Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.2942 INR  1 EURO=106.9633 INR
ukmalayalampathram.com
Sun 22nd Feb 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ സുരക്ഷാ സംവിധാനങ്ങളില്‍ വിപ്ലവകരമായ മാറ്റം; 15 മിനിറ്റിനുള്ളില്‍ പൊലീസ് സംഭവസ്ഥലത്ത്
reporter

ലണ്ടന്‍: ഗുരുതരമായ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ വെറും 15 മിനിറ്റിനുള്ളില്‍ പൊലീസ് സംഭവസ്ഥലത്ത് എത്തണമെന്ന കര്‍ശന നിര്‍ദേശം പ്രഖ്യാപിച്ച് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര സെക്രട്ടറി ഇവെറ്റ് കൂപ്പറാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. 18 ബില്യന്‍ പൗണ്ടിന്റെ (ഏകദേശം 1.9 ലക്ഷം കോടി രൂപ) ചെലവില്‍ നടപ്പിലാക്കുന്ന ഈ വമ്പന്‍ പരിഷ്‌കാരം, പ്രത്യേകിച്ച് രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വലിയ സുരക്ഷാ കവചമാകും.

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്ന് ക്ലാക്ടണ്‍ മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍ (CMWA) ആഭ്യന്തര സെക്രട്ടറിയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടനിലെ എന്‍എച്ച്എസ് (NHS) ആശുപത്രികളില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് മലയാളി നഴ്‌സുമാര്‍ പലപ്പോഴും രാത്രി ഷിഫ്റ്റുകള്‍ കഴിഞ്ഞ് പുലര്‍ച്ചെയാണ് വീടുകളിലേക്ക് മടങ്ങുന്നത്. ലണ്ടനിലെ ക്രോയ്ഡനില്‍ ഉള്‍പ്പെടെ അടുത്തിടെ മലയാളി നഴ്‌സുമാര്‍ക്ക് നേരെ നടന്ന വംശീയ ആക്രമണങ്ങളുടെയും കത്തിക്കുത്തുകളുടെയും പശ്ചാത്തലത്തില്‍ പുതിയ പൊലീസ് പരിഷ്‌കാരം വലിയ പ്രാധാന്യമര്‍ഹിക്കുന്നു.

999 എന്ന നമ്പറില്‍ വിളിച്ചാല്‍ 10 സെക്കന്‍ഡിനുള്ളില്‍ മറുപടി ലഭിക്കണമെന്ന നിര്‍ദേശം, അത്യാഹിത ഘട്ടങ്ങളില്‍ നഴ്‌സുമാര്‍ക്ക് വലിയ ആശ്വാസമാകും. ആശുപത്രി പരിസരങ്ങളിലും നഴ്‌സുമാര്‍ താമസിക്കുന്ന മേഖലകളിലും 20 മിനിറ്റിനുള്ളില്‍ പൊലീസ് സാന്നിധ്യം ഉറപ്പാക്കണമെന്ന നിര്‍ദേശം സാമൂഹിക വിരുദ്ധരുടെ ശല്യം കുറയ്ക്കാന്‍ സഹായിക്കും.

ഗാര്‍ഹിക പീഡനം, തെരുവുകളിലെ ആക്രമണങ്ങള്‍, വംശീയ അധിക്ഷേപങ്ങള്‍ എന്നിവ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. മുന്‍ഗണനാ ക്രമത്തില്‍ കുറ്റകൃത്യങ്ങളെ തരംതിരിച്ച് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാനും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് പൊലീസിലുള്ള വിശ്വാസം വീണ്ടെടുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

സര്‍ക്കാരിന്റെ പുതിയ നീക്കത്തെ യുകെയിലെ പ്രവാസി മലയാളി സംഘടനകള്‍ സ്വാഗതം ചെയ്തു. പലപ്പോഴും അതിക്രമങ്ങള്‍ നേരിടുമ്പോള്‍ പൊലീസ് എത്താന്‍ വൈകുന്നുവെന്ന പരാതികള്‍ പരിഹരിക്കാന്‍ ഈ '15 മിനിറ്റ് നിയമം' സഹായിക്കുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. നഴ്‌സുമാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ സിസിടിവി ക്യാമറകളും രാത്രികാല പട്രോളിങ്ങും വേണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.

ക്ലാക്ടണില്‍ അടുത്തിടെ മലയാളികള്‍ക്ക് നേരെയുണ്ടായ അക്രമണങ്ങള്‍ എടുത്ത് കാണിച്ചുകൊണ്ട്, പൊലീസ് പരിഷ്‌കാരങ്ങള്‍ വെറും പ്രഖ്യാപനങ്ങളില്‍ ഒതുങ്ങാതെ പ്രായോഗികമായി നടപ്പിലാക്കണമെന്ന് സി.എം.ഡബ്ല്യു.എ അഭ്യര്‍ഥിച്ചു. വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പോടെ ബ്രിട്ടനിലെ തെരുവുകള്‍ കൂടുതല്‍ സുരക്ഷിതമാകുമെന്നാണ് പ്രവാസി സമൂഹം കരുതുന്നത്

 
Other News in this category

 
 




 
Close Window