Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
നോവല്‍
  Add your Comment comment
(അധ്യായം - 24)
Kaipuzha Jayakumar
'നിങ്ങള്‍ എന്നാ പറയാമെന്നാ....'
ഹരിശ്ചന്ദ്രന്‍ നായരുടെ കത്തുന്ന നോട്ടത്തിനു മുന്നില്‍ കനകമ്മയുടെ ധൈര്യം ഉരുകിയൊലിച്ചു.
'അല്ല... അത്... അത്...'
അവര്‍ വിക്കി, വാക്കുകള്‍ തൊണ്ടയില്‍ കുടുങ്ങി.
'നിങ്ങള്‍ എന്തിനാ ഇപ്പോള്‍ ഇങ്ങോട്ടു വന്നത്. എരിതീയില്‍ എണ്ണ പകരാനോ? കാഷായം ചുറ്റിയാല്‍ മാത്രം പോരാ, പെരുമാറ്റത്തിലും അതിന്റേതായ കുറേ അന്തസെങ്കിലും കാണിക്കണം... പ്രായവും കുറേയായില്ലേ. ഇനി എന്നാ ഇതൊക്കെ പഠിക്കുന്നത്... ചുരുക്കിപ്പറഞ്ഞാല്‍ വകതിരിവ് വേണമെന്ന്'
നായരുടെ കണ്ണില്‍നിന്നു തീപ്പൊരി ചിതറുന്നതായി കനകമ്മയ്ക്കു തോന്നി. താന്‍ ഇതുവരെ കാണുകയും അറിയുകയും ചെയ്തയാളല്ല ഇപ്പോള്‍ തന്റെ മുന്നില്‍ നില്‍ക്കുന്നത്...
മൂന്നാം കണ്ണ് തുറന്ന പരമശിവനോ?
കനകമ്മ ശരിക്കും വിയര്‍ത്തു.
ഇടതു കൈയിലിരുന്ന മരുന്നിന്റെ കുറിപ്പടി അവര്‍ നായര്‍ക്കു നേരേ നീട്ടി.
'മരുന്ന് വാങ്ങിക്കണം, അത്രയല്ലേ ഉള്ളൂ, വാ....'
നായര്‍ റൂമിനു പുറത്തേക്കിറങ്ങി. അപ്പോഴും കനകമ്മ കുറ്റിയടിച്ചതു പോലെ നില്‍ക്കുന്നു.
'എന്റെ കൂടെ വാ... മരുന്ന് വാങ്ങിക്കണ്ടേ...?'
അനുസരണയുള്ള നായയെപ്പോലെ വാലും ചുരുട്ടി കനകമ്മ നായരുടെ പിന്നാലെ ഇടനാഴിയിലേക്ക് ഇറങ്ങി. എന്നാല്‍, നായരുടെ വേഷം കെട്ടലൊന്നും സൗമ്യയുടെ അടുത്ത് ചെലവായില്ല. അവള്‍ക്ക് അപകടം മണത്തു.
നായരും കനകമ്മയും റൂമില്‍നിന്ന് പോയിക്കഴിഞ്ഞപ്ോപള്‍ സൗമ്യ ചോദ്യശരങ്ങളുമായി ശ്യാമളയെ നേരിട്ടു.
'ഞാനൊരു പൊട്ടിയാണെന്ന് നെനക്ക് തോന്നുന്നുണ്ടോ?'
ശ്യാമള തല കുലുക്കിയതല്ലാതെ വായ് തുറന്നില്ല.
'ആണെന്നോ അല്ലെന്നോ...?'
നീരുവന്നു വീര്‍ത്ത ഇടതു കാല്‍ വലിച്ച് ഭിത്തിയിലേക്ക് ചാരിവച്ചിട്ട്, അവള്‍ തലയിണ ക്രാസിയിലേക്ക് ഉയര്‍ത്തി തല പൊക്കി വച്ചു.
നെഞ്ചില്‍ വല്ലാത്ത കുറുകല്‍. ശ്വാസം വലിച്ച് വിടുമ്പോള്‍ ഒരു പിടിത്തം പോലെ.
'കുഞ്ഞിന് കഫക്കെട്ടുണ്ടല്ലോ... നഴ്‌സിനെ കണ്ട് ആവി പിടിക്കുന്ന യന്ത്രം വാങ്ങിച്ചു കൊണ്ടു വരട്ടെ....'
ശ്യാമള വിഷയം മാറ്റാനൊരുങ്ങി.
'അവി പിടിത്തം അവിടെ നില്‍ക്കട്ടെ. എനിക്ക് അറിയേണ്ടത് രമണേട്ടന്‍ ഇവിടെ എവിടെയാണ് കിടക്കുന്നതെന്നാണ്... എന്താണ് അസുഖം... രമണേട്ടന്റെ അമ്മ വന്നത് അവിടെ നിന്നാണെന്ന് ഉറപ്പാ.... എനിക്ക് രമണേട്ടനെ കാണണം....'
സൗമ്യ ജ്വലിച്ചു.
'എന്നോടെന്തിനാ മെക്കിട്ട് കേറുന്നത്? ഞാനായിട്ടൊന്നും പറയത്തില്ല. എന്നോടൊന്നും പറയരുതെന്നാ സാറ് പറഞ്ഞിരിക്കുന്നത്. കൊച്ചമ്മയും സീമക്കുഞ്ഞുമൊക്കെ അത് തന്നെ പറഞ്ഞു.... അപ്പ പിന്നെ ഈ ശ്യാമള എന്തു ചെയ്യാനാ....'
ശ്യാമള കള്ളക്കരച്ചിലോടെ കൈ മലര്‍ത്തി.
'വേണ്ട, എനിക്കു നിന്റെ കള്ളക്കരച്ചിലൊന്നും കാണണ്ട... നീ എന്റെ ഫോണ്‍ ഇങ്ങെടുത്തേ... ഞാന്‍ സീമയെ വിളിക്കട്ടെ.. അവള്‍ക്ക് സംസാരിക്കാന്‍ നാവുണ്ടോന്ന് അറിയണമല്ലോ....'
'എവിടെയാ മൊബൈല്‍...?'
'എന്റെ ബാഗിലുണ്ട്.'
ശ്യാമള സിബ് തുറന്ന് സെല്‍ എടുത്തു കൊടുത്തു.
'നാശം, ചാര്‍ജില്ല, നീ ചാര്‍ജര്‍ എടുത്തു വച്ചായിരുന്നോ?'
'ഇല്ല, ഞാന്‍ മറന്നു. എന്റെ ചാര്‍ജര്‍ തരാം.'
'വേണ്ട, അത് ഇതില്‍ കയറില്ല. നിന്റെ നീ മറന്നില്ലല്ലോ... നന്നായി, നിന്റെ സെല്‍ ഇങ്ങു തന്നേ, ഞാന്‍ വിളി്കട്ടെ... നമ്പര്‍.....'
സൗമ്യ ഓര്‍മയില്‍ പരതി.
'എന്റെ ഫോണില്‍ കിടപ്പുണ്ട്. ഞാന്‍ വിളിച്ചിട്ട് കുഞ്ഞിന്റെ കൈയില്‍ തരാം.'
അവള്‍ സെല്‍ മടക്കി വാങ്ങി. തൊണ്ടയില്‍ കുരുങ്ങിയ മുള്ള് ഇറങ്ങിയ ആശ്വാസത്തിലായിരുന്നു ശ്യാമള. രമണന്റെ കാര്യം സീമ പറഞ്ഞുകൊള്ളും, ആശ്വാസം....
'ദേ, ഒന്ന് നിര്‍ത്തിക്കേ.'
എല്‍ഫീല്‍ഡ് ബുള്ളറ്റില്‍ പവന്‍ കുമാറിനോട് തൊട്ടുരുമ്മിയിരിക്കുകയായിരുന്ന സീമ പറഞ്ഞു.
'പിന്നേ... കോപ്പാ... എണ്‍പതേല്‍ കത്തിക്കുമ്പോഴാ നിര്‍ത്തുന്നത്. മീന്‍ മാര്‍ക്കറ്റിന്റെ മുന്നില്‍ നിര്‍ത്തുമ്പോള്‍ കോള്‍ അറ്റന്‍ഡ് ചെയ്താല്‍ മതി....'
പവന്‍കുമാര്‍ ബുള്ളറ്റ് പറപ്പിച്ചു.
'ശ്ശോ... ദേ പിന്നെയും കോള്‍... അഥ്യാവശ്യക്കാര് ആരെങ്കിലും ആയിരിക്കും... ഒന്ന് നിര്‍ത്തന്നേ....'
'പിന്നേ, എന്നുപറഞ്ഞാല്‍ നീ ഹോം മിനിസ്റ്ററല്ലേ, ഇടനെ ഫോണെടുത്തില്ലെങ്കില്‍ ഇടിഞ്ഞു വീഴും. ഒന്നു പോ പെണ്ണേ....'
പിന്നെയും കോള്‍ വന്നു.
പവന്‍ കുമാറിന്റെ ബുള്ളറ്റ് പറന്നു കൊണ്ടേയിരുന്നു.
പലവട്ടം വിളഇച്ചിട്ടും സീമയെ ലൈനില്‍ കിട്ടാതെ വന്നപ്പോള്‍ സൗമ്യയുടെ ദേഷ്യം ഇരട്ടിച്ചു. അവള്‍ സെല്‍ ബെഡ്ഡിലേക്ക് എറിഞ്ഞു.
'അയ്യോ കുഞ്ഞേ എറിഞ്ഞു പൊട്ടിച്ചേക്കല്ലേ, സുകു ചേട്ടന്‍ വാങ്ങിച്ചു തന്നതാ, പാട്ടു കേള്‍ക്കുന്ന സൈസ് ഒരെണ്ണം വേണമെന്നു ഞാന്‍ എത്ര നാള്‍ പറഞ്ഞേല്‍ പിന്നെയാ....'
'ഏത് സുകുച്ചേട്ടന്‍...? നിന്റെ ഏട്ടന്റെ പേര് മോഹനന്‍ എന്നല്ലേ, ചേച്ചീടെ ഭര്‍ത്താവിന്റെ പേര് സോമന്‍ അല്ലേ? ആ തടിമില്ലില്‍ ജോലിയുള്ള ആള്....'
'കുഞ്ഞേ അത്... അത്... തെറ്റിപ്പോയതാ... മോഹന്‍ എന്നാ ഞാന്‍ ഉദ്ദേശിച്ചത്....'
ശ്യാമളയ്ക്ക് പറഞ്ഞത് അബദ്ധമായെന്നു തോന്നി. അവള്‍ ഉരുണ്ടു കളിച്ചു. ഏതായാലും നാലായിരും രൂപ വരുന്നു എല്‍ജി സെറ്റ് വാങ്ങിച്ചു കൊടുക്കാനുള്ള ശേഷിയൊന്നും മോഹനന് ഇല്ല. കിട്ടുന്നത് കുടിക്കാന്‍ തികയില്ല. ഭാര്യ റബര്‍ കമ്പനിയില്‍ പോയി കിട്ടുന്നതു കൊണ്ടാ കുടുംബം കഴിയുന്നത്. അപ്പോള്‍...?
നനഞ്ഞ പക്ഷിയെപ്പോലെ ചിറകു ചേര്‍ത്ത് വച്ച് സൗമ്യയുടെ മുന്നില്‍ പരുങ്ങി നില്‍ക്കുകയാണ് ശ്യാമള.
വാതിലില്‍ ആരോ മുട്ടുന്നു. ശ്യാമളയ്ക്ക് ആശ്വാസമായി. ചോദ്യംചെയ്യലില്‍നിന്ന് കുറച്ചു നേരത്തേക്ക് മോചനമായി.
അപ്പോഴേക്കും പുതിയ കള്ളത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യാം.
അവള്‍ വാതില്‍ തുറന്നു.
സൗമ്യയുടെ കുഞ്ഞുമായി നഴ്‌സ്.
കുഞ്ഞിനെ കണ്ടപ്പോള്‍ സൗമ്യ ഒരു നിമിഷത്തേക്ക് മറ്റെല്ലാം മറന്നു. നഴ്‌സിന്റെ കൈയില്‍നിന്ന് കുഞ്ഞിനെ വാങ്ങിച്ച് അവള്‍ മാറോടണച്ചു, നെറുകയില്‍ ചുംബിച്ചു.
'ഇത്തിരി പാല് കുടിപ്പിക്കണേ....'
കുഞ്ഞ് ചിണുങ്ങിയപ്പോള്‍ നഴ്‌സ് പറഞ്ഞു. നഴ്‌സ് മുറി വിട്ടപ്പോള്‍ ശ്യാമള സൗമ്യയുടെ അടുത്തേക്കു വന്ന് കുഞ്ഞിന്റെ ഉള്ളം കാലില്‍ മെല്ലെ തോണ്ടി. അടച്ചു പിടിച്ച കണ്ണുകള്‍മ ല്ലൈ തുറന്ന് കുഞ്ഞ് വീണ്ടും ലോകം കണ്ടു. എന്നിട്ട് അമ്മയുടെ ചൂടില്‍ മാറിലൊട്ടി.
'സൗമ്യക്കുഞ്ഞിന്റെ നിറമാണ് കൊച്ചിനെങ്കിലും മുഖം രമണന്‍ ചേട്ടന്റെ തന്നെ... കണ്ടില്ലേ ആ മൂക്കിന്റെ നീളം പോലും അതു തന്നെ....'
ശ്യാമള പറഞ്ഞു.
എല്ലാം അറിഞ്ഞിരുന്നിട്ട് ഒന്നും അറിയില്ലെന്നു ഭാവിച്ചുള്ള ഇവളുടെ കളി ഇന്നത്തെക്കൊണ്ട് അവസാനിപ്പിക്കണമെന്ന് സൗമ്യക്ക് തോന്നു.
'വേണ്ടാത്ത കാര്യത്തിന് നിന്റെ അഭിപ്രായം വേണ്ട, നീ കൊച്ചിന്റെ ജാതകം എഴുതുകയും വേണ്ട. എന്റെ കുഞ്ഞിന്റെ അച്ഛനാരാണെന്ന് എന്നെക്കായിലും ഉറപ്പ് നിനക്കാണോ?''
ഉത്തരമില്ല.
'ചോദിച്ചതു കേട്ടില്ലേ?'
സൗമ്യയുടെ ശബ്ദം ഉയര്‍ന്നു.
'അല്ല, അത്....'
ശ്യാമള വിക്കി.
ചുമ്മാതെ ഒരു ലോഹ്യം പറഞ്ഞതാ. നാട്ടിന്‍പുറത്തെ പെണ്ണുങ്ങള്‍ സാധാരണ പറയാറുള്ള കാര്യം. പറഞ്ഞുകഴിഞ്ഞപ്പോഴാ തോന്നിയത് വേണ്ടായിരുന്നുവെന്ന്....
'നീ എന്തെങ്കിലും പറഞ്ഞോ....?'
'ഇല്ല.'
'പിന്നെ എന്താ പിറുപിറുക്കുന്നത്?'
ശ്യാമള ഒന്നുമില്ലെന്ന അര്‍ഥത്തില്‍ തോള്‍ കുലുക്കി.
ശ്യാമളയുടെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. അവള്‍ പെട്ടെന്നു ഫോണെടത്തു.
'ആരാടീ...?'
സൗമ്യ ചോദിച്ചു.
'ഓ, ഐഡിയക്കാരാ, അവരുടെ ഓരോ ഓഫറുകള്....'
ശ്യാമള പെട്ടെന്ന് ലൈന്‍ കട്ട് ചെയ്തു.
അവള്‍ കള്ളം പറഞ്ഞതാണെന്ന് സൗമ്യയ്ക്കു ബോധ്യമായി. ഒന്നും പറഞ്ഞില്ല. ചെരിഞ്ഞു കിടന്ന് കുഞ്ഞിന് പാല് കൊടുക്കുന്നതിനിടയില്‍ വെറുതേ ഒന്ന് പാളി നോക്കികയേ ചെയ്തുള്ളൂ.
'അമ്മ എപ്പഴാ പോയത്?'
ഇത്തിരി കഴിഞ്ഞപ്പോള്‍ സാവിത്രിയമ്മ പോയതിനെക്കുറിച്ച് സൗമ്യ ചോദിച്ചു.
'കൊറേ നേരമായി, അച്ഛന്‍ എന്തോ പറഞ്ഞപ്പോള്‍ ഇഷ്ടപ്പെടാതെ ഭാരതിയമ്മ സാറിന്റെ കൂടെ പോയി....'
'വേണ്ട വേണ്ട, മതി മനസിലായി....''
ശ്യാമള കഥ വലിച്ചുനീട്ടാന്‍ തുടങ്ങിയപ്പോള്‍ സൗമ്യ തടഞ്ഞു.

*** *** ***

കനകമ്മയുടെ കൈയില്‍നിന്ന് മരുന്നിന്റെ കുറിപ്പടി വാങ്ങി ഹരിശ്ചന്ദ്രന്‍ നായര്‍ ഫാര്‍മസിയില്‍ കൊടുത്തു.
'ലാസ്റ്റ് എഴുതിയിരിക്കുന്ന ഇന്‍ജക്ഷന്‍ തീര്‍ന്നു, ടൗണില്‍നിന്നു വാണ്ടേണ്ടിവരും. ഡോക്ടറോട് ചോദിച്ചു നോക്ക്, നാളെ രാവിലെ മതിയെങ്കില്‍ കുഴപ്പമില്ല, അന്നേരം ഇവിടെ വരും.... അതിന്റെ എടുത്തിട്ടില്ല... ക്യാഷില്‍ അടയ്ക്കാം....'
ബില്ല് കൊടുത്തു. നായര്‍ ബില്ല് വാങ്ങി നോക്കി. രണ്ടായിരത്തി ഇരുനൂറ്റി അമ്പത്.
ശരിക്കും ബ്ലേഡാ....
മനസില്‍ പറഞ്ഞു.
'എത്രയായി?'
കനകമ്മ ലോഹ്യം ചോദിച്ചു.
'എന്താ, കൊടുക്കാവോ?'
ബില്ല് കൂടിയതിന്റെ ദേഷ്യം നായര്‍ അവരോടു തീര്‍ത്തു.
'ഏയ്, ഞാന്‍ വെറുതേ ചോദിച്ചെന്നേയുള്ളൂ....'
'എന്നാലിനി അങ്ങനെ വെറുതേയൊന്നും ചോദിക്കണ്ട.... ഇന്നാ....'
പ്ലാസ്റ്റിക് കിറ്റിലാക്കി കിട്ടിയ മരുന്ന് എല്ലാം കൂടെ അവരുടെ കൈയിലേക്ക് കൊടുത്തു. നായര്‍ നടന്നു, പിന്നാലെ കനകമ്മയും.
'സമയത്ത് എന്തെങ്കിലും കഴിച്ചില്ലേല്‍ എനിക്ക് ഗ്യാസാ.... പിന്നെ ഏമ്പക്കം വിട്ട് ഊപ്പാട് വരും....'
ക്യാന്റീന്റെ മുന്നിലെത്തിയപ്പോള്‍ ഏമ്പക്കം വിട്ടുകൊണ്ട് അവര്‍ പറഞ്ഞു.
'നാശം, തീറ്റപ്പണ്ടാരം...'
പിറുപിറുത്തുകൊണ്ട് നായര്‍ നൂറിന്റെ ഒരു നോട്ട് എടുത്ത് കൈയില്‍ വച്ചുകൊടുത്തു.
'ഇന്നാ, എന്നാന്ന് വച്ചാല്‍ കഴിച്ചേച്ച് വാ....'
'നടന്നോ, ഞാന്‍ വന്നേക്കാം.'
നോട്ട് കൈയില്‍ വാങ്ങിയിട്ട് കനകമ്മ പറഞ്ഞു.
'അയ്യെടാ, അല്ലെങ്കില്‍ നിങ്ങള് ഉണ്ടേച്ച് വരുന്നതും കാത്ത് ഞാന്‍ ഇവിടെ നില്‍ക്കാന്‍ പോകുകയല്ലേ....'
നായര്‍ ധൃതിയില്‍ നടന്നു.
രമണന്റെ റൂമിലേക്കുള്ള രണ്ടാമത്തെ സ്‌റ്റെയര്‍ കെയ്‌സ് കയറിയപ്പോള്‍ മുന്നില്‍ പോയത് സൗമ്യയാണെന്നു തോന്നി.
നായര്‍ പെട്ടെന്ന് സ്‌റ്റെപ്പുകള്‍ ഓടിക്കയറി.
അപ്പോള്‍ സൗമ്യ രമണന്റെ റൂമിന്റെ മുന്നിലെത്തിക്കഴിഞ്ഞിരുന്നു.

(തുടരും)
 
Other News in this category

 
 




 
Close Window