Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
Teens Corner
  Add your Comment comment
അന്നക്കുട്ടിക്ക് വയസ് 95. പ്രമേഹമില്ല. കൊളസ്‌ട്രോളില്ല. മക്കളും അവരുടെ മക്കളും പേരക്കുട്ടികളുമായി കുടുംബാംഗങ്ങളുടെ എണ്ണം 60. അടിച്ചുപൊളിച്ച് ജീവിതം ഘോഷിക്കുകയാണ് അന്നക്കുട്ടി.
reporter
അന്നക്കുട്ടിക്ക് വയസ് 95. പ്രമേഹമില്ല. കൊളസ്‌ട്രോളില്ല. മക്കളും അവരുടെ മക്കളും പേരക്കുട്ടികളുമായി കുടുംബാംഗങ്ങളുടെ എണ്ണം 60. അടിച്ചുപൊളിച്ച് ജീവിതം ഘോഷിക്കുകയാണ് അന്നക്കുട്ടി. അന്നക്കുട്ടിക്ക് മക്കളും മക്കളുടെ മക്കളും അവരുടെ മക്കളും കൂടി 60 പേരുണ്ട്. മകന്റെ മകന്‍ റെനീഷിന്റെ രണ്ടര വയസുള്ള മത്തായിച്ചനാണ് ഏറ്റവും ഇളയത്. ലോകത്തെവിടെ പോകാനും പക്ഷേ, ഇവരാരും അമ്മച്ചിയുടെ കൈ പിടിക്കണ്ട. നാലു പ്രാവശ്യം റോമിലും വിശുദ്ധനാട്ടിലും ജര്‍മനി, ഫ്രാന്‍സ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും കറങ്ങിയിട്ടുണ്ട്. ആരെയും കൂട്ടില്ല. തനിയേയാണ് യാത്ര. മലയാളം മാത്രമേ അറിയാവൂ എന്നുവച്ച് അമ്മച്ചി സംസാരിക്കാതെയിരിക്കില്ല.
കടനാട് കണംകൊമ്പില്‍ മത്തായി അന്ന ദമ്പതികളുടെ മകള്‍. 12 സഹോദരങ്ങളുണ്ടായിരുന്നു. ഒമ്പത് ആണും നാലു പെണ്ണും. ഇവരില്‍ തുടങ്ങനാട് പൂവത്തിങ്കല്‍ കെട്ടിച്ച മറിയക്കുട്ടി മാത്രമേ ഇപ്പോള്‍ ജീവിച്ചിരുപ്പുള്ളൂ. മറിയക്കുട്ടി ഇപ്പോള്‍ കൂരാച്ചുണ്ടിലാണ്് താമസം. കുണിഞ്ഞിയിലേക്ക് സൈമണിന്റെ കൈപിടിച്ച് അമ്മച്ചി വന്നിട്ട് 68 വര്‍ഷം. 14–ാമത്തെ വയസില്‍ വിവാഹം. വര്‍ഷം പോലും അമ്മച്ചി ഓര്‍ക്കുന്നു. 1936 ലായിരുന്നു. പാലാ പൈങ്കുളം പള്ളിയില്‍ വച്ച് അപ്പച്ചന്‍ താലിചാര്‍ത്തി.
മക്കള്‍ എട്ട്. നാല് ആണും നാല് പെണ്ണും. ഒരാള്‍ മരിച്ചു. മൂത്ത മകന്‍ ജോസ് എന്നോ ജോസഫെന്നോ മുഴുവന്‍ വിളിക്കുന്നതിനു മുമ്പു ദൈവം സ്വര്‍ഗത്തിലേക്കു കൊണ്ടുപോയി. രണ്ടാമത്തെ മകനാണ് മരിയാപുരത്തെ ജോസഫ്. കുണിഞ്ഞി തറവാട്ടില്‍ മാത്യുവാണ് താമസിക്കുന്നത്. സിസ്റ്റര്‍ ജോയ്‌സ് റോമില്‍. (ഡോട്ടേഴ്‌സ് ഓഫ് ഔവര്‍ ലേഡി ഓഫ് ഗാര്‍ഡന്‍). ആനീസ്(അക്കമ്മ), ലൂസി, റോസമ്മ, ഡോ. ജൂലിയാന്‍ എന്നിവര്‍ മറ്റു മക്കള്‍. മക്കളും മക്കളുടെ മക്കളും ചേര്‍ന്ന് 60 പേര്‍.
ഒരു മകനും കൂടിയുണ്ട്.... 76–ാമത്തെ വയസിലായിരുന്നു ആദ്യ വിദേശയാത്ര. പിന്നീട് നാലു പ്രാവശ്യം. ഇപ്പോള്‍ വീസ ലഭിക്കുന്നില്ല. ആരോഗ്യപ്രശ്‌നമുണ്ടെന്നാണ് അധികാരികള്‍ പറയുന്നത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു പിന്നാലെ നടന്നാല്‍ വീസ കിട്ടിയേക്കാം. അമ്മച്ചിയുടെ മനസിന്റെ ധൈര്യവും ശക്തിയും അധികാരികള്‍ക്ക് മാത്രം മനസിലാകുന്നില്ല. ചെറുപ്പത്തിന്റെ മനോധൈര്യവും ചുറുചുറുക്കും അമ്മച്ചിക്കുണ്ട്. വീസ കിട്ടിയാല്‍ മക്കള്‍ കയറ്റി വിട്ടാല്‍ മതി. ഇക്കൊല്ലവും അമ്മച്ചി തനിയെ പോകും.
പ്രമേഹം, പ്രഷര്‍, കൊളസ്‌ട്രോള്‍ ഇവയൊന്നും അമ്മച്ചിക്കില്ല. ഓര്‍മകളിലൂടെ പഴയകാലങ്ങളെ ഇന്നലത്തെപ്പോലെ വിവരിക്കുന്നു. പുഞ്ചിരി നിറഞ്ഞ മുഖം, സംസാരിക്കുമ്പോള്‍ കുണുക്ക് ആട്ടിയുള്ള ചിരി, കവണി പുതച്ചു പറമ്പിലൂടെയും മുറ്റത്തുകൂടിയും നിര്‍ദേശം നല്‍കിയുള്ള നടപ്പ്. രാവിലെ ആറുമണിക്ക് പള്ളിയിലേക്ക്. കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയില്‍ ആദ്യം എത്തുന്നതും അമ്മച്ചിയായിരിക്കും. വിശുദ്ധ കുര്‍ബാനയ്ക്കുമാത്രം മുടക്കം വരുത്തില്ല. പള്ളിയില്‍ നിന്നു വന്നിട്ടു കാപ്പി കുടിക്കും. പിന്നെ മുറ്റമടിക്കും. മക്കള്‍ തടഞ്ഞാല്‍ വഴക്ക് ഉറപ്പാണ്. മുറ്റമടി കഴിഞ്ഞു പറമ്പിലേക്ക്. എനിക്കു ചുമ്മാ ഇരിക്കത്തില്ലെന്ന് അമ്മച്ചി പറയും. പറമ്പിലും അടുക്കളയിലും നന്നായി പണിയെടുത്താല്‍ ബെഡ് റെസ്റ്റ് എടുക്കേണ്ടിവരില്ല. കഴിഞ്ഞ വര്‍ഷം ദുഃഖവെള്ളിയാഴ്ചയില്‍ മലയാറ്റൂര്‍ മലയില്‍ അമ്മച്ചി കയറി. ആരും പിടിച്ചില്ല. വിഷമിച്ചതു പിന്നാലെ നടന്നു വന്ന മക്കളും കൊച്ചുമക്കളുമാണ്്.
ചട്ടയും മുണ്ടുമുടുത്ത് കവണിചുറ്റി കുണുക്കുമിട്ടാണ് യാത്രയൊക്കെ. വേഷം മാറി പോകാനൊന്നും അമ്മച്ചിയെ കിട്ടില്ല. ആദ്യ യാത്ര ജര്‍മനിയിലേക്കായിരുന്നു. തിരുവനന്തപുരത്തുനിന്നു മക്കള്‍ വിമാനത്തില്‍ കയറ്റി വിട്ടു. മക്കള്‍ക്കു പേടിയുണ്ടായിരുന്നുവെങ്കിലും അമ്മച്ചിക്ക് ലവലേശം പേടിയില്ല. വിമാനം നേരെ പോയതു ശ്രീലങ്കയിലേക്ക്. അമ്മച്ചിക്ക് ആകെ അറിയാവുന്നതു മലയാളം. പണ്ടത്തെ നാലാം ക്ലാസാണ്. ശ്രീലങ്കയില്‍ ചെന്നിറങ്ങിയപ്പോള്‍ ചുറ്റും നില്‍ക്കുന്നവര്‍ സംസാരിക്കുന്നതു തമിഴാണെന്നു പിന്നീടാണ് മനസിലായത്. പെട്ടെന്ന് അടുത്ത വിമാനത്തില്‍ കയറ്റിവിടുമെന്നോര്‍ത്തു. 17 മണിക്കൂര്‍ താമസം. ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. ഒന്നാന്തരം മുറി. അമ്മച്ചി ഹോട്ടല്‍മുറിയില്‍ തന്നെ ഇരിക്കില്ലല്ലോ. പുറത്തെ കാഴ്ചയെല്ലാം കണ്ടു നടന്നു. സന്തോഷത്തോടെ മുറിയിലെത്തിയപ്പോള്‍ തുറക്കത്തില്ല. ലോക്ക് വീണതാണ്. മലയാളത്തില്‍ പറഞ്ഞപ്പോള്‍ പലരും ഗൗനിക്കാതെ പോയി. ഹോട്ടലില്‍ വന്ന രണ്ട് ചെറുപ്പക്കാരെ കൈകൊട്ടി വിളിച്ച് ആംഗ്യം കാണിച്ചു. അവര്‍ ഹോട്ടലുകാരെ അറിയിച്ചു തുറന്നു കൊടുത്തു. ശ്രീലങ്കയില്‍ നിന്നും ദുബായ് വഴി ജര്‍മനിയിലേക്ക്. മൂന്നു വിമാനത്തില്‍ കയറി. നാലു പ്രാവശ്യം കൂടി ജര്‍മനിയിലേക്ക് മക്കളുടെ അടുത്ത് തനിച്ചു പോയിട്ടുണ്ട്. അവിടെ മൂന്നു മക്കളുടെയും സ്‌നേഹത്തില്‍ കുറച്ചുനാളുകള്‍ കഴിച്ചുകൂട്ടി. അപ്പോഴാണ് റോമില്‍ നിന്നും മകള്‍ സിസ്റ്റര്‍ ജോയ്‌സ് വിളിക്കുന്നത്. അമ്മച്ചി ജര്‍മനിയില്‍ മാത്രമേ തനിയെ പോകുന്നുള്ളൂവെന്നു തെറ്റിദ്ധരിക്കരുത്. കൂരാച്ചുണ്ടിലുള്ള അനിയത്തി മറിയക്കുട്ടിയുടെ അടുത്തും തിരുവമ്പാടിയിലുള്ള മകള്‍ അക്കാമ്മയുടെ അടുത്തേക്കും ഇപ്പോഴും പോകുന്നുണ്ട്. ക്രിസ്മസിനു പോയിട്ടു വന്നതേയുള്ളൂ. ഇതിനൊന്നും ആരുടെയും കൂട്ടുവേണ്ട.ആരെങ്കിലും കൂടെ വന്നാല്‍ സന്തോഷത്തോടെ സ്വീകരിക്കും.
ജര്‍മനിയില്‍ നിന്നും റോമിലേക്ക് മക്കള്‍ വിമാനം കയറ്റിവിട്ടു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ കാണണം. അതായിരുന്നു പ്രധാനം. ഫോട്ടോയില്‍ മാത്രമല്ലേ കണ്ടിട്ടുള്ളൂ. റോമിലെത്തിയപ്പോള്‍ മകളുണ്ട്. ഒരു ചൊവ്വാഴ്ച വൈകിട്ട് എത്തി. ബുധനാഴ്ച മാര്‍പാപ്പയെ കാണാന്‍ സാധിക്കും. വലിയ ആഗ്രഹമാണ് നടക്കാന്‍ പോകുന്നതെന്നോര്‍ത്തു രണ്ടുമൂന്നു കൊന്ത ചൊല്ലിയെന്ന് അമ്മച്ചി പറഞ്ഞു. ലക്ഷക്കണക്കിന് ആളുകള്‍. ഇരിക്കാന്‍ പോലും സിറ്റ് കിട്ടില്ലെന്നോര്‍ത്തു നില്‍ക്കുമ്പോള്‍ അതിഥികള്‍ക്ക് ഇരിക്കാനുള്ള രണ്ട് സീറ്റുകള്‍ ഒഴിച്ചിട്ടിരിക്കുന്നു. അമ്മച്ചിയും മകളും അവിടെ ഇരുന്നു. മാര്‍പാപ്പ കടന്നുവരുന്നു. അമ്മച്ചിക്ക് സന്തോഷം അടക്കാന്‍ കഴിയുന്നില്ല. എഴുന്നേറ്റു കൊന്തയും മുറുകെ പിടിച്ചുനിന്നു. മാര്‍പാപ്പ അടുത്തു കൂടെ കടന്നുവന്നു. ചട്ടയും മുണ്ടും ധരിച്ചു നില്‍ക്കുന്ന നസ്രാണി അമ്മച്ചിയെ ഒന്നു നോക്കി. അവിടെ നിന്നു പുഞ്ചിരിച്ചു. മാര്‍പാപ്പ അടുത്ത് വന്നതും കൈമുത്തി. അദ്ദേഹം എന്തെക്കെയോ സംസാരിച്ചു. അതൊന്നും അമ്മച്ചിക്ക് മാത്രം മനസിലായില്ല. അമ്മച്ചി എന്തൊക്കെയോ പറഞ്ഞു. അദ്ദേഹത്തിനും മനസിലായില്ല. മാര്‍പാപ്പ ചിരിച്ചു. അമ്മച്ചി സന്തോഷം കൊണ്ടു കരഞ്ഞു. അമ്മച്ചി മക്കള്‍ക്കു വേണ്ടിയും കുടുംബത്തിനുവേണ്ടിയും പ്രാര്‍ഥിക്കണമെന്നു പറഞ്ഞു. അതു മകള്‍ പരിഭാഷപ്പെടുത്തിക്കൊടുത്തു. മാര്‍പാപ്പ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. അപ്പോള്‍ യേശു തൊട്ടതുപോലെ തോന്നി. എന്തൊരു കുളിര്‍മയായിരുന്നു. മാര്‍പാപ്പ കടന്നുപോയിട്ടും അമ്മച്ചി അവിടെ തന്നെ നിന്നു. വല്ലാത്ത ഒരനുഭവമായിരുന്നു. മകള്‍ സിസ്റ്റര്‍ ജോയ്‌സ് തട്ടിവിളിച്ചപ്പോഴാണ് അമ്മച്ചി ഞെട്ടലോടെ കണ്ണു തുറന്നത്.
95മത്തെ വയസില്‍ സിനിമയിലും അഭിനയിച്ചു. അതും അമ്മച്ചി വേഷം തന്നെ. വിനീത് ശ്രീനിവാസന്‍ നായകനാകുന്ന 'എബി'യില്‍ അമ്മച്ചിയായി അഭിനയിക്കുന്നു. കുണിഞ്ഞിയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു ഷൂട്ടിംഗ്. സൂരാജ് വെഞ്ഞാറമൂടിന്റെ അമ്മ വേഷമാണ്. സിനിമയില്‍ നായികയ്ക്കു പെണ്ണു കാണാന്‍ വരുന്ന സീനുണ്ട്. കുറെ സീനുകളില്‍ അഭിനയിച്ചെങ്കിലും ഈ ഒരു സീനാണ് അമ്മച്ചിക്ക് ഇഷ്ടപ്പെട്ടതെന്നുമാത്രം. അഭിനയമൊന്നുമില്ലെന്ന്, ജീവിക്കുകയല്ലായിരുന്നോ എന്ന രീതിയില്‍ ഒരു ചിരിയും പാസാക്കും. ഡയലോഗുകള്‍ കുറവാണ്. നല്ല സ്‌നേഹമുള്ള കുട്ടികളാണ്. അവര്‍ക്കൊപ്പമിരുന്നു ഫോട്ടോയുമെടുത്തു. പേടിയോ പരിഭ്രമമോ ഉണ്ടായോ എന്നു ചോദിച്ചാല്‍ എന്തിന് എന്ന മറുചോദ്യം പ്രതീക്ഷിക്കാം. ഇതെല്ലാം എത്ര കണ്ടിരിക്കുന്നുവെന്നാണ് അമ്മച്ചി പറയുന്നത്.
ഇന്നും ഏത് അസുഖത്തിനും അമ്മച്ചിയുടെ കൈയില്‍ മരുന്നുണ്ട്. ഒറ്റമൂലി പ്രയോഗം കൊണ്ട് ഏതു അസുഖത്തിനും ശമനമുണ്ടാകുന്നുവെന്നു തെളിയിച്ചിട്ടുണ്ട്. പ്രത്യേകിച്ചു പിഞ്ചുകുഞ്ഞുകള്‍ക്കുണ്ടാകുന്ന കുടല്‍മറിച്ചില്‍. വയറ്റിലെ അസുഖം , പനി, ജലദോഷം ഇവയ്‌ക്കെല്ലാം ഒറ്റമൂലി പ്രയോഗമുണ്ട്. പണ്ടു കാരണവന്‍മാരായി പഠിപ്പിച്ചു തന്നതാണ്.വര്‍ഷങ്ങള്‍ക്കുമുമ്പ് അമ്മച്ചിയുടെ മകന്‍ മാത്യു പഠനത്തിനായി ആലപ്പുഴയില്‍ എത്തി. സഹപാഠിയായി ജോണ്‍ എന്ന യുവാവും. പരിചയം ആത്മബന്ധത്തിലേക്ക് കടന്നു. മാത്യുവിനോടൊപ്പം ജോണും വീട്ടില്‍ വരാന്‍ തുടങ്ങി. വീട്ടില്‍താമസിക്കും. അപ്പച്ചനും അമ്മച്ചിക്കും മകനെപ്പോലെ കാര്യം. തിരിച്ചും അങ്ങനെ തന്നെ. ജോണിന്റെ കഥ കേട്ടപ്പോള്‍ മാതാപിതാക്കള്‍ പോലും ഇല്ലാത്തവനാണെന്നു കേട്ടപ്പോള്‍ അപ്പനും അമ്മച്ചിക്കും കൂടെ മക്കള്‍ക്കും ആഗ്രഹം. കൂടെ നിര്‍ത്തിക്കൂടേ. അപ്പച്ചന്‍ തന്നെ ചോദിച്ചു. ജോണ്‍ അന്ന് അപ്പന്റെയും അമ്മച്ചിയുടെയും കാലില്‍ വീണ്അനുഗ്രഹം വാങ്ങി. അന്ന് മുതല്‍ ഒമ്പതാമത്തെ മകനായി ജോണ്‍ മാറി. മാത്യു കൂത്താട്ടുകുളത്തൊരു കട തുടങ്ങി. കൂടെ ജോണും കൂടി. വിവാഹപ്രായമായപ്പോള്‍ ജോണിനെ വിവാഹം കഴിപ്പിച്ചു. നടത്തിക്കൊടുത്തത് അപ്പച്ചനും അമ്മച്ചിയും ചേര്‍ന്ന്. പാലക്കാട് മംഗലംഡാമില്‍ സ്ഥലവും വീടുംവാങ്ങി അങ്ങോട്ട് മാറി. ഇവര്‍ക്ക് മൂന്നു മക്കള്‍. വര്‍ഷത്തില്‍ രണ്ടുമൂന്നുപ്രാവശ്യമെങ്കിലും അമ്മച്ചിയുടെ അടുക്കല്‍ എത്തും.
 
Other News in this category

 
 




 
Close Window