Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
ക്രോയ്ഡോണ്‍ കൗണ്‍സിലില്‍ മലയാളി വനിതയുടെ സ്ഥാനാര്‍ഥിത്വം
reporter

ലണ്ടന്‍: ബ്രിട്ടനിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പോരാട്ടത്തിനൊരുങ്ങുകയാണ് മലയാളി വനിത ഹണി പ്രേംലാല്‍. ലണ്ടനിലെ ക്രോയ്ഡോണ്‍ കൗണ്‍സിലിലെ 'നോര്‍ബറി പാര്‍ക്ക്' വാര്‍ഡില്‍ നിന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് ഹണി ജനവിധി തേടുന്നത്. ലേബര്‍ പാര്‍ട്ടിയുടെ ശക്തമായ കുത്തക സീറ്റില്‍ മലയാളി കരുത്തിലൂടെ വിള്ളല്‍ വീഴ്ത്താനാണ് ഹണിയുടെ നീക്കം.

രാഷ്ട്രീയ പ്രവര്‍ത്തകയെന്ന നിലയ്ക്കും മികച്ച വിദ്യാഭ്യാസ യോഗ്യതകളുള്ള പ്രൊഫഷണലായും ഹണി ശ്രദ്ധേയയാണ്. കെമിസ്ട്രിയില്‍ ബിരുദം, ബയോകെമിസ്ട്രിയില്‍ മാസ്റ്റേഴ്‌സ്, ലീഡര്‍ഷിപ്പില്‍ എംബിഎ എന്നിവ നേടിയിട്ടുള്ള ഹണി, ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് പരിശീലനം നേടിയിട്ടുണ്ട്. ഇന്റര്‍നാഷനല്‍ കോച്ചിങ് ഫെഡറേഷന്റെ അംഗീകൃത പരിശീലകയുമാണ്.

യുകെയിലെ സോഷ്യല്‍ ഹൗസിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏക മലയാളി എന്ന പ്രത്യേകതയും ഹണിക്ക് സ്വന്തമാണ്. ഹൗസിങ് നിയമങ്ങളിലും പോളിസികളിലുമുള്ള അറിവ് വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വീകാര്യത നല്‍കുന്നു.

നോര്‍ബറി പാര്‍ക്ക് വാര്‍ഡ് ലേബര്‍ പാര്‍ട്ടിയുടെ കോട്ടയായി അറിയപ്പെടുന്നിടമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏകദേശം 400 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ലേബര്‍ പാര്‍ട്ടി വിജയിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് രണ്ടാം സ്ഥാനമാണ് ലഭിച്ചത്. ഈ വിടവ് നികത്തി അട്ടിമറി വിജയം നേടാനാണ് ഹണി, ആഫ്രിക്കന്‍ വംശജനായ ഡോണ്‍ ചാള്‍സ് ലംബര്‍ട്ടൊപ്പമുള്ള പോരാട്ടം.

മുന്‍ ക്രോയ്ഡോണ്‍ മേയറായിരുന്ന മഞ്ജു ശാഹുല്‍ ഹമീദ് ഉള്‍പ്പെടെയുള്ള മലയാളികള്‍ പ്രവര്‍ത്തിച്ചിട്ടുള്ള മണ്ണില്‍ ഹണിയുടെ സ്ഥാനാര്‍ഥിത്വം വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടുന്ന വ്യക്തിത്വമായ ഹണി, മലയാളി സ്വാധീനം കൊണ്ട് ലേബര്‍ പാര്‍ട്ടിയുടെ പാനല്‍ വോട്ടുകളെ മറികടക്കാന്‍ കഴിയുമെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രതീക്ഷ.

ബ്രിട്ടിഷ് രാഷ്ട്രീയത്തിലെ മലയാളികളുടെ വളര്‍ച്ചയുടെ അടയാളമായാണ് ഹണി പ്രേംലാലിന്റെ സ്ഥാനാര്‍ഥിത്വത്തെ പ്രവാസി സമൂഹം വിലയിരുത്തുന്നത്. പ്രചാരണം ശക്തമാകുന്നതോടെ ലണ്ടനിലെ മലയാളി വോട്ടുകള്‍ ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തല്‍

 
Other News in this category

 
 




 
Close Window