Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
കായികദിനം: സ്ഥാപനങ്ങളും മന്ത്രാലയങ്ങളും പരിപാടികള്‍ പ്രഖ്യാപിച്ചു
Reporter

ദോഹ: ദേശീയകായികദിനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 12ന് സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് വിവിധ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും അന്തിമരൂപം നല്‍കി. ഇതുവരെ പൊതു, സ്വകാര്യ മേഖലകളില്‍ നിന്നായി ഇരുപതിലധികം സ്ഥാപനങ്ങള്‍ കായികദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് കരുതുന്നു. കായികദിന പരിപാടികള്‍ക്ക് പ്രവാസി സംഘടനകളും ഒരുക്കം തുടങ്ങി.

ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമായി അല്‍ ജസീറ അക്കാദമിയില്‍ ടെന്നീസ്, ഓട്ടം, വോളിബാള്‍, ഫുട്ബാള്‍ തുടങ്ങിയ പരിപാടികളാണ് ഖത്തര്‍ എയര്‍വെയ്‌സ് സംഘടിപ്പിക്കുന്നത്. അഹ്മദ് ഹസന്‍ ബിലാല്‍ ഗ്രൂപ്പ് തങ്ങളുടെ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് വെസ്റ്റ്‌ബെ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തും. നീതിന്യായം, മുനിസിപ്പല്‍, ഊര്‍ജം, വ്യവസായം, ആഭ്യന്തരം, വിദേശകാര്യം എന്നീ മന്ത്രാലയങ്ങളുടെയും പബ്‌ളിക് വര്‍ക്‌സ് അതോറിറ്റിയുടെയും (അശ്ഗാല്‍) പരിപാടികള്‍ അല്‍ റെഫ സ്ട്രീറ്റില്‍ നടക്കും.

കൂട്ടനടത്തം, ടേബിള്‍ ടെന്നിസ്, ബേബി ഫൂട്ട്, ബീച്ച് വോളിബാള്‍, ബാസ്‌കറ്റ് ബാള്‍, വിദഗ്ധ പരിശീലകരുമൊത്തുള്ള കായിക പരിശീലനം തുടങ്ങിയവയാണ് സുപ്രീം ആരോഗ്യ കൗണ്‍സില്‍ ഒരുക്കുന്നത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍, ഖത്തരി ഡോക്ടേഴ്‌സ് അസോസിയേഷന്‍, പ്രാഥമികാരോഗ്യ കോര്‍പറേഷന്‍, വെയ്ല്‍കോര്‍ണല്‍ കോളജ്, അഹ്ലി ആശുപത്രി, അല്‍ഇമാദി ആശുപത്രി എന്നിവയുമായി സഹകരിച്ചാണ് കൗണ്‍സില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സ്‌കൂളുകള്‍ക്കായി സുപ്രീം വിദ്യാഭ്യാസ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ അസ്‌പെയര്‍ സോണില്‍ നടക്കും.

കുട്ടികളില്‍ സ്‌പോര്‍ട്‌സിലൂടെ ആരോഗ്യകരമായ ജീവിതശൈലി വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യം. ദേശീയ കായികദിനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും www.sportday.qa എന്ന സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അല്‍ റെഫാ സ്ട്രീറ്റിലും സ്ഥലസൗകര്യം അനുവദിക്കും.

 
Other News in this category

 
 




 
Close Window