Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ദോഹ, ഗള്‍ഫ് സിനിമ തിയേറ്ററുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു
Reporter

ദോഹ: ഗള്‍ഫ് സിനിമ കോംപ്‌ളക്‌സിലെ തിയേറ്ററുകളായ ദോഹ, ഗള്‍ഫ് സിനിമകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. അറ്റകുറ്റപ്പണികള്‍ക്കായാണ് തിയേറ്ററുകള്‍ അടച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ മുതല്‍ സിനിമാ പ്രദര്‍ശനം നിര്‍ത്തിവെച്ച തിയേറ്ററുകളുടെ പ്രവര്‍ത്തനം എന്ന് പുന:രാരംഭിക്കുമെന്ന് വ്യക്തമല്ല.

സിവില്‍ ഡിഫന്‍സ് അധികൃതര്‍ ഇന്നലെ രാവിലെയാണ് സിനിമാപ്രദര്‍ശനം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ച് രണ്ട് തിയേറ്ററുകളും സീല്‍ ചെയ്തത്. തിയേറ്ററിലേക്കുള്ള പ്രവേശനം റിബണ്‍ കെട്ടി നിരോധിച്ചിട്ടുണ്ട്. പതിവ് പോലെ ഇന്നലെയും ഇരു തിയേറ്ററുകളിലും സിനിമാ പ്രദര്‍ശനം നിശ്ചയിച്ചിരുന്നതാണ്. ഇന്നലെ ഉച്ചക്കത്തെ പ്രദര്‍ശനത്തിന് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഒട്ടേറെ പേര്‍ രാവിലെ തന്നെ തിയേറ്ററിലെത്തിയിരുന്നു.

എന്നാല്‍, അറ്റകുറ്റപ്പണിക്കായി തിയേറ്റര്‍ അടച്ചെന്ന നോട്ടീസ് കണ്ട് ഇവര്‍ക്ക് നിരാശരായി മടങ്ങേണ്ടിവന്നു. മമ്മൂട്ടിയും ദിലീപും പ്രധാന താരങ്ങളായ 'കമ്മത്ത് ആന്റ് കമ്മത്ത്' എന്ന സിനിമ കൂടി എത്തിയിട്ടുള്ളതിനാല്‍ ഒട്ടേറെ മലയാളി പ്രേക്ഷകരും ടിക്കറ്റ് ബുക്ക് ചെയ്യാനെത്തിയിരുന്നു.

കഴിഞ്ഞവര്‍ഷം മെയ് 28ന് വില്ലാജിയോ മാളില്‍ 19 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഇരു തിയേറ്ററുകളിലും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ നേരത്തെ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. സുരക്ഷാ സംവിധാനങ്ങള്‍ തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഇവിടെ സിനിമാ പ്രദര്‍ശനം ഒഴികെയുള്ള പൊതുപരിപാടികള്‍ സംഘടിപ്പിക്കുന്നത് സിവില്‍ ഡിഫന്‍സ് വിലക്കുകയും ചെയ്തു.

ഇതോടെ പ്രവാസി സംഘടനകളും കൂട്ടായ്മകളും സ്ഥിരമായി സ്‌റ്റേജ്‌ഷോകളും മറ്റ് പരിപാടികളും സംഘടിപ്പിച്ചിരുന്ന ഇവിടെ ഏതാനും മാസങ്ങളായി സിനിമാ പ്രദര്‍ശനം മാത്രമാണ് നടന്നിരുന്നത്. മന്ത്രാലയം അധികൃതരുടെ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ തിയേറ്ററുകളുടെ നടത്തിപ്പുകാരായ ഖത്തര്‍ സിനിമ ആന്റ് ഫിലിം ഡിസ്ട്രിബ്യൂഷന്‍ കമ്പനി (ക്യു.സി.എഫ്.ഡി.സി) അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍, അറ്റകുറ്റപ്പണികള്‍ തീര്‍ന്നാലുടന്‍ രണ്ട് തിയേറ്ററുകളും തുറക്കുമെന്നും കൃത്യമായ തീയതി ഇപ്പോള്‍ പറയാനാവില്ലെന്നും ക്യു.സി.എഫ്.ഡി.സി ജനറല്‍ മാനേജര്‍ മുഹ്‌സില്‍ അല്‍ മുഖദ്ദം അറിയിച്ചു.

സിവില്‍ ഡിഫന്‍സ് നിര്‍ദേശിച്ച സുരക്ഷാ ക്രമീകരണങ്ങള്‍ ഇനിയും ഏര്‍പ്പെടുത്താത്തതാണ് ഇപ്പോഴത്തെ അടച്ചുപൂട്ടല്‍ നടപടിക്ക് കാരണമെന്നും പറയപ്പെടുന്നു. ദോഹ, ഗള്‍ഫ് സിനിമകളില്‍ നിരോധം വന്നതോടെ സൗകര്യപ്രദമായ വേദി ലഭിക്കാത്തതിനാല്‍ പ്രവാസി സംഘടനകള്‍ സ്‌റ്റേജ് ഷോകള്‍ സംഘടിപ്പിക്കുന്നത് ഗണ്യമായി കുറഞ്ഞിരുന്നു.

 
Other News in this category

 
 




 
Close Window