Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 28th Apr 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
പൊതുമാപ്പ് തീര്‍ന്നു, ഇനി അനധികൃതമായി യുഎഇയില്‍ തങ്ങിയാല്‍ ജയിലിലാകും
Reporter

ദുബായ്: യു.എ.ഇയില്‍ പ്രാബല്യത്തിലുള്ള നാലാമത്തെ പൊതുമാപ്പ് കാലാവധി തിങ്കളാഴ്ച അവസാനിക്കും. രാജ്യത്ത് പതിനായിരക്കണക്കിന് അനധികൃത താമസക്കാര്‍ ഇപ്പോഴുമുണ്ട്. ഈ സാഹചര്യത്തില്‍ പരിശോധന ശക്തമാക്കി, അറസ്റ്റുമുണ്ടായേക്കും. ഷാര്‍ജയില്‍ കഴിഞ്ഞ ഏതാനും ദിവസത്തിനിടെ നിരവധി പേര്‍ അറസ്റ്റിലായെങ്കിലും ഇത് പതിവ് പരിശോധനയിലാണ്. വ്യാജ സീഡി വില്‍പന, റോഡരികിലും മറ്റും മൊബൈല്‍ വില്‍പന, മൊബൈല്‍ ക്രെഡിറ്റ് കൈമാറ്റം തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ബംഗ്‌ളാദേശികളും മറ്റുമാണ് പിടിയിലായത്. ഇതില്‍ നല്ലൊരു ശതമാനം അനധികൃത താമസക്കാരായതിനാല്‍ ഇവര്‍ക്കെതിരെ ഈ നിയമപ്രകാരമുള്ള ശിക്ഷാ നടപടിയുമുണ്ടാകും.

പൊതുമാപ്പില്‍ രാജ്യം വിടാത്ത അനധികൃത താമസക്കാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അനധികൃത താമസക്കാരെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഫെബ്രുവരി നാലിന് ശേഷവും യു.എ.ഇയില്‍ താമസിക്കുന്നവരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ 80080 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസകുടിയേറ്റ വകുപ്പ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ നാസര്‍ അല്‍ അവാദി അല്‍ മിന്‍ഹാലി പറഞ്ഞു. അനധികൃത താമസക്കാരെ കുറിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക കേന്ദ്രത്തില്‍ സൂചന ലഭിച്ചാല്‍ ഉടന്‍ ബന്ധപ്പെട്ട വിഭാഗത്തിലേക്ക് കൈമാറുകയും ഇതിന്റെ അടിസ്ഥാനത്തില്‍ അവരെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കുകയും ചെയ്യും. 'സാഹിം സര്‍വീസ്' എന്ന പേരിലാണ് പ്രത്യേക സംവിധാനം ആവിഷ്‌കരിച്ചത്.

അതേസമയം, ഫെബ്രുവരി നാലിന് മുമ്പ് താമസകുടിയേറ്റ വകുപ്പ് ഓഫിസുകളിലെത്തി നടപടികള്‍ക്ക് ശേഷം രേഖകള്‍ വാങ്ങിയവര്‍ക്ക് വിമാന ടിക്കറ്റ് കിട്ടാത്തത് പോലുള്ള കാരണങ്ങളാല്‍ ഏതാനും ദിവസം കൂടി ഇവിടെ തങ്ങേണ്ടിവന്നാല്‍ നടപടിയുണ്ടാകില്ലെന്നാണ് സൂചന. പക്ഷേ, ബന്ധപ്പെട്ട വ്യക്തിയുടെ അനാസ്ഥ കാരണമാണ് നിശ്ചിത സമയത്ത് പോകാന്‍ സാധിക്കാത്തതെങ്കില്‍ ഔട്ട്പാസ് റദ്ദാക്കുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്യും.

അനധികൃത താമസക്കാര്‍ക്ക് പിഴയോ ജയില്‍ ശിക്ഷയോ ഇല്ലാതെ രാജ്യം വിടാന്‍ അവസരം നല്‍കുന്ന പൊതുമാപ്പ് 2012 ഡിസംബര്‍ നാലിനാണ് പ്രാബല്യത്തില്‍ വന്നത്. യു.എ.ഇ നിയമ പ്രകാരം അനധികൃത താമസക്കാര്‍ക്ക് പിഴയും ജയില്‍ ശിക്ഷയുമുണ്ട്. റസിഡന്‍സ് വിസ കാലാവധി തീര്‍ന്നവര്‍ക്ക് ഒരു ദിവസത്തേക്ക് 25 ദിര്‍ഹം, സന്ദര്‍ശക വിസ കാലാവധി തീര്‍ന്നവര്‍ക്ക് ഒരു ദിവസത്തേക്ക് 100 ദിര്‍ഹം എന്ന തോതിലാണ് പിഴ.

എന്നാല്‍, എത്ര വര്‍ഷം രാജ്യത്ത് അനധികൃതമായി താമസിച്ചവര്‍ക്കും പിഴയോ ജയില്‍ ശിക്ഷയോ ഇല്ലാതെ സ്വന്തം നിലയില്‍ നാട്ടിലേക്ക് മടങ്ങാനുള്ള സുവര്‍ണാവസരമാണ് പൊതുമാപ്പിലൂടെ നല്‍കിയത്. ലഭ്യമായ വിവര പ്രകാരം ഏതാണ്ട് 80,000 പേര്‍ രാജ്യം വിട്ടു. ഇതില്‍ ഭൂരിഭാഗവും ദക്ഷിണേഷ്യന്‍ രാജ്യക്കാരാണ്. 

നേരത്തെ നല്‍കിയ മൂന്ന് പൊതുമാപ്പുകളുടെ ആനുകൂല്യത്തില്‍ 8,42,000 പേരാണ് രാജ്യം വിട്ടത്. 1996ലെ ആദ്യ പൊതുമാപ്പിന്റെ ആനുകൂല്യം നേടിയത് രണ്ടു ലക്ഷം പേരാണ്. ആറു മാസം നീണ്ടതായിരുന്നു ഇതിന്റെ കാലാവധി. രണ്ടാമത്തെ പൊതുമാപ്പ് 2002 ജനുവരി മുതല്‍ ഏപ്രില്‍ വരെയായിരുന്നു. നാല് മാസം കൊണ്ട് ഏതാണ്ട് മൂന്നു ലക്ഷം അനധികൃത താമസക്കാര്‍ നാട്ടിലേക്ക് പോയി. ഏറ്റവും കൂടുതല്‍ പേര്‍ നാട്ടിലേക്ക് മടങ്ങിയത് 2007ലാണ്. മൂന്നാമത്തെ പൊതുമാപ്പ് സമയത്ത് ഏതാണ്ട് 3,42,000 പേരാണ് നാട്ടിലേക്ക് പോയത്.

 
Other News in this category

 
 




 
Close Window