ലണ്ടന്‍: 2023-ല്‍ ചെറുബോട്ടുകളില്‍ കയറി യുകെയിലേക്ക് അനധികൃതമായി പ്രവേശിച്ച കുടിയേറ്റക്കാരുടെ എണ്ണത്തില്‍ 36 ശതമാനത്തോളം ഇടിവ്. മുന്‍ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വന്നുചേര്‍ന്ന ഈ കുറവ് പ്രധാനമന്ത്രി ഋഷി സുനാകിന് ഉത്തേജനമേകും. ഡിസംബര്‍ 16 മുതല്‍ ചാനല്‍ ക്രോസിംഗ് ഉണ്ടായിട്ടില്ലെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തിന്റെ ആരംഭം മുതല്‍ കഴിഞ്ഞ ശനിയാഴ്ച വരെ ബ്രിട്ടനില്‍ എത്തിച്ചേര്‍ന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ഏകദേശം 29,437 ആണ്. അതിശക്തമായ കാറ്റ് മൂലം ഇന്നലെ ബോട്ടുകളില്‍ ആരും പ്രവേശിക്കാന്‍ ധൈര്യം കാണിച്ചിട്ടില്ല.
ഇതോടെ 2023-ലെ ഔദ്യോഗിക കണക്കുകള്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 64 ശതമാനം മാത്രമാകും. മുന്‍ വര്‍ഷം 45,755 എന്ന പുതിയ റെക്കോര്‍ഡാണ് അനധികൃത കുടിയേറ്റക്കാര്‍ സൃഷ്ടിച്ചത്. കുടിയേറ്റക്കാരുടെ വരവ് കുറയുന്നത് 'ബോട്ടുകള്‍ തടയുമെന്ന്' പ്രഖ്യാപനം നടത്തിയ സുനാകിന് ഉത്തേജനമാണ്. വോട്ടര്‍മാര്‍ നല്‍കിയ അഞ്ച് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്. ബോട്ടുകളും, അനധികൃത കുടിയേറ്റവും തടയാന്‍ ഗവണ്‍മെന്റിന് സാധിക്കുന്നതായി ഹോം ഓഫീസ് വക്താവ് ചൂണ്ടിക്കാണിച്ചു. ഫ്രാന്‍സ്, ബള്‍ഗേറിയ, തുര്‍ക്കി, ഇറ്റലി, ജോര്‍ജ്ജിയ, എത്യോപിയ തുടങ്ങിയ രാജ്യങ്ങളുമായി ബ്രിട്ടന്‍ മൈഗ്രേഷന്‍ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. 5000-ലേറെ അല്‍ബേനിയക്കാരാണ് നാട്ടിലേക്ക് മടങ്ങിയത്. അല്‍ബേനിയയില്‍ നിന്നുള്ള വരവില്‍ 90 ശതമാനത്തിന്റെ കുറവാണുള്ളത്. റുവാന്‍ഡയുമായി പുതിയ കരാറില്‍ ഒപ്പുവെച്ചതിന് പുറമെ അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ കഴിയുന്ന സുരക്ഷിത രാജ്യമായി പാര്‍ലമെന്റ് പ്രമേയവും പാസാക്കിയിട്ടുണ്ട്.