ലണ്ടന്‍: ഇന്ത്യന്‍ വംശജയായ കൗമാരക്കാരി ഗ്രേസ് ഒ'മാലി കുമാറിനെയും, മറ്റ് രണ്ട് പേരെയും കൊലപ്പെടുത്തിയ പ്രതിക്ക് വിധിച്ച ശിക്ഷ പുനഃപ്പരിശോധിക്കുന്നു. ട്രിപ്പിള്‍ കൊലപാതകം നടത്തിയ പ്രതിക്ക് ആശുപത്രി വാസം വിധിച്ച നടപടിയാണ് യുകെ അറ്റോണി ജനറല്‍ റിവ്യൂ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം നോട്ടിംഗ്ഹാമില്‍ നടന്ന കൊലപാതകങ്ങളില്‍ ശിക്ഷാവിധി വളരെ മയപ്പെട്ട് പോയെന്ന പരാതി ലഭിച്ചതോടെയാണ് പുനഃപ്പരിശോധന. ഗിനിയ-ബിസൗ-പോര്‍ച്ചുഗീസ് പൗരനായ വാള്‍ഡോ കാലോകെയിന് അതീവ സുരക്ഷാ ആശുപത്രിയില്‍ അനിശ്ചിതകാല തടങ്കലാണ് നോട്ടിംഗ്ഹാം ക്രൗണ്‍ കോടതി വിധിച്ചത്. നാല് സൈക്യാട്രിക് റിപ്പോര്‍ട്ടുകളാണ് 32-കാരനായ കൊലയാളിക്ക് പാരാനോയ്ഡ് ഷീസോഫ്രെനിയ ബാധിച്ചിട്ടുള്ളതായി സ്ഥിരീകരിച്ചത്.
'ഞങ്ങളുടെ മകള്‍ക്ക് നീതി ലഭിച്ചില്ല', ഗ്രേസിന്റെ പിതാവ് ഡോ. സഞ്ജോയ് കുമാര്‍ വിധിക്ക് ശേഷം പ്രതികരിച്ചു. മൂന്ന് നരഹത്യാ കുറ്റങ്ങളും, മൂന്ന് വധശ്രമങ്ങളിലും കുറ്റം സമ്മതിച്ചതോടെയാണ് യുകെ മെന്റല്‍ ഹെല്‍ത്ത് ആക്ട് പ്രകാരം എഞ്ചിനീയറിംഗ് ഗ്രാജുവേറ്റായ വാള്‍ഡോ കാലോകെയിനെ ആശുപത്രിയില്‍ തടങ്കലില്‍ വെയ്ക്കാന്‍ കോടതി വിധിച്ചത്. മൂന്ന് കൊലപാതക കുറ്റങ്ങളാണ് ചുമത്തിയിരുന്നതെങ്കിലും, മാനസിക വിഭ്രാന്തിയുള്ളതായി റിപ്പോര്‍ട്ട് വന്നതോടെയാണ് ക്രൗണ്‍ കുറ്റസമ്മതം സ്വീകരിക്കാന്‍ തയ്യാറായത്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ജസ്റ്റിസ്, ഫസ്റ്റ് ടിയര്‍ ട്രിബ്യൂണല്‍ എന്നിവയില്‍ ഏതെങ്കിലും ഇയാള്‍ പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കില്ലെന്ന് കണ്ടെത്തിയെങ്കില്‍ മാത്രമാണ് കുറ്റവാളി പുറത്തിറങ്ങുക.