Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ചെക്ക് തട്ടിപ്പ്: രണ്ടാമത്തെ കമ്പനിയും പൂട്ടി; പരാതിയുമായി വ്യാപാരികള്‍
Reporter

മനാമ: വിപണിയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിക്കൂട്ടി ചെക്ക് നല്‍കി തട്ടിപ്പ് നടത്തുന്നതായി സംശയുമുള്ള രണ്ടാമത്തെ കമ്പനിയും മുങ്ങി. സീഫിലെ അല്‍ മൊഅയ്യിദ് ടവറിലുണ്ടായിരുന്ന കമ്പനി മുങ്ങിയതിന് പിന്നാലെയാണ് ലക്ഷക്കണക്കിന് ദിനാറിന് സാധനങ്ങള്‍ വാങ്ങിക്കൂട്ടി സീഫില്‍ പ്രവര്‍ത്തിച്ച രണ്ടാമത്തെ കമ്പനിയും കഴിഞ്ഞ ദിവസം പൂട്ടിയത്. രണ്ട് കമ്പനികള്‍ക്കും സാധനങ്ങള്‍ നല്‍കിയതിലൂടെ ആയിരക്കണക്കിന് ദിനാര്‍ നഷ്ടപ്പെട്ട വ്യാപാരികള്‍ ഹൂറ പൊലീസ് സ്‌റ്റേഷനില്‍ ഇന്നലെ പരാതി നല്‍കി. ഇബ്രാഹിം ആന്‍ഡ് പാര്‍ട്‌നേഴ്‌സ് ട്രേഡിങ് കമ്പനി ഉടമ മംഗലാപുരം സ്വദേശി ഇബ്രാഹിമിനെതിരെയാണ് വ്യാപാരികള്‍ പരാതി നല്‍കിയിരിക്കുന്നത്. മറ്റൊരു കമ്പനിയായ സാഫി മിഡിലീസ്റ്റിനെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് വ്യാപാരികള്‍. സാഫി മിഡിലീസ്റ്റ് നല്‍കിയ നിരവധി ചെക്കുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി ബാങ്കില്‍നിന്ന് മടങ്ങിയിരുന്നു. സാഫി മിഡിലീസ്റ്റിന്റെ ഓഫീസ് വ്യാഴാഴ്ച വരെയാണ് പ്രവര്‍ത്തിച്ചതെങ്കില്‍ ഇബ്രാഹിം പാര്‍ട്‌ണേഴ്‌സിന്റെ ഓഫീസ് ഇന്നലെ മുതലാണ് പ്രവര്‍ത്തിക്കാതായത്.

അതിനിടെ, ഇബ്രാഹിം പാര്‍ട്ണര്‍ കമ്പനിയുടെ ഹൂറയില്‍ തുടങ്ങാനിരുന്ന ഷോറൂമിലേക്ക് ഫര്‍ണിച്ചറുകള്‍ നല്‍കിയിരുന്ന വ്യാപാര സ്ഥാപനം അവരുടെ സാധനങ്ങള്‍ ഇന്നലെ എടുത്തുകൊണ്ടുപോയി. ഈ ഷോറൂം ആര്‍ക്കും കയറാവുന്ന രീതിയില്‍ തുറന്നിട്ടിരുക്കുന്നതിനാല്‍ സാധനങ്ങള്‍ എടുക്കാന്‍ വ്യാപാരികള്‍ക്ക് പ്രയാസമുണ്ടായില്ല. അതേസമയം, സല്‍മാബാദിലും ഹിദ്ദിലുമുള്ള കമ്പനികളുടെ വെയര്‍ ഹൗസുകളില്‍ ബന്ധപ്പെട്ട വ്യാപാരികള്‍ക്ക് നിരാശയായിരുന്നു ഫലം. അവിടെ സാധനങ്ങളൊന്നുമുണ്ടായിരുന്നില്ല.

തട്ടിപ്പു സംഘത്തിലെ പ്രധാന കണ്ണി മുങ്ങിയ വിവരം പുറത്തു വന്നതോടെ അല്‍ മൊഅയ്യിദ് ടവറിലെത്തിയ വ്യപാരികള്‍ക്ക് കമ്പനി പൂട്ടിക്കിടക്കുന്നതാണ് കാണാനായത്. സീഫിലെ പെട്രോള്‍ പമ്പിന് സമീപം പ്രവര്‍ത്തിച്ച ഇബ്രാഹിം പാര്‍ട്ണര്‍ കമ്പനിയിലേക്ക് എത്തിയ വ്യാപാരികള്‍ക്ക് അതും പൂട്ടിക്കിടക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. രണ്ട് കമ്പനികളിലെയും മലയാളികള്‍ അടക്കമുള്ള ജീവനക്കരുടെയെല്ലാം ഫോണ്‍ സ്വിച്ച് ഓഫാണ്. ഇതോടെ അങ്കലാപ്പിലായ വ്യാപാരികള്‍ ഹൂറ സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. 12 വ്യാപാരികളാണ് ഹൂറ സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. കൂട്ടത്തില്‍ 5000 ദിനാര്‍ മുതല്‍ 40000 ദിനാറിന് വരെ സാധനങ്ങള്‍ നല്‍കിയവരുണ്ട്്. ഇലക്ട്രികല്‍ കാബിളുകള്‍, ലാപ്‌ടോപ്, സുരക്ഷാ ഉപകരണങ്ങള്‍, മരം, പൈ്‌ളവുഡ്, ഫര്‍ണിച്ചറുകള്‍ തുടങ്ങിയ സാധനങ്ങള്‍ വില്‍പന നടത്തി പോസ്റ്റ് ഡേറ്റ് ചെക്ക് വാങ്ങിയവരാണ് പരാതി നല്‍കിയിരിക്കുന്നത്. ഇവരുടെ ചെക്കിന്റെ കാലാവധി ഈമാസം അവസാനവും അടുത്ത മാസം ആദ്യവുമാണ്. അതുകൊണ്ടുതന്നെ ഇബ്രാഹിം പാര്‍ട്ണര്‍ കമ്പനിയുടെ ചെക്ക് ബാങ്കില്‍ കൊടുക്കാനായിട്ടില്ല. അതേസമയം, സാഫി മിഡിലീസ്റ്റ് എന്ന കമ്പനി കഴിഞ്ഞ ദിവസങ്ങളില്‍ നല്‍കിയ ചെക്കുകള്‍ ബാങ്കില്‍നിന്ന് മടങ്ങി. ഇന്ത്യന്‍ ബാങ്കിലെ എക്കൗണ്ടുകളിലേക്കാണ് ഇരു കമ്പനികളും ചെക്ക് നല്‍കിയിരിക്കുന്നത്. വ്യഴാഴ്ചവരെ പ്രവര്‍ത്തിച്ച സാഫി മിഡിലീസ്റ്റ് കമ്പനി ചെക്കുകള്‍ നല്‍കിയ തിയതി കണക്കാക്കിയാണ് മുങ്ങിയിരിക്കുന്നത്.

വെള്ളി, ശനി ദിവസങ്ങളില്‍ അവധിയായതിനാല്‍ ബാങ്കുകളില്‍നിന്ന് ചെക്ക് മടങ്ങുന്നതിന് മുമ്പെ ഉടമകള്‍ സ്ഥലം വിടുകയിരുന്നുവെന്നാണ് കരുതുന്നത്. കമ്പനിയുടെ ഉടമകളാരും വ്യാപാരികളുമായി നേരിട്ട് ഇതുവരെ ഇടപാടുകള്‍ നടത്തിയിട്ടില്ല. മനാമയിലെ പ്രിന്റിങ് സ്ഥാപനത്തില്‍നിന്ന് ബ്രോഷറുകളും വിസിറ്റിങ് കാര്‍ഡുകളും ഇന്‍വോയ്‌സും മറ്റും പ്രിന്റ് ചെയ്തതിന് സാഫി മിഡിലീസ്റ്റ് നല്‍കിയ ചെക്കും കഴിഞ്ഞ ദിവസം മടങ്ങി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഇവരുടെ 10763 എക്കൗണ്ടിലേക്ക് നല്‍കിയ 881 ദിനാറിന്റെ 242629 നമ്പര്‍ ചെക്കാണ് മടങ്ങിയത്.

ജീവനക്കാരെ മുന്‍നിര്‍ത്തിയായിരുന്നു ബഹ്‌റൈന്‍ മാര്‍ക്കറ്റിലെ ഇവരുടെ തട്ടിപ്പ്. മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള ജീവനക്കാരാണുണ്ടായിരുന്നത്. ഇബ്രാഹിം പാര്‍ട്ണര്‍ കമ്പനിയിലെ മാനേജറായി പ്രവര്‍ത്തിച്ച മലയാളി യുവതി ഉള്‍പ്പെടെയുള്ളവരുടെ മൊബൈല്‍ ഫോണുകളും ഇന്നലെ മുതല്‍ പ്രവര്‍ത്തന രഹിതമായി. ഉടമകള്‍ ബഹ്‌റൈനിലുണ്ടോയെന്ന് ഇപ്പോഴും വ്യക്തമല്ല. വ്യാപാരികളുടെ പരാതി പ്രകാരം എമിഗ്രേഷനിലടക്കം പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി്.

പ്രമുഖ റസ്റ്റാറന്റില്‍നിന്ന് കമ്പനിയിലെ ജീവനക്കാര്‍ക്ക് ഭക്ഷണം വാങ്ങിയതിന് നല്‍കിയതുപോലും നീണ്ട കലാവധിയുള്ള ചെക്കായിരുന്നു. മനാമയിലെ പ്രമുഖ ട്രാവല്‍സുകളില്‍നിന്ന് പതിനായിരത്തോളം ദിനാറിന്റെ ടിക്കറ്റും കമ്പനികള്‍ വാങ്ങിക്കൂട്ടിയിരുന്നു.

 
Other News in this category

 
 




 
Close Window