Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ബിസിനസ്‌
  Add your Comment comment
കുടിശിക 54,000 കോടി: ഈ തുകയ്ക്ക് സര്‍ക്കാര്‍ ബാങ്ക് ഗ്യാരണ്ടി ചോദിച്ചാല്‍ വോഡഫോണ്‍ - ഐഡിയ പൂട്ടേണ്ടി വരും
Reporter
വൊഡാഫോണ്‍ - ഐഡിയ കമ്പനി ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള, മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ രവീന്ദര്‍ തക്കര്‍ എന്നിവര്‍ ചൊവ്വാഴ്ച ടെലികോം സെക്രട്ടറി അന്‍ഷു പ്രകാശുമായി ചര്‍ച്ച നടത്തി. കുടിശ്ശിക ഇനത്തില്‍ അടയ്ക്കാനുള്ള തുകയ്ക്ക് സര്‍ക്കാര്‍ ബാങ്ക് ഗ്യാരന്റി ആവശ്യപ്പെടുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് രണ്ടു പേരും സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്. സര്‍ക്കാര്‍, ബാങ്ക് ഗ്യാരന്റി നിര്‍ബന്ധിച്ചാല്‍ വൊഡാഫോണ്‍ ഐഡിയ പ്രവര്‍ത്തനം നിര്‍ത്തുമെന്ന അഭ്യൂഹങ്ങള്‍ സാമ്പത്തികരംഗത്ത് ശക്തമാണ്.

അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യു [ എ ജി ആര്‍] ഇനത്തില്‍ കമ്പനി തിങ്കളാഴ്ച 2500 കോടി രൂപ അടച്ചിരുന്നു. വെള്ളിയാഴ്ച 1000 കോടി കൂടി അടയ്ക്കുമെന്ന് കമ്പനി ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബാക്കി തുക അടയ്ക്കുന്നതിനുള്ള ഫണ്ട് സമാഹരിച്ചു വരികയാണ്. എന്നാല്‍ മാര്‍ച്ച് 17നാണ് സുപ്രീം കോടതി ഈ കേസില്‍ ഇനി വാദം കേള്‍ക്കുന്നത്. അതിനു മുന്‍പ് മുഴുവന്‍ കുടിശ്ശികയും അടയ്ക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ ബാങ്ക് ഗ്യാരന്റി ആവശ്യപ്പെടാനാണ് നീക്കം. ഇതിനായി ടെലികോം വകുപ്പ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ നിയമോപദേശം തേടിയിരിക്കുകയാണ്. ഇത്തരമൊരു നീക്കം ഉണ്ടായാല്‍ അത് വൊഡാഫോണ്‍ ഐഡിയയുടെ ഭാവിയില്‍ നിര്‍ണായകമാണ്. ബാങ്ക് ഗ്യാരന്റിക്ക് നിര്‍ബന്ധിച്ചാല്‍ കമ്പനിക്ക് പ്രവര്‍ത്തനം തുടരാന്‍ നിര്‍വാഹമില്ലാതെ വരുമെന്നാണ് പുറത്തു റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ കുമാര്‍ മംഗളം ബിര്‍ളയുടെ ഇന്നത്തെ കൂടിക്കാഴ്ചക്ക് പ്രാധാന്യമേറുന്നു. തുക അടയ്ക്കുന്നതിന് സാവകാശം തേടാനാണ് കമ്പനിയുടെ നീക്കം. എന്നാല്‍ ഒരു ദിവസം പോലും വൈകാതെ കുടിശ്ശിക അടച്ച് തീര്‍ക്കണമെന്ന നിര്‍ദേശം സുപ്രീം കോടതി നല്‍കിയ സാഹചര്യത്തില്‍ വൊഡാഫോണ്‍ ഐഡിയക്ക് കുരുക്ക് മുറുകുകയാണ്.

അതിനിടെ, 7000 കോടി രൂപയുടെ ആദായ നികുതി റീഫണ്ട് കമ്പനിക്ക് ലഭിക്കാനുണ്ട്. ഈ തുക എ ജി ആര്‍ കുടിശ്ശികയില്‍ വരവ് വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനി ആദായനികുതി വകുപ്പിനും ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിനും കത്ത് നല്‍കിയിട്ടുണ്ട്. മൊത്തം 54,000 കോടി രൂപയാണ് എ ജി ആര്‍ കുടിശ്ശികയായി വൊഡാഫോണ്‍ ഐഡിയ നല്‍കാനുള്ളത്. അതിനിടെ കുടിശ്ശിക വരുത്തിയ എയര്‍ടെല്‍, 10,000 കോടി രൂപ ഇതിനകം അടച്ചു.
 
Other News in this category

 
 




 
Close Window