Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 01st May 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
കേരളത്തിലെ സാമുദായിക സംഘടനകള്‍ ഉത്തരം താങ്ങുന്ന പല്ലികള്‍: വി.എസ് ജോയ്
Reporter

ദോഹ: കേരളത്തിലെ സാമുദായിക സംഘടനകള്‍ ഉത്തരം താങ്ങുന്ന പല്ലികളാണെന്നും ഈ സംഘടനകള്‍ വിചാരിച്ചാല്‍ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നാവടക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഒരിക്കലും സമുദായ നേതാക്കളുടെ തിണ്ണനിരങ്ങികളാകരുതെന്നും ജോയ് ആവശ്യപ്പെട്ടു. ഹ്രസ്വസന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ ജോയ് ഇന്‍കാസ് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

ഒരു സാമുദായിക സംഘടനക്കും രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അധികാരമില്ല. സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടാല്‍ അവിടെയുണ്ടാകുന്നത് വര്‍ഗീയതയായിരിക്കും. രാഷ്ട്രീയത്തെ സാമുദായിക സ്പര്‍ധയുടെ വിളപ്പില്‍ശാലയാക്കാനാണ് ചില സംഘടനകളുടെ ശ്രമം. സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ ഇത്തരം സംഘടനകള്‍ അവിശുദ്ധ രാഷ്ട്രീയ ബന്ധത്തിലൂടെ നേടിയ ആനുകൂല്യങ്ങളെക്കുറിച്ച് കെ.എസ്.യു കുറ്റപത്രം തയാറാക്കും. കോണ്‍ഗ്രസിന് സുകുമാരന്‍ നായരെന്ന ലാടവൈദ്യന്റെ ഉപദേശം ആവശ്യമില്ല. സുകുമാരന്‍ നായര്‍ എന്‍.എസ്.എസിന്റെ കാര്യം നോക്കിയാല്‍ മതി. എന്‍.എസ്.എസ് അടക്കമുള്ള സാമുദായികസംഘടനകള്‍ക്കെതിരായ നിലപാട് കെ.എസ്.യു കര്‍ശനമായി തുടരും. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നിലും വ്യക്തമാക്കിയിട്ടുണ്ട്. സാമുദായിക സംഘടനകളുടെ രാഷ്ട്രീയമായ ഒരു സഹായവും കോണ്‍ഗ്രസിന് ആവശ്യമില്ല. രാഷ്ട്രീയനേതാക്കള്‍ സാമുദായിക നേതാക്കളുടെ മുന്നില്‍ ഈയലുകളെപോലെ വിറച്ചുനില്‍ക്കേണ്ട ആവശ്യമില്ല. കെ.എസ്.യു കേരളത്തിലെ കാമ്പസുകളില്‍ കൊടുങ്കാറ്റായി തിരുച്ചുവന്നുകൊണ്ടിരിക്കുകയാണ്. പല കോളജുകളിലും കെ.എസ്.യു വ്യക്തമായ ഭൂരിപക്ഷം നേടിക്കഴിഞ്ഞു. വിദ്യാര്‍ഥിരാഷ്ട്രീയത്തിന് സാമൂഹിക മുഖം നല്‍കാനും സര്‍ഗാത്മകത വീണ്ടെടുക്കാനുമാണ് കെ.എസ്.യു ശ്രമിക്കുന്നത്. 'രക്തദാനം മഹാദാനം' എന്ന മുദ്രാവാക്യവുമായി ഒരുലക്ഷം വിദ്യാര്‍ഥികള്‍ രക്തദാനം നടത്തുന്ന കാമ്പയിന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഫാസിസവും അക്രമരാഷ്ട്രീയവും വെടിഞ്ഞാല്‍ പൊതുവിഷയങ്ങളില്‍ എസ്.എഫ്.ഐയുമായി സഹകരിക്കാന്‍ കെ.എസ്.യു തയാറാണ്. ഏതെങ്കിലും കോളജില്‍ എ.ബി.വി.പിയുമായി കെ.എസ്.യുവിന് സഖ്യമുണ്ടെന്ന് തെളിഞ്ഞാല്‍ ആ നിമിഷം യൂണിറ്റ് പിരിച്ചുവിടും. മലപ്പുറത്തെ 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കേണ്ടെന്ന കോണ്‍ഗ്രസ് നിലപാടിനെ കെ.എസ്.യു പിന്തുണക്കുന്നു. നോമിനേഷന്‍ സമ്പ്രദായം അവസാനിപ്പിച്ച് കോണ്‍ഗ്രസിലും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ജോയ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസവകുപ്പ് മു്സ്ലിംലീഗില്‍ നിന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാണ് കെ.എസ്.യുവിന്റെ അഭിപ്രായം. നിലവില്‍ വിദ്യാഭ്യാസവകുപ്പിന്റെ കാര്യത്തില്‍ കെ.എസ്.യുവിന് ചില വിയോജിപ്പുകളുണ്ട്. ജസ്റ്റിസ് സുകുമാരന്‍ നായര്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് കെ.എസ്.യുവിന്റെ നിലപാടെന്ന് പറഞ്ഞ ജോയ് സംസ്ഥാനത്തെ ചില മന്ത്രിമാരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും ചൂണ്ടിക്കാട്ടി.

ഷാലിമാര്‍ പാലസ് ഹോട്ടലില്‍ നടന്ന പത്രസമ്മേളനത്തില്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജോപ്പച്ചന്‍ തെക്കേക്കൂറ്റ്, മലപ്പുറം ജില്ലാ ഇന്‍കാസ് ഭാരവാഹികളായ യു. ഹൈദര്‍, ജോര്‍ജ് ജോസഫ് മുത്തൂറ്റ്, വഹാബ്, മുബാറക് എന്നിവര്‍ പങ്കെടുത്തു.

 
Other News in this category

 
 




 
Close Window