Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
നോവല്‍
  Add your Comment comment
(അധ്യായം 21)
Kaipuzha Jayakumar
'ഭര്‍ത്താവിനിട്ട് മാത്രമല്ല, വേണ്ടിവന്നാല്‍ നിങ്ങള്‍ക്കിട്ട് രണ്ടും തരാനും എനിക്കു മടിയില്ല... കൊള്ളാവുന്ന പെണ്ണുങ്ങളോട് നിങ്ങള്‍ മുട്ടിയിട്ടില്ല... സാവിത്രിയും മക്കളും പോലെയല്ല ഞാന്‍. ഇടഞ്ഞാല്‍ സര്‍വത്ര പിഴയാ....'
ഭാരതിയമ്മ ജ്വലിച്ചു.
'പിന്നേ, നീ ഞൊട്ടും.... നെനക്കിട്ട് രണ്ട് തരാന്‍ എന്റെ ഈ ആരോഗ്യമൊക്കെ മതിയെടീ ചൂലേ....'
കനകമ്മയ്ക്കും വിട്ടുകൊടുക്കാന്‍ ഭാവമില്ല.
ഭാരതിയമ്മ പല്ലിറുമ്മി.
'കാഷായ പിശാച്... വെറുതേയല്ല മകന് വട്ടായത്... മുരുകനെ കൈക്കുമ്പിളില്‍ കൊണ്ടുനടക്കുവല്ലേ. എന്നാല്‍, വിളിച്ച് താഴെയിറക്കി മകന്റെ ഭ്രാന്ത് നുള്ളിയെടുത്ത് കളയാന്‍ മേലായിരുന്നോ....'
'ഇതു ദൈവം വരുത്തിയ ഭ്രാന്തല്ല. നെന്റെ നാത്തൂനും കെട്ടിവനും മക്കളും എല്ലാവരും കൂടി ഉണ്ടാക്കിയതാ... എന്റെ കൊച്ചിനെ ഭ്രാന്തനാക്കിയാല്‍ അല്ലേ അവള്‍ക്ക് തോന്നിയിടം വഴി നെരങ്ങി ഓരോന്ന് ഒപ്പിച്ചു വയ്ക്കാനൊക്കൂ....'
ശത്രുവിന്റെ ശത്രു മിത്രമാണ്... ഹരിശ്ചന്ദ്രന്‍ നായരെ മുട്ടുകുത്തിക്കാന്‍ ഈ തള്ളേടെ സപ്പോര്‍ട്ട് നല്ലതാ....
പക്ഷേ, മൊരട്ട് കിഴവിയാ, ഒരു വായ് പോയ കോടാലി. എപ്പോഴാ എങ്ങനെയാ പ്രതികരിക്കുകയെന്നു പറയാന്‍ കഴിയില്ല. തനിക്കുള്ളതിനെക്കാള്‍ കൂടുതല്‍ പക ഇവര്‍ക്കു നായരോടുണ്ട്....
നോക്കാം....
ഭാരതിയമ്മയുടെ ചിന്തയില്‍ പൂത്തിരി കത്തി.
ഒന്നു ശ്രമിച്ചു നോക്കാം.
'അല്ല, ചേച്ചി ഇത്രയൊക്കെയല്ലേ പറഞ്ഞൊള്ളൂ... സാരമില്ല, ഞാന്‍ അതങ്ങു സഹിച്ചു. മോനേ ഈ പരുവത്തിലാക്കിയിട്ടിരിക്കുമ്പോള്‍ ആരാ നില മറന്ന് സംസാരിക്കാത്തത്... ഞാനോ മറ്റോ ആയിരുന്നെങ്കില്‍ കൊലപാതകമുണ്ടായേനേ....'
കനകമ്മയെ കൂടെ നിര്‍ത്താനായി ഭാരതിയമ്മ നാവ് വളച്ചു.
അവരുടെ നയം മാറ്റം നന്ദനില്‍ ഭീതി ജനിപ്പിച്ചു.
രണ്ടു കോടാലിയും കൂടി ഒന്നാകുകയാണോ....
രണ്ടു പേരെയും ഈ മുറിയില്‍ നിന്നൊഴിവാക്കാന്‍ എന്താ ഒരു വഴി.
ഇവര്‍ ഇവിടെ നിന്നതുകൊണ്ട് യാതൊരു ഗുണവുമില്ലെന്നു മാത്രമല്ല, കുഴപ്പങ്ങള്‍ എറേയുണ്ടു താനും.
അച്ഛന്‍ വരുന്നതിനു മുന്‍പ് രണ്ടു പേരെയും കൂടി പായ്ക്ക് ചെയ്യുന്നതാ ബുദ്ധി.
പക്ഷേ, എങ്ങനെ സാധിക്കും?
രണ്ടും പാഷാണത്തില്‍ കൃമികളല്ലേ....
നന്ദന്‍ വിയര്‍ത്തു....
കണ്ണു തുറന്നു കിടക്കുന്നതല്ലാതെ രമണന്‍ ഒന്നും കാണുന്നില്ലെന്ന് ആ മുഖം കണ്ടാലറിയാം.മുകളില്‍ കറങ്ങുന്ന ബ്രൗണ്‍ നിറമുള്ള ഫാനിന്റെ ലീഫിലാണ് അവന്റെ ദൃഷ്ടി.
കറങ്ങിത്തിരിയുന്ന ഫാന്‍ ലീഫുകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതു പോലെ....
'രമണന് എന്നെ മനസിലായോ...?'
രമണന്റെ ബെഡ്ഡിനരികിലെത്തി അവന്റെ കരം ഗ്രഹിച്ചുകൊണ്ട് ഭാരതിയമ്മ മൃദുവായി ചോദിച്ചു.
മിഴിച്ചു നോക്കിയതല്ലാതെ അവന്‍ മറുപടിയൊന്നും പറഞ്ഞില്ല.
'നെന്റെ കെട്ടിവളുടെ അമ്മയായിയാ... ആള് വക്കീല്...'
കനകമ്മ സഹായത്തിനെത്തി. ദൈവമേ, അവര്‍ രണ്ടു പേരും ഒന്നായിക്കഴിഞ്ഞു.
ഇതെന്തു മറിമായം...!
നന്ദന്‍ പിറുപിറുത്തു.
'ഇവിടെ കിടന്നിട്ട് കുറവില്ലെങ്കില്‍ നമുക്കു മറ്റെവിടെയെങ്കിലും കൊണ്ടുപോകാം... ചേച്ചി എന്തു പറയുന്നു...?'
ഭാരതിയമ്മയുടെ ചോദ്യം കേട്ടപ്പോള്‍ കനകമ്മയ്ക്കു സന്തോഷമായി.
കനകമ്മയും അതാണ് പ്രതീക്ഷിച്ചത്. പക്ഷേ, ആരുടെയെങ്കിലും സഹായമില്ലാതെ സാധിക്കില്ലെന്ന് അവര്‍ക്കറിയാം. അതുകൊണ്ട് മിണ്ടാതിരുന്നെന്നു മാത്രം.
എന്നാലും... ഭാരതിയമ്മയുടെ വാക്കുകളെ അത്ര്കണ്ട് വിശ്വസിക്കാന്‍ കനകമ്മ തയാറായില്ല.
വേറേ ആശുപത്രിയില്‍ കൊണ്ടുപോകാനെന്നും പറഞ്ഞ് തന്റെ കൊച്ചിനെ ഇവിടെനിന്നു കൊണ്ടുപോയി തട്ടിക്കളയാനോ മറ്റോ ആണോ?
കനകമ്മ ചിന്തിച്ചു.
'പൈസയെക്കുറിച്ചൊന്നും ഓര്‍ത്ത് ചേച്ചി ബുദ്ധിമുട്ടണ്ട. അതൊക്കെ നമുക്കു ശരിയാക്കാം... ഇങ്ങനെയായതിന്‍രെ കാരണമെന്താണെന്ന് നമുക്ക് അറിയണമല്ലോ... ഇതെന്നാ വെള്ളരിക്കാപ്പട്ടണമോ?'
ഞാനും അതു തന്നെയാ പറയുന്നത്, എങ്ങനെ നടന്ന കൊച്ചാ... രണ്ടു ദിവസം കാണാതായിട്ട് തിരിച്ച് കിട്ടുമ്പോള്‍ ഏനക്കേടായെന്നു പറഞ്ഞാല്‍ എങ്ങനെയാ വിശ്വസിക്കുക?
കനകമ്മയും അതു തന്നെ ചോദിച്ചു.
'ഡോക്ടര്‍ വരട്ടെ, ഞാന്‍ സംസാരിക്കാം. ഇംഗ്ലീഷ് ചികിത്സ പറ്റിയില്ലെങ്കില്‍ ആയുര്‍വേദം നോക്കാം.... ചേച്ചി എന്റെ കൂടെ നിന്നാലേ ഇതൊക്കെ നടക്കൂ, അല്ലെങ്കില്‍ എനിക്കെന്താ കാര്യമെന്ന് ചോദിച്ച് ദേ ഇവനും ഇവന്റെ കെട്ടിവളുടെ ആള്‍ക്കാരും കൂടെ കൂടി എന്നെ പമ്പ കടത്തും....'
നന്ദനെ നോക്കി ഭാരതിയമ്മ പറഞ്ഞു.
രമണേട്ടനെ കൊണ്ടുപോകാനുള്ള നീക്കമാ നടക്കുന്നത്. അച്ഛന്‍ വരുന്നതിനു മുന്‍പ് രണ്ടും കൂടി സ്ഥലം വിട്ടാല്‍ തടിക്ക് കേടു കൂടാതെ കിട്ടും. അല്ലെങ്കില്‍ ചെലപ്പോള്‍ കൊട്ടേല്‍ വാരേണ്ടി വരും. നീറുകടിച്ചതു പോലെയാ അച്ഛന്റെ നടപ്പ്...
നന്ദന്‍ പിറുപിറുത്തു.
'നീ വല്ലതും പറഞ്ഞോ?'
നന്ദന്‍ പിറുപിറുക്കുന്നതു കേട്ടപ്പോള്‍ ഭാരതിയമ്മ ചോദിച്ചു.
'അല്ല, മരുന്നു കൊടുത്ത് തുടങ്ങിയതല്ലേ, റിസല്‍റ്റ് കിട്ടാന്‍ വൈകും.'
നന്ദന് പറയാതിരിക്കാനായില്ല.
'ഇത്രയും ദിവസമായിട്ട് എന്തെങ്കിലും ഇംപ്രൂവ്‌മെന്റ് നിനക്ക് ഫീല്‍ ചെയ്‌തോ...?'
'അത്....'
നന്ദന്‍ പരുങ്ങി.
'ശരിക്കും ഇത് പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷഇക്കേണ്ട സംഭവമായിരുന്നു. കാണാതായ ആള്‍ മടങ്ങിയെത്തിയത് മെന്റല്‍ പേഷ്യന്റായിട്ടാണെങ്കില്‍ അതിന്റെ പിന്നില്‍ എന്തോ സംഭവിച്ചിട്ടുണ്ട്. ആരാണ് പ്രവര്‍ത്തിച്ചതെന്ന് അറിയണ്ടേ...?'
'അറിയേണ്ട....'
ചോദ്യം നന്ദനോടായിരുന്നെങ്കിലും ഉത്തരം പറഞ്ഞത് അപ്പോള്‍ അങ്ങോട്ടു കൈയില്‍ വലിയ ചുവന്ന ഫഌസ്‌കുമായി കയറി വന്ന ഹരിശ്ചന്ദ്രന്‍ നായരാണ്.
പുറത്തേക്കിറങ്ങിയ നായര്‍ അത്ര പെട്ടെന്ന് മടങ്ങിവരുമെന്ന് നന്ദനും കരുതിയില്ല.
നായര്‍ ഫഌസ്‌ക് സ്റ്റൂളില്‍ വച്ചപ്പോള്‍ രമണന്റെ കണ്ണുകള്‍ തിളങ്ങി.
അവന്‍ ഫഌസ്‌ക് എടുക്കാന്‍ കൈ നീട്ടി. പെട്ടെന്ന് നന്ദന്‍ ഓടി വന്ന് ഫഌസ്‌കിന്റെ അടപ്പിലേക്ക് ചൂടു ചായ പകര്‍ന്ന് അവനു കൊടുത്തു.
രമണന്‍ ആര്‍ത്തിയോടെ ചായ കുടിക്കാന്‍ തുടങ്ങി.
നായരുടെ വരവ് അത്ര പെട്ടെന്ന് ഉണ്ടാകുമെന്ന് കരുതാത്തതുകൊണ്ട് ഭാരതിയമ്മ ഒരു നിമിഷം ചൂളി.
എങ്കിലും തോറ്റു കൊടുക്കാന്‍ മനസില്ലാത്തതുകൊണ്ട് അവര്‍ വായ തുറന്നു.
'ഹരിശ്ചന്ദ്രന്‍ നായരുടെ ഇഷ്ടത്തിന് വ്യാഖ്യാനിക്കാനുള്ളതല്ല ഈ നാട്ടിലെ നിയമം. പണ്ടെങ്ങോ പോലീസായതുകൊണ്ട് എന്തും ആകാമെന്നുള്ള തോന്നല്‍ ഉണ്ടെങ്കില്‍ അത് കൈയില്‍ വച്ചാല്‍ മതി... നാളെ ഈ ഗതി മറ്റൊരാള്‍ക്ക് ഉണ്ടാകാന്‍ പാടില്ല....'
ഭാരതിയമ്മ കവല പ്രസംഗത്തിന്റെ ശൈലിയിലായി....
'നിര്‍ത്തെടീ....'
അതൊരു അലര്‍ച്ചയായിരുന്നു.
ശബ്ദം കേട്ട് ചായ കുടിച്ചുകൊണ്ടിരുന്ന രമണന്‍ വിക്കി, തലയില്‍ കയറി. കനകമ്മ അവന്റെ തലയില്‍ മെല്ലെ തട്ടിക്കൊടുത്തു.
ഹരിശ്ചന്ദ്രന്‍ നായരുടെ കണ്ണില്‍നിന്നു തീ പറക്കുന്നതു ഭാരതിയമ്മയും നന്ദനും കണ്ടു. ഭാരതിയമ്മ വാക്കുകള്‍ക്കായി തപ്പിത്തടഞ്ഞപ്പോള്‍ നായര്‍ കുറേക്കൂടി അവരോട് മുഖാമുഖം നിന്നു.
'ലോകത്തുള്ള എല്ലാ ആണുങ്ങളും തന്റെ ഭര്‍ത്താവിനെപ്പോലെ ഉണ്ണാക്കന്‍മാരാണെന്ന് ചില അവളുമാര്‍ക്ക് ഒരു തോന്നലുണ്ട്. അതുകൊണ്ടാണ് ആണുങ്ങളെ കാണുമ്പോള്‍ ഈ മെക്കിട്ട് കേറ്റം. ഇത് ഇനം വേറെയാ... മുറിച്ചിട്ടാല്‍ മുറികൂടുന്ന ഇനം.... എനിക്ക് മുമ്പും പിമ്പും നോക്കാനില്ല, പറഞ്ഞേക്കാം.... എന്റെ ഭാര്യയെ പിടിച്ചുവച്ചിട്ട് എന്തോന്ന് ചെയ്തു? ഒരു ചുക്കും ചെയ്തില്ല. ഇതിലും വലിയ പെരുന്നാള് വന്നിട്ട് മാമി പള്ളിയില്‍ പോയിട്ടില്ല, പിന്നല്ലേ....'
നായര്‍ ഭാരതിയമ്മയെ കണക്കറ്റ് പരിസഹിച്ചു.
'കുടുംബക്കാരോട് നിങ്ങള്‍ മുട്ടിയിട്ടില്ല....'
ഭാരതിയമ്മ പല്ലിറുമ്മി.
'അതേടീ, നിന്നോടു മുട്ടാന്‍ തന്നെയാ എന്റെ തീരുമാനം... നോക്കുന്നോ.... ഈ കിടക്കുന്ന എന്റെ മരുമോനെ ഈ പരുവത്തിലാക്കിയതിന്റെ കുറ്റം ഞാനങ്ങ് ഏല്‍ക്കുന്നു... പിന്നെ വേലക്കാരിയുടെ വയറ്റിലെ കൊച്ചിന്റെ തന്ത, അതും ഞാനാ... നിനക്ക് വല്ലതും ചെയ്യാന്‍ പറ്റുമോ...?'
'ഈ രാജ്യത്ത് കോടതിയും നിയമവും ഉണ്ടോന്നു ഞാന്‍ നോക്കട്ടെ...'
അടി പറഞ്ഞു പോകുമെന്നു കണ്ടപ്പോള്‍ ഭാരതിയമ്മ ാെരിക്കല്‍ക്കൂടി നിയമത്തില്‍ പിടിത്തമിട്ടു.
രംഗം പന്തിയല്ലെന്നു കണ്ടപ്പോള്‍ നന്ദന്‍ പെട്ടെന്ന് റൂമിന്റെ പുറത്തിറങ്ങി സീമയെ മൊബൈലില്‍ വിളിച്ചു.
'സീമേച്ചീ, ഇതു ഞാനാ, നന്ദനാ.... ചേച്ചി എത്രയും വേഗം ഇങ്ങോട്ടു വന്ന് അച്ഛനെ കൂട്ടിക്കൊണ്ടു പോ, അല്ലെങ്കില്‍ അമ്മായിയെ പറഞ്ഞുവിട്. രണ്ടിലൊന്ന് ഏതായാലും വേണം.... ഇല്ലെങ്കില്‍ ഇവിടെ എന്തെങ്കിലും സംഭവിക്കും....'
'എടാ, ഞാന്‍ ഇപ്പോള്‍ അങ്ങോട്ടു വരാം... അല്ലെങ്കിലും ഞാന്‍ അങ്ങോട്ടു വിളിക്കാനിരിക്കുകയായിരുന്നു. സൗമ്യേച്ചി പ്രസവിച്ചെടാ... പെണ്ണ്. അമ്മയ്ക്കും കുഞ്ഞിനും കുഴപ്പമൊന്നുമില്ല. സുഖമായിട്ടിരിക്കുന്നു.... സിസേറിയനായിരുന്നു.... കുഞ്ഞിനെ ഇതുവരെ നമ്മളെ കാണിച്ചില്ല. കുഞ്ഞിനെ കണ്ടിട്ട് ഞാന്‍ ഉടനെ വരാം. അതുവരെ നീ ഒന്നു മാനേജ് ചെയ്യ്....'
'ഞാന്‍ എന്നാ ചെയ്യാനാ ചേച്ചി പറയുന്നത്?'
'കുഞ്ഞുണ്ടായ കാര്യ പറയ്, അപ്പോള്‍ ആ തള്ളയും അമ്മായിയും ഇങ്ങോട്ടു പോന്നോളും....'
'ശരിയാ, അതൊരു നല്ല ഐഡിയയാ...'
മുറിയിലേക്കു കടന്നുവന്ന നന്ദന്‍ ഒരു കൊച്ചുകുട്ടിയുടെ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു.
'സൗമ്യേച്ചി പ്രസവിച്ചു, പെണ്‍കുഞ്ഞ്....'
രമണനൊഴികെ എല്ലാവര്‍ക്കും അതൊരു വാര്‍ത്തയായിരുന്നു. രമണന്‍ അപ്പോഴും ഫഌസ്‌കിലെ ബാക്കി ചായ കൂടി കുടിച്ചു വറ്റിക്കാനുള്ള ശ്രമത്തിലായിരുന്നു.
ഹരിശ്ചന്ദ്രന്‍ നായരുടെ മഖത്ത് മുത്തച്ഛനായതിന്റെ തിളക്കം മിന്നി മറഞ്ഞെങ്കിലും, പെട്ടെന്ന് അത് കരിന്തിരി കത്തുന്ന നിലവിളക്ക് പോലെയായി.
ഭാരതിയമ്മയ്ക്ക് എന്തോ അത് അത്രയ്ക്കങ്ങ് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. പ്രതീക്ഷിച്ചതു പോലെയൊന്നും സംഭവിക്കാത്തതിന്റെ നിരാശ മുഖത്ത് പ്രകടമാകുകയും ചെയ്തു.
'നിന്നോട് ഇത് ആരു പറഞ്ഞു?'
'സീമേച്ചി വിളിച്ചു പറഞ്ഞതാ. പറഞ്ഞിട്ട് ഫോണ്‍ വച്ചതേയുള്ളൂ....'
രംഗം ശാന്തമായതിന്റെ സന്തോഷത്തോടെ നന്ദന്‍ പറഞ്ഞു.
'ചേച്ചി വരുന്നോ, നമുക്ക് കൊച്ചിനെ ഒന്നു കാണാം....'
ഭാരതിയമ്മ കനകമ്മയെ വിളിച്ചു.
കനകമ്മയും അതു കരുതിയിരിക്കുകയായിരുന്നു.
'അച്ഛന് പോണോ... പോയിട്ടു പോരേ....'
അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ നായരോട് നന്ദന്‍ പറഞ്ഞു.
'വേണ്ട, ഞാന്‍ ഇത്തിരി കഴിഞ്ഞ് പൊയ്‌ക്കോളാം.'
അതാണു നല്ലതെന്നു നന്ദനും തോന്നി. വെറുതേ ലേബര്‍ റൂമിന്റെ മുന്നില്‍ കിടന്ന് വഴക്കുണ്ടാക്കണ്.
അവര്‍ ചെല്ലുമ്പോഴാണ് നഴ്‌സ് കുഞ്ഞിനെ കാണിക്കാനായി പുറത്തേക്കു വന്നത്.
ഇടനാഴിയുടെ അങ്ങേത്തലയ്ക്കല്‍ എത്തുമ്പോള്‍ സാവിത്രിയമ്മയെയും സീമയെയും കാണിച്ചിട്ട് നഴ്‌സ് കുഞ്ഞിനെയും കൊണ്ട് മടങ്ങാന്‍ തുടങ്ങുകയായിരുന്നു.
'ഞങ്ങളെ കൂടി കാണിക്കണേ....'
വിളിച്ചു പറഞ്ഞുകൊണ്ട് കനകമ്മ നടപ്പിനു വേഗം കൂട്ടി.
പിന്നാലെ ഭാരതിയമ്മയും.
ലേബര്‍ റൂമിനു മുന്നില്‍ നല്ല തിരക്കായിരുന്നു. ഡെലിവറികള്‍ ഏറെയുണ്ടായ ദിവസം.
നഴ്‌സ് അവര്‍ക്കു വേണ്ടി വെയ്റ്റ് ചെയ്തു.
ഓടിയെത്തിയ കനകമ്മ കുഞ്ഞിനെ കണ്ടിട്ട് കിതപ്പോടെ പറഞ്ഞു.
എന്റെ പഴനിയാണ്ടവനാണേല്‍ സത്യം, ഇത് എന്റെ രമണന്റെ കൊച്ചല്ല. ഇത് വിത്ത് വേറെയാ....

(തുടരും)
 
Other News in this category

 
 




 
Close Window