Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 05th Oct 2024
 
 
UK Special
  Add your Comment comment
യുകെയിലെ നഴ്‌സിങ് മേഖലയിലെ ജീവനക്കാര്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്, മത്സരരംഗത്ത് മലയാളികളും
reporter

ലണ്ടന്‍: യുകെയിലെ നഴ്‌സിങ് മേഖലയിലെ ജീവനക്കാര്‍ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ജീവനക്കാരുടെ പ്രമുഖ യൂണിയനുകളില്‍ ഒന്നായ റോയല്‍ കോളജ് ഓഫ് നഴ്‌സിങില്‍ ഒക്ടോബര്‍ 14 മുതല്‍ നവംബര്‍ 11 വരെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് നഴ്‌സുമാര്‍, ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ ഉള്‍പ്പെടുള്ള സപ്പോര്‍ട്ട് വര്‍ക്കര്‍മാര്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നത്. പതിവില്ലാത്ത വിധം മലയാളികള്‍ ഏറ്റവും കൂടുതല്‍ സജീവമാകുന്ന തിരഞ്ഞെടുപ്പ് കൂടിയാണ് ആര്‍സിഎന്‍ യൂണിയനില്‍ ഇത്തവണ നടക്കുന്നത്.

മലയാളിയും ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജ് ലണ്ടന്‍ ഹോസ്പിറ്റലില്‍ സീനിയര്‍ ക്രിട്ടിക്കല്‍ കെയര്‍ നഴ്‌സുമായ ബിജോയ് സെബാസ്റ്റ്യന്‍ മത്സര രംഗത്തുള്ളതാണ് മലയാളികള്‍ സജീവമാകാന്‍ കാരണം. യുകെയിലെ മലയാളികളായ നഴ്‌സിങ് ജീവനക്കാര്‍ ഒരേ മനസ്സോടെ ഒത്തുപിടിച്ചാല്‍ ബിജോയ് ആര്‍സിഎന്‍ പ്രസിഡന്റായി വിജയിച്ചേക്കാം. അങ്ങനെയെങ്കില്‍ യുകെയിലെ ആദ്യ മലയാളി മേയര്‍മാര്‍ക്കും ആദ്യ മലയാളി എംപിക്കും ശേഷം റോയല്‍ കോളജ് ഓഫ് നഴ്സിങിന് ഒരു മലയാളി പ്രസിഡന്റ് കൂടി ഉണ്ടാകും. യൂണിയന്‍ തലപ്പത്ത് മലയാളി ശബ്ദവും പങ്കാളിത്തവും വരുന്നതോടെ യുകെയിലെ വിദേശ നഴ്സുമാരില്‍ ഏറ്റവുമധികമുള്ള മലയാളി നഴ്സുമാരുടെ ആവശ്യങ്ങള്‍ക്ക് പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ.

നവംബര്‍ 13 ന് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിലൂടെ പ്രതീക്ഷകള്‍ സഫലമാകാന്‍ യുകെയില്‍ സമീപവര്‍ഷങ്ങളില്‍ എത്തിയ നഴ്‌സിങ് മേഖലയിലെ ജീവനക്കാര്‍ എത്രയുംവേഗം ആര്‍സിഎന്‍ യൂണിയനില്‍ അംഗത്വം എടുക്കേണ്ടതുണ്ടന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ബിജോയ് സെബാസ്റ്റ്യന്‍ പറഞ്ഞു. അംഗത്വം എടുത്താല്‍ മാത്രമെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ലഭിക്കൂ. പുതിയതായി യുകെയിലെത്തിയ ഒട്ടുമിക്ക മലയാളി നഴ്സുമാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരും നിലവില്‍ ജോലിചെയ്യുന്ന പഴയ ചില മലയാളി ജീവനക്കാരും ഇപ്പോഴും ആര്‍സിഎന്‍ അംഗത്വം എടുത്തിട്ടില്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യമെന്ന് തിരഞ്ഞെടുപ്പ് രംഗത്ത് ബിജോയ്ക്ക് ഒപ്പം പ്രവര്‍ത്തിക്കുന്നവരും സാക്ഷ്യപ്പെടുത്തുന്നു. വോട്ടവകാശം മാത്രമല്ല നിരവധി ആനുകൂല്യങ്ങളാണ് കരിയറില്‍ നഴ്സുമാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ക്ക് ആര്‍സിഎന്‍ അംഗത്വം മുഖാന്തരം ലഭിക്കുക. പിആര്‍, സിറ്റിസണ്‍ഷിപ്പ് എന്നിവ എടുക്കുവാനും ഏതെങ്കിലും വിധത്തിലുള്ള നിയമ, അച്ചടക്ക നടപടികള്‍ നേരിടുമ്പോഴും ആര്‍സിഎന്‍ സഹായവും നിര്‍ദ്ദേശവും പിന്തുണയും അംഗങ്ങള്‍ക്ക് ലഭിക്കും. തൊഴിലിടത്തില്‍ അച്ചടക്ക നടപടികള്‍, നിയമ നടപടികള്‍, സിക്‌നസ് നടപടികള്‍ എന്നിവയ്ക്ക് വിധേയരായി തൊഴില്‍ നഷ്ടപ്പെടുന്ന ജീവനക്കാരുടെ എണ്ണം വര്‍ധിച്ചു വരികയാണ് ഇപ്പോള്‍. എന്‍എംസി റെഫറലിലേക്ക് വരെ നീണ്ട് പിന്‍ നമ്പര്‍ നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. എന്നാല്‍ ആര്‍സിഎന്‍ അംഗത്വം എടുക്കുന്നവര്‍ക്ക് യുകെയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍ ഇന്‍ ഹൗസ് ലീഗല്‍ ടീമിന്റെ സൗജന്യ നിയമ സഹായം ലഭ്യമാകും.

ഇത്തരം നിയമസഹായത്തിനായി ആയിരക്കണക്കിന് പൗണ്ട് വക്കീല്‍ ഫീസിനത്തിലും മറ്റും കൊടുക്കേണ്ടി വരുന്ന സ്ഥിതി വിശേഷമാണ് നിലവില്‍ പലര്‍ക്കുമുള്ളത്. തൊഴിലിടങ്ങളില്‍ ചിലയിടത്തൊക്കെ ഇപ്പോഴും നടന്നുവരുന്ന വര്‍ണ്ണ വിവേചനത്തിനും ചൂഷണങ്ങള്‍ക്കുമെതിരെ ശബ്ദം ഉയര്‍ത്താനും യൂണിയന്‍ അംഗത്വം വളരെ സഹായകരമാണ്. അംഗത്വംഎടുക്കുന്നവര്‍ക്ക് ആര്‍സിഎന്‍ സംഘടിപ്പിക്കുന്ന പ്രത്യേക തുടര്‍പഠന പരിപാടികള്‍, യുകെയിലെ ഏറ്റവും വലിയ നഴ്‌സിങ് ലൈബ്രറി റിസോഴ്‌സ് തുടങ്ങിയവ ലഭിക്കുവാനും സാഹചര്യമുണ്ട്. ടെലിഫോണ്‍ കരിയര്‍ കോച്ചിങ് ഉപയോഗിച്ച് കരിയറിലെ അടുത്ത ഘട്ടം എങ്ങനെ വേണമെന്ന് പ്ലാന്‍ ചെയ്യാനുള്ള സഹായം, സിവി എഴുത്ത്, പുതിയ കരിയര്‍ മാറ്റത്തിനുള്ള ആശയങ്ങള്‍ എന്നിവയും അംഗങ്ങള്‍ക്ക് ലഭിക്കുന്നതാണ്. വീട്ടിലും ജോലിസ്ഥലത്തും നഴ്സുമാരെയും ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റുമാരേയും ബാധിക്കുന്ന നിരവധി പ്രശ്നങ്ങളില്‍ സൗജന്യ രഹസ്യസഹായവും ഉപദേശവും ലഭിക്കും.

യുകെയില്‍ സ്ഥിരതാമസമായ നഴ്സുമാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ക്ക് വില്പത്ര എഴുത്തു സംബന്ധിച്ച ഉപദേശങ്ങളും സാമ്പത്തിക ഉപദേശങ്ങളും ലഭ്യമാകും. യുകെയിലെ വീസ മാറ്റം, സെറ്റില്‍മെന്റ് അപേക്ഷ തുടങ്ങിയ കാര്യങ്ങളിലും ആര്‍സിഎന്‍ ഇമിഗ്രേഷന്‍ ഉപദേശക സംഘത്തിന് കഴിയും. ഇത്തരം സേവനങ്ങള്‍ ലഭ്യമാകുവാന്‍ എല്ലാ നഴ്‌സിങ് ജീവനക്കാരും അംഗത്വം എടുക്കണമെന്ന് ബിജോയ് സെബാസ്റ്റ്യന്‍ പറഞ്ഞു. ആര്‍സിഎന്‍ അംഗത്വത്തിന് നഴ്‌സുമാര്‍ പ്രതിമാസം 16.82 പൗണ്ടാണ് നല്‍കേണ്ടത്. എന്നാല്‍ എന്‍എംസിയില്‍ രജിസ്റ്റര്‍ ചെയ്ത പുതിയ നഴ്‌സുമാര്‍ക്ക് ആദ്യ വര്‍ഷത്തില്‍ പ്രതിമാസം 8.41 പൗണ്ട് നല്‍കിയാല്‍ മതി. നഴ്സുമാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ എന്‍എച്ച്എസ് ആശുപത്രികള്‍, നഴ്‌സിങ് ഹോമുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഹെല്‍ത്ത് കെയര്‍ അസ്സിസ്റ്റന്റുമാര്‍ ഉള്‍പ്പടെയുള്ള സപ്പോര്‍ട്ട് വര്‍ക്കര്‍മാര്‍ക്കും ആര്‍സിഎന്‍ അംഗത്വം ലഭിക്കും. ഇവര്‍ക്ക് അംഗത്വ ഫീസ് പ്രതിമാസം 8.41 പൗണ്ടാണ്. എന്നാല്‍ ആദ്യവര്‍ഷം വെറും 4.21 പൗണ്ട് അടച്ചാല്‍ മതിയാകും. അംഗത്വത്തിനായി മുടക്കുന്ന തുകയുടെ ടാക്‌സ് റിട്ടേണും ക്ലെയിമും ചെയ്യാവുന്നതാണ്. 3,000 ത്തിലധികം ചില്ലറ വ്യാപാരികളില്‍ നിന്നും പ്രത്യേക ഡിസ്‌കൗണ്ടുകളും ആര്‍സിഎന്‍ അംഗങ്ങള്‍ക്ക് ലഭ്യമാണ്. സ്റ്റുഡന്റ് നഴ്‌സസ്, മറ്റേര്‍ണിറ്റി ലീവ് അല്ലെങ്കില്‍ കരിയര്‍ ബ്രേക്ക് ലീവിലുള്ള ജീവനക്കാര്‍ക്ക് മാസ വരിസംഖ്യക്ക് പകരം വാര്‍ഷിക വരിസംഖ്യ ആയി 10 പൗണ്ട് മാത്രം അടച്ചാല്‍ മേല്‍പ്പറഞ്ഞ സേവനങ്ങള്‍ ലഭിക്കുമെന്ന് ബിജോയ് സെബാസ്റ്റ്യന്‍ പറഞ്ഞു.

ഒരാഴ്ചക്കുള്ളില്‍ ആര്‍സിഎന്‍ അംഗത്വമെടുക്കുനും പ്രസിഡന്റ് തിരെഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനും ലിങ്ക്: https://www.rcn.org.uk/membership ന്മ നിലവില്‍ അംഗത്വം ഉള്ളവര്‍ ആണെങ്കില്‍ ആര്‍സിഎന്‍ പോര്‍ട്ടലില്‍ ഉള്ള വിലാസം, മറ്റു വ്യക്തിഗത വിവരങ്ങള്‍ എന്നിവ പരിശോധിച്ച് തെറ്റുകള്‍ തിരുത്താനുള്ള ലിങ്ക്: https://my.rcn.org.uk/Login ന്മ വിലാസം ചേര്‍ക്കുകയോ അംഗമാവുകയോ ചെയ്യുന്നവരുടെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് നടത്തുന്ന സമിതിക്ക് ആര്‍ സിഎന്‍ കൃത്യമായി കൈമാറുന്നു എന്ന് ഉറപ്പ് വരുത്തുവാനും പ്രസിഡന്റ് ഇലക്ഷനില്‍ വോട്ട് ചെയ്യാനുള്ള ബാലറ്റ് അയക്കണമെന്ന് ആവശ്യപ്പെടുവാനും ബന്ധപ്പെടേണ്ട ഇമെയില്‍ വിലാസം: elections@rcn.org.uk ന്മ ഒക്ടോബര്‍ 14 ലോടുകൂടി ബാലറ്റ് പേപ്പറുകള്‍ പോസ്റ്റല്‍ ആയി അംഗങ്ങള്‍ക്ക് ലഭിച്ചു തുടങ്ങിയിട്ടും 17 -18 തീയതികള്‍ക്കുള്ളില്‍ ബാലറ്റ് പേപ്പര്‍ ലഭിക്കുവാന്‍ അംഗത്വ നമ്പറും പേരും അടക്കം ഉള്ള വിവരങ്ങള്‍ നല്‍കി പുതിയ ബാലറ്റ് ലഭ്യമാക്കുവാന്‍ ബന്ധപ്പെടേണ്ട ഇമൈയില്‍: support@cesvotes.com

 
Other News in this category

 
 




 
Close Window