Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 26th Apr 2024
 
 
Teens Corner
  Add your Comment comment
അടുത്ത കാലത്ത് ലോ അക്കാഡമിയുടെ പേരില്‍ വാര്‍ത്തകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട ലക്ഷ്മി നായര്‍ മനസ്സു തുറന്നു. ലോ അക്കാഡമി ലൗ അക്കാഡമി അക്കാനാണ് സമരക്കാരുടെ ശ്രമമെന്നാണ് ലക്ഷ്മി നായര്‍ പറയുന്നത്.
reporter
ലോ അക്കാഡമി വിഷയത്തില്‍ സമരക്കാരുടെ ആവശ്യത്തെ തുടര്‍ന്നാണു പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു മാറി നില്‍ക്കുന്നതെന്നും പിന്നെന്തിനു താന്‍ രാജിവക്കുന്നതെന്നും ലക്ഷ്മി നായര്‍. ലോ അക്കാഡമിയെ ലൗ അക്കാഡമിയാക്കി മാറ്റാന്‍ ശ്രമിക്കുന്നവരാണ് സമരത്തിനു പിന്നിലെന്നും ലക്ഷ്മി നായര്‍ ആരോപിച്ചു.
പഠിക്കേണ്ട സമയത്ത് കുട്ടികള്‍ ക്യാമ്പസിനുളളില്‍ പ്രണയം വേണ്ടന്ന സദുദ്ദേശപരമായ തീരുമാനത്തിന്റെ ഫലമാണു താന്‍ അനുഭവിക്കുന്നതെന്ന് ലക്ഷ്മി നായര്‍ പറയുന്നു. മംഗളം പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മി നായര്‍ തുറന്നടിച്ചു. തനിക്കെതിരേ സമരം ചെയ്യുന്നവരുയര്‍ത്തുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. കുട്ടികള്‍ക്ക് നല്ലതു വരണമെന്ന ഉദ്ദേശത്തോടുകൂടി കോളജിനുളളില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയതു ചിലര്‍ക്ക് ഇഷ്ടമായില്ല. സമരം ചെയ്യുന്നവരില്‍ ഭൂരിഭാഗവും കോളജില്‍ പഠിക്കാന്‍ വരാത്തവരാണ് എന്ന് ലക്ഷ്മി നായര്‍ പറയുന്നു.
എന്താണ് ലക്ഷ്മി നായരോട് വിദ്യാര്‍ഥികള്‍ക്ക് ഇത്രയധികം വിരോധമുണ്ടാകാന്‍ കാരണം ?
പ്രിന്‍സിപ്പല്‍ ആയശേഷം നിരവധി പരിഷ്‌കാരങ്ങള്‍ അക്കാദമിക രംഗത്തും അനുബന്ധ മേഖലകളിലും ഏര്‍പ്പെടുത്തുകയുണ്ടായി. അതില്‍ പ്രധാനം പൂര്‍ണമായ അച്ചടക്കം ക്യാമ്പസിനുളളില്‍ നടപ്പാക്കാന്‍ ശ്രമിച്ചതാണ്. അതില്‍ ഒരു പരിധിവരെ വിജയിച്ചിട്ടുമുണ്ട്. ഈ അച്ചടക്കം പല വിദ്യാര്‍ഥികള്‍ക്കും ഇഷ്ടമായിട്ടില്ല. ക്ലാസില്‍ കയറാതെ ഹാജര്‍ നല്‍കില്ലെന്നും ക്യാമ്പസിനുളളില്‍ അനാവശ്യമായി കറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നുമുളള തീരുമാനം അവര്‍ക്കു ദഹിച്ചില്ല.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംസാരിക്കുന്നതിന് എതിരല്ല. എന്നാല്‍ ക്യാമ്പസ് സമയം കഴിഞ്ഞും ക്ലാസ് മുറികളില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒന്നിച്ചിരുന്നു സംസാരിക്കുന്നത് ചോദ്യം ചെയ്യാന്‍ പാടില്ല എന്നതാണ് തനിക്കെതിരേ ആരോപണമുന്നയിക്കുന്നവരുടെ ആവശ്യം. അര്‍ഹതയില്ലാത്തവര്‍ക്കും ഹാജരും ഇന്റേണല്‍ മാര്‍ക്കും നല്‍കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ഇതെല്ലാം ചോദ്യം ചെയ്താല്‍പ്പിന്നെ പ്രിന്‍സിപ്പല്‍ രാജിവെക്കണമെന്നായി. മതിയായ യോഗ്യത ഇല്ലാത്ത വിദ്യാര്‍ഥികളെപ്പോലും മനുഷ്യത്വത്തിന്റെ പേരില്‍ സഹായിച്ചിട്ടുണ്ട്. ഒരുപക്ഷേ അതിന്റെ പ്രതിഫലമായിരിക്കാം വിദ്യാര്‍ഥികള്‍ തനിക്കു തരുന്നത്.
വിദ്യാര്‍ഥികളോട് പക്ഷപാതം കാട്ടുന്നുവെന്നു പരാതിയുണ്ടല്ലോ ?
അക്കാദമിക മികവുളള വിദ്യാര്‍ഥികളോടു കൂടുതല്‍ അടുപ്പം കാണിക്കുകയെന്നത് എല്ലാ അധ്യാപകരും ചെയ്യുന്നതാണ്. മറ്റൊരു താല്‍പര്യത്തിന്റെ പേരിലും ആര്‍ക്കും അധികം പരിഗണന നല്‍കിയിട്ടില്ല. പാഠ്യേതരവിഷയങ്ങളില്‍ സജീവമായുളള വിദ്യാര്‍ഥികള്‍ക്ക് പലപ്പോഴും ക്ലാസില്‍ കയറാന്‍ സാധിക്കാറില്ല. ഇവരെല്ലാം തന്നെ അക്കാദമിക രംഗത്തും മികവ് പുലര്‍ത്തുന്നവരാണ്. ഇവര്‍ക്ക് ചിലപ്പോഴൊക്കെ ഒന്നോ രണ്ടോ മാര്‍ക്ക് അധികം നല്‍കിയിട്ടുണ്ട്. അല്ലാതെ ആരുടെയും ശിപാര്‍ശയുടെ പുറത്ത് ഒരു വിദ്യാര്‍ഥിക്കും അധികം മാര്‍ക്ക് നല്‍കിയിട്ടില്ല.
പ്രിന്‍സിപ്പലിന് താല്‍പര്യമുളളവര്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് വഴിവിട്ട് അനുദിക്കുന്നുവെന്ന് പരാതിയുണ്ട്?
അതത് വിഷയത്തിലെ അധ്യാപകര്‍ നല്‍കുന്ന ഇന്റേണല്‍ മാര്‍ക്കില്‍ ഞാന്‍ ഇടപെടാറില്ല. വിദ്യാര്‍ഥികളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് എന്റെ മുന്നിലെത്തുമ്പോള്‍ മാത്രമാണ് മാര്‍ക്ക് ഞാന്‍ അറിയുന്നത്. ഇന്റേണല്‍ മാര്‍ക്കില്‍ കുറവുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കാനുളള സ്വാതന്ത്ര്യം എല്ലാ വിദ്യാര്‍ഥികള്‍ക്കും നല്‍കിയിട്ടുണ്ട്.
യോഗ്യതയുളളവര്‍ക്കെല്ലാം പരിഗണന നല്‍കാറുണ്ട്. യോഗ്യതയില്ലാത്തവര്‍ക്ക് മാര്‍ക്ക് നല്‍കുകയുമില്ല. അതൊരു പ്രിന്‍സിപ്പല്‍ പുലര്‍ത്തേണ്ട മാന്യതയാണ്. എപ്പോഴും കുട്ടികളുടെ നല്ലത് മാത്രം ആഗ്രഹിക്കുന്നയാളാണ് താന്‍. ഒരാളുടെയും ഭാവി ഞാന്‍ കാരണം നശിക്കില്ല.
സി.പി.എമ്മൊഴികെയുളള രാഷ്ട്രീയപാര്‍ട്ടികളൊക്കെ താങ്കള്‍ക്കെതിരാണല്ലോ, പ്രത്യേകിച്ച സര്‍ക്കാരിന്റെ ഭാഗമായ സി.പി.ഐ?
ആര്‍ക്കും ഒരു ദ്രോഹവും ഞങ്ങള്‍ ചെയ്തിട്ടില്ല. ഓരോ വര്‍ഷവും ഇപ്പറഞ്ഞ പാര്‍ട്ടിക്കാരുടെയെല്ലാം ശിപാര്‍ശയില്‍ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കാറുണ്ട്. എന്നാല്‍ ഇത്തവണ മെരിറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കി. കിട്ടിക്കൊണ്ടിരുന്നത് കിട്ടാതായതുകൊണ്ടാകാം ഇപ്പോള്‍ ഇവരെല്ലാം ഞങ്ങള്‍ക്കെതിരെ തിരിഞ്ഞത്.
സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും ആണോ ഇപ്പോഴത്തെ രക്ഷകര്‍ ?
അതെല്ലാം മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. തനിക്ക് ആരും രക്ഷകരായില്ല. ഒറ്റയ്ക്ക് തന്നെയാണ് ഇതുവരെ എത്തിയത്. അച്ഛന്റെയും കുടുംബത്തിന്റെയും പിന്തുണയുണ്ട്. എനിക്കതുമതി.
രാഷ്ട്രീയത്തിലിറങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?
നിലവില്‍ അങ്ങനൊരുദ്ദേശ്യമില്ല. ഇറങ്ങുന്നുണ്ടെങ്കില്‍ സി.പി.എമ്മിലായിരിക്കും പ്രവര്‍ത്തിക്കുക.
ലോ അക്കാഡമി കുടുംബസ്വത്താണോ ?
ആരാണ് നിങ്ങളെ ഇങ്ങനെ തെറ്റിധരിപ്പിച്ചത്. ട്രസ്റ്റ് രൂപീകരിച്ചാണ് അക്കാഡമിയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകുന്നത്.
കളളപ്പണം നിക്ഷേപത്തിന് ആദായനികുതി വകുപ്പിന്റെ അന്വേഷണം നേരിടുന്നുണ്ടല്ലോ?
വസ്തുതാ വിരുദ്ധമായ ആരോപണമാണിത്. കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് പേരൂര്‍ക്കട സഹകരണ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ആ അക്കൗണ്ടില്‍ 80 ലക്ഷമാണ് നിക്ഷേപിച്ചിട്ടുളളത്. അത് വിദ്യാര്‍ഥികളുടെ ഫീസില്‍ നിന്ന് ലഭിച്ചതാണ്.
മരുമകളാണോ കോളജ് ഭരിക്കുന്നത് ?
കോളജ് നിയന്ത്രിക്കുന്നത് ഭരണസമിതിയും ഞാനും ചേര്‍ന്നാണ്. അല്ലാതെ മരുമകളല്ല.
ആരാണ് താങ്കളെ ആക്രമിക്കുന്നത് ?
ലോ അക്കാഡമി വിഷയത്തില്‍ നിയോഗിക്കപ്പെട്ട സിന്‍ഡിക്കേറ്റ് സമിതിയില്‍ തന്നെ എനിക്കെതിരേ ചരടുവലി നടക്കുന്നുണ്ട്. ജോണ്‍സണ്‍ ഏബ്രഹാം, ലതാദേവി, ജ്യോതികുമാര്‍ ചാമക്കാല എന്നിവരാണ് എന്നെ ഉപദ്രവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്.
ഒരു വിവാദ നായികയുടെ പരിവേഷം ഇപ്പോള്‍ കിട്ടിയിട്ടുണ്ടല്ലോ.?
പലരും എന്റെ പേര് സരിതാ നായരോട് ചേര്‍ത്ത് പറയുന്നുണ്ട്. ആരുമായും എന്നെ ഉപമിക്കാന്‍ ശ്രമിക്കണ്ട. ഞാന്‍ ഞാനായിതന്നെ ഇരുന്നോളാം. ഇനിയിപ്പോള്‍ നായരെന്നു പേരു ചേര്‍ത്തവരെല്ലാം വിവാദങ്ങള്‍ക്കൊപ്പം ജീവിക്കണമെന്നാണോ പറയുന്നത്.

ജാതി അതിക്ഷേപം നടത്തിയെന്ന കാര്യം വാസ്തവമാണോ ?
അതു കെട്ടിച്ചമച്ചതാണ്. അക്കാഡമിയിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യം 2012 ല്‍ എടുത്തുകളയണമെന്ന ആവശ്യവുമായി യു.ഡി.എഫ്. സര്‍ക്കാര്‍തന്നെ ഒരിക്കല്‍ കോടതിയില്‍ പോയിട്ടുണ്ട്. അന്നു വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഞാന്‍ ഒറ്റക്കാണ് പോരാടിയത്. ആ എന്നെയാണ് ഇപ്പോള്‍ ജാതി അതിക്ഷേപത്തിന്റെ കളങ്കം ചാര്‍ത്തുന്നത്.

മാനേജ്‌മെന്റാവശ്യപ്പെട്ടാല്‍ രാജിവയ്ക്കുമോ ?
കൊന്നാലും രാജിയില്ല.

സഹായം ലഭിച്ച വിദ്യാര്‍ഥി നേതാക്കള്‍ പിന്നില്‍നിന്നു കുത്തിയിട്ടുണ്ടോ ?
സഹായം ലഭിച്ചവര്‍ മാത്രമാണ് ഇന്ന് എനിക്കെതിരേ മുദ്രാവാക്യം വിളിക്കുന്നത്. പ്രധാനമായും മൂന്നു വിദ്യാര്‍ഥികളാണ്, കെ.എസ്.യു. നേതാവായ നിഹാല്‍, എം.എസ്.എഫുകാരനായ അന്‍സിഫ്, എ.ബി.വി.പി. പ്രവര്‍ത്തകന്‍ ഷിമിത്ത്. ഇവര്‍ മൂന്നു പേര്‍ക്കും അനര്‍ഹമായ സഹായം ഞാന്‍ ചെയ്തു കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ നിരാഹാരം കിടക്കുന്ന കെ. മുരളീധരന്‍ എം.എല്‍.എ. നല്‍കിയ ശിപാര്‍ശ കത്തിന്റെ അടിസ്ഥാനത്തില്‍ നിരവധിപ്പേര്‍ക്കു കോളജില്‍ പ്രവേശനം നല്‍കിയിട്ടുണ്ട്. കൂടുതലൊന്നും ഈ അവസരത്തില്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല.

കോളജ് എന്നു തുറക്കും ?
പഠിക്കണമെന്നാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ കോളജില്‍ എത്തുന്ന മുറയ്ക്കു തുറക്കും. 1,400 വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. സമരമുഖത്തുള്ളത് ഇരുനൂറില്‍ താഴെ മാത്രമാണ്. വിദ്യാര്‍ഥികളുടെ സുരക്ഷ അധ്യാപികയെന്ന നിലയില്‍ ഉറപ്പുവരുത്തേണ്ടത് എന്റെ ചുമതലയാണ്. ഗുണ്ടകളുടെ ഭീഷണിക്കുവഴങ്ങി കോളജ് തുറക്കില്ല. സമരത്തിന്റെ പേരില്‍ എന്നെ വ്യക്തിഹത്യ ചെയ്യുന്നു. മാന്യമായ ഏതുവേഷവും ധരിച്ചു പെണ്‍കുട്ടികള്‍ക്ക് കോളജിലെത്താം. ഇറുകിയ ലെഗ്ഗിന്‍സും ബനിയനുമായി ആരും ക്യാമ്പസില്‍ എത്തേണ്ട. ഇതെല്ലാം അംഗീകരിച്ചാണ് എല്ലാവരും പ്രവേശനം നേടിയിട്ടുളളത്. പ്രിന്‍സിപ്പല്‍ സ്ഥാനത്ത് എത്തിയത് വ്യാജ ബിരുദത്തിന്റെ പിന്‍ബലത്തിലല്ല. തിരുവനന്തപുരം വിമണ്‍സ് കോളജില്‍നിന്നു ചരിത്ര വിഷയത്തില്‍ രണ്ടാം റാങ്ക് നേടിയാണു വിജയിച്ചത്.
(കടപ്പാട് മംഗളം)
 
Other News in this category

 
 




 
Close Window