ലണ്ടന്‍: മൂന്ന് ദിവസത്തെ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. 85 എംപിഎച്ച് വേഗത്തിലുള്ള കാറ്റാണ് രാജ്യത്ത് നാശം വിതയ്ക്കുക. യുകെയിലെ നല്ലൊരു ശതമാനം മേഖലകളും ഉള്‍പ്പെടുന്ന അലേര്‍ട്ടുകളാണ് മീറ്റിയോറോളജിസ്റ്റുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ശക്തമായ കാറ്റ് ട്രാഫിക് ദുരിതവും, തടസ്സങ്ങളും സൃഷ്ടിക്കുമെന്നാണ് പ്രവചനം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും, യോര്‍ക്ക്ഷയര്‍, ഹംബര്‍ എന്നിവിടങ്ങളിലാണ് മഴയ്ക്കുള്ള മഞ്ഞ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 20 മുതല്‍ 30 സെന്റിമീറ്റര്‍ വരെ മഴയാണ് വ്യാപകമാകുക. ചില മേഖലകളില്‍ ഇത് 40 മുതല്‍ 50 എംഎം വരെയും വര്‍ദ്ധിക്കും.
താമസിക്കുന്ന മേഖലകള്‍ വെള്ളപ്പൊക്ക അപകടം നേരിടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഈ മേഖലകളിലുള്ളവര്‍ക്ക് മെറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ റോഡിന്റെ അവസ്ഥകളും, കാലതാമസങ്ങളും യാത്രകള്‍ക്ക് മുന്‍പ് പരിശോധിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച ഉച്ച മുതല്‍ ചൊവ്വാഴ്ച രാവിലെ 5 വരെയാണ് ശക്തമായ മഴയും, വെള്ളപ്പൊക്ക സാധ്യതയുമുള്ളതിനാല്‍ മുന്നറിയിപ്പ് നിലവിലുണ്ടാവുക. ബുധനാഴ്ച നോര്‍ത്തേണ്‍ ഓര്‍ക്നി, ഷെറ്റ്ലാന്‍ഡ്, ഹൈലാന്‍ഡ്സ്, എലിയാന്‍ സിയര്‍ എന്നിവിടങ്ങളിലാണ് കാറ്റ് മൂലമുള്ള മഞ്ഞ മുന്നറിയിപ്പ് നിലവിലുള്ളത്. 65 മുതല്‍ 75 എംപിഎച്ച് വരെ വേഗത്തിലുള്ള കാറ്റ് ചില ഘട്ടങ്ങളില്‍ 85 എംപിഎച്ച് വേഗതയും കൈവരിക്കാം. വീടുകള്‍ക്ക് പുറത്ത് സൂക്ഷിക്കുന്ന ബിന്നുകളും, ഗാര്‍ഡന്‍ ഫര്‍ണീച്ചറും, ട്രാംപോളിനും, ടെന്റുകളും ഉള്‍പ്പെടെ സുരക്ഷിതമാക്കാന്‍ മെറ്റ് ഉപദേശിക്കുന്നു. പവര്‍ കട്ട് നേരിട്ടാല്‍ ടോര്‍ച്ചുകളും, ബാറ്ററികളും തയ്യാറാക്കി വെയ്ക്കാനും നിര്‍ദ്ദേശത്തില്‍ പറയുന്നു.