Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 30th Apr 2024
 
 
ഗള്‍ഫ് വാര്‍ത്തകള്‍
  Add your Comment comment
ഇന്ത്യന്‍ സ്‌കൂള്‍ തെരഞ്ഞെടുപ്പ് നീളുന്നു; പ്രവേശത്തിലെ വീതംവെപ്പ് ഈ വര്‍ഷവും തുടരും
Reporter

ജിദ്ദ: ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതിയിലേക്ക് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് അകാരണമായി നീണ്ടു പോകുന്ന പശ്ചാത്തലത്തില്‍ ജിദ്ദ കേരളൈറ്റ്‌സ് ഫോറം ഭാരവാഹികള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ കൂടിയായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മസ്ഊദ് അഹ്മദുമായി ചര്‍ച്ച നടത്തി. പുതിയ അധ്യയന വര്‍ഷം പടിവാതില്‍ക്കലെത്തി നില്‍ക്കെ, എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണ സമിതിക്ക് അധികാരം കൈമാറണമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷവും നോമിനേറ്റഡ് അംഗങ്ങള്‍ സ്‌കൂളിന്റെ ഭരണകാര്യങ്ങളിലും നയപരമായ തീരുമാനങ്ങളിലും ഇടപെടുന്നത് അനുചിതമാണെന്നും നേതാക്കള്‍ പ്രിന്‍സിപ്പലിനെ അറിയിച്ചു. നോമിനേറ്റഡ് കമ്മിറ്റി തുടങ്ങിവെച്ച സ്‌കൂള്‍ അഡ്മിഷനിലെ സീറ്റു വീതം വെക്കുന്ന ഏര്‍പ്പാടിനെതിരെയും ജെ.കെ.എഫ് ശക്തമായ പ്രതിഷേധം അറിയിച്ചു. ജെ.കെ.എഫ് ഭാരവാഹികളായ ഇ.പി. ഉബൈദുല്ല, പി.പി. റഹീം, സി.എം അബ്ദുറഹിമാന്‍, കെ.ടി.എ. മുനീര്‍, കുഞ്ഞാവുട്ടി എ ഖാദര്‍, പി.എം.എ ജലീല്‍, സക്കീര്‍ ഹുസൈന്‍ എടവണ്ണ എന്നിവരാണ് പ്രിന്‍സിപ്പലുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തത്.

തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക ഒരുക്കങ്ങള്‍ ഏറക്കുറെ പൂര്‍ത്തിയായ ശേഷവും ദൂരൂഹമായ നിലയില്‍ തെരഞ്ഞെടുപ്പ് നീണ്ടുപോകുന്ന സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച. വോട്ടര്‍ പട്ടിക പുറത്തിറക്കുകയും രക്ഷിതാക്കളുടെ രണ്ടംഗങ്ങളടക്കം ഏഴംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി നിലവില്‍ വരികയും ചെയ്തിട്ട് നാളുകളേറെയായെങ്കിലും തെരഞ്ഞെടുപ്പ് നീളുന്നതായാണ് പിന്നീട് കേട്ടത്. ജീവനക്കാരായ രക്ഷിതാക്കളുടെ ആശ്രിത (ഭാര്യ / ഭര്‍ത്താവ് )രുടെ വോട്ടവകാശം, സംസ്ഥാനപ്രതിനിധികളുടെ എണ്ണം തുടങ്ങിയ പുതിയ സാങ്കേതിക കാരണങ്ങളുണ്ടാക്കി അതിന്റെ മറവില്‍ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാന്‍ ബോധപൂര്‍വ ശ്രമമുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. നിലവിലെ ബൈലോയില്‍ എല്ലാം വ്യക്തമാക്കിയിരിക്കെ, പുതിയൊരു പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവന്ന് അനാവശ്യചര്‍ച്ചകളുണ്ടാക്കാനാണ് ചിലരുടെ ശ്രമം. ഇത്തരം സാങ്കേതിക'തടസ്സങ്ങള്‍' നിലനില്‍ക്കെയാണ് വിദ്യാഭൃാസ വകുപ്പിന്റെ 2003 ലെ ചാര്‍ട്ടര്‍ പ്രകാരം ദമ്മാം, റിയാദ്, ബുറൈദ ഇന്ത്യന്‍ സ്‌കൂളുകളില്‍ തെരഞ്ഞെടുപ്പിലൂടെ പുതിയ മാനേജ്‌മെന്റ് കമ്മിറ്റികള്‍ അധികാരമേറ്റതെന്ന് ജെ.കെ.എഫ് ചൂണ്ടിക്കാട്ടി. തങ്ങളുന്നയിച്ച ആവശ്യങ്ങളോട് അനുഭാവം പ്രകടിപ്പിച്ച പ്രിന്‍സിപ്പല്‍ ഇക്കാര്യത്തില്‍ സ്‌കൂളില്‍ നിന്നുള്ള നടപടിക്രമങ്ങളെല്ലാം പാലിക്കപ്പെട്ടതായി അറിയിച്ചെന്ന് ജെ.കെ.എഫ് കണ്‍വീനര്‍ പി.പി. റഹീം പറഞ്ഞു. ഇക്കാര്യത്തില്‍ കോണ്‍സുലേറ്റിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകണമെന്നും അതുസംബന്ധിച്ച് വിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്ന ഹെഡ് ഓഫ് ചാന്‍സറി എം.ആര്‍. ഖുറൈശിയെയും കോണ്‍സല്‍ ജനറല്‍ ഫൈസ് അഹ്മദ് കിദ്വായിയെയും അടുത്ത ദിവസങ്ങളില്‍ കാണുമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, പുതിയ ക്‌ളാസുകളിലേക്കുള്ള പ്രവേശത്തിന് അമ്പതു ശതമാനം സീറ്റുകള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ വീതംവെച്ചെടുക്കുന്ന കഴിഞ്ഞ വര്‍ഷം തുടങ്ങിവെച്ച ഏര്‍പ്പാട് ഇത്തവണയും തുടരാനുള്ള സാധ്യത തെളിഞ്ഞു. 50 ശതമാനം സീറ്റുകള്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ വീതം വെച്ച് ആശ്രിതരെ തിരുകിക്കയറ്റുന്ന രീതി തുടരുമ്പോള്‍ ഇന്ത്യന്‍ സ്‌കൂളിലെ പ്രവേശം വിദ്യാര്‍ഥികള്‍ക്ക് ഇത്തവണയും സ്വപ്നം മാത്രമായി അവശേഷിക്കും. വിദ്യാര്‍ഥികള്‍ക്ക് ആനുപാതികമോ, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രയോജനപ്രദമോ ആയ രീതിയലല്ല നോമിനേറ്റഡ് കമ്മിറ്റിയുടെ ഘടന. സ്ഥാപനത്തിലെ പകുതിയിലധികം വിദ്യാര്‍ഥികളുള്ള മലയാളിസമൂഹത്തിന് ആകെ ഒരൊറ്റ പ്രതിനിധിയേ മാനേജ്‌മെന്റിലുള്ളൂ. തമിഴ്‌നാട്ടിനു മൂന്നു അംഗങ്ങളുണ്ട്. രണ്ടു ശതമാനത്തിനടുത്തു മാത്രം വരുന്ന ബിഹാറിനും കേരളത്തിനും തുല്യപ്രാതിനിധ്യമാണ് കമ്മിറ്റിയിലുള്ളത്. അപേക്ഷകള്‍ 40 ശതമാനത്തിലധികം മലയാളികളില്‍ നിന്നാണ്. അതിനാല്‍ വീതംവെപ്പില്‍ മാനേജ്‌മെന്റിലെ ഏക മലയാളി അംഗത്തിന് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം നന്നേ ചുരുങ്ങും. അപേക്ഷകള്‍ കുറഞ്ഞ ഇതര സംസ്ഥാന അംഗങ്ങള്‍ക്ക് ലഭിക്കുന്ന സീറ്റുകള്‍ വളരെ കൂടുതലാണ്. നീതിരഹിതമായ ഈ വീതം വെപ്പ് അവസാനിപ്പിക്കണമെന്ന് അധ്യാപകര്‍ക്കു പോലും അഭിപ്രായമുണ്ടെങ്കിലും ജനങ്ങളുടെയോ ജനാധിപത്യത്തിന്റെയോ പിന്‍ബലമില്ലാത്ത കമ്മിറ്റി കാര്യങ്ങളെല്ലാം യഥേഷ്ടം കൊണ്ടുനടത്തുകയാണ്. പുതിയ അഡ്മിഷന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട മാനേജ്‌മെന്റ് കമ്മിറ്റിയാണ് ചുക്കാന്‍ പിടിക്കേണ്ടതെന്നിരിക്കെ തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകുന്നതിനു പിന്നില്‍ അഡ്മിഷന്‍ സീറ്റിന്റെ വീതംവെപ്പാണെന്നു വരെ സംശയമുയര്‍ന്നിട്ടുണ്ട്.

സ്വകാര്യ സ്‌കൂളുകളെ പ്രോത്സാഹിപ്പിക്കാനുള്ള ചിലരുടെ കള്ളക്കളികളാണ് ഇതിനു പിന്നിലെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സാമ്പത്തിക ക്രമക്കേടുകള്‍ക്കു ഇട നല്‍കുന്ന ഇത്തരം വീതംവെപ്പ് അടിയന്തരമായി അവസാനിപ്പിക്കണമെന്നും മുഴുവന്‍ സീറ്റുകളിലേക്കും നൂറുശതമാനവും സുതാര്യവും കുറ്റമറ്റതുമായ രീതിയില്‍ മാത്രം പ്രവേശം നടത്തണമെന്നും ജെ.കെ.എഫ് കോണ്‍സുലേറ്റ് അധികൃതരുടെ മുന്നില്‍ ആവശ്യമുന്നയിക്കും.

 
Other News in this category

 
 




 
Close Window