Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ഭൂകമ്പം: സുവല്ല ബ്രാവര്‍മാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിട്ട് റിഫോം യുകെയില്‍
reporter

ലണ്ടന്‍: മുന്‍ ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവര്‍മാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിട്ട് നൈജല്‍ ഫറാഷിന്റെ നേതൃത്വത്തിലുള്ള റിഫോം യുകെയില്‍ ചേര്‍ന്നത് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ വലിയ ചലനം സൃഷ്ടിച്ചു. 30 വര്‍ഷത്തെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചാണ് ഇന്ത്യന്‍ വംശജയായ ബ്രാവര്‍മാന്റെ ഈ നീക്കം.

ലിസ് ട്രസ്സ് മന്ത്രിസഭയിലും ഋഷി സുനക് മന്ത്രിസഭയിലും ഹോം സെക്രട്ടറി പദം അലങ്കരിച്ചിരുന്ന ബ്രാവര്‍മാന്‍, ഇന്നലെ റിഫോം യുകെ സംഘടിപ്പിച്ച പരിപാടിയില്‍ അപ്രതീക്ഷിതമായി എത്തി പാര്‍ട്ടി അംഗത്വം രാജിവച്ചതായി പ്രഖ്യാപിച്ചു. 'സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയതായി തോന്നുന്നു' എന്നായിരുന്നു അവരുടെ ആദ്യ പ്രതികരണം.

ഫെയര്‍ഹാം ആന്‍ഡ് വാട്ടര്‍ലൂവില്‍ നിന്നുള്ള എംപിയായ ബ്രാവര്‍മാന്‍, കഴിഞ്ഞ പത്തു ദിവസത്തിനിടെ റിഫോം പാര്‍ട്ടിയിലേക്ക് മാറുന്ന മൂന്നാമത്തെ പ്രമുഖ ടോറി നേതാവാണ്. റോബര്‍ട്ട് ജെന്റിക്, ആന്‍ഡ്രൂ റൊസിന്‍ഡല്‍ എന്നിവരാണ് ഇതിനുമുമ്പ് ചേര്‍ന്നത്.

ബ്രിട്ടന്‍ വലിയ പ്രതിസന്ധിയിലാണെന്നും കുടിയേറ്റം നിയന്ത്രണാതീതമാണെന്നും പൊതുസേവനങ്ങള്‍ തകര്‍ന്നിരിക്കുകയാണെന്നും യുവാക്കള്‍ രാജ്യം വിടുകയാണെന്നും ബ്രാവര്‍മാന്‍ ആരോപിച്ചു. മുന്‍ പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ അവര്‍ കടുത്ത വിമര്‍ശനവും ഉന്നയിച്ചു. കുടിയേറ്റം തടയാന്‍ മനുഷ്യാവകാശ നിയമങ്ങളില്‍ മാറ്റം ആവശ്യപ്പെട്ടപ്പോള്‍ തന്നെ പുറത്താക്കുകയായിരുന്നുവെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു.

സുവല്ലയുടെ നീക്കം പാര്‍ട്ടി നേതൃത്വത്തെ പ്രകോപിപ്പിച്ചു. 'സുവല്ല പാര്‍ട്ടി വിടുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു' എന്ന് ടോറി വക്താവ് പരിഹസിച്ചു. വ്യക്തിപരമായ അഭിലാഷങ്ങള്‍ക്കുവേണ്ടിയാണ് അവര്‍ പാര്‍ട്ടി മാറിയതെന്നും വക്താവ് ആരോപിച്ചു.

റിഫോം യുകെ പരാജയപ്പെട്ട കണ്‍സര്‍വേറ്റീവ് നേതാക്കളുടെ താവളമായി മാറുകയാണെന്ന് ലേബര്‍ പാര്‍ട്ടി ചെയര്‍മാന്‍ അന്ന ടര്‍ലി വിമര്‍ശിച്ചു. 14 വര്‍ഷം ബ്രിട്ടനെ ഭരിച്ച് തകര്‍ത്തവരാണ് ഇപ്പോള്‍ ഫറാഷിനൊപ്പം അധികാരത്തിനായി ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.

സുവല്ലയുടെ വരവോടെ റിഫോം യുകെയുടെ പാര്‍ലമെന്റിലെ അംഗസംഖ്യ എട്ടായി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വോട്ട് ബാങ്കിന് വലിയ വിള്ളലുണ്ടാക്കാന്‍ ഈ നീക്കം കാരണമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു

 
Other News in this category

 
 




 
Close Window