Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.6484 INR
ukmalayalampathram.com
Mon 02nd Feb 2026
 
 
UK Special
  Add your Comment comment
ലണ്ടനിലെ 'വീരസ്വാമി' റസ്റ്ററന്റ് അടച്ചുപൂട്ടല്‍ ഭീഷണിയില്‍
reporter

ലണ്ടന്‍: 1926 മുതല്‍ റീജന്റ് സ്ട്രീറ്റില്‍ പ്രവര്‍ത്തിച്ചു വരുന്ന ബ്രിട്ടനിലെ ഏറ്റവും പഴയ ഇന്ത്യന്‍ റസ്റ്ററന്റ് 'വീരസ്വാമി' വാടക കരാര്‍ അവസാനിക്കുന്നതോടെ അടച്ചുപൂട്ടേണ്ടി വരുമെന്ന ഭീഷണിയിലാണ്. റസ്റ്ററന്റ് സ്ഥിതി ചെയ്യുന്ന വിക്ടറി ഹൗസ് കെട്ടിടത്തിന്റെ ഉടമസ്ഥരായ ക്രൗണ്‍ എസ്റ്റേറ്റ് വാടക പുതുക്കാന്‍ വിസമ്മതിച്ചതാണ് പ്രതിസന്ധിക്ക് കാരണം.

മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ചാര്‍ളി ചാപ്ലിന്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, മാര്‍ലണ്‍ ബ്രാണ്ടോ തുടങ്ങി നിരവധി പ്രമുഖര്‍ സന്ദര്‍ശിച്ചിട്ടുള്ളതാണ് ഈ റസ്റ്ററന്റ്. രണ്ടാം ലോകമഹായുദ്ധകാലത്ത് പോലും ഭക്ഷണം വിളമ്പി പ്രവര്‍ത്തനം തുടരാനായ ചരിത്രം വീരസ്വാമിക്ക് സ്വന്തമാണ്. 2016-ല്‍ 90-ാം വാര്‍ഷികത്തില്‍ മിഷേലിന്‍ സ്റ്റാര്‍ അംഗീകാരം ലഭിച്ചിട്ടുള്ള ഈ റസ്റ്ററന്റ് ബ്രിട്ടിഷുകാര്‍ക്കിടയില്‍ 'കറിയും ബിയറും' എന്ന കോമ്പിനേഷന്‍ ജനപ്രിയമാക്കിയതായും പറയപ്പെടുന്നു.

1947-ല്‍ മദ്രാസ് ചിക്കന്‍ കറി, തര്‍കാരി കാ സാലന്‍, ഖുര്‍ ഗോഷ് കാ സാലന്‍ തുടങ്ങിയ വിഭവങ്ങള്‍ക്കും 3 പൗണ്ടിന് ഷാംപെയ്‌നും ലഭ്യമായിരുന്നു. 1952-ല്‍ ചിക്കന്‍ കോര്‍മ, വിന്‍ഡാലു, ടിക്ക കബാബ്, പപ്പടം എന്നിവയും മെനുവില്‍ ഇടംപിടിച്ചു. 1959-ല്‍ യുകെയിലെ ആദ്യത്തെ തന്തൂര്‍ അടുപ്പ് അവതരിപ്പിച്ച് 52 പെന്‍സിന് ചിക്കന്‍ തന്തൂരി നല്‍കിയ ചരിത്രവും ഇവിടെയുണ്ട്.

ക്രൗണ്‍ എസ്റ്റേറ്റ് കെട്ടിടം നവീകരിച്ച് ഓഫിസുകള്‍ തുടങ്ങാനാണ് പദ്ധതിയിടുന്നത്. റസ്റ്ററന്റ് നിലനിര്‍ത്തിക്കൊണ്ട് നവീകരണം സാധ്യമല്ലെന്നതാണ് അവരുടെ വാദം. പകരം വെസ്റ്റ് എന്‍ഡില്‍ മറ്റൊരു സ്ഥലം കണ്ടെത്താന്‍ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, നിലവിലെ സ്ഥലത്ത് തന്നെ തുടരണമെന്നതാണ് ഉടമ രഞ്ജിത് മത്രാനിയുടെയും ആരാധകരുടെയും ആവശ്യം.

അടച്ചുപൂട്ടലിനെതിരെ 18,000-ത്തിലധികം പേര്‍ ഒപ്പിട്ട നിവേദനം ക്യാംപെയ്ന്‍ പ്രവര്‍ത്തകര്‍ ചാള്‍സ് രാജാവിന് കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യ-ബ്രിട്ടീഷ് സാംസ്‌കാരിക ബന്ധത്തിന്റെ പ്രതീകമായ ഈ റസ്റ്ററന്റിനെ സാംസ്‌കാരിക പൈതൃകമായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം. പ്രശസ്ത ഷെഫുമാരായ റെയ്മണ്ട് ബ്ലാങ്ക്, റിച്ചഡ് കോറിഗന്‍ എന്നിവര്‍ പിന്തുണയുമായി രംഗത്തെത്തി.

ഈ വര്‍ഷം മാര്‍ച്ചില്‍ വീരസ്വാമി 100-ാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. പ്രമുഖരെ പങ്കെടുപ്പിച്ച് വിരുന്നും സംഘടിപ്പിച്ചിട്ടുള്ള സാഹചര്യത്തില്‍, ലണ്ടന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഈ റെസ്റ്ററന്റ് ഓര്‍മ്മയായി മാറാതിരിക്കാന്‍ രാജാവ് ഇടപെടുമോ എന്നതാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്

 
Other News in this category

 
 




 
Close Window