Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
നോവല്‍
  Add your Comment comment
ശ്യാമവര്‍ഷങ്ങള്‍ (നോവല്‍ - അധ്യായം 19)
Kaipuzha Jayakumar

രമണന്‍ സംസാരിച്ചതു കേട്ടപ്പോള്‍ കനകമ്മയുടെ ഉള്ള് നിറഞ്ഞു. 'ദേ, എന്റെ കൊച്ച് വര്‍ത്തമാനം പറഞ്ഞു തുടങ്ങിയിരിക്കുന്നു... പഴനി ആണ്ടവാ, മുരുകാ, കാത്തോണേ... താനൊക്കെ എന്തു കൂടോത്രം ചെയ്താലും എന്റെ കൊച്ചിനെ വട്ടനാക്കാന്‍ പറ്റിലെടോ പോലീസേ....' കനകമ്മ വീണ്ടും ഹരിശ്ചന്ദ്രന്‍ നായര്‍ക്കു നേരേ തട്ടിക്കയറി. പക്ഷേ, രമണന്‍ കൊച്ചുകുട്ടികളുടെ ഭാവപ്പകര്‍ച്ചയോടെ സംസാരിക്കുന്നതു കേട്ടപ്പോള്‍ നായര്‍ തകര്‍ന്നുപോയി. ദൈവമേ, ഇവനു ശരിക്കും... തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥ. ഇതൊന്നും മനസിലാക്കാത്ത ഈ തള്ളയുടെ കൂത്താട്ടം കണ്ടില്ലേ.... ഇവരെ ഞാന്‍ എന്തു പറഞ്ഞ് മനസിലാക്കും! തന്റെ മകളോട് എന്തു പറയും! മകളുടെ അവിഹിത ഗര്‍ഭമാണ് രമണന്റെ മാനസികരോഗത്തിനു കാരണമെന്നു തള്ള നാടുനീളെ പറഞ്ഞാല്‍ തന്റെയും കുടുംബത്തിന്റെയും അവസ്ഥ എന്ത്...! എന്നാലും എന്റെ ഭാര്യയെന്നു പറയുന്നവള്‍ ഇതു തന്നില്‍നിന്ന് ഒളിച്ചുവച്ചല്ലോ... നായര്‍ പല്ലിറുമ്മി. രമണന്‍ കൈ ഉയര്‍ത്തി വെള്ളം വേണമെന്നു കാണിച്ചു. കനകമ്മ പെട്ടെന്ന് സ്റ്റൂളിലിരുന്ന ചുവന്ന ഫ്‌ലാസ്‌ക് തുറന്ന് അടപ്പിലേക്ക് ചായ പകര്‍ന്ന് രമണന് കൊടുത്തു. ബെഡിന്റെ ക്രാസിയിലോട്ട് തല ചായ്ച്ച് വട്ടിച്ച് ചായ ഒറ്റ വലിക്ക് അവന്‍ കുടിച്ചു തീര്‍ത്തു. 'ഇനീം വേണം...' രമണന്‍ കൊഞ്ചലോടെ പറഞ്ഞു. അവര്‍ ഫഌസ്‌ക് എടുക്കാന്‍ തുടങ്ങിയപ്പോള്‍ രമണന്‍ കൈനീട്ടി ഫഌസ്‌ക് എടുത്ത് വായിലോട്ട് കമിഴ്ത്തി, ഏമ്പക്കവും വിട്ടു. 'ചായ തണുത്തതായത് നന്നായി. അല്ലെങ്കില്‍ നിന്റെ അണ്ണാക്ക് വരെ പൊള്ളിയേനേ.... അതെങ്ങനെയാ, എന്റെ കൊച്ചിന് ചൂട് ചായ വാങ്ങിച്ചു കൊടുക്കാന്‍ പോലും ഇവിടെ ആളില്ലല്ലോ...' കനകമ്മ എല്ലാവരെയും കൊള്ളിച്ച് പറഞ്ഞു. 'എന്നു പറഞ്ഞാല്‍ ഞങ്ങളൊക്കെ നിങ്ങടെ മകന്റെ വേലക്കാരല്ലേ.... നിങ്ങള്‍ ചെവിയേല്‍ നുള്ളിക്കോ. ഒരു പോലീസുകാരന്റെ ഭാര്യയുടെ കരണത്താ നിങ്ങള് അടിച്ചിരിക്കുന്നത്. ഇതങ്ങനെ വെറുതേ പോകുന്ന കേസൊന്നുമല്ല....' പവന്‍കുമാര്‍ രംഗം കൈയടക്കി. 'പോലീസുകാരന്റെ ഭാര്യയെന്നല്ല, വേണേല്‍ എസ്‌ഐക്കിട്ടും ഞാന്‍ തല്ലും, പോക്രിത്തരം കാണിച്ചാല്‍ എനിക്ക് പോലീസും എസ്‌ഐയും എല്ലാം ഒരുപോലാ.... എന്നാ നോക്കുന്നേ... എന്തിനാ ഈ കനകമ്മയുടെ തല്ല് വാങ്ങിയതെന്ന് നീ നെന്റെ ഭാര്യയോടു തന്നെ ചോദീരെടാ ചെറുക്കാ.... ചോദ്യം ചെയ്യാന്‍ ഒരു ഊപ്പ പോലീസ് വന്നിരിക്കുന്നു... ഭ്ഫൂ....' 'ദേ, തള്ളേ, എന്റെ സ്വഭാവം എനിക്കു തന്നെ പിടിക്കാതിരിക്കുവാ. കലി കയറിയാ പിന്നെ നിയന്ത്രിക്കാന്‍ പറ്റത്തില്ല... പെട്ടെന്ന് സ്ഥലം കാലിയാക്ക്....' പവന്‍കുമാര്‍ വിട്ടില്ല. 'ഓഹോ, എന്നെ പറഞ്ഞുവിട്ടിട്ട് എന്റെ കൊച്ചിനെയങ്ങ് തട്ടിക്കളയാനായിരിക്കും പ്ലാന്‍... അത് ഈ കനകമ്മ ജീവിച്ചിരിക്കുമ്പോള്‍ നടക്കത്തില്ല....' 'അല്ല, നിങ്ങള്‍ എന്തിനാ എന്റെ വൈഫിനെ തല്ലിയത്?' 'അത് അവളുടെ അമ്മയ്ക്ക് കൊടുക്കാന്‍ വച്ചിരുന്നതാ. അവരെ കിട്ടാഞ്ഞപ്പോള്‍ ഇവള്‍ക്ക് കൊടുത്തതാ.... പിന്നെ നീയും നാദസ്വരക്കാരന്‍ കൊച്ചും ഒക്കെ ഭാഗ്യവാനാ.... ഒരച്ഛനാകാനുള്ള കഴിവും ശേഷിയുമൊന്നും നിങ്ങള്‍ക്കില്ലെങ്കിലും.... ചേച്ചി ചെയ്തതുപോലെ അനിയത്തിമാരും ആരെക്കൊണ്ടെങ്കിലും അതൊക്കെ സാധിപ്പിച്ച് എടുത്തോളും....' കനകമ്മ പറഞ്ഞു തീരും മുന്‍പേ പവന്‍കുമാര്‍ അവരുടെ കഴുത്തിനു കുത്തിപ്പിടിച്ചു. 'അയ്യോ... എന്നെ കൊല്ലുന്നേ, ഓടിവായോ....' അവര്‍ വിളിച്ചകൂവി. 'നിങ്ങള്‍ എല്ലാവരും ഇങ്ങനെയായാല്‍ ഞാന്‍ എന്തു ചെയ്യും. വിട്... വിട്....' തല കുനിച്ചിരുന്ന ഹരിശ്ചന്ദ്രന്‍ നായര്‍ തടസം പിടിക്കാനായി ചാടിയെഴുന്നേറ്റു. 'എന്താ പൊന്നേട്ടാ ഇത്...? ഒരാശുപത്രിയി അല്ലേ ഇത്....' സീമയ്ക്കു കരച്ചില്‍ നിയന്ത്രിക്കാനായില്ല. 'അതെ, അതു തന്നെയാ ഞാനും പറയുന്നത്... ഇത് ഒരാശുപത്രിയാ, അതുകൊണ്ടു ഞാനും പലതും ക്ഷമിക്കുന്നു... പക്ഷേ, എനിക്കും ചിലതൊക്കെ അറിയാനുണ്ട്... എന്നിട്ടു മതി ബാക്കി കാര്യങ്ങള്‍... ആശുപത്രിയിലെ പൊറുതി മതിയാക്കി നീ ഇപ്പോള്‍ എന്റെ കൂടെയങ്ങ് വീട്ടിലേക്ക് പോരണം.... ഇനി ഒരു നിമിഷം ഇവിടെ നില്‍ക്കാന്‍ പറ്റത്തില്ല.... വാ പോയ കോടാലിയാണെങ്കിലും ഈ തള്ള പറഞ്ഞതിലും എന്തൊക്കെയോ ചില കാര്യങ്ങളുണ്ട്....' കനകമ്മയുടെ കഴുത്തില്‍ ചുറ്റിപ്പിടിച്ചിരുന്ന കൈ അയച്ചിട്ട് പവന്‍കുമാര്‍ സീമയുടെ നേര്‍ക്ക് തിരിഞ്ഞു. ഡോറില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. കോള്‍ അറ്റന്‍ഡ് ചെയ്യാഞ്ഞിട്ട് ശ്യാമള നേരിട്ടു വന്നതാണോ? ശ്യാമളയുടെ വിഷയം കൂടി പൊന്നന്‍ ചേട്ടന്‍ ഇവിടെ എടുത്തിട്ടാല്‍ ആകെ ചളമാകും.... മടിച്ചുമടിച്ചാണ് സീമ വാതില്‍ തുറന്നത്. 'വിളിച്ചിരുന്നോ? പേഷ്യന്റ് മുമ്പത്തെപ്പോലെ വയലന്റായോ? ആരോ വിളിച്ചതു പോലെ തോന്നി. ഡോര്‍ അടഞ്ഞതു കാരണം ഒന്നും വ്യക്തമായി കേട്ടില്ല....' വാതില്‍ക്കലെത്തി നഴ്‌സ് ചോദിച്ചു. ഒരു നിമിഷം ആരും മറുപടി പറഞ്ഞില്ല. 'പ്രശ്‌നമുണ്ടെങ്കില്‍ സെഡേഷന്‍ കൊടുക്കാം, ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്.' 'ഏയ്, ഒന്നുമില്ല... സിസ്റ്റര്‍ക്ക് തോന്നിയതായിരിക്കും....' കനകമ്മ എന്തെങ്കിലും കെട്ടിയെഴുന്നള്ളിക്കുന്നതിനു മുന്‍പ് നഴ്‌സിനെ ഒഴിവാക്കാനായി സീമ തിടുക്കം കാട്ടി. 'പേഷ്യന്റ് ഉറക്കത്തിലാണല്ലോ... അപ്പോള്‍ ശബ്ദം കേട്ടത് എനിക്ക് തോന്നിയതാകും....' കണ്ണടച്ച് ചുരുണ്ടുകിടക്കുന്ന രമണനെ നോക്കിയിട്ട് നഴ്‌സ് മുറിവിട്ടു. 'ചേട്ടന്‍ ഇപ്പോള്‍ സീമച്ചേച്ചിയെയും കൊണ്ടു പോയാല്‍ കാര്യങ്ങള്‍ ആകെ കുഴയും... അമ്മയും സ്ഥലത്തില്ല. സൗമ്യച്ചേച്ചിയാണേല്‍ ലേബര്‍ റൂമിലും....' നന്ദന്‍ വീണ്ടും ഒരിക്കല്‍ക്കൂടി വായ തുറന്നു. 'നീ നിന്റെ ബാര്യയെ വിളിച്ചോണ്ട് വന്ന് നിര്‍ത്തെടാ....' പവന്‍കുമാറിന്റെ ശബ്ദം ഉയര്‍ന്നു. 'എനിക്ക് കുടുംബമഹിമ പോരെന്നു പറഞ്ഞ് നിങ്ങളുടെ ഭാര്യ..., അതായത് എന്റെ ഭാര്യയുടെ അമ്മ എന്നെ ഒത്തിരി പരിഹസിച്ചിട്ടുണ്ട്... ഇപ്പോള്‍ എങ്ങനെയിരിക്കുന്നു... പുരം കണ്ട് നില്‍ക്കാതെ വന്ന് വണ്ടിയേല്‍ കയറെടീ....' സൗമ്യ എന്നും പവന്‍കുമാറിന്റെ മോഹമായിരുന്നു. രമണന്‍ കാര്യപ്രാപ്തിയില്ലാത്ത ആളാണെന്നു മനസിലായ നിമിഷം അവന്‍ അടുക്കാന്‍ ആവുന്നത്ര നോക്കി. എന്നാല്‍, പവന്‍കുമാറിന്റെ തനിനിറം ബോധ്യമായ സൗമ്യ അവനെ അകറ്റിനിര്‍ത്തി. ചില ഘട്ടങ്ങളില്‍ വേണ്ടാത്ത കണ്ണ് കൊണ്ട് എന്നെ കാണരുതെന്ന് പറയുകയും ചെയ്തിട്ടുണ്ട്. ആ ചൊരുക്കും പവന്‍കുമാറിന്റെ മനസിലുണ്ട്. വീണ്ടും ശ്യാമളയുടെ കോള്‍ വന്നപ്പോള്‍ സീമ അറ്റന്‍ഡ് ചെയ്തു. 'കുഞ്ഞേ, കൊച്ചമ്മ വന്നിട്ടുണ്ട്. കൂട്ടത്തില്‍ കൊച്ചമ്മയുടെ നാത്തൂന്‍ വക്കീലുമുണ്ട്... രണ്ടുപേരും കൂടി ഡോക്ടറെ കാണാന്‍ കയറിയിരിക്കുവാ.... സൗമ്യക്കുഞ്ഞിന്റെ ഭര്‍ത്താവ് വട്ടന്മാരുടെ വാര്‍ഡില്‍ അഡ്മിറ്റാണോ... എന്നോട് ആ കാര്യം ചോദിച്ചു... ഞാന്‍ കൈ മലര്‍ത്തി....' ശ്യാമള ബെല്ലും ബ്രേക്കുമില്ലാതെ പറഞ്ഞു തുടങ്ങി. 'നീ ഇപ്പോള്‍ എവിടെയാ?' 'ഞാന്‍ നമ്മുടെ മുറിയിലേക്കു പോന്നു....' 'നിന്നെ ഞാന്‍ ലേബര്‍ റൂമിന്റെ വാതില്‍ക്കല്‍ ഇരുത്തിയിട്ടല്ലേ പോന്നത്. പിന്നെയെന്തിനാ മുറിയിലേക്കു പോയത്?' സീമ അടക്കിപ്പിടിച്ച് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ശബ്ദം ഉയര്‍ന്നു പോയി. 'ആ വക്കീല് പെണ്ണുംപിള്ളയുടെ എന്തൊരു ഭരണമാ, എടീ പെണ്ണേ ഇവിടെയിങ്ങനെ കുറ്റിയടിച്ച് നില്‍ക്കാതെ റൂമിലോട്ട് പോടീന്ന്.... എനിക്ക് ചൊറിഞ്ഞു വന്നതാ... എന്നിട്ട് അടിമുടി ഒരു നോട്ടം... ചില വൃത്തികെട്ടവന്‍മാര്‍ നോക്കുന്നതു പോലെ, ഒടുവില്‍ ഒരു ചോദ്യവും, നിനക്കിത് എത്ര മാസമായെന്ന്.... കൊള്ളാവുന്ന കുടുംബത്തിലെ ആണുങ്ങളെ നാറ്റിക്കാനാ പുറപ്പാടെങ്കില്‍, ആ പരിപ്പ് ഇവിടെ വേകില്ലെന്ന്.... സാവിത്രിയും മക്കളും പോലെയല്ല ഞാന്‍, ഇത്തിരി പിശകാണെന്നും പറഞ്ഞു.' 'ശ്ശോ... ആകെ നാശമായല്ലോ....' 'ഹോ, എന്തു പറ്റി മോളേ? സൗമ്യയ്ക്ക് വിശേഷം വല്ലതും....' നായര്‍ക്ക് ആകാംക്ഷയായി. 'ഒന്നുമില്ലച്ഛാ....' സീമ നായരോടു ചോദിച്ചു. 'എന്താ പറഞ്ഞത്...?' ശ്യാമള ചോദിച്ചു. 'ഇവിടെ പറഞ്ഞതാ... റൂമിലോട്ട് പോയെങ്കിലും നിന്റെ ശ്രദ്ധ അവിടെ വേണം, കിടന്നുറങ്ങിക്കളയരുത്....' 'എനിക്ക് ആകെക്കൂടി എന്തോ അരുതായ്ക.... തല ചുറ്റലും മനംപിരട്ടലും... ഓക്കാനിച്ചിട്ട് ഒന്നും പോകുന്നുമില്ല... പോയിരുന്നെങ്കില്‍ ആശ്വാസം കിട്ടുമായിരുന്നു....' ദൈവമേ, ഇവളുടെ പ്രസവ ശുശ്രൂഷ കൂടി ഞാന്‍ എടുക്കേണ്ടി വരുമോ... പിറുപിറുത്തുകൊണ്ട് സീമ ലൈന്‍ കട്ട് ചെയ്തു. ഭാരതിയമ്മായിയുടെ ഒപ്പമാണ് അമ്മ വന്നിരിക്കുന്നത്. നേര്‍ക്കുനേര്‍ കണ്ടാല്‍ അച്ഛനും അമ്മായിയും കീരിയും പാമ്പും പോലെയാണ്. സൗമ്യേച്ചിയുടെ കുഞ്ഞിന്റെ അച്ഛന്‍ ആരാണെന്നുള്ള കാര്യം അമ്മ അച്ഛനെ കബളിപ്പിച്ചെന്നാണ് അച്ഛന്റെ വിശ്വാസം. ഇപ്പോള്‍ അച്ഛന്‍ അമ്മയെ കണ്ടാല്‍.... പോരാത്തതിന്, എരിവു പകരാന്‍ ഭാരതിയമ്മായിയും.... പൊന്നന്‍ ചേട്ടന്റെ കൂടെ ഞാന്‍ ഇപ്പോള്‍ ഇവിടെനിന്നു പോയാല്‍.... സീമയുടെ ചിന്തകള്‍ക്ക് കുരുക്കു വീണു. 'എന്നാടീ വരാന്‍ പറഞ്ഞിട്ട് പിന്നേ നിന്ന് ചുറ്റിത്തിരിയുന്നത്....' പവന്‍കുമാര്‍ സീമയെ കനപ്പിച്ച് നോക്കി. 'മോള് പൊയ്‌ക്കോ....' നായര്‍ക്ക് പറയാതിരിക്കാന്‍ കഴിഞ്ഞില്ല. 'എന്റെ ഭാര്യയെ കൊണ്ടുപോകുന്നതിന് എനിക്കാരുടെയും അനുവാദം വേണ്ട.' 'അയ്യോ... കൊണ്ടുപൊയ്‌ക്കോ... ആരു പറഞ്ഞു ഇവിടെ നിര്‍ത്താന്‍....' നായര്‍ വിട്ടുകൊടുത്തില്ല. പവന്‍കുമാറിന്റെ മൊബൈല്‍ ശബ്ദിച്ചു. 'ശരി സാര്‍... ശരി സാര്‍....' മൊബൈല്‍ ഷര്‍ട്ടിന്റെ പോക്കറ്റിലിട്ടു. 'കഴിവുള്ളവരെയാണല്ലോ എപ്പോഴും ഡിപ്പാര്‍ട്ട്‌മെന്റിന് ആവശ്യം. എസ്‌ഐയാ, റെയ്ഡിനു പോണമെന്ന്. കാര്യം പത്തുമുത്തിയഞ്ച് പോലീസൂകാര്‍ വേറെയുണ്ടെങ്കിലും ഞാന്‍ കൂടെയുണ്ടെങ്കിലേ പുള്ളിക്കാരന് ഒരു ധൈര്യം വരൂ....' വീമ്പിളക്കിക്കൊണ്ട് പവന്‍കുമാര്‍ ഡോര്‍ ഹാന്‍ഡില്‍ ഇടത്തേക്ക് തിരിച്ചു. ഡോര്‍ പാതി തുറന്നുപിടിച്ചിട്ട് ഒരു പ്രത്യേക രീതിയിയില്‍ തല വെട്ടിച്ചിട്ട് സീമയോടായി പറഞ്ഞു. 'പിന്നേ.... ഞാന്‍ റെയ്ഡ് കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ എന്റെ ഭാര്യ എന്റെ വീട്ടിലുണ്ടാകണം.' 'ചേച്ചി പോയാലെങ്ങനെയാ...?' നന്ദന്‍ ചോദിച്ചു. 'ചേച്ചി മാത്രമല്ല, എല്ലാവരും പൊയ്‌ക്കോട്ടെ, നിനക്ക് പോണേല്‍ നീയും പൊയ്‌ക്കോ....' നായര്‍ കിതപ്പോടെ പറഞ്ഞു. *** *** *** 'ഭാരതിയുടെ ആരാന്നാണ് പറഞ്ഞത്...?' ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സൂസി തര്യന്‍ ഭാരതിയമ്മയോട് ചോദിച്ചു. 'ഇത് എന്റെ നാത്തൂന്‍ സാവിത്രിയമ്മ. അതായത് ഭര്‍ത്താവിന്റെ ഇളയ സഹോദരി... സാവിത്രിയുടെ മകളാണ് നിന്റെ പേഷ്യന്റ് സൗമ്യ....' ഡിഗ്രി ക്ലാസില്‍ ഒന്നിച്ചു പഠിച്ചവരാണ് ഭാരതിയമ്മയും ഡോ. സൂസി തര്യനും. അക്കാലത്ത് വളരെ അടുത്ത സുഹൃത്തുക്കളായിരുന്നെങ്കിലും പിന്നീട് അദികം അങ്ങനെ കണ്ടിട്ടില്ല. 'സാവിത്രിയമ്മ അഞ്ച് മിനിറ്റ് പുറത്ത് വെയ്റ്റ് ചെയ്യാമോ... ഇപ്പ വിളിക്കാം.' ഭാരതിയമ്മയുടെ അടുത്ത കസേരയിലിരുന്ന സാവിത്രിയമ്മയോടായി ഡോക്ടര്‍ പറഞ്ഞു. കാലുകളെ വലിച്ചിഴച്ച് ഡോക്ടറുടെ ക്യാബിന്‍വിട്ട് ഇറങ്ങുമ്പോള്‍ അരുതാത്തതെന്തോ സംഭവിക്കാന്‍ പോകുകയാണെന്ന് അവര്‍ക്കു തോന്നി. ഇടനാഴിയില്‍ നിരത്തിയിട്ട ചുവന്ന ഫൈബര്‍ കസേരകളിലൊന്നിലേക്ക് അവര്‍ ചെന്നു വീഴുകയായിരുന്നു. അത്രയ്ക്ക് തളര്‍ന്നുപോയി. ദൈവമേ, എന്റെ മോള്‍ക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നത്? 'അമ്മയേ വേണോ, കുഞ്ഞിനെ വേണോ?' ഡോക്ടര്‍ ബാരതിയമ്മയോട് ചോദിച്ചു. 'വാട്ട്?' 'ഏതായാലും രണ്ടും കൂടി പറ്റില്ല, കുട്ടി മരിച്ചാല്‍ അമ്മ രക്ഷപ്പെട്ടേക്കും, അല്ലെങ്കില്‍....' ഒരു നിമിഷം പക്ചു നിന്നെങ്കിലും പെട്ടെന്ന് ഭാരതിയമ്മയുടെ ദുഷ്ടമനസില്‍ ചില ചിന്തകള്‍ രൂപംകൊണ്ടു. 'ഉത്തരം കിട്ടിയില്ല....' 'പറയാം....' ഭാരതിയമ്മ കസേരയില്‍ ഇളകിയിരുന്നു. (തുടരും)

 
Other News in this category

 
 




 
Close Window