Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 29th Apr 2024
 
 
Teens Corner
  Add your Comment comment
യു.കെയിലെ ക്‌നാനായ കത്തോലിക്കര്‍ക്ക് വേണ്ടി മാത്രമായി സ്ഥാപിതമായ 15 ക്‌നാനായ മിഷനുകളുടെ നേതൃത്വത്തില്‍ ഏപ്രില്‍ 20ന് നടത്തപ്പെടുന്ന രണ്ടാമത് ക്‌നാനായ കുടുംബ സംഗമത്തിന് 'വാഴ്വ് -2024 'ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
Text By: Team ukmalayalampathram
യു.കെയില്‍ ക്‌നാനായക്കാരുടെ കൂട്ടായ്മകള്‍ ഏറെയുണ്ടെങ്കിലും, കോട്ടയം അതിരൂപതയോട് ചേര്‍ന്നു നിന്നുകൊണ്ട് നടത്തുന്ന ഈ കൂട്ടായ്മ വാഴ്വ് - 24 യു.കെ. യിലെ 15 ക്‌നാനായ മിഷനുകളും ഒന്നു ചേര്‍ന്ന് അണിനിരക്കുന്ന ഒരു വിശ്വാസ - പാരമ്പര്യ - പൈതൃക സമന്വയ മഹാസംഗമമായിട്ടാണ് യു.കെ.യിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസികള്‍ ഉറ്റു നോക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയില്‍ ക്‌നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറാള്‍ സജി മലയില്‍ പുത്തന്‍പുരയില്‍ അച്ചന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്.

യു.കെയില്‍ അനേക മഹാസംഗമങ്ങളുടെ വേദിയായിട്ടുള്ള ബര്‍മിംഗ്ഹാമിലെ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് വാഴ്വ് - 24 ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. ഏവര്‍ക്കും സുപരിചിതവും യു.കെ യുടെ ഏത് ഭാഗത്തുനിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്നതുമാണ് യു.കെയുടെ മധ്യഭാഗത്ത് നിലകൊള്ളുന്ന ഈ സെന്ററിന്റെ വലിയ പ്രത്യേകത. കൂടാതെ അനേകായിരങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സീറ്റിംഗ് സംവിധാനങ്ങളും, വിശാലമായ കാര്‍പാര്‍ക്കിങ്ങും ഇതിന്റെ മാറ്റ് കൂട്ടുന്നു.

വാഴ്വ് - 24നു വേണ്ടി വിവിധ കമ്മറ്റികള്‍ നാളുകള്‍ക്ക് മുമ്പേതന്നെ തികഞ്ഞ സംഘാടക മികവോടെ പരിപാടികളുടെ ക്രമീകരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മികച്ച പബ്ലിസിറ്റി കമ്മറ്റിയുടെ ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം വഴിയായി ലോകമെമ്പാടുമുള്ള ക്‌നാനായക്കാര്‍ വാഴ്വ് - 24 നെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. അതോടൊപ്പംതന്നെ മധ്യസ്ഥ പ്രാര്‍ത്ഥന (Intercession & prayer) കമ്മറ്റി ആറു മാസങ്ങള്‍ക്ക് മുമ്പുതന്നെ പരിപാടിയുടെ വിജയത്തിനായുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ ആരംഭിക്കുകയും പ്രയര്‍ കാര്‍ഡുകള്‍ മിഷനുകള്‍ വഴിയായി എല്ലാ ഭവനങ്ങളിലും എത്തിക്കുകയും ചെയ്തു.

യു.കെ.യിലെ ക്‌നാനായ കത്തോലിക്കാ മിഷനുകളുടെ ആഭിമുഖ്യത്തില്‍ 2024 ജനുവരി 27 ന് സംഘടിപ്പിച്ച പുറത്തുനമസ്‌കാര പ്രാര്‍ത്ഥനയ്ക്ക് ശേഷം വാഴ്വ് - 24 ടിക്കറ്റ് വിതരണം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 15 മിഷനുകളിലായി വാഴ്വ് - 24 ന്റെ ടിക്കറ്റ് വിതരണ ഉദ്ഘാടനവും നടന്നു.

പ്രവാസി ക്‌നാനായ സമൂഹം കോട്ടയം അതിരൂപതയോട് ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ആദ്യമായി അതിഗംഭീരമായി സംഘടിപ്പിച്ച വാഴ്വ് -23 ന്റെ മനോഹാരിതയുടെ അനുഭവത്തില്‍ ഈ വര്‍ഷം യു.കെ യിലെ ക്‌നാനായ ജനത വളരെ ആവേശ പൂര്‍വ്വമാണ് വാഴ്വ് - 24 ന്റെ ടിക്കറ്റുകള്‍ വാങ്ങുന്നത്. യു.കെ. യിലെ മഹാസംഗമങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി പ്രവേശന പാസ്സില്‍ അതിശയിപ്പിക്കുന്ന വിലക്കുറവില്‍ Entry pass-കള്‍ നല്‍കുന്നതും, സ്റ്റുഡന്റ്സിന് സൗജന്യ പാസ്സ് അനുവദിച്ചിരിക്കുന്നതും ഈ വര്‍ഷത്തെ ഫിനാന്‍സ് & രജിസ്‌ട്രേഷന്‍ കമ്മറ്റിയുടെ മികവ് വിളിച്ചോതുന്നു. കൂടാതെ അന്നേ ദിവസത്തെ മുഴുവന്‍ പരിപാടികളും ഏറ്റവും മികവുറ്റതാക്കാന്‍ റിസപ്ഷന്‍, ഗസ്റ്റ് മാനേജ്‌മെന്റ് , ലിറ്റര്‍ജി, പ്രോഗ്രാം, ക്വയര്‍, ഫുഡ്, ഹെല്‍ത്ത് & സേഫ്റ്റി, ട്രാഫിക്ക് & ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഡെക്കറേഷന്‍ & ടൈം മാനേജ്‌മെന്റ് , വെന്യൂ & ഫെസിലിറ്റീസ് തുടങ്ങിയ നിരവധിയായ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

ഭക്തിനിര്‍ഭരമായ വി. കുര്‍ബാനയും, വ്യത്യസ്തതയാര്‍ന്ന കലാപരിപാടികളും, ക്‌നാനായ പൈതൃക പാരമ്പര്യങ്ങള്‍ വിളിച്ചൊതുന്ന സ്റ്റേജ് ഷോകളും, പ്രവര്‍ത്തന പരിചയമുള്ള സംഘാടക പാടവവും നിറഞ്ഞു നില്‍ക്കുന്ന വാഴ്വ് - 24നെ ഏവരും നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തിരിക്കുകയാണ് എന്ന് ഭാരവാഹികള്‍ പറഞ്ഞു .

യു.കെയിലെ ക്‌നാനായ ജനങ്ങള്‍ക്ക് അവിസ്മരണീയദിനമായ ഏപ്രില്‍ 20 ലെ വാഴ്വ് -24 ന്റെ വേദിയില്‍ ക്‌നാനായ ജനതയുടെ വലിയ മെത്രാപ്പോലീത്തായും, കോട്ടയം അതിരൂപതയുടെ തലവനുമായ മാര്‍ മാത്യു മൂലക്കാട്ട് പിതാവാണ് ഈ വര്‍ഷവും എത്തുന്നത്. കൂടാതെ കുര്യന്‍ വയലുങ്കല്‍ പിതാവ്, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവരോടൊപ്പം യു.കെ. യിലെ മറ്റ് വിശിഷ്ട വ്യക്തികളും വേദിയില്‍ അതിഥികളായി എത്തുന്നു. കൂടാതെ KCYL കോട്ടയം അതിരൂപത പ്രസിഡന്റ് ജോണീസ് പി സ്റ്റീഫനും എത്തുന്നു.

പരി. കുര്‍ബാനയുടെ ആരാധനയോടെയും ആശീര്‍വാദത്തോടെയും രാവിലെ 10 മണിക്ക് പരിപാടികള്‍ ആരംഭിക്കും. 10.30 ന് മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍, യു.കെ യിലെ ക്‌നാനായ വൈദികരുടെ സഹകാര്‍മ്മികത്വത്തില്‍, പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കപ്പെടുന്നു. ഉച്ചഭക്ഷണത്തെ തുടര്‍ന്ന് ക്‌നാനായ സിംഫണി, പൊതുസമ്മേളനം എന്നിവയ്ക്ക് ശേഷം യു.കെ. യിലെ എല്ലാ മിഷനുകളില്‍ നിന്നുമുള്ള കലാപ്രതിഭകളുടെ മികവുറ്റ പരിപാടികള്‍ വേദിയില്‍ അരങ്ങേറും. രാത്രി 7.30 ഓടെ പരിപാടികള്‍ക്ക് തിരശ്ശീല വീഴുമെന്ന് ജനറല്‍ കണ്‍വീനര്‍ എബി നെടുവാമ്പുഴ അറിയിച്ചു. തങ്ങളുടെ വിശ്വാസപ്രഘോഷണദിനമായും, ക്‌നാനായ പൈതൃക പാരമ്പര്യങ്ങളുടെ ഉണര്‍ത്തുപാട്ടായും, സൗഹൃദസംഗമ കൂട്ടായ്മ വേദിയായും വാഴ്വ് - 24-നെ മാറ്റുകയാണ് യു.കെ. യിലെ ക്‌നാനായ ജനത.
 
Other News in this category

 
 




 
Close Window