Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 16th Apr 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ജനാധിപത്യത്തിന്റെ പേരില്‍ രാജ്യത്ത് കുഴപ്പങ്ങളുണ്ടാക്കുന്നവരെ വെറുതെവിടില്ല: പ്രധാനമന്ത്രി
Reporter

മനാമ: ജനാധിപത്യത്തിന്റെ പേരും പറഞ്ഞ് രാജ്യത്ത് കുഴപ്പങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും നടത്തുന്നവരെ കയറൂരിവിടില്ലെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ പ്രസ്താവിച്ചു.രാഷ്ട്രീയ, വ്യാപാര, സാമ്പത്തിക, വൈജ്ഞാനിക, മാധ്യമ രംഗത്തെ പ്രമുഖരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ഗുദൈബിയാ പാലസിലായിരുന്നു കൂടിക്കാഴ്ച.

അഭിപ്രായസ്വാതന്ത്ര്യം, ജനാധിപത്യം, ആവിഷ്‌കാരസ്വാതന്ത്ര്യം, ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രതിഷേധം തുടങ്ങിയ പേരുകളിട്ട് വിളിച്ച് ചിലയാളുകള്‍ രാജ്യത്ത് ബോധപൂര്‍വം അരക്ഷിതാവസ്ഥയും അരാജകത്വവും വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരക്കാരെ ശക്തമായി പ്രതിരോധിക്കുകയും കടുത്ത നിയമനടപടികള്‍ക്ക് വിധേയമാക്കുകയും ചെയ്യും. എന്നാല്‍, നമ്മുടെ രാജ്യ വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കോ ഐക്യത്തിനോ ഒരു പോറലുമേല്‍പിക്കാന്‍ ഇവരുടെ കുല്‍സിതശ്രമങ്ങള്‍ക്ക് സാധിക്കുകയില്ല. രാജ്യത്ത് ഹമദ് രാജാവ് ആരംഭിച്ച ജനാധിപത്യപ്രക്രിയകള്‍ വളരെ വിജയകരമായി മുന്നോട്ട്‌കൊണ്ടുപോവുക തന്നെ ചെയ്യും. അതിലൂടെ മുഴുവന്‍ പൗരന്മാര്‍ക്കും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ സ്വാതന്ത്രവും സുരക്ഷിതത്വവും ലഭ്യമാകുന്നുണ്ട്.

വിവിധ മന്ത്രാലയങ്ങള്‍ക്ക് കീഴില്‍ നിരവധി വിത്യസ്തങ്ങളായ പദ്ധതികള്‍ ആരംഭിക്കുകയും അവ പൂര്‍ത്തീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയുമാണിന്ന്. ഒരു വിഭാഗത്തിന്റെയും ന്യായമായ ആവശ്യങ്ങളെ ഭരണകൂടം കണ്ടില്ലെന്ന് നടിക്കുകയില്ല. എല്ലാവര്‍ക്കും അവരുടെ ജീവിത നിലവാരവും സൗകര്യങ്ങളും മെച്ചപ്പെടുത്തിക്കൊടുക്കുന്നതില്‍ ഗവര്‍മെന്റ് ബദ്ധശ്രദ്ധരാണ്. രാജ്യത്തിന്റെ പുരോഗതിയിലും വളര്‍ച്ചയിലും നല്ലൊരു പങ്ക് ഇവിടുത്തെ ജനങ്ങള്‍ക്കുമുണ്ട്. അവരുടെ ഭരണകര്‍ത്താക്കളോടുള്ള സഹകരണവും സ്‌നേഹവും പ്രത്യേകം പ്രസ്താവ്യമാണ്.

രാജ്യത്തെ പേരും പ്രശസ്തിയും ലോകത്തിന്റെ മുമ്പില്‍ ഉയര്‍ത്തുന്നതിലുള്ള രാജ്യ നിവാസികളുടെ ശ്രമത്തിന് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window