ലണ്ടന്‍: ബ്രിട്ടിഷ് തലസ്ഥാനത്തെ വെസ്റ്റ് ഹാംപ്സ്റ്റെഡിലെ പ്രമുഖ നഴ്‌സറിയില്‍ പതിറ്റാണ്ടുകളോളം പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കിയ മുന്‍ ജീവനക്കാരന്‍ വിന്‍സെന്റ് ചാന്‍ (43) ന് കോടതി 18 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു. തടവ് കാലാവധി കഴിഞ്ഞും എട്ടു വര്‍ഷം ഇയാള്‍ കടുത്ത നിരീക്ഷണത്തിലായിരിക്കും.
2007 മുതല്‍ 2017 വരെ 'ബ്രൈറ്റ് ഹൊറൈസണ്‍സ്' നഴ്‌സറിയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഭൂരിഭാഗം പീഡനങ്ങളും നടന്നത്. അന്വേഷണത്തില്‍ ഇയാള്‍ മുന്‍പ് പ്രൈമറി സ്‌കൂളില്‍ ടീച്ചിങ് അസിസ്റ്റന്റായിരുന്ന കാലത്തും പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി കണ്ടെത്തി.
മെട്രോപൊളിറ്റന്‍ പോലീസ് ഇയാളുടെ പക്കല്‍ നിന്ന് 26,000-ത്തിലധികം കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പിടിച്ചെടുത്തു. വീടുകളിലും പൊതു ശൗചാലയങ്ങളിലും ഒളിക്യാമറകള്‍ സ്ഥാപിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
2024 മെയ് മാസത്തിലാണ് ഇയാള്‍ ഒടുവില്‍ കുടുങ്ങിയത്. സഹപ്രവര്‍ത്തകര്‍ കുട്ടികളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതും അതില്‍ വിചിത്രമായ ഓഡിയോകള്‍ ചേര്‍ക്കുന്നതും ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് വീട്ടില്‍ നടത്തിയ റെയ്ഡില്‍ വന്‍ ഡിജിറ്റല്‍ ശേഖരവും തെളിവുകളും കണ്ടെത്തി.
നഴ്‌സറി അധികൃതരുടെ സുരക്ഷാ വീഴ്ചയാണ് പ്രതിക്ക് പതിറ്റാണ്ടുകളോളം ഒരേ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതെന്ന് ഇരകളുടെ കുടുംബങ്ങള്‍ ആരോപിച്ചു. 'ഞങ്ങളുടെ കുട്ടികളെ ഏറ്റവും സുരക്ഷിതമെന്ന് കരുതി ഏല്‍പ്പിച്ച ഇടം അവര്‍ക്കൊരു നരകമായി മാറി,' എന്ന് ഒരു രക്ഷിതാവ് കോടതിയില്‍ വികാരാധീനനായി പറഞ്ഞു.
ബ്രൈറ്റ് ഹൊറൈസണ്‍സ് അധികൃതര്‍ക്കെതിരെ കോടിക്കണക്കിന് പൗണ്ടിന്റെ നഷ്ടപരിഹാരക്കേസിന് കുടുംബങ്ങള്‍ ഒരുങ്ങുകയാണ്. 'നിങ്ങള്‍ സമൂഹത്തിന് വലിയ ഭീഷണിയാണ്. കുട്ടികളുടെ നിഷ്‌കളങ്കതയെ കച്ചവടം ചെയ്തു. മാതാപിതാക്കള്‍ക്ക് ഇനി ഒരിക്കലും പൂര്‍ണ്ണവിശ്വാസം ഉണ്ടാകില്ല,' എന്ന് വിധി പ്രസ്താവിക്കുമ്പോള്‍ വുള്‍വിച്ച് ക്രൗണ്‍ കോടതിയിലെ ജഡ്ജി ജോണ്‍ ഡോഡ് അഭിപ്രായപ്പെട്ടു