|
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള വിമാന സര്‍വീസുകളില്‍ 22 ശതമാനം വര്‍ധന വരുത്തി പുതിയ വിന്റര്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 28 വരെയുള്ള ഷെഡ്യൂളാണിത്. യാത്രക്കാര്‍ക്ക് ഇത് കൂടുതല്‍ ഗുണകരമാകും. സമ്മര്‍ ഷെഡ്യൂളില്‍ 600 ആയിരുന്ന പ്രതിവാര എയര്‍ട്രാഫിക് മൂവ്‌മെന്റുകള്‍ 732 ആയി ഉയരും. ദമാം, റിയാദ്, കുവൈറ്റ്, ക്വാലാലംപൂര്‍, മാലദ്വീപ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണവും വര്‍ധിപ്പിച്ചു.
രാജ്യാന്തര സര്‍വീസുകളുടെ എണ്ണം 300ല്‍നിന്ന് 326 ആയി ഉയരും. ആഭ്യന്തര സെക്ടറില്‍ കണ്ണൂര്‍, കൊച്ചി, ബെംഗളൂരു, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളുടെ എണ്ണം 300ല്‍ നിന്ന് 406 ആക്കി. നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വീസുകള്‍ ആരംഭിക്കും.
അതേസമയം, വിന്റര്‍ ഷെഡ്യൂളിലും തിരുവനന്തപുരത്തു നിന്ന് പല വിദേശ സെക്ടറിലേക്കും നേരിട്ടുള്ള സര്‍വീസ് ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കും. തലസ്ഥാനത്തുനിന്ന് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള ജിദ്ദ അടക്കമുള്ള ഗള്‍ഫ് സെക്ടറിലേക്ക് നേരിട്ട് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍, മറ്റ് വിമാനത്താവളങ്ങളെ യാത്രക്കാര്‍ക്ക് ആശ്രയിക്കേണ്ടി വരും. |