അതിസമ്പന്നരെ ലക്ഷ്യമിട്ടുള്ള പ്രധാന നികുതി പരിഷ്‌കരണങ്ങളുമായി ലേബര്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടയിലാണ് മിത്തല്‍ ബ്രിട്ടനില്‍ നിന്നും താമസം മാറുന്നത്. ലോകത്തിലെ ഏറ്റവും ധനികരായ വ്യവസായികളില്‍ ഒരാളും ബ്രിട്ടനിലെ അതിസമ്പന്ന മുഖവുമാണ് മിത്തല്‍. ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീല്‍ നിര്‍മാണ കമ്പനിയായ ആര്‍സലര്‍ മിത്തലിന്റെ ചെയര്‍മാനാണ് ലക്ഷ്മി മിത്തല്‍. ഏകദേശം മൂന്ന് പതിറ്റാണ്ടുകാലത്തോളമായി ബ്രിട്ടനിലെ ബിസിനസ് ഉന്നതരുടെയും രാഷ്ട്രീയ സംഭാവനകളിലും ശതകോടീശ്വരന്മാരുടെ പട്ടികയിലും രാജ്യത്തിന്റെ ആഗോള കോര്‍പ്പറേറ്റ് മേഖലയിലും ലക്ഷ്മി മിത്തലിന്റെ പേരുണ്ട്. 1995-ലാണ് അദ്ദേഹം ലണ്ടനിലേക്ക് താമസം മാറ്റിയത്. അവിടെ ഏറ്റവും വിലയേറിയ വീടുകളില്‍ ചിലത് മിത്തല്‍ സ്വന്തമാക്കി. ലോകത്തിലെ സാമ്പത്തിക തലസ്ഥാനത്ത് നിന്നും ആഗോള സാമ്രാജ്യം കെട്ടിപ്പടുത്ത മിത്തല്‍ ബ്രിട്ടനിലെ പ്രമുഖരില്‍ ഒരാളായി മാറി. ഈ അധ്യായമാണ് മിത്തല്‍ രാജ്യം വിടുന്നതോടെ അവസാനിക്കാന്‍ പോകുന്നത്.