ലണ്ടന്‍: ഇഷാ കൊടുങ്കാറ്റില്‍ 90 എംപിഎച്ച് വരെ വേഗത്തില്‍ വീശിയടിക്കുന്ന കാറ്റില്‍ ഉലഞ്ഞ് ബ്രിട്ടന്‍. ജനലുകള്‍ക്ക് അരികില്‍ ഉറങ്ങരുതെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. ശക്തമായ മഴയും, ഭയാനകമായ തിരമാലകളും ബ്രിട്ടനെ പിടിച്ചുകുലുക്കിയതോടെ ട്രെയിനുകളും, വിമാനങ്ങളും റദ്ദായി. ഒരു ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന്റെ ആശങ്കകളും സജീവമായി. തിങ്കളാഴ്ച രാവിലെ വരെ തീരപ്രദേശങ്ങളില്‍ കൊടുങ്കാറ്റിന് സമാനമായ അന്തരീക്ഷമാണ് നിലവിലുണ്ടാകുകയെന്ന് മെറ്റ് ഓഫീസ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. 90 എംപിഎച്ച് വേഗത്തിലുള്ള കാറ്റ് അസാധാരണമായ ജീവന്‍ അപകടത്തിലാക്കുന്ന മുന്നറിപ്പുകള്‍ക്ക് കാരണമായി. വെയില്‍സിലെ കാപെല്‍ കുരിഗിലാണ് ഏറ്റവും ശക്തമായ കാറ്റ് വീശിയത്.
വൈദ്യുതി ബന്ധത്തില്‍ തകരാര്‍ നേരിട്ടതിന് പുറമെ മരങ്ങള്‍ കാറ്റില്‍ മറിഞ്ഞും, മേല്‍ക്കൂരയില്‍ നിന്നും ടൈലുകള്‍ വേര്‍പെട്ടും പോകുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ ചുഴലിക്കാറ്റിനാണ് സാധ്യത കല്‍പ്പിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ട്, സ്‌കോട്ട്ലണ്ടിലെ ചില ഭാഗങ്ങള്‍, നോര്‍ത്തേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രങ്ങള്‍ തുടങ്ങിയതായി ടൊര്‍ണാഡോ & സ്റ്റോം റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. റോഡ്, റെയില്‍, വ്യോമ ഗതാഗതത്തെ കൊടുങ്കാറ്റ് താറുമാറാക്കുമെന്നാണ് മുന്നറിയിപ്പ്. അടിയന്തരമല്ലാത്ത സാഹചര്യങ്ങളില്‍ യാത്ര ഒഴിവാക്കാന്‍ മെറ്റ് ഓഫീസ് ആവശ്യപ്പെട്ടു. തീരദേശ റോഡുകള്‍, ഉയര്‍ന്ന പ്രദേശങ്ങളിലെ റൂട്ടുകള്‍ എന്നിവിടങ്ങളില്‍ യാത്ര ഒഴിവാക്കാനാണ് നിര്‍ദ്ദേശം.