|
പുതിയ പ്രഖ്യാപനവുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാര്‍. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ജിയോഹോട്ട്സ്റ്റാര്‍ സൗത്ത് അണ്‍ബൗണ്ട് ചടങ്ങിലാണ് പുതിയ സീരീസുകള്‍ ഉള്‍പ്പടെ പുത്തന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത്. സൗത്ത് ഇന്ത്യന്‍ കണ്ടന്റുകളെ പ്രൊമോട്ട് ചെയ്യുക എന്ന ഉദ്ദേശത്തില്‍ വലിയ നിക്ഷേപമാണ് ജിയോ ഹോട്ട്സ്റ്റാര്‍ നടത്തുന്നത്. ഹിറ്റ് സീരീസുകളുടെ പുതിയ സീസണുകള്‍ ഉള്‍പ്പടെ 25 ഓളം പുതിയ വെബ് സീരിസുകളും ഷോസും ആണ് ജിയോ ഹോട്ട്സ്റ്റാര്‍ സൗത്ത് ഇന്ത്യയില്‍ മാത്രമായി പ്രഖ്യാപിച്ചത്.
4000 കോടിയാണ് സൗത്ത് ഇന്ത്യന്‍ കണ്ടന്റുകള്‍ക്കായി നിക്ഷേപിച്ചത്. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനുമായി സമ്മതപത്രത്തില്‍ ഒപ്പുവെക്കുകയും ചെയ്തു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലെ മികച്ച കണ്ടന്റുകള്‍ കണ്ടുപിടിച്ച് പ്രേക്ഷകരിലേക്കെത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന ജിയോഹോട്ട്സ്റ്റാര്‍ സൗത്ത് അണ്‍ബൗണ്ട് ചടങ്ങില്‍ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, നടന്‍ കമല്‍ഹാസന്‍, മോഹന്‍ലാല്‍, വിജയ് സേതുപതി ഉള്‍പ്പടെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. വിജയ് സേതുപതി നായകനാകുന്ന കാട്ടാന്‍, മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ അണലി തുടങ്ങിയ സിനിമകളും നിരവധി സിരീസുകളും ഹോട്ട്സ്റ്റാര്‍ പുറത്തിറക്കുന്നുണ്ട്. എല്ലാ പ്രൊജക്ടുകളുടെയും ഗ്ലിംപ്സും ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. |