ഇടനാഴിയുടെ ഓരം ചേര്‍ന്നു നിന്നു.
പക്ഷേ...
ഓക്‌സിജന്‍ സിലിണ്ടര്‍ തന്റെ മുറിയിലേക്കാണെന്നുള്ള തിരിച്ചറിവ് സൗമ്യയെ ഞടുക്കി. ഒരു നിമിഷം അവലുടെ കാലുകള്‍ തറഞ്ഞു പോയി.
(തുടരും)
 
Other News in this category

 
 




 
Close Window