Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
നോവല്‍
  Add your Comment comment
ശ്യാമവര്‍ഷങ്ങള്‍ (നോവല്‍ - അധ്യായം 13)
Kaipuzha Jayakumar

ദേഷ്യം തലപ്പെരുപ്പിക്കുമ്പോള്‍''അടിച്ച് കരണം പുകയ്ക്കുവെന്ന് പറയുകയല്ലാതെ ഭര്‍ത്താവ് ഒരിക്കലും തന്റെ ശരീരത്ത് കൈവെച്ചിട്ടില്ല. ഇവിടെ ഇപ്പോള്‍ അത് സംഭവിച്ചിരിക്കുന്നു. അതും എവിടെ നിന്നോ വന്ന വേലക്കാരിപെണ്ണിന്റെ വയറ്റില്‍ കിടക്കുന്ന കൊച്ചിന്റെ പേരില്‍........ സാവിത്രിയമ്മയ്ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അടിയുടെ ചൂടില്‍ കണ്ണില്‍ കൂടി പൊന്നീച്ച പറന്നതിന്റെ വേദന അവര്‍ അപ്പോഴേ മറന്നു. പക്ഷേ..... മനസിലേറ്റ മുറിവ് നീറി നീറി പുകഞ്ഞു. പവന്‍കുമാര്‍ എന്ന പൊന്നന്‍ പോലീസ് ബൈക്കില്‍ മുറ്റത്ത് പറന്നിറങ്ങിയപ്പോഴേ സീമ അവന്റെ ചെവില്‍ കാര്യങ്ങള്‍ മന്ത്രിച്ചു. അച്ഛന്‍ അമ്മയ്ക്കിട്ട് തല്ലിയകാര്യവും പറഞ്ഞു. അത് ഒരു മുന്‍കൂര്‍ ജാമ്യം കൂടിയാണ്. അല്ലെങ്കില്‍ ഭാര്യ തന്റെ മുന്നില്‍ നിന്ന് കാര്യങ്ങള്‍ മറച്ച് വെച്ചന്ന് പറഞ്ഞു ചാടി അടിക്കാന്‍വരും...... സാവിത്രിക്കിട്ട് ഹരിശ്ചന്ദ്രന്‍ നായര്‍ തല്ലിയെന്നുകേട്ടപ്പോള്‍ പവന്‍കുമാര്‍ ഫുള്‍ ഹാപ്പി..... ''അച്ഛന്‍ അമ്മയ്ക്കിട്ടൊന്ന് കൊടുത്തല്ലോ'''ബൈക്ക് മെയിന്‍ സ്റ്റാന്‍ഡിലേക്ക് വലിച്ചിട്ടിട്ട് ഹരിശ്ചന്ദ്രന്‍ നായരെ അനുമോദിക്കും മട്ടില്‍ പവന്‍കുമാര്‍ പറഞ്ഞു. ''അമ്മയ്ക്കിട്ട് മാത്രമല്ല ഊച്ചാളിത്തരം പറയുന്ന ആര്‍ക്കിട്ടും തല്ലും, വേണ്ടി വന്നാല്‍ ചിലപ്പോള്‍ കൊല്ലുകയും ചെയ്യും.'''നായര്‍ പല്ലിറുമ്മികൊണ്ട് പറഞ്ഞു. പവന്‍കുമാര്‍ അത്രയ്ക്കങ്ങ് കരുതിയില്ല. ശരിക്കും പതറിപ്പോയി. എങ്കിലും തോറ്റ് കൊടുക്കാന്‍ മനസ്സില്ലാത്തതുകൊണ്ട് വായ് തുറന്ന് നാവിന്റെ കെട്ടഴിച്ചു. ''ഇപ്പോഴും എസ്. ഐ യാണെന്നാ അച്ഛന്റെ വിചാരം'' ഇത് പറഞ്ഞിട്ട് വഷളന്‍ ചിരി പാസാക്കുകയും ചെയ്തു. ''ചെറ്റത്തരം പറയുകയും കാണിക്കുകയും ചെയ്യുന്നവര്‍ക്ക് അടികൊടുക്കാന്‍ എസ്. ഐ യും പോലീസ് ഒന്നു ആകേണ്ട കരളുറപ്പും നട്ടെല്ലും മതി ..... എന്റെ പെണ്‍മക്കെളെ കെട്ടിയവന്മാര്‍ക്ക് അതില്ലാതെ വോയി. .. അക്കാര്യം മനസ്സിലാക്കാന്‍ ഞാന്‍ ഒത്തിരി വൈകുകയും ചെയ്തു ....'' നായര്‍ പവന്‍ കുമാറിനിട്ട് ഒരു കൊട്ട് കൊടുത്തു. പവന്‍ കുമാറിന് കൊണ്ടു. ''കണ്ടക്ടറേയും നാദസ്വരക്കാരനേയും പോലെ എന്നെ കണക്കാക്കരുത് ....'' ഞാന്‍ ഒരു സിവില്‍ ഓഫീസറാണ് ......'' കൈകള്‍ യൂണിഫോം പാന്‍സിന്റെ പോക്കറ്റില്‍ തിരുകി പവന്‍കുമാര്‍ ഞെണിഞ്ഞു നിന്നു. ''പത്ത് മുപ്പത് പോലീസുക്കാരുടെ സല്യൂട്ട് സ്വീകരിച്ച് ആറുവര്‍ഷം പല സ്റ്ററ്റേഷനുകള്‍ ഭരിച്ച് എന്നോട് നിന്റെ അഭ്യാസം വേണ്ട ......'' പവന്‍ കുമാര്‍ ചുരുങ്ങി. വിഷയം വഴി തിരിച്ചു വിടുന്നതാണ് ബുദ്ധിയെന്ന് തോന്നുകയും ചെയ്തു. ''അല്ല രമണന്‍ചേട്ടന്‍ പിണങ്ങിപ്പോയതിന് അച്ഛന്‍ അമ്മയ്ക്കിട്ടെന്തിനാ പൂശിയ്ത്?'' ''അത് നിന്റെ അമ്മയോട് തന്നെ ചോദിക്ക് ... പിന്നേ അവള്‍ എന്നോട് പറഞ്ഞു സൗമ്യ ആശുപത്രി യില്‍ കിടന്ന രാത്രിയില്‍ ഞാന്‍ ഇവിടെ ഉണ്ടായിരുന്നത് കൊണ്ടാ സംശയിക്കുന്നതെന്ന് മാത്രമല്ല ഞാന്‍ മരുമക്കളെ രണ്ടു പേരെയും തന്ത്രപൂര്‍വ്വം ഒഴിവാക്കിയെന്ന്. എന്നാല്‍ എന്റെ സംശയം നിന്നെയാ....... നിന്നെമാത്രം'' നായരുടെ ശബ്ദഭാവവും മാറി. ''ഇതെന്നാ ഇടപ്പാട് ....... കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുന്ന പോലീസ് ഇടപ്പാടടോ ...'' പവന്‍കുമാര്‍ വിളറി ''നമ്മള്‍ എല്ലാം പോലീസ് അല്ലേ ..... ഏതായാലും ഇതിനെ ഒരാളും വേണല്ലേ .....'' നായര്‍ അക്കത്തിന് ഉറച്ച മട്ടിലാണ.് ''മതി നിര്‍ത്ത് രണ്ടുപേരും കൂടി എപ്പോള്‍ കണ്ടാലും ഇങ്ങനെയാ .... രമണന്‍ ചേട്ടന്‍ കണ്ടു പിടിക്കാനുള്ള വഴിനോക്ക് ...... അല്ലാതെ എന്തിനാ വെറുതേ ഇങ്ങനെ പല്ലിടകുത്തി മണക്കുന്നത് ......?'' പവന്‍കുമാറിന്റെ ഭാര്യ സീമ ഇടയ്ക്ക് കയറി ''പോലീസില്‍ പരാതികൊടുത്താല്‍ പത്രത്തില്‍ വരും റിട്ടേയേര്‍ഡ് എസ് .ഐയുടെ മരുമകനെ കാണാനില്ലെന്നു നാട്ടുകാര് മുഴുവന്‍ അറിയും......'' പവന്‍കുമാറിന് വിടാനുള്ള മട്ടില്ല. ''ആര് അറിഞ്ഞാലും എന്തൊക്കെ പറഞ്ഞാലും എനിക്ക് എന്റെ ഭര്‍ത്താവിനെ വേണം...... നിങ്ങള്‍ പറയുന്നില്ലെങ്കില്‍ ഞാന്‍ പോലീസില്‍ പരാതി കൊടുക്കും..... വൈകുന്തോറും അപകടമാ..... എന്റെ ഭര്‍ത്താവ് പാവമായിപ്പോയി. അത് മാത്രമാ അങ്ങേര് ചെയ്ത തെറ്റ്.'' കരഞ്ഞ തളര്‍ന്ന് കിടന്ന് സൗമ്യ എഴുന്നേറ്റ് ഭ്രാന്തിയെപ്പോലെ പുലമ്പി. മുഖം പൊത്തിക്കരഞ്ഞുകൊണ്ട് സാവിത്രി യും മുറിയില്‍ കയറി വാതിലടച്ചു. മുറിയുടെ ബോള്‍ട്ട് വീഴുന്ന ശബ്ദം കേട്ടപ്പോള്‍ നായരുടെ നെഞ്ചില്‍ വെള്ളിടിവെട്ടി . ''ഇനി അവള്‍ വല്ലോ അവിവേകവും കാണിക്കുമോ ? പണ്ടേ ദുര്‍ബലയാ........ ഇത്തിരി കാര്യം മതി കണ്ണീര്‍ പൊടിയാന്‍ .......'' ടെന്‍ഷന്‍ മൂത്ത നായര്‍ തലയില്‍ ചൊറിയാനും മാന്താനും തുടങ്ങി. പിന്നെ പൊടിഡപ്പിയെടുത്ത് തുറന്ന് മൂക്ക് വക്രിച്ച് പതിവിലേറെ പൊടി മൂക്കിലേക്ക് തിരിച്ചു കയറ്റി. ഹൊ.... എന്തൊരു പൊടിതീറ്റ ........ ഇയാളുടെ തലച്ചോറ് മുഴുവന്‍ മൂക്കില്‍പ്പൊടിയായികാണും..... പവന്‍കുമാര്‍ പിറുപിറുത്തത് പൂര്‍ണ്ണമായി ഗ്രഹിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും തനിക്കിട്ട് പണിതരാണെന്ന് നായര്‍ക്ക് മനസ്സിലായി. സന്ദര്‍ഭം ശരിയല്ലാത്തതുകൊണ്ട് കൂടുതലായി മറ്റൊന്നും പറഞ്ഞില്ല. ''സാവിത്രി വാതില്‍ തുറക്ക്......... നീ എന്ത് പേക്കൂത്താണ് ഈ കാണിക്കുന്നത്. വാതില്‍ തുറക്ക് ...........' നായര്‍ ഡോറില്‍ മുട്ടി വിളിച്ചു. അപ്പോഴേക്കും സൗമ്യയും സീമയും വാതില്‍ലേക്ക് വന്നു, പിന്നാലേ അടുക്കളയില്‍ പതുങ്ങി നിന്ന ശ്യാമളയും..... നീയാണ് ഇതിനൊക്കെ കാരണക്കാരിയെന്നമട്ടില്‍ നായര്‍ ശ്യാമളയെ സൂക്ഷിച്ചുനോക്കി. കൊല്ലുന്ന നോട്ടം......... ശ്യാമള വെന്തുരുകിപോയി. നോട്ടത്തെ തടുക്കാനാവാതെ അവള്‍ മുഖം തിരിച്ചു പോയി. ''അമ്മേ വാതില്‍ തുറക്കൂ. എന്തായിത്'' സീമയും സൗമ്യയും ഒരുപോലെ വാതില്‍ അടച്ചിരുന്ന് നിലവിളിക്കാന്‍ തുടങ്ങി. ബഹളംകേട്ട് വഴിയാത്രക്കാര്‍ ചിലരൊക്കെ ഗേയ്റ്റിന്റെ മുന്നില്‍ എത്തി. തലനീട്ടിയെങ്കിലും കാര്യം വ്യക്തമാകാത്തതുകൊണ്ട് മടങ്ങി. കയറിവന്ന് നോക്കാന്‍ ധൈര്യം വന്നില്ല. ''ചവിട്ടിപൊളിച്ചാലോ. അല്ലെങ്കില്‍ ഫയര്‍ഫോയ്‌സിന് വിളിക്കാം. അകത്തുകിടന്ന് അമ്മ എന്തെങ്കിലും കാണിച്ചാല്‍ എല്ലാവരും തൂങ്ങും.'' പവന്‍കുമാര്‍ തന്റെ നിലപ്പാട് വ്യക്തമാക്കി. ''കരിനാക്ക് വളച്ചൊന്നും പറയാതെ.'' സീമ അവന്റെ വായ് അടപ്പിച്ചു. വാതില്‍ ചവിട്ടിപൊളിച്ചാലോന്ന് നായര്‍ക്കും തോന്നാതിരുന്നില്ല. പെണ്ണിന്റെ മനസ്സല്ലേ, ഇത്തിരികഴിഞ്ഞ് മുറിക്കുള്ളില്‍ ബോള്‍ട്ടിളക്കുന്നത് കേട്ടപ്പോള്‍ എല്ലാവരേടേയും നെഞ്ചിലെ തീകെട്ടു. സാവിത്രിയമ്മ പോകാനുള്ള തയ്യാറെടുപ്പിലാണ് വന്നത്്. ''നീ എങ്ങോട്ടാണ്'' നായര്‍ ചോദിച്ചു. 'എന്റെ വീട്ടിലേക്ക്'''സാവിത്രിയമ്മയുടെ ശബ്ദത്തില്‍ പതിവിലേറെ കാര്‍ക്കശ്യം. ''നമ്മുക്ക് വൈകുന്നേരം ഒന്നിച്ചു പോകാം.'' ''അത് നിങ്ങളുടെ കാര്യം'' ''നീ എന്താ സാവിത്രി ഇങ്ങനെ'' ''ഞാന്‍ പിന്നെ എങ്ങനെവേണം.?'' ''സൗമ്യയ്ക്കാണേല്‍ ഡെയിറ്റ് അടുത്തിരിക്കുന്നു. അവളുടെ ഭര്‍ത്താവിനെ കാണാനുമില്ല. അതിന്റെ ഇടയ്ക്ക് വേലക്കാരിയുടെ വക മറ്റൊരു കോടാലിയും. എല്ലാം കൂടിയും എന്റെ തലയ്ക്കായി, എന്നെ തനിച്ചാക്കിയിട്ട് നിനക്ക് പോകാന്‍ സാധിക്കൂമോ സാവിത്രി.'' നായരുടെ ശബ്ദം പതറി. ശ്യാമള അടുക്കളയിലോട്ട് വലിഞ്ഞു. വീണ്ടും തന്റെ വിഷയം ചര്‍ച്ചയ്ക്ക് വന്നാല്‍ ആകെ കുഴപ്പമാകും. സീമയും സൗമ്യയും ഓടിവന്ന് സാവിത്രിയമ്മയെ തടഞ്ഞു. ''മാറി നില്‍ക്ക്. നിങ്ങളൊക്കെ ആവശ്യത്തിലേറെ ഞാന്‍ ലാളിച്ചു സ്‌നേഹിച്ചും അതിന്റെ കൂലി നിങ്ങള്‍ എനിക്ക് തന്നു. ഭര്‍ത്താവും മക്കളും മരുമക്കളും ഒന്നുമില്ലാത്ത സ്ത്രീകളും ഈ നാട്ടില്‍ ജീവിക്കുന്നുണ്ട്. ഇനി ഞാനും അങ്ങനെ ജീവിച്ചോളാം.'' ''അവള്‍ പോട്ടെ, ആരും തടയേണ്ട. ചെമ്മീന്‍ ചാടിയാല്‍ ചട്ടിയോളം അല്ലെങ്കില്‍ മുട്ടോളം'' നായര്‍ പറഞ്ഞു. അത് സാവിത്രിയ്ക്ക് ശരിയ്ക്കും കൊണ്ടു. ''വേലക്കാരിയോടുമാത്രമല്ല അവളുടെ മകളുടെ ഗര്‍ഭത്തിനും നിങ്ങള്‍ ആളെ കണ്ടെത്തേണ്ടിവരും. നോക്കിക്കോ, നിങ്ങള്‍ എന്നോട് കാട്ടിക്കൂട്ടിയെതിനുള്ള ദൈവം തരുന്ന ശിഷ്യയായിരിക്കും അത്.'' സാവിത്രിയമ്മ പല്ലിറുമി നായരുടെ ചെവില്‍ മന്ത്രിച്ചു. പവന്‍കുമാറിനോ സീമക്കോ, സാവിത്രിയമ്മ പറഞ്ഞത് എന്താണെന്ന് വ്യക്തമായില്ല. എന്നാല്‍, സൗമ്യയ്ക്ക് എല്ലാം വ്യക്തമായി. വരാന്‍ ഇരിക്കുന്ന മറ്റൊരു ഭൂകമ്പത്തെ ഓര്‍ത്ത് അവള്‍ പൊട്ടിക്കരഞ്ഞു. ''അമ്മയെ വിളിക്ക് അച്ചാ'' സാവിത്രിയമ്മ ഗെയിറ്റില്‍ എത്തിയപ്പോള്‍ സീമ വിളിച്ചു പറഞ്ഞു. ''പുകഞ്ഞ കൊള്ളി പുറത്ത് എന്റെ പട്ടി വിളിക്കും'' നായര്‍ ഉറച്ചു നിന്നു. ''പൊന്നന്‍ ചേട്ടന്‍ ബൈക്കില്‍ അമ്മയുടെ പിന്നാലെ ചെല്ലൂ.'' സീമ പവന്‍കുമാറിനോട് പറഞ്ഞു. '' നിന്റെ അമ്മയാര് മുഖ്യമന്ത്രിയോ? പോലീസില്‍ ബൈക്കില്‍ ഞാന്‍ പിന്നാലെ ചെല്ലാന്‍ ഒന്നു പോടീ കൂവേ.... ഞങ്ങള്‍ ആണുങ്ങള്‍ക്ക് എന്നാ ഒരു വിലയുമില്ലേ'' പവന്‍കുമാര്‍ കത്തികയറി. സാവിത്രിയമ്മ പറഞ്ഞതിന്റെ പൊരുള്‍ തേടുകുയായിരുന്നു ഹരിശ്ചന്ദ്രന്‍ നായര്‍. എന്തായിരിക്കും അവള്‍ അങ്ങനെ പറഞ്ഞത്? മകളുടെ ഗര്‍ഭത്തിന് താന്‍ ഉത്തരവാദിയെ കണ്ടെത്തണമെന്ന് . ആ ...... എന്തെങ്കിലും ആകെട്ടെ. രമണനെ കാണുന്നല്ലെന്ന് പറഞ്ഞ് പോലീസ് കംപ്ലയിറ്റ് കൊടുക്കുകയാണ് ഇപ്പോള്‍ വേണ്ടത്. ഫോണ്‍ ചെയ്ത് പറയാമെന്നാണ് ആദ്യം കരുതിയത്. വേണ്ട നേരിട്ട് പൊക്കോളാം. ഏതോരു പുതിയ പയ്യാനാ എസ്.ഐ. ഞാന്‍ ജാട കാട്ടി വീട്ടില്‍ ഇരിക്കുകയാണെന്ന് കരുതി അന്വേഷണം വഴിമുടക്കേണ്ട. '' വണ്ടിയെടുക്കടാ നമ്മുക്ക് സ്‌റ്റേഷന്‍ വരെ പോകാം.'' നായര്‍ പറഞ്ഞു. കേള്‍ക്കാത്ത താമസം പൊന്നന്‍ പോലീസ് ബൈക്ക് സ്റ്റാര്‍ട്ടാക്കി. ''ഇപ്പോഴത്തെ എസ്.ഐമാര്‍ക്ക് വകതിരിവ് കുറവാ'' പരാതികൊടുത്ത് മടങ്ങുമ്പോള്‍ ഹരിശ്ചന്ദ്രന്‍ നായര്‍ ആരോടുന്നില്ലാതെ പറഞ്ഞു. റിട്ടയേര്‍ഡ് എസ് .ഐ എന്ന പരിഗണന തീരെ കാട്ടിയില്ല. അതാണ് കാരണം. ''അല്ലെങ്കിലും അവന് ഇത്തിരി മുറ്റ് കൂടുതലാ. പോലീസുക്കാര്‍ക്കും കണ്ണെടുത്താല്‍ കണ്ടു കൂടാം. അതൊക്കെ ഞങ്ങളുടെ എസ്.ഐ, ആള്‍ പക്കാ ഡീസെന്റാ.'' പവന്‍കുമാര്‍ നായരെ സപ്പോര്‍ട്ട് ചെയ്തു. ''അച്ഛാ അമ്മ മൊബൈല്‍ എടുക്കുന്നില്ല. ലാന്റ്‌ഫോണും അടിക്കുന്നതല്ലാതെ അറ്റന്‍ഡ് ചെയ്യുന്നില്ല.'' അവര്‍ മടങ്ങിയെത്തിയപ്പോള്‍ സീമ കിതപ്പോടെ പറഞ്ഞു. ''സാരമില്ല പിണങ്ങി പോയതിന്റെ ചൂടിലായിരിക്കും. ഞാന്‍ വീട്ടിലേയ്ക്ക് ചെല്ലാം. നീ ഒരു കാര്യം ചെയ്യ്. രണ്ടു ദിവസത്തേയ്ക്ക് ഇവിടെ നില്‍ക്കൂ. നാളെയും നാളെ കഴിഞ്ഞും ബാങ്ക് അവധിയല്ലേ. സൗമ്യയെ തനിച്ചാക്കാന്‍ പറ്റത്തില്ല' ''അച്ചാ അത്...'' ''പറയുന്നത് കേള്‍ക്കുക. ഇങ്ങോട്ട് അഭിപ്രായം ഒന്നും വേണ്ട. എന്നെ ബെസ്‌റ്റോപ്പില്‍ ഒന്നു വിട്ടേ......'' നായര്‍ പവന്‍കുമാറിനോട് പറഞ്ഞു. ''പോയകാര്യം.'' സൗമ്യകരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇറങ്ങി വന്ന് ചോദിച്ചു. ''ഒന്നും സംഭവിക്കില്ല, അവന്‍ വരും.'' നായര്‍ അവളെ ആശ്വസിപ്പിച്ചു. ഹരിശ്ചന്ദ്രന്‍ നായര്‍ വീട്ടില്‍ എത്തിയപ്പോള്‍ വീട് പൂട്ടി യിട്ടിരിക്കുകയാണ്. പതിവുസ്ഥലത്തുനിന്ന് താക്കോല്‍ എടുത്ത് വീടു തുറന്നു. വാശിയുടെ കാര്യത്തില്‍ ആളുമോശമല്ല. അതുകൊണ്ട് സാവിത്രിയുടെ ബന്ധു വീടുകളില്‍ വിളിച്ച് അന്വേഷിച്ചില്ല. അങ്ങനെ അങ്ങ് തോറ്റാല്‍ ശരിയാകുകയില്ലോ..... പക്ഷേ ......... മരിച്ചു വീണ പകലില്‍ ഇരുള്‍ നൃത്തംവെച്ചിട്ടും സാവിത്രിയമ്മ വന്നില്ല. ഹരിശ്ചന്ദ്രന്‍ നായരുടെ വീറു വാശിയും ആവിയാകാന്‍ തുടങ്ങി. (തുടരും)

 
Other News in this category

 
 




 
Close Window