Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
എന്‍.എച്ച്.എസ്. സ്റ്റാഫിന് 3.3% ശമ്പള വര്‍ധന; യൂണിയനുകള്‍ പ്രതിഷേധത്തിന് തയ്യാറെടുപ്പ്
reporter

ലണ്ടന്‍: ഇംഗ്ലണ്ടും വെയില്‍സും ഉള്‍പ്പെടെ എന്‍.എച്ച്.എസ്. സ്റ്റാഫിന് 3.3 ശതമാനത്തിന്റെ നാമമാത്ര ശമ്പള വര്‍ധന പ്രഖ്യാപിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍. നഴ്‌സുമാര്‍, പോര്‍ട്ടര്‍മാര്‍, മിഡൈ്വഫുമാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് തുടങ്ങി ഏകദേശം പതിനഞ്ച് ലക്ഷത്തോളം ജീവനക്കാര്‍ക്ക് വര്‍ധന ബാധകമാകും. എന്നാല്‍ ഡോക്ടര്‍മാര്‍, ഡെന്റിസ്റ്റുകള്‍, സീനിയര്‍ മാനേജര്‍മാര്‍ എന്നിവര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നില്ല. ഏപ്രില്‍ മുതല്‍ വര്‍ധന പ്രാബല്യത്തിലാകും.

ശമ്പള വര്‍ധന സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച കമ്മിറ്റിയുടെ ശുപാര്‍ശ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകരിച്ചതോടെയാണ് തീരുമാനം. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും വര്‍ധന ബാധകമാകുമെങ്കിലും പ്രാദേശിക ഭരണകൂടത്തിന്റെ അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല.

കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് 3.4 ശതമാനമായിരിക്കെ അതിനേക്കാള്‍ താഴെയുള്ള വര്‍ധന പരിഹാസ്യമാണെന്ന് ഹെല്‍ത്ത് യൂണിയനുകള്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ തീരുമാനത്തില്‍ നിരാശയും പ്രതിഷേധവും രേഖപ്പെടുത്തിയ യൂണിയനുകള്‍ സമരപരിപാടികള്‍ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികളിലേക്ക് കടക്കാന്‍ ആലോചിക്കുന്നു.

കഴിഞ്ഞ വര്‍ഷം നഴ്‌സുമാര്‍ക്ക് 3.6 ശതമാനവും ഡോക്ടര്‍മാര്‍ക്ക് 5.4 ശതമാനവും ശമ്പള വര്‍ധന അനുവദിച്ചിരുന്നു. ഈ വിവേചനത്തിനെതിരെ റോയല്‍ കോളജ് ഓഫ് നഴ്‌സിങ് (RCN) ഉള്‍പ്പെടെയുള്ള സംഘടനകള്‍ ശക്തമായി പ്രതികരിച്ചിരുന്നു. 'നഴ്‌സിങ് സ്റ്റാഫിനോടുള്ള നീതികേട് പൊറുക്കാനാകില്ല' എന്ന് RCN ജനറല്‍ സെക്രട്ടറി പ്രഫ. നിക്കോള റെയ്ഞ്ചര്‍ വ്യക്തമാക്കി.

പണപ്പെരുപ്പ നിരക്കിനേക്കാള്‍ കുറഞ്ഞ വര്‍ധന അംഗീകരിക്കാനാകില്ലെന്ന് യൂണിസെന്‍ നേതാവ് ഹെല്‍ഗ പൈലും പറഞ്ഞു. ശമ്പള വര്‍ധന ആവശ്യപ്പെട്ട് നിരന്തരം സമരത്തിലിരിക്കുന്ന ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷനുമായി സര്‍ക്കാര്‍ ഇപ്പോഴും ചര്‍ച്ചയിലാണ്. ഇതിനോടകം 14 വട്ടം ബഹിഷ്‌കരണ സമരം നടത്തിയ റസിഡന്റ് ഡോക്ടര്‍മാരും ജൂനിയര്‍ ഡോക്ടര്‍മാരും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ്. മറ്റൊരു സമരത്തിന് അവര്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.

നഴ്‌സുമാരുടെയും മറ്റ് ഹെല്‍ത്ത് യൂണിയനുകളുടെയും ശക്തമായ സമരത്തിന് സര്‍ക്കാര്‍ ഭയപ്പെടുന്നതിനാലാണ് നാമമാത്ര വര്‍ധന നല്‍കി ഇവരെ തൃപ്തിപ്പെടുത്താനുള്ള ശ്രമമെന്ന വിലയിരുത്തലും ഉയരുന്നു

 
Other News in this category

 
 




 
Close Window